2016, ഡിസംബർ 7, ബുധനാഴ്‌ച

തടയണ

വരുന്നുണ്ട് കൊടും വേനല്‍ :
ആശതന്‍ ഹരിതവും
കിനാവിന്‍ പൂക്കാലവും
സൗഹൃദം ചൊരിയുന്ന
സാന്ത്വനത്തിന്‍ നേര്‍ത്ത
കുളിര്‍ തെന്നലും
വറ്റീടുന്ന
വരണ്ട കാലം !
വഴിയാകെയുമിരുളുന്നൂ,
സഹയാത്രികാ, നോക്കൂ
വരുന്നുണ്ട് കൊടും വേനല്‍ !
അതിനാല്‍ കവിതതന്‍
ജീവധാരയില്‍ തീര്‍ക്കാം
തടയണകള്‍,
അതേ, തടയണകള്‍
വേഗം !

2016, നവംബർ 29, ചൊവ്വാഴ്ച

കൊള്ളക്കൊടുക്ക

കൊടുത്താല്‍ കിട്ടീടുമത്രേ
കൊല്ലത്തും, ചെന്നു വാങ്ങുവാന്‍
ഇടയില്ലായ്കയാലല്ലോ

മടി,യെന്തും കൊടുക്കുവാന്‍ !

2016, നവംബർ 17, വ്യാഴാഴ്‌ച

ആലക്തിക മത്സ്യങ്ങള്‍
               വിദ്യാലയവാതിലുതേടി -
പ്പോകുന്നൊരു പുലരികള്‍തോറും
മഴപെയ്തു മയക്കംവിട്ടൊരു
കുണ്ടനിടച്ചെരിവിന്‍ ചാലില്‍
പരപരെയായ് ഉറവകളൊഴുകി-
പ്പാദസരംതീര്‍ത്തണിയിക്കേ,
ഓളത്തില്‍ പൊടിമീന്‍പരലുകള്‍
നീന്തുന്നൊരു തക്കംനോക്കി
കൊതിതീര്‍ത്തെന്‍കാലാല്‍ത്തേവി-
ക്കരയില്‍വീണവ പിടയുമ്പോള്‍
വെളിയിലയില്‍ വെള്ളംകോരി-
പ്പൊടിമീന്‍തരിയതിലിട്ടുടനെ
പുരയില്‍, തെളിവെള്ളംനിറയും
കിണറിന്റെവെളുമ്പില്‍ ചെല്ലും
കുടിവെള്ളംകോരിയ പാളയില്‍
പൊടിമീനുകള്‍ കിണറിലൊഴിക്കും
അതുതന്നൊരു സന്തോഷത്തില്‍
തിരികെപ്പോയ് ക്ലാസ്സിലിരിക്കും !
മനസ്സിന്റെ കിണറ്റിന്നുള്ളില്‍
പൊടി മീനുകള്‍ നൃത്തംചെയ്യും !
വൈകീട്ടതുകാണാനായി-
ക്കിണറിന്റെയടുത്തെത്തുമ്പോള്‍
അതിലില്ലവ, മുഴുവനുമതിലെ-
ക്കൈച്ചിലുകള്‍ രുചിനോക്കിപ്പോയ് !


              (അതുപോലീയക്ഷരവഴിയില്‍
തേവിയെടുക്കുന്നൊരു മൊഴികള്‍
വന്മീനുവിഴുങ്ങാതെങ്ങനെ
ജലരാശിയില്‍ നടനംചെയ്യും ?
അതുകൊണ്ടാണവയുടെയുള്ളിലൊ-
രാലക്തിക ചൈതന്യം ഞാന്‍
തേച്ചുകൊടുക്കുന്നൂ, കേവല-
മതിജീവനമല്ലേകാര്യം!)

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

കോരന്‍-ഒരോണപ്പാട്ട്.

കണ്ടുവോ കോരനെ നിങ്ങള്‍ ?
കോരനെക്കണ്ടുവോ നിങ്ങള്‍ ?
      മാവേലിവന്നനാള്‍ ഓര്‍മ്മയില്‍പ്പൂക്കുന്നൊ-
രാവണിപ്പാടത്തിലെങ്ങാന്‍
കണ്ടുവോ കോരനെ, പാടവരമ്പിലെ-
പ്പുല്‍ ചെത്തിനീക്കുന്നതായി ?
ദേഹത്തു തൂമ്പതന്‍തായ് ചാരിനിര്‍ത്തീട്ടു്
കൂമ്പാളത്തൊപ്പിയുയര്‍ത്തി,
പാടെ നരച്ചതാം കുറ്റിമുടിമേലെ
തന്‍ ചെളിക്കൈയാല്‍ തടവി,
വെറ്റമുറുക്കിക്കറുത്തതാം പാതാള-
വായ പിളര്‍ത്തിച്ചിരിച്ച്,
പിഞ്ഞി,ച്ചുവന്ന തുവര്‍ത്തിനാല്‍ നാണവും
ദേഹവും പാതി മറച്ച്,
കണ്ണിന്നടുപ്പില്‍ത്തിളയ്ക്കുന്ന കഞ്ഞിയില്‍
മോഹത്തവിയിളക്കുന്നോന്‍-
കോരനെക്കണ്ടുവോ, നിങ്ങളെന്‍ കോരനെ
കണ്ടാലറിയുകില്ലല്ലീ ?

         ഓണംവരുമ്പോള്‍, വിശക്കുന്ന കണ്ണുകള്‍
സാഗരംനീന്തിവന്നെത്തും
അവരുടെ തീന്‍മേശമേലെ വിളമ്പുവാന്‍
കോരന്‍കരള്‍തന്നെ വേണം!
കേമറക്കണ്ണുകള്‍ചിമ്മിത്തുറക്കുമ്പോള്‍
പൊന്‍കുമ്പിളൊന്നു നല്കേണം!
കഞ്ഞികുടിക്കണം കോരന്‍, ചടങ്ങുകള്‍
ഗംഭീരമാവുകവേണം!
കാണംമുഴുക്കെയും വിറ്റാലു,മോണമു-
ണ്ടേമ്പക്കമിട്ടുനില്ക്കേണ്ടേ ?
വിറ്റുണ്ണുവാനീ പഴങ്കഥയല്ലാതെ
പൈതൃകമെന്തുണ്ടു വേറെ ?
വെള്ളാരങ്കണ്ണുള്ള വാമനനെത്തുമ്പോള്‍
മൂന്നടി ദാനമായ് നല്കാം
മണ്ണു തികയാതിരുന്നാല്‍ തലയിലെ
പാഴ് മണ്ണുകൂടിയളക്കാം!
    എങ്കിലുമോണം ജയിക്കട്ടെ, കോരനെ
കണ്ടുവോ നിങ്ങളാരാനും ?


2016, ജൂലൈ 18, തിങ്കളാഴ്‌ച

കണ്ണുനീര്‍

ഈയിടെയെന്‍മിഴിരണ്ടിലുമെപ്പോഴും
നീരുറഞ്ഞീടുന്നു ഡോക്ടര്‍ !
പോരുംവഴിയിലെ കാറ്റിന്‍കുസൃതിയില്‍
കണ്ണില്‍ പൊടിവീണതില്ല,
വിങ്ങലുമില്ല,തലവേദനയില്ല
നേത്രരോഗങ്ങളുമില്ല !
ഓര്‍മ്മതന്നാകാശദൂരങ്ങളില്‍പ്പോലും
അശ്രുമേഘങ്ങളുമില്ല !
(ശൈശവത്തിന്‍ കവിള്‍ത്തട്ടിലങ്ങിങ്ങായി
നീര്‍വീണ പാടുകള്‍ കാണാം :
അരുതുകള്‍ ഭേദിച്ചു നേടിയ സമ്മാനം
ചൂരലിന്‍ പാടുകളാണ്,
ബാല്യ,കൗമാരം-മുഖത്തു കണ്ണീരിന്റെ
നക്ഷത്രശോഭകള്‍ മാത്രം !)
യൗവന,മേറെച്ചെമന്ന സ്വപ്നങ്ങളില്‍
തീരെയുറങ്ങാത്ത ലോകം,
വേദനപ്പെട്ട മനസ്സാണിതെങ്കിലും,
തെല്ലും മിഴി നനഞ്ഞില്ല
മാനസച്ചെന്താരറുത്തു നിവേദിക്കെ
നീരസം കാണിച്ചകന്നു്
ലീലയാ പോകുന്ന കാലം-ഒരിക്കലും
കണ്‍കള്‍ നിറച്ചിരുന്നില്ല!
ചങ്ങാതിമാര്‍തന്‍ മുനയുള്ളവാക്കുകള്‍,
ബന്ധങ്ങളെയ്ത ശരങ്ങള്‍,
നാട്ടുകൂട്ടത്തിന്‍ മൊഴിയടുപ്പില്‍ വെന്ത
നാളുകളായിരുന്നെല്ലാം
നോവുകള്‍ക്കായിപ്പിറന്നതാം രാവുകള്‍,
നീറിയെരിഞ്ഞ പകല്‍കള്‍,
ആരുംപൊറുക്കാച്ചതികള്‍തന്‍ സൗഹൃദ-
മൊക്കെത്തനിച്ചു സഹിച്ചു !
കാരാഗൃഹത്തിന്‍ തണുത്ത നീരാളികള്‍
ചോരയന്നൂറ്റിക്കുടിച്ചു
ഒറ്റയ്ക്കിരിക്കെ,കൊതിച്ചുഞാന്‍ കണ്ണീരാ-
ലെങ്ങും പ്രളയമുണര്‍ത്താന്‍ !
എങ്കിലും വന്നീല കണ്ണുനീര്‍മേഘങ്ങ-
ളെന്റെയാകാശത്തിലെങ്ങും !
ഈയിടെ കണ്ണിന്നഗാധസ്ഥലികളില്‍
നിര്‍ഝരിയൊന്നുണരുന്നൂ ,
ആകെക്കലങ്ങിക്കുതിച്ചൊഴുകീടുന്നു,
തീരം തകര്‍ന്നുപോകുന്നൂ !
ഒരുവാക്ക്,ഒരുനോക്ക്,ഓര്‍ക്കാപ്പുറത്തൊരു
സന്ദര്‍ഭദൃശ്യവിന്യാസം
കണ്ണിന്നടിയിലെ പാറയില്‍ത്തീര്‍ക്കുന്നു
ഗന്ധകവിസ്ഫോടനങ്ങള്‍ !
എന്തേ, മനസ്സിന്‍പ്രതിരോധമൊക്കെയും
നേര്‍ത്തുനേര്‍ത്തില്ലാതെയാവാന്‍ ?
(ജീവിതം തന്ന ഹിമാലയസംസ്കൃതി
ഉള്ളിലുരുകുകയാണോ ?)
ഡോക്ടര്‍, പറക,ഇന്നെന്തുകൊണ്ടീവിധം
കണ്‍കള്‍ നിറഞ്ഞുനില്ക്കുന്നൂ ?

2016, ജൂൺ 17, വെള്ളിയാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍
 
ചക്രയാനം
 
കാലമേറെയായ് നമ്മള്‍ നമ്മളെപ്പറ്റിത്തന്നെ
തര്‍ക്കമുന്നയിക്കുന്നൂ, വാദങ്ങള്‍ നിരത്തുന്നു !
അണുമാത്രവും വിട്ടുകൊടുക്കാതൊരായിരം
യുക്തികള്‍,കുയുക്തികള്‍ നിരത്തിത്തൊടുക്കുന്നു
വാക്കുകള്‍ തമ്മില്‍ത്തട്ടി സ്ഫോടനം നടക്കുന്നൂ,
ഭൂമിയു,മാകാശവും ജ്വാലകള്‍ ഭരിക്കുന്നു !
ഒടുവില്‍ നിന്‍വാദങ്ങള്‍ ശരിയെന്നോതുന്നൂ ഞാന്‍,
നീ പറയുന്നൂ, ശരി,യെന്റെ വാദങ്ങള്‍ തന്നെ !
പിന്നെയും നമ്മള്‍ തുടര്‍ന്നീടുന്നൂ വാഗ്വാദങ്ങള്‍,
ജീവിതമതിന്‍ ചക്രയാനങ്ങള്‍ തുടരുന്നൂ !

2016, മേയ് 18, ബുധനാഴ്‌ച

വേനല്‍മഴ

ചൂടു കാറ്റിന്റെ
പുലര്‍കാല വണ്ടിയില്‍
അവളെത്തിയപ്പോള്‍
ഞാനൊന്നുമറിഞ്ഞിരുന്നില്ല.
( കാത്തിരിപ്പിന്റെ
അന്ത്യ യാമങ്ങളിലെപ്പൊഴോ
ഞാനറിയാതെ വന്ന നിദ്ര
എന്റെ കണ്ണുകളുടെ
വാതിലുകളടച്ച്
തഴുതിട്ടിട്ടുണ്ടാവാം )
പിണങ്ങിയാവും
കരഞ്ഞുകൊണ്ടവള്‍
പോയിട്ടുണ്ടാവുക
ഈ വാഴക്കൂമ്പില്‍
തളംകെട്ടിയ
രണ്ടുതുള്ളി കണ്ണീര്‍ മാത്രം
താനെത്തിയതിന്റെ അടയാളമായി
എനിക്കുവേണ്ടി (മാത്രം )
അവള്‍ കാത്തുവച്ചിരിക്കുന്നു !
ഇനിയെപ്പോഴാവും വരികയെന്ന
മേഘദൂതം
ഇപ്പോള്‍ റേഞ്ചില്ലാതെ
അനാഥമാവുകയാണ് !

2016, മേയ് 11, ബുധനാഴ്‌ച

കണ്ടുമുട്ടല്‍

ഇന്നുവീണ്ടും(യുഗങ്ങള്‍ക്കു ശേഷം!)
കണ്ടുമുട്ടുന്നു (സ്വപ്നമോ ?) നമ്മള്‍.

ഓര്‍മ്മയുണ്ടോ? , കവിതയില്‍ കാലം
പൂത്തുലഞ്ഞ പുലരികള്‍ക്കൊപ്പം
നിന്റെ മുഗ്ദ്ധമാംമന്ദഹാസത്തിന്‍
മുക്തഹാരമണിയുവാന്‍വേണ്ടി
പാതയോരത്തു പാഴ്ച്ചെടിപോലും
പൂക്കളാലലങ്കാരമൊരുക്കി !
വീര്‍പ്പുപോലുംവിടാതെനില്ക്കുന്ന
നാട്ടുമാവിന്റെ ശാഖകള്‍തോറും
പാട്ടുപാടീകുരുവികള്‍ നിന്റെ
കണ്‍കളാലൊരു സ്പര്‍ശമോ തേടി?
അന്നു ,നീയാവഴിയിലൂടെത്തും
നേരമങ്ങു വിടര്‍ന്നൂ വസന്തം
എന്റെയുള്ളിലെപ്പാഴ്മണല്‍ക്കാട്ടില്‍-
പ്പോലുമെത്രയോ പൂക്കള്‍നിറഞ്ഞു!
തമ്മില്‍ നന്നായറിയുമെന്നാലും
നിന്നുകൊഞ്ചിക്കുഴഞ്ഞില്ലനമ്മള്‍
ആരെയൊക്കെയോ പേടിച്ചകാലം
മിണ്ടിയതൊക്കെ നോട്ടങ്ങള്‍മാത്രം!
(ഇന്നു കുട്ടികള്‍ കാണുമ്പോഴേക്കും
തമ്മിലുള്ളംതുറന്നുവയ്ക്കുന്നു,
ഉള്ളതെല്ലാംപകുക്കുന്നു, പിന്നെ
ഓര്‍മ്മപോലും വലിച്ചെറിയുന്നു!
ഞങ്ങളോ ,കരള്‍ക്കാമ്പിലെപ്രേമം
ചിപ്പിയില്‍വീണ മണ്‍തരിപോലെ,
നിത്യവേദനവിങ്ങിനിന്നീടും
മുത്തുകള്‍പോലെപേറുന്നകൂട്ടര്‍ !)
വേദിയില്‍നൃത്തമാടുന്നനീ,യെന്‍
പ്രാണനില്‍ പൂഞ്ചുവടുകള്‍ വച്ചു,
പിന്നെയെത്തിയ ഗ്രീഷ്മകാലത്തില്‍
വറ്റി കണ്ണിന്‍നിളാനദിപോലും!
നമ്മളെങ്ങോ പിരിഞ്ഞുപോയ്,കാലം
കാത്തുനിന്നില്ല സ്വപ്നാടനങ്ങള്‍!
ഇന്നുവീണ്ടും(യുഗങ്ങള്‍ക്കു ശേഷം!)
കണ്ടുമുട്ടുന്നു (സ്വപ്നമോ! ) നമ്മള്‍,
സത്ക്കരിച്ചുനീ ശീതീകരിച്ച
മുന്തിരിപ്പഴംനല്കിയിന്നെന്നെ!
തീരെയില്ലപുളി,യതിന്നെന്തു-
മധുരമാണെന്നു ഞാന്‍ മൊഴിയുമ്പോള്‍
നിന്‍ മിഴിക്കോണിലൂര്‍ന്നിറങ്ങുന്നോ
കണ്ണുനീര്‍? അല്ല,തോന്നലാണെല്ലാം!

2016, മേയ് 5, വ്യാഴാഴ്‌ച

പല്ലികളിപ്പോള്‍ ഉത്തരം താങ്ങുന്നില്ല

        പല്ലികളിപ്പോള്‍
ഉത്തരം താങ്ങുന്നതേയില്ല
താങ്ങുവാനൊരു
ഉത്തരം പോലുമില്ലാത്ത പല്ലികള്‍
ഇപ്പോള്‍ തറയിലാണിരതേടുന്നത്.
കുഴപ്പങ്ങളില്‍ കുടുങ്ങുമ്പോള്‍
സ്വന്തം വാല് മുറിച്ചേകി
ബാക്കിയാവുന്ന ജീവിതമാണ് പല്ലി
കുറ്റിവാലുമായി
തറയിലാണ് വാസം
നട്ടുച്ചയ്ക്കുപോലും
ഇരതേടുന്ന പല്ലികള്‍
ആളുകള്‍ വരുമ്പോള്‍
മൂലയിലെ പത്രക്കൂമ്പാരത്തിന് പിന്നില്‍
പതുങ്ങിയിരിക്കുന്നു
ചുമരുകളിലേക്കോടിച്ചാലും
തറയിലേക്കവ തിരിച്ചുവരുന്നു.
വീടുകളെല്ലാം
ഒരുത്തരവും ബാക്കിയാക്കാതെ
ചോദ്യങ്ങളായിത്തന്നെ നില്ക്കുമ്പോള്‍
പല്ലികള്‍ക്ക്
പശയുള്ള നാവുമായി
വീട്ടിനകത്ത്, തറയില്‍തന്നെ
ഇരതേടേണ്ടി വരുന്നു
പറ്റിത്താങ്ങിനില്ക്കാന്‍
ഒരുത്തരവും കിട്ടാതെ
പല്ലികളിനി
ഇടവഴികളിലും
റോഡുകളിലും
ഇറങ്ങുകതന്നെ ചെയ്യും
നമുക്കു മുന്നിലൊരു പിടയ്ക്കുന്ന വാലുമാത്രം
അപ്പോള്‍,
ചോദ്യമായും
ഉത്തരമായും ബാക്കിയാവും

2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

മഴ-മരം


മഴയൊന്നു പെയ്തിരുന്നെങ്കില്‍
രണ്ടു പെയ്യാന്‍
കാത്തിരുന്ന മരം, പക്ഷേ,
ഒരു മഴ പോലും പെയ്യാതെ കണ്ട്
മരമായിത്തന്നെയിങ്ങനെ നില്ക്കുമ്പോള്‍
ദേശാടനപ്പക്ഷികള്‍ പറന്നു വന്ന്
തളര്‍പ്പാറ്റി
തൂറിവെക്കുകയാണല്ലോ

2016, ഫെബ്രുവരി 10, ബുധനാഴ്‌ച



ഇന്ത്യയെ കണ്ടെത്തല്‍
തമാശ
        തമാശകള്‍
തമാശയല്ലാതെ മനസ്സിലാക്കപ്പെടുമ്പോലെ
ദുരന്തം വേറെയില്ല
അത് നിങ്ങളെ
ചിറകറ്റ പറവയാക്കും,
മരുന്നു മാറിക്കഴിച്ചപോലെ
അവശനാക്കും,
പറഞ്ഞുപോയ തമാശയുടെ
ഓരോ അക്ഷരവും
വണ്ടിയില്‍ പോകുമ്പോള്‍ കണ്ണില്‍ വീഴുന്ന
ഈച്ചയെന്നപോലെ
നിങ്ങളെ കരയിക്കും,
കല്യാണ വീട്ടില്‍ പോകുമ്പോള്‍
ഓടയിലെ അഴുക്കില്‍ വീണവനെന്നപോലെ
അപഹാസ്യനാക്കും,
കത്തുന്ന മെഴുകു തിരിപോലെ
നിങ്ങള്‍ നിന്നിടത്തു തന്നെ
ഉരുകിത്തീരും !
എന്നിട്ടുമെന്തേ,
എന്റെ വാക്കുകളിലെപ്പോഴും
പഴുത്ത കാന്താരി മുളകിന്റെ
എരിവ് അലിഞ്ഞു ചേരുന്നത് ?
ഒരുവേള ഇതുതന്നെയാകും
എന്റെ ജീവിതത്തിന്റെ തമാശയും !

2016, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

പൂര്‍വ്വ വിദ്യാര്‍ത്ഥിയോഗം

"സ്കൂളിലൊന്നായ് പഠിച്ചവരൊക്കെയും
ഒത്തു ചേരുന്നുണ്ട് നീ വരേണം"
കൃഷ്ണനാണിങ്ങനെയെന്നെ ക്ഷണിച്ചു, "നീ
മറ്റു തിരക്കുകള്‍ മാറ്റി വയ്ക്കൂ,
നമ്മുടെ കൂടെ പ്പഠിച്ചവരൊക്കെയും
എത്തിടും, കണ്ടിട്ടു നാളേറെയായ്
തമ്മില്‍ വിശേഷം പകുത്തിടാം ,ഒന്നിച്ച്
സദ്യയുമുണ്ട് തിരിച്ചുപോകാം.”
വര്‍ഷങ്ങളെത്രയായ്, പത്താംതരത്തില്‍ നാം
ഒന്നിച്ചു പണ്ടു പഠിച്ചിരുന്നു,
കണ്ണില്‍ പ്രതീക്ഷയു,മുള്ളില്‍ മോഹങ്ങളും
അന്നു നമ്മള്‍ക്കുമുണ്ടായിരുന്നു !
ഒന്നിച്ചു കാട്ടീ കുസൃതിക,ളൊന്നിച്ചു
ശിക്ഷയും നമ്മളെ തേടിയെത്തി!
അദ്ധ്യാപകന്മാര്‍ തഴമ്പിച്ച ചൂരലും
കൊണ്ടുനടന്നോരു കാലമല്ലോ,
ക്ലാസിലവരെത്രയൂക്കിലടിച്ചാലും
തീരെ പരാതികള്‍ പൊങ്ങുകില്ല !
കത്തിയുമായി വരില്ലന്നു രക്ഷിതാ,-
വദ്ധ്യാപകന്മാര്‍ ഭരിച്ചകാലം !
ശിക്ഷാ നിയമത്തിലില്ലായിരുന്നന്നു
ചൂരലടി ഹാ നിഷിദ്ധമെന്ന് !
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ് യോഗത്തിനെത്തി ഞാന്‍,
എല്ലാരുമെത്തിയിട്ടണ്ടു ഹാളില്‍
എന്തൊരു മാറ്റമെല്ലാര്‍ക്കും ,പരസ്പരം
കണ്ടിട്ടറിയുവാന്‍ പാടുതന്നെ !
നീര്‍ക്കോലി പോലുള്ളരാഘവനിപ്പൊഴൊ-
രാനയെപ്പോലെ തടിച്ചരൂപം,
കാശുമുണ്ടത്രേ, കുറച്ചല്ലൊരുപാട്
രോഗങ്ങളും കൂട്ടുചേര്‍ന്നുവത്രേ !
എപ്പൊഴും പുഞ്ചിരി തൂകുന്ന മേരിതന്‍
വായിലെപ്പല്ലുകളെങ്ങുപോയോ !
(തീരാത്ത വേദനവന്നതിനാലവള്‍
പല്ലുകളൊക്കെയെടുത്തുമാറ്റി,
കൃത്രിമപ്പല്ലുകള്‍ പാടില്ലലര്‍ജ്ജിയാ-
പ്പാവമകാലത്തു മുത്തിയായി !)
ശത്രുവായെന്നും കണക്കിനെക്കാണുന്നൊ-
രീപ്പച്ചനിപ്പോള്‍ ബിസിനസ്സുമാന്‍!
ഈപ്പന്റെ മുന്നില്‍ തലയുയര്‍ത്തീടുവാന്‍
കംപ്യൂട്ടറേറെക്കളിച്ചു,തോറ്റൂ !
എപ്പോഴും എപ്പോഴുംക്ലാസിലൊന്നാമനാം
കുഞ്ഞുണ്ണിയല്ലേ അടുത്തിരിപ്പൂ ?
എപ്പൊഴും ഫുള്‍ മാര്‍ക്കുനേടുന്നവനെന്നും
പെണ്‍കിടാങ്ങള്‍ക്കുള്ളസ്വപ്നരാജന്‍!
'കുഞ്ഞുണ്ണി ഡോക്ടരായ് തീരു,മീനമ്മളോ
തൂമ്പായെടുക്കുമെന്നോര്‍ത്തു ഞങ്ങള്‍.'
സര്‍ക്കാരിനേതോ വകുപ്പില്‍ ഗുമസ്തനായ്
നേരത്തെ തന്നെ ലഭിച്ചുജോലി,
ഇപ്പൊഴാ സെക്‍ഷനില്‍ സൂപ്രണ്ടുമായവന്‍
ജീവിതം കഷ്ടിച്ചു നീങ്ങിടുന്നു
മറ്റുള്ളവരെയുപദ്രവിച്ചീടുവാന്‍
തീരെമടിക്കാത്ത കുഞ്ഞിരാമന്‍
വിപ്ലവപ്പാര്‍ട്ടിതന്‍ നേതാവായ് നില്ക്കുന്നു
ഗര്‍വ്വ് ,തലക്കനം പിന്നെ ധാര്‍ഷ്ട്യം !
പണ്ടവനദ്ധ്യാപകരെന്നു കേള്‍ക്കുമ്പൊ-
ളുള്‍ക്കിടിലം വന്നുവീണുപോകും !
ഇന്നൊരു പാര്‍ട്ടി,തന്‍ പിന്നിലുണ്ടെന്നുള്ള-
ഹുങ്കോടവന്‍ ജാഢകാട്ടിടുന്നു
വിദ്യാലയങ്ങളില്‍ രാഷ്ട്രീയമില്ലെന്ന്
സാറു പറഞ്ഞെന്നറിഞ്ഞപാടെ
സ്കൂളില്‍ ചെന്നവന്‍ മാഷിനോടോതിപോല്‍
"തപ്പിക്കും കുട്ട്യോളെക്കൊണ്ടുനിന്നെ"
ഇപ്പൊഴീ താനെന്തുചൊന്നാലും സാധിക്കു-
മെന്നവന്‍ മേനിപറഞ്ഞുനിന്നു.
നാണൂന്നറിയാം പണ്ടൊന്നിച്ചൊരു ക്ലാസില്‍
ഉണ്ടായിരുന്ന പെണ്‍കുട്ടികളെ !
എന്നാലവന്നോര്‍മ്മയില്ലപോലെന്നേയും
രാജീവനേയും മുരുകനേയും!
എല്ലാവരും സ്വന്തം നേട്ടങ്ങളെണ്ണുന്നു,
താരതമ്യം ചെയ്തു നിന്നിടുന്നൂ
സ്വന്തമാമാസ്തികള്‍ വിസ്തരിച്ചീടുന്നു
ഉച്ചത്തിലാര്‍ത്തു ചിരിച്ചിടുന്നൂ
ഭക്ഷണമൊക്കെക്കഴിച്ചിടുന്നൂ, മേലെ-
ഒന്നുമില്ലേയെന്ന മുദ്രയാട്ടം
എല്ലാം മനസ്സിലായെന്നു ചിരിക്കുന്നു
പെണ്‍മണിമാര്‍, ഒളികണ്ണിടുന്നൂ
വീണ്ടും നമുക്കൊരുമിക്കണം, മാസത്തി-
ലൊന്നെങ്കിലും യോഗമുണ്ടാവണം,
നന്ദിചൊല്ലുന്നൂ കുമാരന്‍, നമുക്കിനി
മാസ വരിസംഖ്യ യൊക്കെവേണം
അങ്ങനെ യോഗം കഴിഞ്ഞൂ, പഴകിയോ
രോര്‍മ്മകള്‍ക്കായീപകല്‍ കഴിഞ്ഞു!