2018, ഡിസംബർ 22, ശനിയാഴ്‌ച

മതിലുകള്‍
അവരന്ന് മതിലുപണിഞ്ഞത്
ഞങ്ങളെ
അവരില്‍ നിന്ന്
അകറ്റിനിർത്താനായിരുന്നു
എന്നാലിന്ന് ഞങ്ങള്‍
പണിയുന്നത്
മതിലല്ല,
മാനവികതയുടെ
പ്രതിരോധമാണ്,
ഞങ്ങളുടെ ജീവിതത്തില്‍
പോയകാലത്തിൻെറ
ഇരുണ്ട അധോലോകത്തുനിന്ന്
വിനാശശക്തികളുടെ
വിഷപ്പാമ്പുകള്
നുഴഞ്ഞുകയറാതിരിക്കാനുള്ള
കാരിരുമ്പിൻെറ കരുത്താണ്
സ്നേഹത്തിൻെറ
ഇഴയടുപ്പമുള്ള
നിലപാടുകളുടെ
ആർദ്രതയാണ്,
ചരിത്രം ഞങ്ങളിലേല്പിച്ച
രക്തദൗത്യത്തിന്റെ
ഉത്തരവാദിത്തപൂര്‍ണ്ണമായ
നിര്‍വ്വഹണമാണ്

--ബാലകൃഷ്ണൻ മൊകേരി.

2018, ഒക്‌ടോബർ 27, ശനിയാഴ്‌ച

പ്ലാന്‍ ബി
(വി.കെ. എന്‍ സ്മരണയില്‍ ഒരു കല്പിതകഥ.-)

ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ അവിടെ എത്തിച്ചേരുമ്പോള്‍ സൂത്രധാരന്‍ തിരക്കിലായിരുന്നു.ച്ചാല്‍, കാലേ തുടങ്ങീരിക്ക്ണൂന്നര്‍ത്ഥം.ഇടവഴിയിലും, പറമ്പിലും,മുറ്റത്തും, ഉമ്മറക്കോലായിലും അകത്തളത്തിലും(വാതില്‍വഴികാണാവുന്നിടത്തോളം) വിവിധജാത്യാദികളിലുള്ള ജനം, തീണ്ടാപ്പാടുകള്‍ ദീക്ഷിച്ചും പഞ്ചപുച്ഛമടക്കിയുമങ്ങനെ.....മൊഴിമുത്തുകള്‍ കോളാമ്പിയില്‍നിന്ന് പെറുക്കിയെടുക്കാനായി ഒരൂട്ടം വേറെയും കാണപ്പെട്ടു.(ഇത്തരമൊരു ചുറ്റുപാടില്‍ ആരുതന്നെ ദര്‍പ്പംകൊള്ളില്ല !)
തഞ്ചിനിന്ന് മൊഴിഞ്ഞു :
ഒരിന്റര്‍വ്യൂ തരാക്കാംന്ന് പറഞ്ഞിരുന്നു
സൂത്രി മുഖമുയര്‍ത്തി:
ഉവ്വോ, ഇപ്ലോ ?
തന്നെ,തന്നെ.
ന്നാല്‍ വര്വ.വിശേഷിച്ച് ?
താങ്കളാണല്ലോ ഇപ്പോഴത്തെ കാണപ്പെട്ടതും പെടാത്തതുമായ ആചാര്യര്‍ ?
ആണ്, ആണ്
ആചാരസംരക്ഷണസമിതിയുടെ കിരീടംവയ്ക്കാത്ത രാജന്‍ എന്നനിലയില്‍......
മലര്‍ക്കെ ചിരിച്ചുകൊണ്ട് സൂത്രി ചാരുകസാരയില്‍ നിറഞ്ഞു.
അതെയതേ.തറവാട് സംരക്ഷിക്കാനായി, ആണും പെണ്ണുമായി,കുലകളായി,കുലമഹിമകളായി ജനം നിറഞ്ഞത് കാണപ്പെടുന്നില്ലാന്നുണ്ടോ ?
പെടുന്നു, പെടുന്നു.തീണ്ടാരി എന്ന മഹാരോഗംപേറുന്ന മറുപാതി പടിചവിട്ടിയാല്‍ എന്തും സംഭവിക്കാം, ല്യോ ?
പിന്നെ,അശുദ്ധാവില്യേ സര്‍വ്വതും. വിശ്വാസം അങ്ങട് തകരില്യേ ?ആയിരക്കണക്കിന് സംവത്സരങ്ങളുടെ ജലസ്പര്‍ശമേശാത്ത ആചാരങ്ങള്‍...
തറവാട്ടുപാരമ്പര്യം ശതവര്‍ഷങ്ങളിലൊതുങ്ങുംന്നാണല്ലോ ചരിത്രം
കാല്പനികത പൊലിപ്പിച്ചുപറയുന്നതിനിടയ്ക്കാണോ സത്യംകൊണ്ട് ഇടങ്കോലിടുന്നത്. സമ്മതിക്കില്ല ഞാന്‍
( അവസാന വാചകം കുഞ്ജരഃമട്ടിലായതിനാല്‍ വളപ്പില്‍ കുളിച്ചുണ്ടുകഴിയുന്നവര്‍ കോറസായി വാചകം ഏറ്റെടുത്തു മുറവിളി തുടങ്ങി.)
അപ്പോള്‍ കോടതി മുതലായ.... ?!
മിണ്ടാതിരി.വിരുദ്ധര്‍ പടിയില്‍ സ്പര്‍ശിച്ചാല്‍ പടിയടച്ച് താക്കാല്‍ വിഴുങ്ങും.
അതിന് വകുപ്പുണ്ടാവുമോ ?
അശുദ്ധായാല്‍ ശുദ്ധീകരിക്കണം
അവര്‍ക്ക് യാതൊരശുദ്ധിയുമില്ലെങ്കിലോ ?
തറവാടിന്റെ വിശുദ്ധികാക്കാന്‍ പ്ലാന്‍ വേറെയുണ്ട്. പ്ലാന്‍ ബി.
ന്ന്വച്ചാല്‍ ?
തറവാടിന്റെ അകത്തളത്തില്‍ ഒന്നും രണ്ടും നിര്‍വ്വഹിക്കാന്‍ ആളെ ഏര്‍പ്പാടാക്കീട്ടുണ്ട്.ഒരാഴ്ചയായി അവര്‍ കാണാമറയത്ത് നവദ്വാരങ്ങളുമടച്ച് പാഞ്ഞുനടക്കുന്നു.സിഗ്നല്‍കിട്ടിയാലുടന്‍ അവര്‍ കര്‍മ്മംചെയ്ത് നിഷ്ക്രമിക്കും.കുറ്റം ആചാരവിരുദ്ധരുടെ തലയിലുമാവും.
അപാരംതന്നെ അമേധ്യപ്രക്ഷേപണതന്ത്രം.ആരാ ഇതിന്റെ പിന്നില്‍ ?
ഈ തലയില്‍നിറയെ മറ്റെന്താണുള്ളതെന്നാ താന്‍ കരുതുന്നത് ?
അയ്യയ്യോ, അവിടുത്തെ തലനിറയെ ഇതുതന്നെ. ഇതു ചരിത്രമാവും.
ആവണമല്ലോ. നാറ്റമൊക്കെമാറി തറവാട് ശുദ്ധമാവാന്‍ ചുരുങ്ങിയത്, വര്‍ഷമൊന്നുവേണ്ടിവരും അതിനിടയ്ക്ക്, ആചാരവിരുദ്ധരൊക്കെ അവരവരുടെ അളകളിലൊതുങ്ങും.
പടച്ചോനെ വിളിച്ചുപോയി.
സൂത്രധാരന്‍ ഭരതവാക്യം പറഞ്ഞു :
തറവാടിന്റെ വിശുദ്ധികാക്കാന്‍ ഞാന്‍ പ്രതിബദ്ധനാണെടോ.
ഇന്റര്‍വ്യൂ അവസാനിപ്പിച്ച് തിരിഞ്ഞോടുകയായിരുന്നു ഞാന്‍ എന്നെങ്ങനെ പറയാതിരിക്കും ?!

2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധി

കേട്ടപ്പോള്‍
തേടിയിറങ്ങിയതാണ്
എവിടെയും
കാണാന്‍ കഴിഞ്ഞില്ല
ഒടുവില്‍
ആകാശത്തിന്റെ പര്യായത്തില്‍
ഗകാരം കണ്ടുകിട്ടി
കാട്ടില്‍ നിന്നു് കിട്ടിയതൊരു ദീര്‍ഘം
പറയേണ്ടതു പറയുന്ന
നാവില്‍നിന്നും
നകാരമെടുത്തു വര്‍ണ്ണമാക്കി.
ഭൂമിയുടെ പര്യായം
ധകാരം കടംതന്നു
ഇകാരചിഹ്നംതേടി
അലയാത്ത ഇടമില്ല
ഒടുവിലത്
ഇന്ത്യയില്‍നിന്നു് അടര്‍ത്തിയെടുത്ത്
ഉലയിലിട്ടു പഴുപ്പിച്ച്
കൂടത്തിനിടിച്ച്
പരുവപ്പെടുത്തിയെടുക്കേണ്ടിവന്നു.
എത്ര ബുദ്ധിമുട്ടിയാലെന്താ
എനിക്കു കിട്ടിയത് ഗാന്ധിയെയാണ്

2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

ഇതിഹാസങ്ങള്‍

1-
 
ഇന്ത്യയിലുദയംചെയ്ത
ഇതിഹാസങ്ങളെത്രയെന്ന്
എണ്ണിത്തീര്‍ക്കാനാവാതെ
കുഴങ്ങിനില്ക്കെ,
വെളുക്കെച്ചിരിച്ചുകൊണ്ട്
ചെട്ടിയാര്‍ നടന്നുവരുന്നു.
മോന്തി കനത്ത കാവടിയില്‍
വെളിച്ചെണ്ണ ടിന്നുകള്‍ തൂക്കിയിട്ട്
ആടിയാടിയങ്ങനെ,
കാര്‍ക്കിച്ചുതുപ്പിയും
പിറുപിറുത്തും
ചിരിക്കുന്നു ചെട്ടിയാര്‍
പുരയിലെത്തിയാല്‍,
കുപ്പായമിടാത്ത ചെട്ടിച്ചിരുമ്മ
ഇരുത്തിയില്‍ കൊണ്ടുവെക്കുന്ന
കഞ്ഞിപ്പിഞ്ഞ‍ാണം
തട്ടിയെറിഞ്ഞ്
സ്വന്തം നെഞ്ചത്തും
കോലായമൂലയിലെ എളാരത്തിലും
ആഞ്ഞടിച്ച്
ചെട്ടിയാര്‍ തോറ്റംചൊല്ലുന്നു
തോറ്റത്തില്‍
മാഷായ മോനും
കുപ്പായമിടാത്ത ചെട്ടിച്ചിരുമ്മയും
വാഴ്ത്തപ്പെടുന്നു
ഞങ്ങളയല്‍ക്കാര്‍
ചെട്ട്യാര്‍ത്തോറ്റം
ഇങ്ങനെ വായിച്ചെടുക്കുന്നു :-
"ഓന് നെല്ലുകുത്ത്യ രിയുടെ ചോറും
നായി നയിക്കുമ്പോലെ നയിക്കുന്ന എനക്ക്
വറ്റില്ലാത്ത കഞ്ഞീം വെളമ്പ്ന്ന
അച്ചീം മക്കളുംകൂടി
എന്നെ കൊല്ലാക്കൊല ചെയ്യാണേ"
അവതാരപുരുഷന്റെ തോറ്റം പാട്ടും
നെഞ്ഞടിമേളവും
മിന്നാമിനുങ്ങുകളുടെ
തീയാട്ടവും
തുടരുന്നു സന്ധ്യകളില്‍.

2018, ജൂലൈ 5, വ്യാഴാഴ്‌ച

ഞാന്‍
(അഥവാ നിങ്ങള്‍)

ആരുടെ നെഞ്ചിന്‍കൂടില്‍
തുളവീഴ് ത്തു വാനാവും
ഇക്കൊടും കഠാര ഞാന്‍
മനസ്സിലൊളിപ്പിപ്പൂ ?
ഏതൊരു വയസ്സായ
വീടിന്‍െറയൊരേയൊരു
താങ്ങു,മാ തണലും ഞാന്‍
തകര്‍ക്കാനൊരുങ്ങുന്നൂ ?
ഏതൊരു നിണക്കൊതി-
യാര്‍ന്ന മോഹമാണെന്നെ-
യീയിളം നെഞ്ചില്‍ കത്തി-
ക്കയറാന്‍ നിയോഗിച്ചൂ ?
അറിയില്ലെന്നാലെനി-
ക്കറിയാം,ഞാനാണല്ലോ
കൊലചെയ്തതും, പിന്നെ
മരിച്ചുകിടപ്പതും !

--ബാലകൃഷ്ണന്‍ മൊകേരി

2018, മേയ് 19, ശനിയാഴ്‌ച

പുറന്തോട്

പരുപരുത്ത
പുറംതോടുകണ്ട്,
അതിനുള്ളിലെ ജീവിയും
പരുപരുക്കനാണെന്ന്
കരുതുന്നുണ്ടാവും നീ,
പക്ഷേ,
ഈ പുറംതോടൊന്നടർത്തിനോക്കൂ,
അതിനുള്ളിലിരിക്കുന്നത്,
നിസ്സാരമായ ഒരുപൂഴിത്തരിയുടെ
സ്പർശംപോലും വേദനിപ്പിക്കുന്ന
ഒരുപാവം മനസ്സാണ്.
അതിനെ നീയെന്നെങ്കിലും
കവിയെന്നോ മുത്തുച്ചിപ്പിയെന്നോ
വിളിച്ചേക്കാം.
19/5/18-ബാലകൃഷ്ണൻ മൊകേരി.

2018, മേയ് 16, ബുധനാഴ്‌ച

                                          സ്നേഹം

                             ഭര്‍ത്താവ് മരിച്ചു.വര്‍ഷങ്ങളായി തുടരുന്ന അടിമത്തത്തില്‍നിന്ന് രക്ഷപ്രാപിച്ച ഭാര്യയ്ക്ക് സന്തോഷം അടക്കാനായില്ല.അവര്‍,മനസ്സിന്റെ ഉള്ളില്‍നിന്ന് പൊട്ടിപ്പുറപ്പെടാനൊരുങ്ങുന്നൊരു സന്തോഷച്ചിരി,ഏറെ ശ്രമപ്പെട്ട്, ഒരു കരച്ചിലാക്കിമാറ്റുകയായിരുന്നു ! എങ്കിലും, അത്യാഹ്ലാദത്തിന്റെ രക്തസമ്മര്‍ദ്ദം അവരുടെ ഹൃദയത്തേയും നിശ്ചലമാക്കി.
ആളുകള്‍ പറഞ്ഞു :-
കണ്ടോ, എന്തൊരു സ്നേഹമായിരുന്നു ആ സ്ത്രീക്ക് ഭര്‍ത്താവിനോട്. കണ്ടില്ലേ, ദുഃഖം സഹിക്കാനാവാതെ ആ പാവം മരിച്ചുപോയി !
മരണവീട്ടിലൂടെ കടന്നുപോയ കാറ്റിന്റെ ചിരി കേട്ടവര്‍ക്ക്,അതും ഒരു കരച്ചിലാണെന്നേ തോന്നിയുള്ളൂ!

2018, ഏപ്രിൽ 12, വ്യാഴാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്


ആസിഫാ,
എൻെറ തലയ്ക്കുള്ളില്
നീയൊരു
വനരോദനവും
നിശ്ശബ്ദമായ കൊടുങ്കാറ്റും
സുനാമിത്തിരകളുമായി
കത്തിപ്പടരുമ്പോഴും
ഞാനെൻെറ
ചെവികളും
കണ്ണുകളും
എവിടെയോ
പണയംവെച്ചിരിക്കുകയാണല്ലോ
വാക്കുകളെല്ലാം
വിത്തിനായി
മാറ്റിവെച്ചിരിക്കയാണല്ലോ
എന്നിട്ടു ഞാൻ
വിഷുക്കണിയൊരുക്കയാണല്ലോ

2018, മാർച്ച് 15, വ്യാഴാഴ്‌ച

ഗുരുവചനം

        പുരയ്ക്കു തീ കൊളുത്തീടാൻ
ഇറങ്ങും തൻെറ ശിഷ്യനെ,
തടഞ്ഞാൻ ഗുരുവിന്നേവം :
"പൊള്ളിടും നിൻെറ കൈകളും,

തീയെരിച്ചു കളിക്കുന്നോൻ
തീയാല്ത്തന്നെയൊടുങ്ങിടാം!
മുറിക്കാ, നാമിരിക്കുന്ന,
മരത്തിൻകൊമ്പൊരിക്കലും!"

2018, ഫെബ്രുവരി 8, വ്യാഴാഴ്‌ച

സുരക്ഷിതം

വരൂ,വരൂ
നോക്കൂ,നോക്കൂ,
എന്റെ ചുവരിന്റെ വെണ്‍മ കാണൂ !
ഒരു വരയോ കുത്തോ
കുറിയോ ഇല്ല.
കാണുന്നോരുടെ ഉള്ളങ്ങള്‍
ഉൗര്‍ജ്ജപ്പെയ്തില്‍
കുളിരും!
എന്നാലും,
എനിക്കുമുണ്ടാകില്ലേ
മോഹങ്ങള്‍,
ചിലതൊക്കെ
കോറിയിടാന്‍,
കരിപൂശാന്‍,
ഛര്‍ദ്ദിലൊഴിച്ച്,
ഒഴുക്കിന്റെ ഗ്രാഫ് അളക്കാന്‍,
പാതിരാക്കള്ളുകുടിച്ച്,
ബോധമറ്റു വരുമ്പോള്‍,
അവന്റെയൊരു ചുമരെന്ന്
തീട്ടംകലക്കി പാറ്റാന്‍,
അതുകൊണ്ടു മാത്രമാണല്ലോ
ഞാന്‍,
നിങ്ങളുടെ വെള്ളച്ചായമിട്ട
ചുമരുകളില്‍
വിളയാടുന്നത്!
എന്റെ ചുമരുകള്‍ക്ക്
തുമ്പപ്പൂവിന്റെ
നൈര്‍മ്മല്യം
വേണ്ടായോ,
അതിനുള്ളില്‍,
കുഞ്ഞുകുട്ടികളുമായി
എനിക്കിരിക്കണ്ടായോ 
സുരക്ഷിതം !