2022, മാർച്ച് 15, ചൊവ്വാഴ്ച

 

നാട്ടാഴം 2
മരിപ്പ്
-ബാലകൃഷ്ണൻ മൊകേരി
തൊണ്ണൂറ്റിയാറുവയസ്സുള്ള ഔസേപ്പച്ചൻ
ഇന്നലെ വയ്യിട്ട്,
വറീതിനോടു വാങ്ങിച്ച ഒരേക്കറിലെ
റബ്ബര്തോട്ടത്തിലൂടെ,
വെട്ടാറായിവരുന്ന റബറുകളുടെ
ഇലയാട്ടംകണ്ട് തെളിഞ്ഞ്
കാലൊച്ചകേട്ട് അമറുന്ന
ആലയിലെ ലീലാമ്മപ്പശുവിനോട് മിണ്ടിപ്പറഞ്ഞ്
കിണറ്റുകരയിൽചെന്ന്
കാലുംമുഖവും കഴുകി
ഉമ്മറത്തിണ്ണയിലിരുന്ന് ഊരചൊറിഞ്ഞ്
ഉല്ലാസത്തോടെ പാടുമ്പോൾ
മറിയപ്പെമ്പിളകൊടുത്ത കട്ടൻചായ
ഉറുഞ്ചിക്കുടിച്ച്,
പലബിസ്കറ്റ് കൂടെക്കടിച്ച്
പെമ്പിളയുടെ മുഖത്തേക്ക്
അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ലെന്ന്
പ്രേമാതുരനായി പാടിക്കൊണ്ടിരിക്കെ
പിന്നോട്ടു മലർന്ന്
ചുമ്മാ അങ്ങു മരിച്ചുപോയി!
അലമുറകേട്ടെത്തിയോരെല്ലാം
ഔസേപ്പച്ചന്റെ മരണത്തെ
ദൈവാനുഗ്രഹവും ഭാഗ്യമരണവുമായി ദൃഷ്ടാന്തപ്പെട്ട്
കുരിശുവരയ്ക്കുമ്പോൾ,
താഴത്തെ ജോര്ജ്ജൂട്ടിയുടെ തള്ള
എൺപതുകഴിഞ്ഞ മേരിപ്പെമ്പിള,
പ്രാഞ്ചിപ്രാഞ്ചി കയറിവന്ന്,
ചുമ്മാ മരിച്ചുകിടന്ന ഔസേപ്പച്ചനെക്കണ്ട്
മൂക്കത്തു വിരൽവെച്ചു
ബംഗ്ലൂരിലെ ഔതയെത്തിയോടാ
അമേരിക്കേന്ന് ലില്ലിയെപ്പം വരുമെടാ,
ഡൽഹീന്ന് സോഫിയ പുറപ്പെട്ടോടാ
എന്നൊക്കെ ആരോടൊക്കെയോ
ചോദിച്ചതായി നടിച്ച്
കരഞ്ഞുതളർന്നുകിടക്കുന്ന
മറിയപ്പെമ്പിളേടടുത്തുചെന്ന്
ഇങ്ങനെ പുലമ്പാൻതുടങ്ങി
വല്ലാത്തൊരു ചെയ്തായിപ്പോയല്ലോ
ഔസേപ്പുമാപ്പിളേ ,ഇതിയാന്റെ മരിപ്പെന്ന്,
ഒരാഴ്ച്ചേങ്കിലും കെടന്നുപോയിറ്റുണ്ടേല്
മക്കക്കെല്ലാം വരാനും
വര്ത്താനം പറയാനും
ബന്ധം പുതുക്കാനും
പറ്റൂലാരുന്നോ
ഇതിപ്പം, ആരോടും പറയാതെ,
ഒരടയാളോം കൊടുക്കാതെ,
ഒരെല ഒണങ്ങി വീഴുമ്പോലെയായി
ഇതിയാന്റെ മരിപ്പ്!
മേരിത്തള്ള തൊണ്ടയിടറിപ്പറയുമ്പോൾ
അയലോക്കക്കാര്
സ്വന്തത്തിനും ബന്ധത്തിനും
വിവരംകൊടുക്കുകയായിരുന്നു
മേരിത്തള്ളയുടെ മുന്നിലായി
ഔസേപ്പുമാപ്പിളയുടെ ജഡമപ്പോൾ
സെന്റ് ജോൺസ് കലാസമിതിയുടെ
ഫ്രീസറുംകാത്ത്കിടക്കുകയായിരുന്നു!
*********************************

 

പലതരം യുദ്ധത്തെപ്പറ്റി പത്തു ഹൈക്കു കവിതകൾ
-ബാലകൃഷ്ണൻ മൊകേരി
1)മൃഗീയം
വലിയ മൃഗം
ചെറിയമൃഗത്തെ
തിന്നുന്ന നീതി!
2)തന്ത്രം
ഋഷഭങ്ങളെ
തമ്മിലേറ്റുമുട്ടിക്കും
സൃഗാലതന്ത്രം!
3)ഫാസ്റ്റ്ഫുഡ്
സമാധാനത്തെ
ആയുധവിപണികൾ
പൊരിച്ചുതിന്നും!
4)ചാണക്യം
ചിരിക്കുന്നേരം
അണപ്പല്ലിറുമ്മുന്ന
ചാണക്യമന്ത്രം!
5)ദേശസ്നേഹം
അവനെക്കൊന്നാൽ
പരമവീരചക്രം
ദേശീയവീര്യം!
6)കളി
അവനെ ഞാനും
പിന്നെയെന്നെയവനും
കൊല്ലുന്ന കളി!
7)മരണക്കളി
കണ്ണീര്പ്പുഴകൾ
രക്തത്താൽച്ചെമക്കുന്ന
മരണക്കളി
8)വീട്
അവനെക്കൊന്നാൽ,
എന്നെയിന്നവൻകൊന്നാൽ,
വീടുവീഴുന്നു!
9)അമ്മ
അവൻചത്താലും
എന്നെക്കൊലചെയ്താലും
കരയുന്നു ഭൂമി!
10)തോൽവി
ആർജയിച്ചാലും
തോല്ക്കുന്നു ചിരം നമ്മൾ,
യുദ്ധങ്ങള് വേണ്ട!
**************************

 

ഗൃഹാതുരം 17
മണ്ണും വെള്ളവും
ബാലകൃഷ്ണൻ മൊകേരി
    ഓർമ്മയിലേതോ വീട്ടിൻ
പിന്നിലെത്തൊടിയിൽനാം
മുക്കാലിപ്പന്തൽകെട്ടി-
യക്ഷമമിരിക്കുന്നൂ!
മണ്ണുവാരുന്നൂ കൈയാൽ,
കല്ലുകൾ മാറ്റുന്നു,പി-
ന്നിത്തിരിവെള്ളത്തിനാൽ
നനച്ചു കുഴയ്ക്കുന്നൂ!
അമ്മതൻ കണ്ണിൽപ്പെടാ-
തെടുത്ത ചിരട്ടയിൽ
ആമണ്ണുനിറച്ചുനാം
ഇലയിൽ കമഴ്ത്തുന്നൂ!
ചിരട്ടമാറ്റുമ്പോഴെ-
ന്തദ്ഭുത,മിലച്ചീന്തിൽ
മണ്ണപ്പം ! ആഹ്ളാദിച്ചൂ
നമ്മളുമക്കാലവും!
വെള്ളവും മണ്ണുംതന്നെ-
യായിരുന്നെന്നും നമ്മൾ
ലാളിച്ചു കളിക്കോപ്പാ,-
യോർമ്മയിലുണ്ടോ തോഴീ ?
നനഞ്ഞ മണ്ണിൽ നമ്മൾ
മെനഞ്ഞു പലരൂപം
കളിച്ചുകഴിയുമ്പോ-
ളുടച്ചുമണ്ണായ് മാറ്റും.
പിറ്റേന്നു പുതിയൊരു
രൂപമാകുവാൻ മണ്ണും
കൊതിച്ചുകിടന്നെന്നു
തോന്നുകയാണോർക്കുമ്പോൾ
(അന്നത്തെ കടകളിൽ
കളിക്കോപ്പുകളില്ലാ,
ഉണ്ടെങ്കിൽ,ഞങ്ങൾക്കാരും
വാങ്ങിനൽകുകയില്ലാ !)
പുതിയപിള്ളേർക്കിതു
കേൾക്കുമ്പോൾ പരിഹാസം!
എങ്കിലും ഞങ്ങൾ വെറും
മണ്ണിലേ കളിച്ചവർ,
ഞങ്ങളീവെള്ളത്തിനാൽ
നനഞ്ഞുതെഴുത്തവർ,
ഞങ്ങളീമണ്ണാൽതീർത്ത
വാനിലാണല്ലോ നിങ്ങൾ
പറന്നുനടക്കുന്നൂ,
താരമായ് തിളങ്ങുന്നൂ!
**********************