2012, നവംബർ 20, ചൊവ്വാഴ്ച

ഇന്ത്യയെ കണ്ടെത്തല്‍

പ്രതിമ



ഓണത്തിരക്കാണ്, മഴയാണ്, നഗരത്തി-
നോളങ്ങളില്‍ മുങ്ങി, പൊങ്ങിയുമങ്ങനെ
ഞാനൊഴുകീടവേ, നാലുവഴികളും
സംഗമിച്ചീടും ദിശയിലായങ്ങനെ
ഊന്നു വടികളില്‍ ദേഹഭാരം താങ്ങി
നില്ക്കുന്ന മട്ടില്‍ പ്രതിമയൊന്നിങ്ങനെ....
( ഇത്രയുംനാളീ പറവകള്‍ കാഷ്ഠിച്ച്
വൃത്തികേടാക്കിയ രൂപമിന്നെങ്ങനെ
കാല പരിണതിയേറെക്കടന്നിട്ടു-
മുജ്ജ്വലിക്കുന്നൂ രവിതുല്യമിങ്ങനെ ! )
ഞാനറിയുന്നൂ,മനുഷ്യജന്മത്തിന്റെ
പൂര്‍ണ്ണതയാണ് ഭവാനെന്നൊരുണ്‍മയെ
ആര്‍ഷ പാരമ്പര്യ ദീപ്തിയില്‍ ജീവിതം
സമ്പന്നമാക്കിയ കേവലമാനവം
ഏതധികാരക്കസേരയും കുമ്പിടും
താത പരിവേഷമാര്‍ന്ന ജന്മത്തിനെ
ഏതു കൃതഘ്‌നത നിന്‍ വിരിമാറിലേ-
ക്കായിരം ലോഹ കണങ്ങളെറിഞ്ഞാലും
ഭൗതിക ദേഹപരിമിതി ഭേദിച്ച
ദേഹിയീ നാടിന്‍ സിരാപടലങ്ങളില്‍
കര്‍മ്മ ചൈതന്യമായ് സംക്രമിക്കും, നൂറു-
നൂറായിരം പുതു പൂക്കള്‍ വിടര്‍ന്നിടും.
ഇന്നീ പ്രതിമ തുടച്ചു മിനുക്കുവാന്‍
ഞങ്ങള്‍ മറന്നാലും, കാലം മറക്കാതെ
മേഘങ്ങളാം നൂറു നീര്‍ക്കുടമേന്തിവ-
ന്നെങ്ങും കഴുകിത്തുടയ്ക്കയാണെപ്പൊഴും
    

തണല്‍ ഓണ്‍ലൈന്‍ കാണുക

2012, നവംബർ 17, ശനിയാഴ്‌ച


ഇന്ത്യയെ കണ്ടെത്തല്‍
അമ്മ ദൈവം
അമ്മദൈവത്തിന്റെ മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു.പുലര്‍ച്ചെ മുതല്‍ ക്ഷമയോടെ കാത്തുനിന്ന് ,അപരാഹ്നമായപ്പോള്‍ അയാളുടെ ഊഴമെത്തി.
അയാള്‍ കാല്‍ക്കല്‍ വീണു കരഞ്ഞു "അമ്മേ"
അമ്മ അയാളെ പിടിച്ചുയര്‍ത്തി ആലിംഗനം ചെയ്തു.കൊച്ചു കുഞ്ഞിനെയെന്നപോലെ പുറത്തുതട്ടി ആശ്വസിപ്പിച്ചു
"മോന്റെ എല്ലാ പ്രയാസങ്ങളും മാറും"
"അമ്മേ", അയാള്‍ ഉള്ളറിഞ്ഞു വിളിച്ചു
"മോന്‍ പറയൂ"
"അമ്മയ്ക്കു വേണ്ടി ഞാനെന്താണ് ചെയ്യേണ്ടത് ?"
"അമ്മയ്ക്കു മക്കളുടെ സ്നേഹം മാത്രം മതി"
"എന്നാലും എനിക്കെന്തെങ്കിലും ചെയ്യണം"
"നിര്‍ബ്ബന്ധമാണോ ?"
"അതേയമ്മേ"
"എങ്കില്‍ മക്കളൊരു കാര്യം ചെയ്യൂ.ആശ്രമത്തിന്റെ വൃദ്ധസദനത്തിലേക്ക് ഒരു പതിനായിരം രൂപ കൊടുത്തോളൂ, അവശരായ വൃദ്ധജനങ്ങള്‍ക്ക് ഒരാശ്വാസമാകട്ടെ"
"ചെയ്യാമമ്മേ, സന്തോഷത്തോടെ ചെയ്യാം"
പണമെടുക്കാനായി പേഴ്സ് തുറക്കുന്ന അയാളുടെ ചിന്തയുടെ വിദൂരസ്ഥലികളില്‍പോലും, കുഴമ്പുവാങ്ങാന്‍ പത്തു രൂപ തരണമെന്ന അപേക്ഷയുമായി
രാവിലെ,
അയാളുടെ മുറിവാതില്ക്കല്‍ വെറുതെ കാത്തുനിന്ന
അവശയായ പെറ്റമ്മ മാത്രം
ഉണ്ടായിരുന്നില്ല....!

2012, നവംബർ 16, വെള്ളിയാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍
ജാതി

പറയുന്നു സ്നേഹിതന്‍, നീയെന്റെ വീട്ടില്‍ വ-
ന്നൊരുനാളുമുള്ളില്‍ കയറല്ലേ,
ജാതിയിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ലെന്‍
ഭാര്യക്കതിലൊക്കെയുള്‍ത്താപം !

2012, നവംബർ 7, ബുധനാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍
ഞാനും അവനും

നീയെന്നോടേറെ നേരം
സംസാരിച്ചിരിക്കുന്നത്
കറയറ്റ സൗഹൃദമാണെങ്കിലും
അവനോടൊന്നു ചിരിച്ചാല്‍
മിണ്ടിയാല്‍
അതു കാര്യം വേറെ
പിന്നെ
പോക്കാണു നിന്റെ ജീവിതം

2012, നവംബർ 3, ശനിയാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

പുത്ര ധര്‍മ്മം

അച്ഛനമ്മമാര്‍ക്ക് പ്രായമായപ്പോള്‍
അവരെ വൃദ്ധസദനത്തിലാക്കാന്‍
തയ്യാറായില്ലയാള്‍
സ്വന്തമായൊരു വൃദ്ധമന്ദിരം തുറന്ന്
അച്ഛനമ്മമാര്‍ക്ക്
അതിന്റെ ചുമതലതന്നെ
നല്കുകയാണുണ്ടായത് !