2019, മാർച്ച് 16, ശനിയാഴ്‌ച

ഷഡാനനം
ബാലകൃഷ്ണൻ മൊകേരി
1
വെയിലുണക്കാന്‍ചിക്കിയ
പാറപ്പുറത്തുനിന്ന്
എങ്കോണിച്ച കല്ലിന്നിടയില്‍
കുരുങ്ങിപ്പോയൊരു
കാര്‍മേഘക്കഷണം കിട്ടി.
അതിലൊരു വിത്തുണ്ടായിരുന്നു.
അപ്പൂപ്പന്‍താടിപോലെ
കാറ്റിന്‍ചുമലേറി സഞ്ചരിച്ചപ്പോള്‍
ഇണക്കുത്തുകൊടുത്ത് കാറ്റ്
മേഘത്തെ കല്ലില്‍ കരുക്കിയതാവും
കാര്‍മേഘമാണെങ്കിലും
പഞ്ഞിപോലെ മൃദുലം
ഉള്ളിലെ വിത്ത്
ഗര്‍ഭപാത്രത്തിലെപ്പോലെ
നിദ്രയില്‍
2
വിത്തെടുത്ത്
ചകിരിപ്പൊടിയും ചാണകപ്പൊടിയും
ജൈവവളവും ചേര്‍ത്ത്
ഒരുക്കിയ ചട്ടിയില്‍
നട്ടുവെള്ളമൊഴിച്ചു
കവിതയുടെ വിത്താണ്
അതു മുളയ്ക്കട്ടെ,
വളര്‍ന്ന് പടരട്ടെ,
കവിതകള്‍ പൂക്കട്ടെയെന്ന്
നിത്യപരിചരണം.
ഉണര്‍ന്നില്ല ഞാനെന്ന്
പുതപ്പില്‍മൂടുന്ന
കുഞ്ഞിനെപ്പോലെ
വാശിപിടിച്ചുകിടന്നവള്‍
3
ഒടുവില്‍ നിവൃത്തിയില്ലാതെ
കൂമ്പെടുത്തു വളരുന്നു
ഇലകള്‍ക്കോരോന്നിനും
ഓരോരോ രൂപമാണല്ലോ
കൊടിത്തൂവയിലെന്നപോലെ
ഇലകളില്‍ നിറയെ
ചൊറിച്ചലുണ്ടാക്കുന്ന
വെളുത്തരോമങ്ങളാണ്
പിംഗലനിറത്തണ്ടില്‍
താഴോട്ടുവളഞ്ഞ മുള്ളുകള്‍
തൊടാനാവുന്നില്ലെന്ന പരിദേവനം
പൂക്കട്ടെയെന്ന പ്രത്യാശയില്‍
മുഴുകിനില്ക്കേ,
പൂത്തുവല്ലോ മേഘച്ചെടി
4
ഓരോ പൂവും
ഓരോ നിറം
ഓരോ മണം
ഒന്നും മനസ്സിലാവുന്നില്ലല്ലോയെന്ന്
തൊട്ടുനോക്കിയവര്‍
മുള്ളുകള്‍കൊണ്ട് രക്തസാക്ഷികളായി
മണത്തുനോക്കിയവര്‍
ഒരുമണവും അറിയാത്തവരായി
ബോധാബോധങ്ങളുടെ
കാട്ടുവഴികളിലായി
വെള്ളമില്ലാതെ നീന്തുന്നവരായി
5
മണ്ണുപരിശോധിക്കണമെന്ന്
കൃഷി ആപ്പീസര്‍
മണ്ണിനില്ല കുഴപ്പമെന്ന്
പരിശോധിച്ച ഫലംവന്നു
പരിശോധകര്‍
മരിച്ചുപോയെന്ന്
ഫലശ്രുതിയും വന്നു
6
ചെടിയിലെ പൂക്കളിലിപ്പോള്‍
നിറയെ ആത്മാക്കളാണ്
പറ്റിയ കാലം വരുമ്പോള്‍
പുനര്‍ജ്ജനിക്കാന്‍
കാത്തുനില്ക്കുന്ന
ആത്മാക്കള്‍ മാത്രം
എങ്കിലുമെന്റെ കാർമേഘച്ചെടീ
നീ എന്നെ
സമകാലികനാക്കുന്നില്ലല്ലോ
ഒരിക്കലും !