2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

 

ഗൃഹാതുരം 20
അപ്പൂപ്പൻതാടി
-ബാലകൃഷ്ണൻ മൊകേരി
നീ പറക്കൂന്നൂ വാനിൽ
കാറ്റിന്റെ ചുമലേറി-
യാലോലം, പദമൂന്നാൻ
ശാദ്വലങ്ങളും തേടി !
ലക്ഷ്യമെത്തുമോ നീ,യെ-
ന്നതിനെന്തുറപ്പൂള്ളൂ ?
കാറ്റിനു മടുക്കുമ്പോൾ
തഴയാം നിന്നെപ്പിന്നെ,
കഠിനം പാറക്കെട്ടിൽ
കൊണ്ടുപോയെറിഞ്ഞേക്കാം,
പുഴയിൽ നിക്ഷേപിച്ചു
ചിരിച്ചുമറിഞ്ഞേക്കാം !
അതിനാൽ ബാല്യത്തിന്റെ
വാനിലെ പ്രിയപ്പെട്ടോ-
രപ്പൂപ്പൻതാടി, നിന്റെ-
യോർമ്മയിൽ നോവുന്നല്ലോ !
*******
ഫോട്ടോ കടപ്പാട്-ഗൂഗിള്
May be a closeup of flower and nature

 

ഗുരുവന്ദനം
അഥവാ
ഗുരൂന്മൂലനം
-ബാലകൃഷ്ണൻ മൊകേരി
ഇതുകേൾക്കുക ചങ്ങാതീ,
തോൽക്കുന്നത് നിത്യം ഞാൻ,
തോല്പിച്ചു രസിക്കുന്നത്
ഗുരുനാഥൻ താൻ!
അക്ഷരമവയോരോന്നും
വ്യതിരിക്തം ,ഘടനയിലും
ഭാവത്തിലു,മതിനാൽ ഞാൻ
പലവടിവിലതെഴുതുമ്പോൾ ,
ഒരുകരമെൻ വിരലുകളെ
തടയിട്ടുനടത്തുന്നൂ,
ഇരുവരകള്ക്കുള്ളിൽ ഞാൻ
തടവിൽ പദമൂന്നുന്നൂ,
ഗുരുനാഥൻ തൻകരമെൻ
തലയിൽവെച്ചരുളുന്നൂ
“ നന്നാവുക,നന്നാവും
നിൻവഴിയും നാടകവും “
പിന്നെന്നും,പലവഴിയേ
തോന്നുംപടി പോകാനായ്
മനമുഴറും നേരത്തെൻ
പദബന്ധനമാകുന്നതു
ഗുരുവരുളിയൊരാശിസ്സാ,-
ണതിലെത്ര ദഹിച്ചൂ ഞാൻ!
അതിരുപെടാത്താകാശം
തലമേലെക്കാണുമ്പോൾ
പലപത്രികൾ പലപാടും
ധൃതിയേറിപ്പോകുമ്പോൾ ,
എൻ ചിറകിന്നുള്ളിൽ നിണ-
മൂര്ജ്ജത്തരിയാകുമ്പോൾ ,
ഞാനറിവൂ,ഗുരുവിൻമൊഴി
ബന്ധിപ്പൂ ചിറകുകളെ!
അടികാണാത്താഴങ്ങൾ
മുങ്ങാങ്കുഴി പറയുമ്പോൾ ,
ഞാനറിയു,ന്നാരുടെയോ
വിറയാര്ന്ന കരങ്ങൾ വ-
ന്നവിടെന്നെത്തടയുന്നൂ,
അറിയാത്തൊരുഭയമെന്നെ-
പ്പിന്നോട്ടുവലിക്കുന്നൂ,
കരയിൽ ഞാനൊറ്റയ്ക്കാ-
ക്കളികണ്ടുകൊതിക്കുന്നൂ,
ഗുരുവിൻമൊഴി,പെരുഭാരം
തലയിൽ ഞാൻ പേറുന്നൂ
തളരുന്നൂ,ചങ്ങാതിക-
ളാര്പ്പുവിളിച്ചലറുന്നൂ!
അതിഗൂഢമെളുപ്പത്തിൻ
വഴിയേ ഞാൻ പോകുമ്പോൾ ,
നേര്വഴിയേ പോകാനെ-
ന്നുള്ളിൽവന്നരുളുന്നു.!
കള്ളങ്ങൾ നിറയുന്നൊരു
പൊതുജീവിതവഴിതന്നിൽ,
സത്യത്തിൻ വഴിപോകാൻ
മിഴിയാലേ പറയുന്നൂ!
അതിരൂക്ഷം വെയിലേറ്റെൻ
തലയുരുകിയൊലിക്കുമ്പോൾ ,
ഗുരവേ, നിന്നാശിസ്സുക-
ളതിനൊപ്പം വറ്റാനായ്
മരുഭൂവിൻ വഴിയതിരിൽ
ചുടുകാറ്റിൽ തളരുമ്പോൾ ,
ഒറ്റമരത്തണലായെൻ
തലയിൽനീ നിറയുന്നൂ!
ഇതുകഷ്ടം,നീയെന്തിനു
പിന്നാലെ കിതയ്ക്കുന്നൂ?
ചിന്തകളിൽ,നോട്ടത്തിൽ
ചലനത്തിന്നടരുകളിൽ,
നിൻ സ്പര്ശം,കരുതൽ ഞാ-
നവിടേയും തോല്ക്കുന്നൂ!
നീപോവുക, നിൻ വേരുക-
ളൊന്നൊന്നായെൻ തലയിൽ
നിന്നു പറിച്ചെറിയുന്നേൻ!
( അവിടേയും തോല്ക്കുന്നേൻ,
കടൽതേടിപ്പോകുന്നേൻ!)
***************************

 May be a cartoon of 1 person and text that says 'ഉറവ സൗഹൃദങ്ങൾ തേടുന്ന നീരൊഴുക്ക് സെപ്‌തംബർ 2022 ഓണപ്പതിപ്പ് u.r.a.v.a. d.i.g.i.t.a.l m.a.s.i.k.a Vol-04,Issue 36 തുമ്പ ബാലകൃഷ്‌ണൻ മൊകേരി നീയെത്ര നേരമായ് മുറ്റത്തിനോരത്ത് മിണ്ടാതെ നിൽക്കയാണല്ലോ എന്തോ പറയുവാ നായുന്നു, വാക്കുകൾ നാവിൽ വരണ്ടു പോയെന്നോ! ഒറ്റയ്ക്കു നീയേതു പോയ കാലത്തിൻ്റെ യോർമ്മകൾ പേറിവരുന്നു? പേക്കാല മൂടലാ ണെങ്കിലുമോർമ്മയിൽ പൂഞ്ചിരിത്തെല്ലാണരുന്നു നീ തുമ്പയല്ലേ വരുന്നുണ്ടൊരോണമെ, ന്നോർമ്മ തരാൻ വന്നുവല്ലേ? ആരും വിളിക്കാതെ യെത്തിയിങ്ങെങ്കിലും എന്നെ നീയോർക്കുന്നുവല്ലേ? മറന്നു നെങ്കിലും നിൻചാരെ യോർമ്മകൾ പുത്തുതുടങ്ങി ന്നുമ്മറത്തും, വരൂ പൂക്കളം തീർക്കാൻ ുടങ്ങാം ഉറവയിലേക്ക് ചനകൾ വാട്ട്‌സാപ്പ് ചെയ്യു...9037801025'

 May be an image of 1 person and text that says '9:41 PM t.fccj3-1.fna.fbcdn.net MAGIC WORDS 2.0 82812 98959 ചനകൾ പുസ്‌കമാക്ക് കമാക്കുവാൻ 8111989132 കഞ്രി അയക്കേണ്ട നീർക്കുമിളയിൽ നിറന്നു കാണുന്നുണ്ടെൻ ശാശ്വത ലോകം! ബാലകൃഷ്‌ണൻ മൊകേരി'

 

പതാക
ബാലകൃഷ്ണൻ മൊകേരി
മുഷിഞ്ഞൊരു വൈകുന്നേരം,
പണിയുടുപ്പുമാറാതെ
അങ്ങാടിയിൽവന്ന കിട്ടേട്ടൻ
മടിയിൽ വെച്ച കൂലിപ്പണത്തിൽനിന്ന്
ഒരു പതാക
സാഭിമാനം പൊതിഞ്ഞുവാങ്ങി
തലയുയർത്തി നടക്കുമ്പോൾ
ചോദിച്ചു ഞാൻ
ഇതെന്താണ് കൃഷ്ണേട്ടാ ?
ഇതോ, ചെറ്യോനേ, ഒരു കൊടിയാണ്
നമ്മുടെ ദേശീയപതാകയാണ്,
നിരന്തര സമരങ്ങളിലൂടെ,
നിരവധി ജീവാർപ്പണത്തിലൂടെ
നമ്മുടെ നാട്
സ്വാതന്ത്ര്യം നേടിയതിന്റെ അടയാളം
നമുക്കിവിടെ
തലയുയർത്തി ജീവിക്കാനും
വഴിനടക്കാനും
ഉടപ്പിറപ്പുകളെ
ഭരണകേന്ദ്രത്തിലയക്കാനും
കരുത്തുതന്ന
സ്വാതന്ത്ര്യത്തിന്റെ അടയാളം
കിട്ടേട്ടൻ ഉറച്ച കാൽവെപ്പുകളുമായി നടന്നുപോകുന്നു.
2
തന്റെ സ്ഥാപനങ്ങളിൽ
പതാകയുയർത്താൻ നിർദ്ദേശിച്ച്
കൊടിയുമായി സെൽഫിയെടുക്കുന്ന
ശതകോടീശ്വരനോട്
ഇതെന്താണെന്നു ചോദിച്ചു
എന്നെ പുച്ഛത്തോടെ നോക്കിക്കൊണ്ട്
അയാൾ പറഞ്ഞു
ഇത് ഞങ്ങളുടെ
സ്വാതന്ത്ര്യത്തിന്റെ അടയാളം
ഞങ്ങൾക്കിവിടെ
വളരാനും വികസിക്കാനും
വെട്ടിപ്പിടിക്കാനും ലഭിച്ച
സ്വാതന്ത്ര്യത്തിന്റെ അടയാളം
അയാൾ എയർപോർട്ടിലേക്കു യാത്രതുടരുന്നു
പിന്നീടുകണ്ട
ജാതിമത തീവ്രവാദികളും
അധോലോക ജീവികളും
അവരുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ
പതാകയെപ്പറ്റി വാചാലരായി.
അവർക്കെല്ലാം അത്
അവരുടെ സ്വാതന്ത്ര്യത്തിന്റെ പതാകയായിരുന്നു.
3
ഞാൻ വ്യാകുലനായി
അന്തിച്ചുനില്ക്കെ
ഒരു കുഞ്ഞുകുട്ടി അപ്പുപ്പനുമൊത്ത്
അടുത്തുവരുന്നു
കുട്ടിയെനിക്കുനീട്ടിയ പതാകയിൽ
സ്നേഹ സമാധാനങ്ങളുടെ,
കരുതലിന്റെ
പ്രതിരോധത്തിന്റെ
സുഗന്ധമുണ്ടായിരുന്നു!
ആ പതാകയുമുയർത്തിനില്ക്കെ,
അശാന്തമായ മഞ്ഞുമലകളിൽനിന്ന്,
വരണ്ട പാടശേഖരങ്ങളിൽനിന്ന്
വീറുറ്റ തൊഴിലിടങ്ങളിൽനിന്ന്
ചോരയിറ്റുന്ന സമരമുഖങ്ങളിൽനിന്ന്
കരുത്തിന്റെ ജ്വാലാപ്രവാഹം
എന്റെ സിരകളിലേക്കൊഴുകുന്നത്
എനിക്കുമനസ്സിലാവുന്നു.
ഞാൻ,
പതാക ഉയർത്തിക്കൊണ്ടുനില്ക്കുന്നു.
*********************************
ഒരു പൂവ്
ബാലകൃഷ്ണൻ മൊകേരി
ഒരു പൂവതിന്നുള്ളിൽ
വരഞ്ഞു, നിറം ചാർത്തി-
യോമനിക്കുന്നൂ കുഞ്ഞി -
ന്നുടുപ്പും, പാവാടയും!

May be an image of flower and nature

നിരത്തിലൂടെ സ്കൂട്ടറോടിക്കുമ്പോൾ
-ബാലകൃഷ്ണൻ മൊകേരി
സ്കൂട്ടറോടിച്ചുകൊണ്ട്
നിരത്തിലൂടെ പോകുമ്പോൾ
കാലുകൾക്കടിയിൽനിന്ന്
നേർത്തൊരു വിറയൽ
കയറിക്കയറിവന്ന്
വയറ്റിലെത്താറുണ്ട് !
ഹെൽമെറ്റുവെച്ച്,
വളവുകളിലും നാല്ക്കവലകളിലും
അടയാളവെളിച്ചംതിളക്കി,
ഹോൺ കരയിച്ച്,
രാജപാതയിലേക്കുള്ള പ്രവേശനവേളയിൽ
നിറുത്തി,വലമിടം നോക്കി,
അടയാളം തിളക്കി
പതുക്കെ മുന്നോട്ടായുമ്പോൾ
അതുവരെ കണ്ണാടിയിലില്ലാത്തൊരാൾ
കാറ്റുപോലെ കടന്നുപോവുന്നു!
വഴിയിറമ്പുകളിൽനിന്ന്
ചോരയിൽകുളിച്ചരൂപങ്ങൾ
ശുഭയാത്രനേരുന്നു!
എതിരേനിന്ന്,പോത്തുകളെ കയറ്റിയ
പാണ്ടിലോറികളുടെ ഒരുനിര
വഴിനോക്കാതെ ഇരമ്പിവരുന്നു!
തലയ്ക്കുമേലെ
പേരറിയാത്ത മാലാഖമാർ
നേർത്ത ചിറകുകളിൽ
തുമ്പിയാട്ടംനടത്തുന്നു.
കമ്പിക്കാലിന്റെ മറവിൽനിന്ന്
കാലം ലിഫ്റ്റുചോദിക്കുന്നു!
യാത്രതുടരുമ്പോളാകട്ടെ,
മുന്നിൽപോകുന്ന കാറുകൾ
വഴിതരാതെ
നവവധുവിനെപ്പോലെ മന്ദമന്ദം
മുന്നിലങ്ങനെ പിച്ചവെക്കുമ്പോൾ,
വലതുവശത്തൂടെ കടന്നുപോകാൻ
വെറുതേ ശ്രമിക്കാറുണ്ട്!
അപ്പോഴൊക്കെ എതിരെ കുതിച്ചുവരുന്ന
ബസ്സുകളുടെ ഭീകരമായ ഇരമ്പൽ
പിന്നോട്ടുതള്ളുന്നു.
എതിരെ വണ്ടിയില്ലെങ്കിൽ
കാറുകള് വേഗംകൂട്ടി,
കടന്നുപോകാനൊരുങ്ങുന്നവനെ
പരിഹസിക്കാറുണ്ട്.
അപ്പോഴേക്കും,ഇടത്തുകൂടൊരുവൻ
കടന്നെത്തി നമ്മെ പിന്തള്ളുന്നു!
നിയമങ്ങൾ പലപ്പോഴും
അതുപാലിക്കുന്നവരെ പരിഹാസ്യരാക്കുന്നു!
നിരത്തുമുറിച്ചുകടന്നുവരുന്ന
അമ്മുമ്മയെക്കണ്ട് വണ്ടി നിര്ത്തിയാൽ
പിന്നിലുള്ളവന് ഇടത്തുകൂടി
വിടലച്ചിരിയുമായി പറന്നുപോകുന്നു!
നടുവരയ്ക്കിപ്പുറത്തൂടെമാത്രം
വണ്ടിയോടിക്കുന്ന ചിലർ
കണ്ണിലെ ഭീതിയിലേയ്ക്ക്
പുച്ഛത്തിന്റെ മുളകുപൊടിയെറിയുന്നു!
നിയമംതെറ്റിച്ച് മുറിച്ചുകയറുന്നവൻ
സ്കൂട്ടറിലുരസിയാലും
കുറ്റം നമ്മുടെ തലയിൽവെച്ചുതന്ന്
പണംപിടുങ്ങുന്നു!
നിയമാനുസാരിയായി വണ്ടിയോടിക്കുന്നനേരം
ചിലകാണാദൃക്സാക്ഷികളെത്തി
സ്കൂട്ടറാണ് കാറിലിടിച്ചതെന്ന്
തെളിയിച്ച് നമ്മെ നിലംപരിശാക്കുന്നു,
തെറിയിൽകുളിപ്പിക്കുന്നു !
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും
എനിക്ക് സഞ്ചരിക്കാതിരിക്കാനാവുമോ?
നിയമം പാലിക്കാതെ തിരക്കുകൂട്ടുന്നവര്
പക്ഷേ
ലക്ഷ്യംപ്രാപിച്ചില്ലെങ്കിലും
മത്സരത്തിനില്ലാതെ
പതുക്കപ്പോവുന്ന ഞാൻ
എത്തേണ്ടിടത്തെത്താതെ പറ്റുമോ ?
**************************

 

 

ഗൃഹാതുരം 19
തുമ്പി
ബാലകൃഷ്ണൻ മൊകേരി
നാട്ടുമാവിൽ പഴുക്കുന്ന മാങ്ങകൾ
കൂട്ടുകാരുമായ് പങ്കിടും നാൾകളിൽ
മാന്തണലിൻ വിരിയിൽ കിടന്നുനാ-
മന്തരംഗം കൊതിയാൽ നിറയ്ക്കവേ,
മാങ്ങതിന്നാം മടുക്കുവോളം നമു-
ക്കങ്ങടങ്ങും വിശപ്പിൻ മുറവിളി
പിന്നെയും കളി,തമ്മിലടിപിടി-
യെന്നതെല്ലാമൊടുങ്ങിടും മാങ്ങയിൽ !
അപ്പൊഴാണൊരാൾ വന്ന,ടുത്തുള്ള കാ-
ട്ടപ്പതൻ ചെറുശാഖയിൽ നില്ക്കയായ്
കണ്ടപാടെ പതുങ്ങിപ്പതുങ്ങിയെൻ
കൂട്ടുകാരി പിടിക്കാൻ ശ്രമിക്കയായ് !
എത്ര വേഗം അവളാച്ചിറകുകൾ
തൻവിരലാലിറുക്കിപ്പിടിക്കയായ് !
തുമ്പി പാവം ! നിനച്ചിരിക്കാതെയാം,
വെമ്പലാര്ന്നു ചലിക്കാൻ ശ്രമിക്കയായ്
പെൺകിടാവതിൻ കാലുകളാലൊരു
കൊച്ചുകല്ലിന്റെ ഭാരം വഹിക്കുവാൻ
ചേര്ത്തുവെക്കുന്നു,കല്ലിലാക്കാലുകൾ
ചേര്ന്നുനന്നായ് മുറുക്കിപ്പിടിക്കയായ് !
ഇക്കളിയവൾ വീണ്ടും തുടരുന്നു,
ഇത്രക്രൂരയോ പെണ്ണെന്നു ഞങ്ങളും
എന്തിനാവാമവൾ കൊച്ചുതുമ്പിയെ-
ക്കൊണ്ടു കല്ലെടുപ്പിച്ചു രസിക്കുന്നു ?
സ്വേച്ഛപോലെ പറക്കുവാനാകുന്ന
കാര്യമോര്ക്കെയസൂയമുഴുത്തുവോ ?
ഇന്നു വീണ്ടും കളിക്കൂട്ടുകാരിയെ
കണ്ടുനില്ക്കെ ഞാൻ കാണുന്നു തുമ്പിയെ !
തൻ ചിറകുകളേതോ വിധിയുടെ
ദുഷ്ടമാം വിരൽത്തുമ്പിൽ കുരുങ്ങവേ,
ജീവിതത്തിൻ കടുത്തഭാരങ്ങളും
പേറി പാവം ! അവള് തുമ്പിതന്നെയായ് !
( പോയകാലമെൻ കൺകോണിലായൊരു
ദുഃഖബിന്ദുവായൂറിയതെന്തിനോ ! )
***********************
നാട്ടാഴം 3
വയലിലെപീടിക
ബാലകൃഷ്ണൻ മൊകേരി
( കേരളത്തിൽ വയലിൽപീടികയെന്നപേരിൽ ഒരു കടയെങ്കിലുമില്ലാത്ത നാട്ടിൻപുറമുണ്ടാവില്ല. ഇവിടെ സൂചിപ്പിക്കുന്ന വയലിൽപ്പീടിക ഏതാണെന്നു തിരിച്ചറിയാനുള്ളഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ )
പരലിന്റെ മണവുമായ്
ഞാറ്റുപാട്ടിൻമണം
പടരുന്ന വയലിന്റെ
നടുവിലൊരു കുനിയുണ്ട്
കുനിയിലൊരു കടയുണ്ട്,
പലകയിൽ പണിതീർത്തൊ-
രറയും നിരകളും,
മേല്ക്കൂരയോലയിൽ,
ചിലന്തിക,ളരണകൾ,
ഓര്മ്മത്തെളിപോലെ
എലികളും പായുന്നു!
നാട്ടിൻപുറത്തിന്റെ
കൊള്ളക്കൊടുക്കയിൽ
നിരന്തരമിടപെട്ടു
നില്ക്കുന്ന പീടിക
വയലിലെപ്പീടിക
നമ്പിയാർപ്പീടിക!
പണികഴിഞ്ഞെത്തുന്ന
നാട്ടുകാരിവിടുന്നു
സാധനങ്ങള്വാങ്ങി
കൂരകൾ തേടുന്നു!
നിരപ്പലകയിൽ
ചോക്കുതുണ്ടിനാൽ നമ്പിയാർ
കണക്കെഴുതിവയ്ക്കുന്നു.
കടയുടെമുന്നിലെ
കൈത്തോട്ടിലെപ്പോഴും
തുണിയലക്കുന്നവർ
വായിട്ടലക്കുന്നു
വര്ത്തമാനങ്ങളിൽ
നാടാകെയും തുണി
ച്ചീന്തുപോൽ കല്ലി-
ലടിച്ചലക്കീടുന്നു!
ചിലതുണികൾ കീറുന്നു
ചിലകണ്ണുപെയ്യുന്നു
നാടിന്നഴുക്കുകൾ
തോട്ടിൽ കലരുന്നു,
തോടതിൻ യാത്ര
തുടരുന്നു പിന്നെയും!
പണിയാളർ കടമുറ്റ-
ത്തണയുന്നു ,പലമൊഴികൾ
ചിരിയലകൾ പൊങ്ങുമ്പോ-
ളണയുന്നു മറ്റൊരാൾ,
ചുമലിലൊരു പാരയും
പേറിയെത്തുന്നയാൾ
തേങ്ങയുരിക്കുന്ന
കേളപ്പൻ ചെട്ടിയാർ
നെടുതായൊരാൾ,
തീരെ മെല്ലിച്ചയാൾ,കൊച്ചു
തോർത്തുടു,ത്തിടിയൊച്ച
തീർത്തു മിണ്ടുന്നയാൾ!
കടയിൽനിന്നൊരുതേപ്പി-
നെണ്ണവാങ്ങിത്തന്റെ
തലയിൽ കുളിർപ്പിച്ച്,
കുളിയൊരുക്കംകൂട്ടി
കടയുടെ കിഴക്കുള്ള
ചെറുകിണർ പക്കത്തി-
ലണയുന്നു, പാളയിൽ
വെള്ളം വലിച്ചെടു-
ത്തതുതന്റെ തലയിൽ
കമഴ്ത്തി രസിപ്പയാൾ
തന്റെയാതോർത്തൂരി,
മുക്കിയൊലുമ്പീട്ട്
ആൾമറമേലെ
പ്പിഴിഞ്ഞുവെക്കുന്നയാൾ!
പിന്നാണു മേളം,
കിണറോരമുള്ളൊരു
നീളൻ കവുങ്ങിൽ
പുറമുരച്ചങ്ങനെ
ചെട്ടിയാർ സ്നാനം
തുടരുന്നു,കോണകം
പെന്ഡുലംപോലെ
നിരന്തരമാടുന്നു!
തോട്ടിലെസ്ത്രീകൾ
ചിരിച്ചുമറിയുന്നു,
ചിരികണ്ടു,വെടിയൊച്ച
പോലയാൾ പറയുന്നു
വെറുതേ ചിരിക്കേണ്ട
മുത്തുപൊഴിക്കേണ്ട!
ഇനിയും ചിളിക്കുകിൽ
കോണകമഴിക്കുംഞാൻ!
പെണ്ണുങ്ങളപ്പോഴും
കലപിലചിരിക്കുന്നു,
പെൻഡുലത്തിന്നാട്ട-
വേഗംവളരുന്നു
ചെട്ടിയാർ ശാന്തനായ്
കുളിച്ചുതുവർത്തുന്നു!
കടമുറ്റത്താണുങ്ങൾ
പൊട്ടിച്ചിരിക്കുന്നു
നമ്പിയാർ പലകയിൽ
കണക്കുകളെഴുതുന്നു
ബീഡികൾ പുകയുന്നൊ-
രിരവിലേക്കാളുകൾ
ചെറുചൂട്ടു മിന്നിച്ചു
പതിയേമടങ്ങുന്നു.
നമ്പിയാർ നിരയിട്ട്
കട ഭദ്രമാക്കുന്നു,
താക്കോലിനൊച്ചയിൽ
ചെവിചേർത്തുകൊണ്ടയാൾ
വേലിവിളക്കുമായ്
തൻ വീടുതേടുന്നു!
വയലിലെ ത്തവളതൻ
താരാട്ടുകേള്ക്കെയാ
വയലിലെപ്പീടിക
മയങ്ങാൻതുടങ്ങുന്നു
*****************