2012, നവംബർ 17, ശനിയാഴ്‌ച


ഇന്ത്യയെ കണ്ടെത്തല്‍
അമ്മ ദൈവം
അമ്മദൈവത്തിന്റെ മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നു.പുലര്‍ച്ചെ മുതല്‍ ക്ഷമയോടെ കാത്തുനിന്ന് ,അപരാഹ്നമായപ്പോള്‍ അയാളുടെ ഊഴമെത്തി.
അയാള്‍ കാല്‍ക്കല്‍ വീണു കരഞ്ഞു "അമ്മേ"
അമ്മ അയാളെ പിടിച്ചുയര്‍ത്തി ആലിംഗനം ചെയ്തു.കൊച്ചു കുഞ്ഞിനെയെന്നപോലെ പുറത്തുതട്ടി ആശ്വസിപ്പിച്ചു
"മോന്റെ എല്ലാ പ്രയാസങ്ങളും മാറും"
"അമ്മേ", അയാള്‍ ഉള്ളറിഞ്ഞു വിളിച്ചു
"മോന്‍ പറയൂ"
"അമ്മയ്ക്കു വേണ്ടി ഞാനെന്താണ് ചെയ്യേണ്ടത് ?"
"അമ്മയ്ക്കു മക്കളുടെ സ്നേഹം മാത്രം മതി"
"എന്നാലും എനിക്കെന്തെങ്കിലും ചെയ്യണം"
"നിര്‍ബ്ബന്ധമാണോ ?"
"അതേയമ്മേ"
"എങ്കില്‍ മക്കളൊരു കാര്യം ചെയ്യൂ.ആശ്രമത്തിന്റെ വൃദ്ധസദനത്തിലേക്ക് ഒരു പതിനായിരം രൂപ കൊടുത്തോളൂ, അവശരായ വൃദ്ധജനങ്ങള്‍ക്ക് ഒരാശ്വാസമാകട്ടെ"
"ചെയ്യാമമ്മേ, സന്തോഷത്തോടെ ചെയ്യാം"
പണമെടുക്കാനായി പേഴ്സ് തുറക്കുന്ന അയാളുടെ ചിന്തയുടെ വിദൂരസ്ഥലികളില്‍പോലും, കുഴമ്പുവാങ്ങാന്‍ പത്തു രൂപ തരണമെന്ന അപേക്ഷയുമായി
രാവിലെ,
അയാളുടെ മുറിവാതില്ക്കല്‍ വെറുതെ കാത്തുനിന്ന
അവശയായ പെറ്റമ്മ മാത്രം
ഉണ്ടായിരുന്നില്ല....!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ