2020, മാർച്ച് 7, ശനിയാഴ്‌ച

കഥ)   ഭാഗ്യവതി
ബാലകൃഷ്ണന്‍ മൊകേരി
ഏതോ ഒരു വീട്ടിലെ പ്രഭാതം.
അയാള്‍ ഓഫീസില്‍പോകാനായി ധൃതിയില്‍ ഒരുങ്ങുന്നു.
സഹധർമ്മിണിക്കും ഓഫീസിൽപോകണം, അവളും തിരക്കിലാണ് .
മക്കളുരണ്ടും റ്റ്യൂഷന്‍പ്രമാണിച്ച് നേരത്തേ പോയിരിക്കുന്നു.
ഭാര്യാഭർ‍ത്താക്കന്മാർ ജോലിക്കുപോകുന്ന എല്ലാവീടുകളിലുമെന്നപോലെ, വീട്ടിലെ പ്രഭാതാന്തരീക്ഷം കനത്തുനില്ക്കുകയാണ്.
പൊടുന്നനെ, ഒരുള്‍വിളിപോലെ അവളുടെ വാക്കുകള്‍ ഉയരുന്നു.അയാള്‍ കാതോര്‍ത്തു.
അവള്‍ പറയുന്നു :- "അവളാണ് ഭാഗ്യവതി"
അയാള്‍, അങ്ങോട്ടുചെന്നു "ആര് ?”
ഉത്തരം പെട്ടെന്നുവന്നു :
"നിങ്ങളുടെ മുൻകാമുകി"
അയാള്‍ നിന്നനില്പില്‍ ഉരുകാൻതുടങ്ങി. പഴയ, കോളേജ് പ്രണയത്തെപ്പറ്റിപ്പറഞ്ഞ് ഇനിയിവള്‍ തന്റെ മൂഡ് നശിപ്പിക്കും, അതുറപ്പാണ്. വേഗം ഇറങ്ങുന്നതാണ് ബുദ്ധി.
ഭാര്യ വിടുന്ന മട്ടില്ല, പിന്നാലെചെന്ന് അവള്‍ പറഞ്ഞു :
"ഞാൻ കാര്യമായിട്ടു പറഞ്ഞതാ.അവളോടെനിക്കിപ്പോള്‍ അസൂയയാതോന്നുന്നത്. അവളെ നിങ്ങള്‍ കല്യാണംകഴിച്ചിരുന്നെങ്കില്‍., ഈ ദുരിതം മുഴുവൻ,അവളല്ലേ അനുഭവിക്കേണ്ടിയിരുന്നത് ? അവള്‍ രക്ഷപ്പെട്ടില്ലേ ?ഭാഗ്യവതി!”
ചിരിക്കാനും കരയാനുമാകാതെ അയാള്‍....