2021, ഡിസംബർ 18, ശനിയാഴ്‌ച

 

ഒണക്കച്ചന്റെ കൃഷിപ്പുസ്തകം
-ബാലകൃഷ്ണൻ മൊകേരി
തെക്കേക്കണ്ടത്തിലെ പുളീന്റെ കൊമ്പത്ത്
കാക്കകരയാൻതുടങ്ങുമ്പോൾ
ഒണക്കച്ചൻ
വയലിലേക്കിറങ്ങുന്നു
കുനിയിലെ വാഴയ്ക്ക് തടമിട്ട്
പാളേങ്കയറുമെടുത്ത്
ആണീന്ന് വെള്ളംകോരി നനയ്ക്കുന്നു.
മഞ്ഞേറ്റ് വരമ്പത്തേക്ക്ചാഞ്ഞ
മുണ്ടകൻ നെല്ല്
കുരിശുപോലെ കെട്ടിയുണ്ടാക്കിയ വടികൊണ്ട്
ഞാറുണരാതെ
മെല്ലെ വയലിലേയ്ക്കുതന്നെ ചായ്ച്,
ഉദിച്ചുവരുന്ന വെളിച്ചത്തിനൊപ്പം
വരമ്പത്തെ പുല്ലരിയാൻ വന്ന അമ്മാളുവിനെ
കൂട്ടംകൂടി ഓടിച്ച്,
വയലിൽ ഏറിക്കണ്ട വെള്ളം
ഓവുതുറന്നൊഴുക്കിവിട്ട്,
തോട്ടിലെ തണുത്തവെള്ളത്തിൽ
കാലിലെ ചളികഴുകി,
പടന്നയും കൊടുവാളും തെളക്കി,
തലയിലെ തോർത്തുമുണ്ടഴിച്ച്,
വരവീണ മുഖം തുടച്ച്,
തോർത്തുകുടഞ്ഞ് വീണ്ടുംതലയിൽ മുറുക്കിക്കെട്ടി
ചുമലിൽപടന്നയും കൈയിൽ കൊടുവാളുമായി
പുരയ്ക്കുചെല്ലുന്ന ഒണക്കച്ചന്റെ
കാലൊച്ചകേൾക്കെ മോന്തപൊക്കിയ
ആലയിലെ പൊക്കിപ്പശുവിനോട്
വർത്താനംപറഞ്ഞ്,
വളപ്പിലെ കായ്ക്കാത്ത പ്ലാവിനോട്,
ഇക്കൊല്ലം കായ്ച്ചില്ലങ്കിൽ
മുറിച്ചുകളയുമെന്ന് പേടിപ്പിച്ച്
വടക്കേപ്രത്തെ തെങ്ങിൻതടത്തിൽ
മൂത്രമൊഴിച്ച്,
ആശ്വാസത്തിലൊരു വളിവിട്ട്,
അമ്മിണിയേടത്തിയോട്
ചായയെടുക്കാൻ പറഞ്ഞ്
ഉമ്മറത്തെ ബഞ്ചിലിരുന്ന്
ചുമ്മാ മേലൊട്ടുനോക്കി
ഓലമേയാറായല്ലോ പുരയെന്ന്
ഉറക്കെ ചിന്തിച്ച്
കാത്തിരുന്നു ഒണക്കച്ചൻ!
കുടുവനൊരു പിഞ്ഞാണത്തിൽ
ചിരവിയ തേങ്ങ നേദിച്ച കഞ്ഞിയും,
ഇലച്ചീന്തിലച്ചാറുമായി
അമ്മിണിയേടത്തി
മുറ്റത്തെ വരിക്കപ്ലാവിന്റെ
വീണുകിട്ടിയ പഴുത്തില
കോട്ടിക്കുത്തി കരണ്ടിയാക്കി
മുന്നിൽവെച്ചു.
ഒണക്കച്ചൻ കഞ്ഞികുടിക്കുമ്പോൾ
തോട്ടിൽവീണൊഴുകുന്ന കവുങ്ങിൻപാള
പനിച്ചിപ്പൊന്തയിൽ കുരുങ്ങി നില്ക്കുമ്പോലെ
തങ്ങിനിന്നല്ലോ അമ്മിണിയേടത്തി !
എന്തന്നാക്കളേയെന്ന
സമ്മതംകിട്ടിയപ്പോൾ,
ഒരേയൊരു മോളുടെഭർത്താവിന്റെ
പലചരക്കുകടയിൽനിന്ന്
ഇങ്ങളെന്താന്നിപ്പം
സാധനൊന്നും വാങ്ങിക്കാത്തേന്ന്
അമ്മിണ്യേടത്തി
തഞ്ചംകണ്ട് ചോദിച്ചു!
കഞ്ഞിപ്പാത്രം വായിലേക്കുയർത്തിപ്പാർന്ന്
ഒണക്കച്ചൻ പറയുന്നു
എണേ ,ഇന്റെ മോളെ നായർക്ക്
മേലെ അങ്ങാടീലാ കച്ചോടം,
താഴെ അങ്ങാടിയേക്കാളും
കിലോമ്മല് പത്തുപൈസ അധികാ
ഓന്റെ പീട്യേല്,
പിന്നെങ്ങിനെയാ ആട്ന്ന് വാങ്ങ്വ ?
അച്ഛനെക്കൊണ്ട്
അമ്മയോട് പരാതിപ്പെടാൻ
പുലരുംമുമ്പേ വന്ന മോള്,
ചരുവംപോലെ വീർപ്പിച്ച മീടുംകൊണ്ട്,
അപ്പോൾ,അടുക്കളമറയം വിട്ട്
ഉമ്മറത്തേക്കിറങ്ങിവന്നു.
അച്ഛനിതാര്ക്കാന്ന് ഇനീങ്ങനെ സമ്പാദിക്ക്ന്നേ?
ഓറ് പറഞ്ഞേരം എനക്കങ്ങ് കൊറച്ചിലായിപ്പോയി !
അച്ചാറിന്റെ ഇലച്ചീന്ത്
ഒരൊച്ചയോടെ നക്കിയശേഷം,
ഒണക്കച്ചൻ
ഹാഹാച്ചിരി നീട്ടിച്ചിരിച്ചു.
അത് പറമളേ,അത് ചോയ്ക്കാനാ
പൊലരുംമുമ്പേ ഞ്ഞി വന്നുകേറിയത് ?
മെനഞ്ഞാന്നിവിടുത്തെ അമ്മിണിക്ക്
ഊരവേദനവന്ന് കെടന്ന്പോയേരം
ഒന്ന് വന്ന്നോക്കാൻപോലും നേരേല്ലാഞ്ഞല്ലോ മളേ!
ഒരങ്ങാടീല് പറ്റൂല രണ്ട് വെല
ഇന്റെ നായരോട് വെല കൊറക്കാൻ പറ,
താഴേഅങ്ങാടീന്ന് മേലോളം നടക്ക്വേം
പൈസഅധികം കൊടുക്ക്വേം
എനക്കിതല്ലേ തൊരം,
ഒണക്കച്ചനെണീറ്റ്
മിറ്റത്തിണ്ടുമ്മലെ കിണ്ടീന്റെ വാലിലൂടെ
വെള്ളം വായിലൊഴിച്ച് കുലുക്കുഴിഞ്ഞ്
ഒച്ചയോടെ വള്ളിച്ചോട്ടിൽ തുപ്പുന്നതുനോക്കി
സൂര്യനപ്പോൾ
താഴത്തെത്തൊടിയിലെ
മുരിക്കിന്റെ കൊമ്പത്തിരിക്കുകയായിരുന്നു!
*********************************


 

മുക്കുറ്റി
ബാലകൃഷ്ണൻ മൊകേരി
ഈവഴിയോരത്തൊരു
പാവമാം മുക്കുറ്റിയിൽ,
കമനീയമായുള്ള
സുമങ്ങൾ ചിരിക്കുന്നൂ!
കൺകളിൽപെടാനുള്ളോ-
രുൺമയില്ലവയ്ക്കൊന്നും,
മയക്കും മണത്തിന്റെ
നിയമം വഴിയില്ല !
വളരാൻ വളമാരും
നല്കുകില്ലതി,നല്പം
ജലമേകുവാൻപോലു-
മില്ലാരും, മഴമാത്രം!
ആവഴിനടക്കുവോ-
രിവളെ ശ്രദ്ധിക്കാതെ,
കാലുവെക്കുന്നൂ മേലെ,
തലയോ ചതയുന്നൂ!
ഇങ്ങനെ ദുരന്തങ്ങൾ
ചങ്ങലപോലേ വന്നു
വരിഞ്ഞുമുറുക്കിലും,
കരയാനൊരുങ്ങാതെ,
അതിജീവനത്തിന്റെ
അതിരും ഭേദിച്ചിവൾ
തലപൊന്തിച്ചേ നില്പൂ,
നിലപാടുറച്ചവൾ!
എങ്കിലും മുക്കുറ്റിനീ-
യെന്തിനീയവനിയിൽ,
കുഞ്ഞുപൂവുകൾചൂടി
കാത്തിരിക്കണം നിത്യം?
ആരുനിൻ സുമശില്പ
ചാരുതയറിയുന്നൂ,
ആരാനും നിന്നെക്കാണാൻ
വരുമോ? നിനപ്പൂഞാൻ !
നിനവിൽമുഴുകിഞാ-
നനങ്ങാതിരിക്കവേ,
പറന്നെത്തുകയല്ലോ
ചെറിയ ശലഭങ്ങൾ!
കുഞ്ഞനാം പൂവിൽനിന്നു
കുഞ്ഞുപൂമ്പാറ്റക്കൂട്ടം
മധുവുണ്ണുന്നൂ, ദൃശ്യം
മധുരം മനോഹരം!
ഈവിധം പ്രകൃതിയിൽ
ജീവിതപാരസ്പര്യം
നിലനില്ക്കുന്നൂ,കാല-
ലീലയെന്നതുപോലെ!
******************************

2021, ഡിസംബർ 6, തിങ്കളാഴ്‌ച

 ഗൃഹാതുരം 11

വെള്ളരിക്കണ്ടം
ബാലകൃഷ്ണൻ മൊകേരി-

നെല്ലുമൂർന്നിട്ടു,വെയിലേറുതട്ടി
കല്ലുുപോൽപാടമാറിടും മുമ്പേ
മൂരിവച്ചിട്ടു വയലൊന്നിളക്കി
നീരുവറ്റാനിളവൊന്നുനോക്കി,
വെയിലുമങ്ങുന്നനേരത്തു ഞങ്ങൾ
വിത്തുപാകാനൊരുക്കുംതടങ്ങൾ
അത്തടത്തിൽ മുഴച്ചങ്ങുനില്ക്കുന്ന
കട്ടയെല്ലാമടിച്ചുടയ്ക്കുന്നൂ,
കുഴിയിൽ വെണ്ണീറു,ചാണകംചേര്ത്തു
പാകമാക്കിയാൽ വെള്ളരികുത്തും!
അപ്പുറത്തൊരു കുടുവൻകുളത്തിൻ
നില്പിലല്ലേ കൃഷിക്കരുത്തെല്ലാം ?
വെള്ളമുണ്ടതിൽ നിറയെ,മൺപാത്രം
കൊണ്ടുകോരിയെടുക്കുന്നു ഞങ്ങൾ,
പാത്രധാരയായ് നനതുടങ്ങുന്നൂ
കൈകളാൽ തടയിട്ടു പിശുക്കി,
തീവെയിലിന്റെ മടിയിൽമുളച്ചാൽ
ജീവനം ഞങ്ങള് പങ്കിട്ടുനല്കും!
(രാഗനാമ്പുകൾചിലതൊക്കെയപ്പോൾ
പൊങ്ങിയേക്കും,മനസ്സുും കുളിരും! )
വെള്ളരിച്ചെടിയാവേശമൊടങ്ങു
വള്ളിവീശിപ്പടര്ന്നു നിറയും,
പൂവുകാട്ടും,തുടര്ന്നവയൊക്കെയും
കായ്കളായിത്തുടുത്തുതുടങ്ങും!
(പ്രാണിബാധകൾ കുറവായിരുന്നു,
നാട്ടിലെല്ലാം കൃഷിയായിരുന്നു!)
പാകമാകാൻതുടങ്ങുന്നകാലത്ത്
വന്നുചേരുന്നു കുഞ്ഞികുറുക്കൻ !
രാത്രികാവലുതുടങ്ങുമക്കാലം
പന്തൽകെട്ടിച്ചെറുബാല്യവൃന്ദം
റാന്തലിൻ ചെറിയനാളംതരുന്ന
നേര്ത്തചുടിൽ, ഇമയടക്കാതെ
കാവൽ നില്ക്കെയ,വര്നാടകങ്ങളെ
ജീവിതത്തിൽനിന്നൂറ്റിയെടുക്കും
രാത്തണുപ്പിന്റെ നേരങ്ങള്,വൈകിയാൽ
നാടകത്തിൻ കളരിയായ് മാറും!
നെഞ്ചുകീറുന്ന സംഭാഷണങ്ങളാ
നാട്ടകങ്ങൾ കുലുക്കിയുണര്ത്തും!
കാവലാൾക്കുമയക്കംപിടിക്കുവാൻ
കാത്തുനില്ക്കും സൃഗാലമൂപ്പന്മാര്
കട്ടുതിന്നാൻ മറന്നുപോം ചുറ്റിലും
ഞെട്ടിയോടുമാച്ചെത്തങ്ങൾ കേള്ക്കെ!
കൊന്നകൾപൊന്നിൻ ഞാത്തണിയുന്നേരം
വന്നുചേരും വിഷുവിന്നു മുൻപേ,
ചോന്നുനില്ക്കുന്ന വെള്ളരിക്കായകൾ
ചെന്നുഞങ്ങള് വിളവെടുക്കുമ്പോൾ,
ആവയലിന്നുടയോരുവന്നിട്ടു
പാട്ടമെണ്ണും,വരികൾക്കൊരെണ്ണം!
ബാക്കിയുള്ളതു ചാക്കിൽ നിറച്ചാണ്
ഞങ്ങളുംവിട്ടിൽകൊണ്ടുപോകുന്നു!
അന്നുരാവിലാവെള്ളരിക്കണ്ടങ്ങൾ
നാടകത്താൽ പ്രകമ്പനംകൊള്ളും!
നീക്കിബാക്കിയാ വെള്ളരിക്കണ്ടത്തിൽ
ഗ്രാമജീവിതംപോൽവളമാകും!
ഇന്നുമോര്മ്മയിലൊരു മേക്സിന്റെവെട്ടം
മിന്നിനില്ക്കു്ന്നു വെള്ളരിക്കണ്ടം!
.........................................

 അർത്ഥം

ബാലകൃഷ്ണൻ മൊകേരി
how long have I been
to wait for
thine soft touch
to transform
me,
a black rock,
in to life?
മുറിയിലെത്തുമ്പോൾ
എന്റെ ചങ്ങാതി,
ഡയറിയിൽനിന്ന് ചീന്തിയെടുത്തൊരു
കടലാസുകഷണത്തിൽനോക്കിയിരിക്കുന്നു.
ഇതുനോക്കൂ,ചൊന്നാനവൻ,
അപ്പുറത്തുള്ളവീട്ടിലെ പുതിയ അതിഥി
അവിടുത്തെ ചേച്ചിയുടെ
സർക്കസ്സുുകാരിയായ അനിയത്തി,
ലീവിൽവന്നവൾ
അതിരാവിലെ കസർത്തുകളിക്കുവോൾ,
മലക്കംമറിയുവോൾ
അർഥംപറയാൻ തന്നതാണ്.
അപ്പുറത്തെ വീട്ടിന്റെ
പിന്നാമ്പുറത്തെ
പാതിയടഞ്ഞ ജനൽപ്പാളിക്കപ്പുറം
ആർദ്രമായ രണ്ടുമിഴികൾ
എന്റെ സുന്ദരനായ ചങ്ങാതിയെ
ഇടയ്ക്കിടെ വന്നുതലോടുന്നുണ്ടായിരുന്നു.
പ്രേമലേഖനമല്ലേയെന്ന്
സാമാന്യവത്ക്കരിച്ചപ്പോളവൻ
അവളിതിന്റെ അർത്ഥം എഴുതിക്കൊടുക്കാൻ
ഏല്പിച്ചതാണെന്ന് പറയുന്നു.
ഏത് ശുഷ്ക്കനിരൂപകനും
ഈ വരികളുടെ പ്രണയസൂചന മനസ്സിലാവുമെന്ന്
ഞാൻ പറഞ്ഞപ്പോൾ,
നീയതിന് നിറംകൊടുക്കുകയാണ്,
അവൾ, ആ പാവം പെൺകുട്ടി
അർത്ഥമറിയാനായിമാത്രം ചോദിച്ച
ഒരു കാവ്യശകലം
ചില കാവ്യനിരൂപകരെപ്പോലെ
ദുർവ്യാഖ്യാനംചെയ്യരുതു നീയെന്ന്
ശബ്ദമുയർത്തി ചങ്ങാതി.
അവളിവിടെ ഒരുമാസക്കാലംകാണുമെന്നു
ചേച്ചിപറഞ്ഞിട്ടുണ്ടെന്നും,
നിന്റെ ദുസ്സംശയങ്ങളെല്ലാം
അപ്പോൾതീരുമെന്നുംപറഞ്ഞു ചങ്ങാതി.
പിന്നെയാകടലാസ്സിന്റെ
മറുപുറത്തയാൾ,
അക്കവിത മലയാളത്തിലേക്ക്
മൊഴിമാറ്റിക്കൊണ്ടിരുന്നു.
രാവിലെ കോളേജിലേക്കുപോകുമ്പോൾ
അതയാളവൾക്കു കൈമാറിയത്രേ.
സന്ധ്യക്കുതിരിച്ചെത്തുമ്പോൾ,
മുറ്റത്തുനില്ക്കുന്ന ചേച്ചിയോട്
സർക്കസ്സുകാരിയെപ്പറ്റി ചോദിക്കെ
അവൾ തിരിച്ചുപോയെന്നവർ.
ലീവുകേൻസൽചെയ്ത്പോയതാണെന്നും
പെട്ടെന്ന് തിരിച്ചുചെല്ലാൻ
മെസേജുവന്നെന്ന്
അവൾ പറഞ്ഞന്നും ചേച്ചി.
പാവം,കുട്ടി,
ആളും ആരവങ്ങളുമൊഴിഞ്ഞ്
ചേച്ചീടെകൂടെനില്ക്കുമ്പോൾ
എന്തൊരു സന്തോഷമാണെന്ന്
കഴിഞ്ഞദിനവും പറഞ്ഞിരുന്നു!
കൊതിക്കണ്ണുകള്ക്കിരയായി
ട്രപ്പീസിൽ തൂങ്ങിയാടാനാണ്
പാവത്തിന്റെ വിധിയെന്ന്
ചേച്ചിയുടെകണ്ണിൽ
നീരുറയുന്നതുകണ്ടപ്പോൾ,
ഇതിനെപ്പറ്റി
ചങ്ങാതിയെന്താവും പറയുകയെന്ന്
ചിന്തിക്കയായിരുന്നു ഞാൻ !
********************************

2021, നവംബർ 16, ചൊവ്വാഴ്ച

ഗൃഹാതുരം 10
ബാലകൃഷ്ണൻ മൊകേരി
കൂട്ടുകാരൊത്തു തോട്ടിൽക്കുളിക്കാൻ
ഇഷ്ടമാണെനി,ക്കെങ്കിലുമെന്നെ
പോകുവാനമ്മ സമ്മതിക്കില്ല,
നീന്തുവാനെനിക്കാവതില്ലല്ലോ!
പണ്ടുപണ്ടേ ജലരാശിയൊപ്പം
കൊണ്ടുപോയോർ കഥകളാകുന്നൂ,
അക്കഥകൾ ! ,മടുത്തുപോയെന്റെ
ശൈശവം! എന്തു കഷ്ടമക്കാലം !
തിണ്ടിലേറിയിരുന്നുഞാനൊന്നും
മിണ്ടിടാതെ,യക്കൂട്ടുകാർപോകും.
ഏറെനേരം മദിച്ചു,ചെമന്ന
കൺകളോടെയവർതിരിച്ചെത്തും,
ഏറെനേരമാ വെള്ളത്തിനുള്ളിൽ
മുങ്ങിനിന്നതും,മത്സരംവെച്ചു
നീന്തി ദൂരത്തുപോയതുമൊക്കെ
കേട്ടുകേട്ടു കരഞ്ഞുപോംഞാനും!
നീപഠിക്കുക നീന്തുവാനെന്നാ-
യമ്മസമ്മതംതന്നവസാനം!
"തൊണ്ടെര"കെട്ടിയെത്തിചങ്ങാതി
"കണ്ടുവോനിന്റെ നീന്തൽസഹായി!”
തെങ്ങിൽവന്നുപിറന്നുവെന്നാലും
കാമ്പുകാണാത്ത ജന്മവൈചിത്ര്യം!
കാണുവോർക്കു കലിപ്പേകിടുന്ന
ശാപമായൊരാപ്പാഴായ ജന്മം
ഇന്നെനിക്കെന്റെ ജീവിതയാനം
ഭദ്രമാക്കാൻ സഹായമേകുന്നൂ!
രണ്ടുതൊണ്ടുകള് മടലിന്റെ ചേരി-
നാരുകള് തമ്മിൽ ചേർത്തുകെട്ടുന്നൂ!
കെട്ടുകള്ക്കുമേൽ ഞാൻ കിടക്കുമ്പോള്,
തൊണ്ടുകള് ഇരുഭാഗത്തുമായി
പൊന്തിനില്ക്കുന്നു,താഴാതെഞാനും
മെല്ലെമെല്ലെപ്പഠിക്കുന്നുനീന്താൻ!
എത്രനാളുകളാവിധംതന്നെ
താങ്ങുതന്നാരവരെനിക്കായി!
നീന്തുവാൻഞാൻ നിപുണനായപ്പോള്
നിഷ്ക്കരുണമുപേക്ഷിച്ചുവല്ലോ!
തൊണ്ടുകള് ഞാൻ, മറന്നൂ സകലം
ജീവിതമെനിക്കെന്റെയാണല്ലോ !
സപ്തസാഗരമൊക്കെയും നീന്തി-
യക്കരെക്കടന്നങ്ങുനില്ക്കുമ്പോള്,
നിഷ്ഫലമായ ജീവിതംകൊണ്ടെൻ
യാത്രകള്ക്കു കരുത്തേകിയോരെ
സ്വാർത്ഥഹീനരാംചങ്ങാതിമാരെ,
യോർത്തുപോകെ മിഴിനനയുന്നൂ!
*********************************

 

 

അമൃത്
ബാലകൃഷ്ണൻ മൊകേരി
                        

കാനനവൃക്ഷത്തിന്മേൽ
മൗനമായ് പടർന്നേറി
മാനത്തിന് സന്ദേശങ്ങൾ
മനസാ പാനംചെയ്കെ,
ആരാണ് കടയ്ക്കലെൻ
മെയ് പിടിച്ചുലയ്ക്കുന്നൂ
വലിച്ചുപറിക്കുന്നൂ ,
തറിച്ചു നുറുക്കുന്നു!
അപ്പൊഴും മാനത്തിന്റെ
സാന്ത്വനംശ്രവിച്ചെന്റെ
തലയാമരക്കൊമ്പിൻ
വലയിൽക്കിടക്കയാം!
എത്രനാൾ നിരന്തര
ധ്യാനത്തിൽ ലയിക്കണം
പുതുവേരുകൾ,നീണ്ടു
മണ്ണിനെസ്പർശിക്കുവാൻ!
എങ്കിലുമജയ്യമാ-
മിച്ഛതൻ കരുത്തിനാൽ,
വേരിന്റെയറ്റംകൊണ്ടീ
മണ്ണിനെത്തൊടുന്നേരം,
നേർത്തവേരിനാൽ മണ്ണിൻ
കരുത്തുമോന്തിക്കുടി-
ച്ചങ്ങനെ വീണ്ടും ഞാനാ-
പ്പഴയ രൂപംതേടും,
ഇത്തിരിനേരം,കാലം
കടമായരുളിയ
ജീവിതമെന്നിൽപ്പുതു
ശക്തികൾ പകർന്നിടും !
മരുന്നാണത്രേ,പല-
രോഗവുമെന്നെക്കാൺകെ
കുറ്റിയുംപറിച്ചോടി-
പ്പോയിടും,അമൃതത്രേ!
കയ്പാണ് രുചി,യാർക്കും
സഹിപ്പാനാവില്ലെന്നെ,
യതിനാൽ വളപ്പിലെ-
ക്കാട്ടുമൂലയിലെങ്ങാൻ
പലപീഢകള് സഹി-
ച്ചിങ്ങനെ ശേഷിക്കുമ്പോൾ,
നിങ്ങളെത്തുന്നൂ വീണ്ടും
പറിച്ചെടുക്കാനെന്നെ,
പിഴിഞ്ഞു കുറുക്കിയി-
ട്ടമൃതം വാറ്റാനായി!
അപ്രിയമെന്നോടെന്നു
മെങ്കിലുമെൻജീവന്റെ
രാസലീലയിൽമൂക്കു-
മൗഷധം നിങ്ങൾക്കിഷ്ടം !
..................................
                         
ഗൃഹാതുരം 9
ബാലകൃഷ്ണൻ മൊകേരി
വീട്ടിലെ വിഴുപ്പുക-
ളലക്കാൻ പോകുന്നേരം,
അമ്മയോടൊപ്പം ഞാനും
തോട്ടിലേക്കോടിച്ചെന്നൂ.
തെളിഞ്ഞ വെള്ളത്തിലെ-
ക്കുഞ്ഞുമീനുകളെന്നെ
കൊതിപ്പി,ച്ചതിൽ നീന്തി-
ത്തുടിക്കുന്നതും നോക്കി,
കരയിൽ,ഹതാശനായ്
ഞാനിരിക്കുമ്പോളമ്മ
പറഞ്ഞൂ,നീയും മേലു-
കഴുകിക്കോളൂ വേഗം!
ഞാനൊരു മീനായ് മാറി
കുഞ്ഞുമീനുകൾക്കൊപ്പം
തുടിക്കുന്നേരം വെള്ളം
കലങ്ങിത്തുടങ്ങുന്നൂ!
അമ്മയ്ക്കു ദേഷ്യംവന്നൂ,
ചെറുക്കാ കേറിക്കോളൂ,
വെള്ളം നീ കലക്കിയാൽ
തുണികൾ വെളുക്കില്ല !
(വെളുപ്പാണത്രേ ശുഭ്രം,
ചേറുമാറിയ തുണി-
യേതുവർണ്ണമായാലും
പറയും,വെളുത്തെന്ന്!)
ഇനിഞാൻ തുടിക്കില്ലെ-
ന്നുറപ്പുകൊടുക്കുന്നൂ,
നെഞ്ചോളം ജലമുടു-
ത്തനങ്ങാതിരിക്കുമ്പോൾ,
മീനുകൾവന്നെൻ ദേഹ-
ത്തുമ്മവെക്കുന്നൂ,ചേറിൻ
കണങ്ങളശിച്ചെന്നെ
വെളുപ്പിച്ചെടുക്കുന്നൂ!
ഇക്കിളികൂടിക്കൂടി-
ച്ചിരിച്ചു ചിരിച്ചുഞാൻ
കരയിൽ ചാടിക്കേറി-
ത്തുവർത്താനൊരുങ്ങുന്നൂ!
ശൈശവം കഴിഞ്ഞുപോയ്,
പിന്നെയാത്തോട്ടിൽ പോവാ-
റില്ല ഞാൻ, കുളിയെല്ലാം
വീട്ടിനുള്ളിലായ്ത്തീർന്നു!
ചേറുക,ളഴുക്കുകൾ
വിയർപ്പിൻ മണമെല്ലാം
നീക്കുവാൻ കഴിവുള്ള
വഴികളനവധി!
എങ്കിലും മനസ്സിന്റെ-
യാഴത്തിലടിയുന്ന
അഴുക്കുംചേറും നീങ്ങാ-
നെന്തുമാർഗ്ഗമാണുള്ളൂ ?
ചുമ്മാതെ തിരയുമ്പോ-
ളോർമ്മയിലൊരു തോടും
പൊടിമീൻ ചൂരുംവന്നു
സ്മരണപുതുക്കുന്നൂ!
ഇന്നുമാ വയലുണ്ടോ,
വയലിൻനടുവിലെ-
ത്തോടുകാണുമോ ? തോട്ടിൽ
മീനുകളുണ്ടാവുമോ?

 

2021, നവംബർ 2, ചൊവ്വാഴ്ച

Lima World Library Nov. 1,2021 പേജിൽ വന്ന കവിത

കടൽ,(കരയും)

-ബാലകൃഷ്ണൻ മൊകേരി.

ദൂരെ, വിശാലമായ്

കാഴ്ചകള്‍ക്കപ്പുറം,

രൂപംതരാതൊരു

നേര്‍രേഖയായവള്‍,

ഏറെയഗാധമാ-

മാഴങ്ങളിൽ,തുള്ളി

പോലും വെളിച്ചം

കടക്കാക്കയങ്ങളാം

മാനസമുള്ളവള്‍ !,

അവള്‍ കടൽ,-

എപ്പോഴുമെപ്പോഴും

കാത്തിരിക്കുന്നവള്‍,

കണ്ണുചിമ്മാത്തവള്‍ !

നേര്‍ത്തൊരു കാറ്റിന്റെ

ശ്വാസമേല്ക്കുമ്പൊഴേ

ഉള്ളം തുളുമ്പി

ത്തുടങ്ങും കടലവള്‍ !,

ന്യൂനമര്‍ദ്ദങ്ങള്‍തൻ

ക്ഷോഭാഹവങ്ങളെ-

രൂക്ഷമായെപ്പോഴും

പങ്കുവെക്കുന്നവള്‍!

കടലാണവള്‍, മനം

തിങ്ങിപ്പതയുന്ന

പ്രണയാഗ്നിനാളത്തെ

യൂതിയാളിച്ചിട്ട്,

സര്‍വ്വസംഹാരക-

ത്തിരകളായ് മാറ്റുവോള്‍ ,

അവള്‍ കടൽ!

കരയാണവൻ,

കടലിൻ നിലയ്ക്കാ

ത്തിരച്ചലു,

മലച്ചലും

മിഴിനീരു തൂവുന്ന

രോഷക്കലമ്പലും,

തെറിയും,തിമര്‍ക്കുന്ന

കലിയുറയലും,

രാഗവായ്പിൻ

ഞെരിക്കലും

തഴുകലും

പിച്ചലും

നൂറുഭാവങ്ങളും,

(ഭാവാന്തരങ്ങളും !)

നെഞ്ചിലേക്കെപ്പോഴു-

മേറ്റുവാങ്ങുന്നവൻ

കരയാണവൻ,

തീരെ കരയാത്തവൻ!

അല്പാല്പമായവ-

ളശിച്ചുതീര്‍ക്കുമ്പോഴു-

മാരാഗവായ്പിലായ്

തീരെ ലയിച്ചു

മറയാൻ കൊതിക്കുവോൻ,

കരയവൻ!

കടലാണവള്‍

അവൻ കരയും,

കടലിന്റെ

പൂര്‍ണ്ണതയത്രേ കര,

കരയ്ക്കീക്കടൽ !

***************************

2021, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

ഗൃഹാതുരം 8
ബാലകൃഷ്ണൻ മൊകേരി
മണ്ണിലെന്തെന്തു കൗതുകങ്ങൾ ,നമു-
ക്കെണ്ണിനോക്കിയാൽ തീർന്നുപോം സംഖ്യകൾ!
പച്ചമേലാടചാർത്തിയ കുന്നുകൾ,
പച്ചഞാറുപുതച്ച വയലുകൾ!
ദൂരെയുള്ള നദിയൊന്നുകാണുവാൻ
വെമ്പലാർന്നതാം കൊച്ചുകൈത്തോടുകൾ!
പൈക്കൾമേയുംവെളിമ്പറമ്പിൽ,ചാരെ
മെല്ലെമെല്ലെനടക്കുന്ന കൊറ്റികൾ!
കൂട്ടുകാരെ വിളിക്കുന്ന കൂവലിൻ
നാട്ടുരാഗങ്ങളങ്ങനെയങ്ങനെ....
മോഹഭംഗങ്ങൾ തീക്കാറ്റുപോലെയി-
ങ്ങാഞ്ഞുവീശുന്ന സാന്ധ്യച്ചൊരുക്കിലും
ഞങ്ങൾ കുട്ടികൾ, മണ്ണിന്റെ കൗതുകം
തേടിമാത്രം പലവഴി പോകവേ,
നീ വരാറില്ല,കൂടെയൊരിക്കലും
മണ്ണിലേക്കല്ല നിന്റെയാനോട്ടവും!
എന്നുമെപ്പോഴും വാനിലെയാഴങ്ങൾ
നിൻമിഴിയാലളക്കുകയാണുനീ
കാലുപൊള്ളുംവഴികളീമണ്ണിനെ
ചൂളയാക്കുന്നനേരവും വാനിലെ
കേളിയാടുന്ന മേഘങ്ങളെനോക്കി
നീവരച്ചുകൂട്ടീടും കിനാക്കളിൽ
ഞങ്ങളാരുമേ കാണില്ലയെന്നോര്ത്തു
ക്രോധമോടെ പരിഹസിച്ചന്നുനാം !
മണ്ണിൽനോക്കാത്ത നീ വെറും മാനത്തു-
കണ്ണിയെന്നു നാംകുറ്റപ്പെടുത്തിയും
നിന്റെനെറ്റിയിലുള്ള കുറിനോക്കി
കല്ലെറിയുന്നു,പൊട്ടിച്ചിരിക്കുന്നു!
സ്വപ്നജീവിതം എപ്പോഴുമിങ്ങനെ
കല്ലുകള്ക്കിരയാവുന്നതിപ്പോഴും!
അന്നുഞങ്ങളും സ്വപ്നങ്ങൾകാണുവാൻ
നിന്നിരുന്നെങ്കിലെന്നു നിനയ്ക്കവേ,
ഏതസഹ്യമാംപ്രശ്നത്തുരുത്തിലും
നേർത്തസാന്ത്വനത്തെന്നലായ് വന്നവ
കൂടെനിന്നേനെ, തന്നേനെ, മുന്നോട്ടു
പോകുവാനുള്ളതാങ്ങും തലോടലും!

 

ഗൃഹാതുരം 7
-ബാലകൃഷ്ണൻ മൊകേരി
നാം പഠിച്ചൊരാ വിദ്യാലയത്തിൻ
രൂപഭാവങ്ങളേറെ വ്യത്യസ്തം !
ഓലമേഞ്ഞൊരു ഷെഡ്ഡിലെ ക്ലാസിൽ,
ഓർക്കുവാ,നിന്നു സന്തോഷമെന്നാൽ,
മണ്ണിളകിക്കിടക്കും തറയിൽ
കാറ്റുവന്നാൽ പൊടിമഴപെയ്യും !
പുസ്തകത്തിലും,ബെഞ്ചിലും,പിന്നെ-
ക്കീറൽതുന്നിമറച്ചോടുപ്പിൽ
ചെന്നിറംപൂശിയക്കാറ്റുപോയാൽ
പിന്നെയുംവരും കാറ്റുകൾ വേറെ !
പ്രാർത്ഥനാമണിനാദംകഴിഞ്ഞാൽ
പാതിജീവൻ പറന്നങ്ങുപോവും!
ചൂരൽ,പുസ്തകം,ചോക്കുമായേറെ
ഗൗരവംപൂണ്ടപുഞ്ചിരിതൂകി,
വേറെവേറെ വിഷയങ്ങൾ നമ്മെ
ബോധനംചെയ്തുപോരും ഗുരുക്കൾ,
വന്നുചേരും,നിപുണരാ,ണെന്നാൽ,
വിട്ടുവീഴ്ചകളില്ലവർക്കൊന്നും!
(ഞങ്ങ,ളെന്നാൽ കളിച്ചു മദിക്കാൻ
വിങ്ങലോടെയിരിക്കുവോരല്ലോ !
ഉച്ചയാകാൻ കൊതിച്ചുനില്ക്കുമ്പോൾ,
ചൂരലേകിയ നോവാരിതോർക്കാൻ ?)
അപ്പൊഴെല്ലാമൊരാൾ ഗുരുവിന്റെ
കണ്ണുവെട്ടിച്ചൊളിച്ചിരിപ്പുണ്ടാം,
ക്ലാസിലെപ്പൊടിമണ്ണിൽ,കുഴിയിൽ
കണ്ണുകൾക്കു പിടിതരാമട്ടിൽ,
കുഞ്ഞുചങ്ങാതി നീയൊളിച്ചാലും,
എന്റെ കൂട്ടുകാർ,നിന്നെപ്പിടിച്ചാ
മേശയിൽനിർത്തി വിസ്തരിക്കുമ്പോൾ,
നീ നടക്കുന്നു പിന്നോട്ടുമെല്ലെ,
മുന്നിലേക്കും പതുക്കെപ്പതുക്കേ,
നീയരിച്ചുനടക്കുന്നനേരം
കൈകൾകൊട്ടിച്ചിരിക്കുന്നു ഞങ്ങൾ !
ആനയെന്നേവിളിക്കുന്നു നിന്നെ,
ആരുമപ്പോളറിഞ്ഞീല പൊന്നേ !
പിന്നിലേക്കുനടന്നുനീ പൂഴി
തന്നിൽത്തീർത്ത ചെറുകുഴിക്കുള്ളിൽ,
കുഞ്ഞുറുമ്പിനെപ്പൂഴിക്കടകൻ
വിദ്യയാൽ നീയടിപതറിച്ചൂ!
മണ്ണിലെക്കുഴിതന്നിലായാലും
വിണ്ണിലേറാൻ കൊതിച്ചവനല്ലോ,
നിന്റെ മോഹം ചിറകായ് വിരിഞ്ഞാ-
മോഹവാനിൽ പറന്നുനീ പോകെ,
ഞങ്ങളിപ്പോഴും നില്ക്കുന്നു മണ്ണിൽ
-ഉള്ളിലാരോ മിഴിനിറയ്ക്കുന്നൂ!
............................................
താഴത്തെ ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

 

2021, ഒക്‌ടോബർ 16, ശനിയാഴ്‌ച

 പൂമ്പാറ്റയും ചിലന്തിയും
-ബാലകൃഷ്ണൻ മൊകേരി

വെയിലാൽ ‍ഞൊറിയിട്ട്
പൂമണംതൂവിയ
കാറ്റിന്റെ വേദികയൊന്നിൽ,
ചുമ്മാ ചിരിച്ചും,കളിയാടിയും
ഒരു നർത്തകി,പൂമ്പാറ്റവന്നൂ!
അമ്മനോഹാരിത
താങ്ങുവാനാകാതെ
മത്തുപിടിച്ച ചിലന്തി,
തന്നിരതേടുവാൻ,
താൻ പണിതീർത്തതാം
തൻവലനാരിൽ കുരുങ്ങി!
രക്ഷപ്പെടാനായ്
കുതറിപ്പിടയ്ക്കുമ്പോൾ
ഒട്ടിപ്പിടിച്ചുപോയല്ലോ !,
കണ്ണുകളപ്പോഴും
പാറും ശലഭത്തിൻ
പിന്നാലെതന്നെയാണല്ലോ!
കൊച്ചുചിലന്തിത-
ന്നീധർമ്മസങ്കടം

ജീവിതംതന്നെയാണത്രേ !

ഗൃഹാതുരം 6
ബാലകൃഷ്ണൻ മൊകേരി

ഞാറ്റുപാട്ടിന്റെയോളംതുളുമ്പും
ഞാറ്റുവേലതൻ പെയ്ത്തിന്നു ശേഷം,
നീരൊഴുക്കിൻ തെളിമയിൽ മിന്നും
കൊച്ചുകൈത്തോടിനെന്തുസന്തോഷം!
ഞങ്ങളും ചെന്നു ചാടിത്തിമിർക്കും
നഗ്നരാ,യങ്ങു മീനുകൾപോലെ,
നീന്തിയും,പിന്നെമുങ്ങാങ്കുഴിയി-
ട്ടേറെനേരമാ നീറ്റിൽക്കളിക്കേ,
കാണുമെന്നു,മൊരാൾമാത്രമെന്തോ
കാര്യമായിട്ടെഴുതിവെക്കുന്നൂ!
താനെഴുതുന്ന മാധ്യമം തെല്ലും
പോറലേല്ക്കരുതെന്നതുപോലെ,
താനെഴുതുന്നതൊക്കെയും,തീരെ
തൃപ്തിയാകാതെ മായ്ക്കുന്നു വേഗം!
എത്ര നേർത്തവൻ,നൂൽക്കമ്പിപോലെ
കാലുകൾ ,പിന്നെ കൈകളുംതുല്യം
മൊട്ടുസൂചിപോൽ ദേഹമോ ശുഷ്കം,
മോഹമെന്നു,മെഴുതിനിറയ്ക്കാൻ !
അക്ഷരങ്ങൾ   പഠിക്കുവാൻ ഞങ്ങൾ 
നിത്യമെത്തുന്നു വിദ്യാലയത്തിൽ
പറ്റുവോളം പഠിച്ചും,പഠിക്കാൻ
പറ്റിടാത്തവയൊക്കെമറന്നും
ചിന്തയിൽ കളിയെന്നതുമാത്രം
ചന്തമൊടെ പുലർന്നുപോരുമ്പോൾ ,
ഇവനൊരിക്കലുമാപ്പടികേറി,
കൂടെയെത്തിയില്ലെന്നതോർക്കുന്നൂ!
എങ്കിലുമെന്തു ശുഷ്ക്കാന്തിയോടെ
നീയെഴുതുന്നു,മായ്ച്ചുനീങ്ങുന്നൂ!
(മാത്രകൾകൊണ്ട് മാറും ചരിത്രം
മാനവർക്കായെഴുതുകയാവാം !)

 ഗൃഹാതുരം 5
ബാലകൃഷ്ണൻ മൊകേരി

ചെയ്യാൻ മറന്ന ഗൃഹപാഠമൊന്നിന്റെ
ചൂരൽക്കഷായരുചിയോർത്തു മന്ദമായ്,
ഓടാൻ മറക്കുന്ന പാദങ്ങളെന്നെയാ-
പ്പുല്ലുവളർന്ന കുടുസ്സായ പാതയിൽ
വിദ്യാലയത്തിലേക്കങ്ങനെയങ്ങനെ
തള്ളിയെത്തിക്കാൻ കിണഞ്ഞുശ്രമിക്കവേ,
കണ്ണുനിറ,ഞ്ഞൊരുതുള്ളി കവിളിലൂ-
ടൂർന്നിറങ്ങുന്നതറിയുന്നതില്ല ഞാൻ!
എങ്കിലും കാണുന്നു, തിണ്ടിലെക്കൂട്ടുകാർ,
കണ്ണീരണിഞ്ഞങ്ങു നില്ക്കുകയാണവർ!
നിങ്ങളും വീട്ടുപഠനക്കുറിപ്പുകൾ
തട്ടിയുണ്ടാക്കാൻ മറന്നുവോ തോഴരേ!
സാരമില്ലെന്നു ഞാൻ പുല്ലിന്റെ കണ്ണീരു
കണ്ണോടുചേർത്തു സമാശ്വസിപ്പിക്കയായ്!
കൂടെക്കരയാൻ,ചിരിക്കാൻ പ്രകൃതിയും
കൂട്ടുകൂടുന്നൊരാക്കാലം മനോഹരം !.................................................

2021, ഒക്‌ടോബർ 3, ഞായറാഴ്‌ച

 പടർപ്പുകൾ

-ബാലകൃഷ്ണൻ മൊകേരി

വഴിയോരങ്ങളിൽ ചില വന്മരങ്ങൾ
വളർന്നു നില്ക്കാറുണ്ട്,
പച്ചയുടെ മാമലയായി,
ഒറ്റയ്ക്കൊരു കാടായി
ഇരുണ്ടുകനത്തങ്ങനെ,
ഒരിക്കലും വറ്റാത്ത
പ്രത്യാശയുടെ തണലായി
വഴിയോരത്ത് ഒറ്റയ്ക്ക് !
കടയ്ക്കലെ കാട്ടിൽനിന്ന് ചിലപ്പോൾ,
താങ്ങുതേടിയെത്തുന്ന
ചില വള്ളിപ്പടർപ്പുകൾ
അതിൽ ചുറ്റിപ്പിടിച്ച് പടര്ന്നുകയറും!
ആദ്യമാദ്യം,
ഒരിക്കിളിപോലെ,
പിന്നെയൊരു
സ്നേഹസ്പർശംപോലെ
പടരുന്ന വള്ളികൾക്ക്,
മരം
തന്റെ തലയിലുമിടംനല്കും !
മഴപ്പെയ്ത്തിന്റെ കല്ലേറും
വെയിൽപ്പെയ്ത്തിന്റെ തീമഴയും
കാറ്റിന്റെ പിച്ചിപ്പറിക്കലുമെല്ലാം
പ്രതിരോധിച്ച്,
മരമാവള്ളിയെ പ്രണയിച്ചുതുടങ്ങും !
അപ്പോഴേക്കും
പടർക്കൈകൾക്ക്
കമ്പക്കയറിന്റെ കരുത്തുവന്ന്
വള്ളികൾ,
മരത്തിനെ വരിഞ്ഞുമുറുക്കുകയാവും !
ഒടുവിലാ വന്മരത്തിനെ
മുഴുവനായി വിഴുങ്ങി
പടർപ്പുകളുടെ ഒരു പിസാഗോപുരം
വഴിയോരത്ത്,
പേരറിയാപ്പൂക്കളുടെ
നിറച്ചാര്ത്തിലുലയും !
പടര്പ്പിനുള്ളിലെ മരം
ശ്വാസംകിട്ടാതെ പിടയുന്നതിനെ,
മരത്തിന്റെ രോമാഞ്ചമെന്നോര്ത്ത്
പരിഭാഷപ്പെടുത്തുന്നവര്ക്ക്,
തീവ്രപ്രണയത്തിന്റെ
ഉജ്വലമാതൃകയായി
ആ മരം
മരിച്ചുമരവിച്ചങ്ങനെ
പ്രണയത്തിന്റെ
രക്തസാക്ഷിയാവും !
****************
Arteria online weekly യുടെ പതിനാറാം ലക്കം പുറത്തിറങ്ങി.അതിൽ എൻ്റെ ഒരു കവിത,പടർപ്പുകൾ,ഹരിതയുടെ മനോഹരമായ ചിത്രത്തോടുകൂടി ഉണ്ട്. ആർട്ടേറിയയിൽ നേരിട്ടും വായിക്കാവുന്നതാണു്