2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

 കർണ്ണികാരം
-ബാലകൃഷ്ണൻ മൊകേരി

കർണ്ണികാരമേ ,നീയി-
ന്നതിജീവനത്തിന്റെ
സ്വർണ്ണവർണ്ണമാം പൂക്കൾ
മെയ്യാകെയണിയുമ്പോൾ,
കാണികളാഹ്ളാദിപ്പൂ,
കണികാണുവാൻ നിന്റെ
പൂങ്കുലപൊട്ടിച്ചവർ
കൊണ്ടുപോകുകയല്ലോ!
ജീവനം നിഷേധിക്കും
കൊടിയ വേനൽക്കാലം
ചുറ്റിലും തീയായ് വന്നു
പൊതിയാനൊരുങ്ങുമ്പോൾ,
നിന്റെ പച്ചിലയൊക്കെ-
ത്യജിച്ചു, വ്രതമാണ്ടു,
നീ കൊടുമുള്ത്താപത്തിൽ
പിടയും മുഹൂര്ത്തത്തിൽ
നിന്റെയുള്ളിലെ നോവിൻ
കത്തലോ പുഷ്പങ്ങളായ്
നിറയെ വിരിയുന്നൂ
നീയതിജീവിക്കുന്നൂ !
പൂവുകാണുവോർ,നിന്റെ
വേദനയറിയാത്തോർ
പൂങ്കുലപൊട്ടിക്കുന്നൂ
കണിയായൊരുക്കുന്നൂ !
അവർക്കു വരുങ്കാലം
ശ്രീത്വമാർന്നണയുവാൻ
നിന്റെയാപൂവിൻ കണി-
മതിയാമത്രേ, പാവം !
അറിയില്ലവർക്കൊന്നും
നിന്റെയുൾത്താപം,നീയാ
പ്പൂവിന്റെ ഞരമ്പിലൂ-
ടൊഴുക്കും ഹരിതകം!
തനിക്കിന്നാമോദിക്കാൻ
പൂങ്കുലയൊടിക്കുവോർ
നിന്റെവേദനകാണും
കാലമെത്തുമോ നാളെ ? 

May be an image of flower, tree and nature

 

കഥയിലെ കാകൻ
-ബാലകൃഷ്ണൻ മൊകേരി
ഗ്രീഷ്മംപോലും ദാഹത്താലുഴലുന്ന
ഒരു പൂർവ്വാഹ്നത്തിൽ
പരവേശപ്പെട്ടൊരു കാകൻ
പഴങ്കഥയിൽനിന്നിറങ്ങിവരികയും
ദാഹജലംതേടുകയും ചെയ്തു.
പറന്നുതളരുമ്പോഴേക്കും
അതൊരു കൃഷിത്തോട്ടത്തിനടുത്തെത്തുകയും,
അടപ്പിടാൻമറന്നൊരുകുപ്പിയിൽ
അല്പം ജലംശേഷിക്കുന്നതായി
കണ്ടെത്തുകയും,
ബുദ്ധിമാനും അദ്ധ്വാനശീലനുമായ,
കഥയിലെ കാക്ക
കാര്യങ്ങളോർത്തെടുക്കുകയും,
ചരൽക്കല്ലുകള്തേടി
നാടായനാടും,കാടായകാടുംതാണ്ടുകയും,
കൊണ്ടുവന്നചരൽക്കല്ലുകള്
ഓരോന്നായി കുപ്പിയിലേക്കിടുകയും
ജലനിരപ്പുയരുന്നതുകണ്ട് ക്ഷീണം മറന്ന്
ആഹ്ലാദിച്ച് നൃത്തമാടുകയും,
വളരെ ശ്രദ്ധിച്ച്
തന്റെ കൊക്കുകൊണ്ട് ജലം
വലിച്ചുകുടിക്കുകയുംചെയ്തു.
ദ്രാവകത്തിന്റെ അരോചകമായ രുചി
തിരിച്ചറിയുംമുമ്പുതന്നെ
കാക്ക മറിഞ്ഞുവീണ്
ചത്തുപോവുകയാണുണ്ടായത് !
കുറച്ചുനേരംകഴിഞ്ഞെത്തിയ കൃഷിക്കാരൻ,
തന്റെ സ്പ്രേയറിൽ ഒഴിച്ച് ബാക്കിവെച്ച
കീടനാശിനിക്കുപ്പിയിൽ
കല്ലുകള് കണ്ട് കാക്കയെ പ്രാകുകയും,
ചത്തുകിടക്കുന്ന കാകന്റെ കരിഞ്ചിറകുകള്
തന്റെ കൊപ്രക്കളത്തിൽ തൂക്കിയിടാനായി
മുറിച്ചുകൊണ്ടുപോവുകയും,
കാലം
കഥകളെ അപ്ഡേറ്റുചെയ്യാനായി
തീരുമാനിക്കുകയും ചെയ്തു.
*************************************

 

ഗൃഹാതുരം18

സ്കൂളിലേയ്ക്കുള്ള വഴികള്‍

ബാലകൃഷ്ണൻ മൊകേരി


പാഠശാലപ്പറമ്പിന്നതിരുകള്‍

പാഴ് മതിലിനാൽ വേര്‍തിരിക്കാത്തനാള്‍,

ഞങ്ങളെത്തിടും നാനാവഴിയിലൂ-

ടങ്ങനെ,യോടിയോടിത്തളര്‍ന്നവര്‍!

നല്ലകൊങ്ങിണിപ്പൂക്കളു,മപ്പുറം

നില്ലുനീയെന്നു തൊട്ടാൽമയങ്ങിയും,

കാടുപോലെ വളര്‍ന്നു പൂവിട്ടതാം

കാഴ്ചയേകുമതിരാണിവൃന്ദവും

കാത്തുനില്പുണ്ട് നമ്മളെയെപ്പൊഴും,

കണ്ണിനാലേ തലോടിനടന്നുനാം

നാട്ടുകൊന്നകള്‍ വീശിയെറിഞ്ഞതാം

വാട്ടമാര്‍ന്നോരിലത്തണ്ടുകൊണ്ടുനാം

തെങ്ങിനോടുപിണങ്ങിപ്പൊഴിഞ്ഞതാം

തൊണ്ടുരുട്ടിയാണെത്തുകയെപ്പൊഴും!

പാഠശാലപ്പറമ്പിലെ മൂലയിൽ

ഇക്കളിക്കോപ്പൊളിപ്പിച്ചുവച്ചുനാം!

സ്കൂളുവിട്ടാൽ, മറക്കാതെ ചെന്നെടു-

ത്തോടിടുന്നനാള്‍ ,ഓട്ടമേ ജീവിതം!

നെൽവയലിൻ വരമ്പിൽ,ഇടവഴി-

പ്പാതയിൽ നമ്മളോടിക്കിതയ്ക്കയായ്!

നാട്ടിലില്ലൊരു മൂലയും,നമ്മള-

ന്നെത്തിടാത്തവഴിയും വഴക്കവും!

അന്നുനമ്മള്‍ മനഃപാഠമാക്കിയാ-

ജന്മനാടിൻ തുടിപ്പുകളൊക്കെയും.

തെക്കുപോയാൽ പുഴയാണ്,കുന്നുകള്‍

ആക്കിഴക്കിന്റെ കൊട്ടാരഗോപുരം!

കാടുപൂത്ത പടിഞ്ഞാറ്, പാടങ്ങള്‍

നീര്‍ത്തിയിട്ട വടക്കിന്റെ സൗഭഗം!

(നഗ്നപാദങ്ങള്‍ നമ്മെയെത്തിക്കാത്ത

നാട്ടുമൂലകള്‍ ബാക്കിയുണ്ടാകുമോ ?)

ഇന്നു കുട്ടികള്‍, ഗേറ്റുതുറന്നു,-

ന്നെത്തിടുന്നൊരു ബസ്സിലേറുന്നവര്‍,

വൻമതിലുകള്‍ക്കുള്ളിലെ മുറ്റത്തു

ചെന്നിറങ്ങുവോര്‍,ക്ലാസിലടങ്ങുവോര്‍!

നമ്മളൊക്കെയോ?വിദ്യാലയത്തിലേ-

ക്കായിരംവഴി കണ്ടറിയുന്നവര്‍!

ആ വഴികള്‍ക്കറിയുന്നുനമ്മളെ,

നമ്മളാവഴിത്താരയുംനല്ലപോൽ!

നമ്മിലിപ്പൊഴും പൊങ്ങിനില്ക്കുന്നതീ-

നാടുനല്കിയ ചൂരുമാവേവലും!

*************************

 

ഹൈക്കു കവിതകൾ
ബാലകൃഷ്ണൻ മൊകേരി
വീട്ടിൽ, നനച്ചും
വളമൂട്ടിയുംനട്ട
ചെടിയുണങ്ങി !
വഴിയോരത്ത്
വളര്ന്നു നിറയുന്നു
കാട്ടുചെടികൾ!
***********

 

കുറ്റസമ്മതം

ബാലകൃഷ്ണൻ മൊകേരി


യസ്,യുവറോണര്‍,

പബ്ലിക് പ്രസിക്യൂട്ടര്‍

അടിച്ചുവാരിയെടുത്ത്

എന്റെമേൽചൊരിഞ്ഞ

ആരോപണങ്ങളൊന്നും

ഞാൻ നിഷേധിക്കുന്നില്ല!

എനിക്കു പറയാനുള്ളതുകൂടി കേള്‍ക്കാൻ

കോടതി തയ്യാറാവണമെന്ന്

അപേക്ഷിക്കുന്നു.

കവിയുടെ ഇടനെഞ്ചിലും

മെയ്യാകെയുമായി

നാരാചമുനയാൽ

അമ്പത്തിയൊന്നുകുത്തുകള്‍കൊണ്ട്

അലങ്കരിച്ചതും

ചോരയിൽ

തീര്‍ത്ഥസ്നാനംചെയ്തതും

നിഷേധിക്കുന്നില്ലഞാൻ!

കത്തുന്ന യാഥാര്‍ത്ഥ്യങ്ങളിലിരുന്ന്

തിളങ്ങുന്ന അസത്യങ്ങളാൽ

ജനതയെ പിന്നോട്ടുനടത്തിയ

ആ നുണനിര്‍മ്മാണശാലപൂട്ടിക്കാൻ

മറ്റൊരുവഴിയുണ്ടായിരുന്നില്ല!

അന്യഥാ പാറിപ്പറക്കേണ്ട

പദങ്ങളുടെ ചിറകുമുറിച്ച്,

പൊൻകമ്പിയാൽതീര്‍ത്ത അഴിക്കൂട്ടിൽ

അംഗീകാരങ്ങളുടെ പാലും പഴവും വിളമ്പി

തത്തമ്മേപൂച്ച പാടിച്ച,

തെറികളും അസഭ്യങ്ങളും

അരുതാക്കാഴ്ചകളും

നൂലിലൂടെ ഇറങ്ങിവരുന്ന

ചൊറിയൻപുഴുക്കളായി തിമര്‍ക്കുന്ന

ആകാശത്തിൽ,

ഉറക്കുപാട്ടിന്റെ ഈണങ്ങളായി

വക്കുംകോണുമില്ലാത്ത സംസ്കൃതപദങ്ങള്‍

കാറ്റിലെ ഉണക്കിലപോലെ പറത്തിവിട്ട,

ഉണങ്ങിയ ഞെരിഞ്ഞിൽക്കായപോലുള്ള

ഉണ്മയെ

പഞ്ഞിത്തുണ്ടുപോലുള്ളപദങ്ങളാൽ

പാടിനീട്ടിയ,

അന്തവും കുന്തവുമില്ലാത്തജനതയെ

പാട്ടിലാക്കി,

അവനവൻപ്രതിഛായകളുടെ

പലപതിപ്പുകളിറക്കിവിറ്റ

മുതലക്കണ്ണീരിന്റെ സംഭരണിയായ,

പെരുംനുണകളുടെ അണുപ്രസാരത്താൽ

വരുങ്കാലംപോലും ഉണക്കിക്കളയുന്ന ഒരു കവിയെ,

നിയമാതീതമായി

ഭീമാകാരമായി വളരുന്ന

ഒരു നിഴൽപ്പെരുക്കത്തെ

എന്നേക്കുമായി ഡിലീറ്റുചെയ്യാൻ

മറ്റുുവഴിയുണ്ടായിരുന്നില്ല.

അതിനാൽ,

പൊതുതാത്പര്യ സംരക്ഷണത്തിനായി

ഞാൻ ചെയ്തതായ

ആ മഹത്തായ കര്‍മ്മത്തെ ഉള്‍ക്കൊണ്ട്

എന്നെ ജീവപര്യന്തം സംരക്ഷിക്കാൻ

ഉത്തരവുനല്കിയാലും!

ദാറ്റ്സ് ആള്‍,യുവറോണര്‍!

(സ്വര്‍ണ്ണംപൂശിയ കസാരകള്‍ കിനാക്കണ്ട

ന്യായാധിപൻ

വലംകൈയിലെ ചുറ്റികകൊണ്ട്

ആഞ്ഞുമേടിയത്,

മേശപ്പുറത്തു പരത്തിവെച്ച

തന്റെ ഇടംകൈവിരലുകള്‍ക്കുമേലെയായിരുന്നതിനാൽ,

കോടതി രക്തസാക്ഷിയാവുകയും

വിധിപ്രസ്താവം

അനിശ്ചിതകാലത്തേക്കു നീട്ടിവെക്കുകയും ചെയ്തു!)

**********************************