2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

മന്ദിയമ്മ
കുഞ്ഞിരാമന്‍ തെങ്ങിലേറി
വിളഞ്ഞതേങ്ങയടര്‍ത്തിടുമ്പോള്‍
മുളങ്കൂട്ടയിലെണ്ണിയിട്ട്
തേങ്ങാക്കൂടയിലെത്തിക്കാന്‍
കൂടെ വന്നത് മന്ദിയമ്മ
മുപ്പതു തേങ്ങമാത്രം ഒരുനടയ്ക്കെന്ന്
തോര്‍ത്തുകൊണ്ട് തെരികയുണ്ടാക്കുന്നു മന്ദിയമ്മ
കൂട്ടപിടിച്ച് തലയില്‍വെക്കുമ്പോള്‍
പോയ ചിങ്ങത്തില്‍ എഴുപതും തികഞ്ഞെന്ന്
മൊഴിയുന്നു മന്ദിയമ്മ
പണിക്കു പോകുന്നൊരു മോനില്ലേയെന്ന്
ചോദിക്കാനായുമ്പോള്‍
മോനൂണ്ട്,മോളൂണ്ടെന്ന് മന്ദിയമ്മ
കെടന്നുപോവാണ്ട്
അങ്ങോട്ടു വിളിച്ചാമതിയെന്നും,
ആവതുള്ള കാലത്തോളം
നയിച്ചുതന്നെ തിന്നണംന്നും
മന്ദിയമ്മ പറയുന്നു
ഓറുള്ളേരോം ഞാന്‍ പണിക്കുപോകാറുണ്ടെന്ന്
മരിച്ചുപോയ തന്റെ പുരുഷനെ
ഓര്‍ക്കുന്നു മന്ദിയമ്മ
ദിവസം നൂറ് തെങ്ങുകേറുമായിരുന്നു
കഞ്ഞാണേട്ടനെന്ന് കുഞ്ഞിരാമന്‍
നൂറു തെങ്ങില്‍ക്കേറി
പുരയില്‍വന്ന് കുളിച്ചുടുത്ത്
കൈതക്കാട്ടിലെ കള്ളുഷാപ്പില്‍
ഉത്സവംകൂടി കുഞ്ഞാണന്‍
കാലുറയ്ക്കാതെ, തലയുറയ്ക്കാതെ
പാതിരയ്ക്ക് വീട്ടിലെത്തി
കുഞ്ഞാണന്റെ കലാശക്കൈ
തേങ്ങ കൊണ്ടിടാന്‍പോകുമ്പോള്‍
കാര്യസ്ഥന്‍ രാമന്‍നായരോട്
കിന്നരിച്ചോ നായിന്റെമോളേന്ന്
മന്ദിയമ്മയുടെ മുടിപിടിച്ച്
കാലുമടക്കിത്തൊഴിച്ച്,
കഞ്ഞിക്കലം ചവിട്ടിപ്പൊട്ടിച്ച്,
ഞെട്ടിയുണര്‍ന്ന മക്കളെ
ആട്ടിപ്പായിച്ച്
കുഞ്ഞാണന്റെ തോറ്റം
മന്ദിയമ്മയ്ക്കെന്നും ഉത്സവമിങ്ങനെയെന്ന് കുഞ്ഞിരാമന്‍
എന്നാലെന്താ കുഞ്ഞിരാമാ,
തെങ്ങുമ്മന്ന് വീണ്
ഓറ് ചാകാന്‍കെടന്നപ്പോ
നല്ലോണം നോക്കീലേ താനെന്ന്
അതെന്റെ കടമയെന്ന് മന്ദിയമ്മ
വയനാട്ടില്‍ കൊണ്ടുപോയ മൂത്തമോള്
തിരിഞ്ഞുനോക്കില്ലെന്ന വാക്കുകേട്ട്,
ഓക്കിനിയൊന്നും കിട്ടാനില്ല
മീണ്ടിക്കൊണ്ടോവാനെന്ന്
നെടുവീര്‍പ്പിട്ടു മന്ദിയമ്മ
മോനുള്ളതൊരുത്തന്‍ തന്തയെപ്പോലെ കള്ളും മോന്തി
തള്ളയ്ക്ക് ചവിട്ടും കുത്തും,
പൈസേം പിടിച്ചുപറിക്കും
അതുകൊണ്ടോയി ഓന്റോക്ക് സാരീം കമ്മലും വാങ്ങും നായ ,
എല്ലാം ഓള് പറഞ്ഞ് ചെയ്യിക്കുന്നതാ ചെക്കനെക്കൊണ്ടെന്ന്
ആശ്വസിക്കുന്നു മന്ദിയമ്മ
ചത്തുപോയാല്‍ നാട്ടുകാര്‍ക്ക് ചോറുകൊടുക്കല്‍ നാട്ടുനടപ്പ്,
അതിന്ള്ള പൈസയാണീ കൊരണ്ടെന്ന്
കാതിളക്കുന്നു മന്ദിയമ്മ
ചാവുംവരെ പണിക്കുപോകാന്‍
ആവതാക്കണേ പടച്ചോനേന്ന്
എഴുപതു വയസ്സുള്ള മന്ദിയമ്മ !

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

മഴക്കവിതയെന്ന് പറയുമോ ?

        എഫ്.ബി.യില്‍ കവിതകള്‍പോലെ
ആകാശം നിറഞ്ഞുപെയ്യുന്നു
ചില മേഘങ്ങള്‍ ഊഴംകാത്തുനിന്ന്
ആകാശം കറുപ്പിക്കുന്നു !
അലങ്കാരങ്ങളുടെ
മിന്നലുകളുണ്ടാവുന്നുണ്ട്
ഇടി മുഴങ്ങുന്നുണ്ട്,
ഇടവഴികള്‍
പുഴയാവുന്നുമുണ്ട്
ചിലതുള്ളികള്‍
ഉമ്മറത്തിരിക്കുന്ന എന്റെ നേരെ
നനുത്തൊരു സൗഹൃദംകാട്ടുന്നുമുണ്ട്
ചില്ലടിച്ച് ഞാന്‍
വിറകൊള്ളുന്നുമുണ്ട്
(വീട്ടുകാരി മുഖം കറുപ്പിക്കുന്നുമുണ്ട്!)
എങ്കിലും, മഴ
നിറയെ പെയ്യണം
പുതിയ തോടുകളും
പുഴകളുമൊഴുകണം
പുതിയൊരു കടലുണ്ടാവണം!
(ആ കടലിലൂടെ പായ്ക്കപ്പലോടിച്ച്
നമുക്ക്,
പുതിയ ഭൂഖണ്ഡങ്ങള്‍
കണ്ടെടുക്കേണ്ടേ ചങ്ങാതീ ?
ഇനിയും നിങ്ങളിതിനെ
മഴക്കവിതയെന്നു പറയുമോ ?)