2021, ജൂലൈ 30, വെള്ളിയാഴ്‌ച

 വാല്മീകിയും,ഞാനും

രാമായണംവായിക്കുമ്പോള്
-ബാലകൃഷ്ണൻ മൊകേരി

വാല്മീകിയും,ഞാനും
രാമായണം വായിക്കുമ്പോൾ
പർണ്ണശാലയുടെ പാർശ്വങ്ങളിലൂടെ
ഒരു സ്വർണ്ണമാൻ പാഞ്ഞുപോയി !
അതിന്റെ പിന്നാലെ
നാട്ടിൽനിന്നു പുറത്താക്കപ്പെട്ട ഒരു രാജാവ്
കുലച്ചവില്ലുമായി
പതുങ്ങിപ്പതുങ്ങിനീങ്ങി!
അന്നേരം,
പത്തുതലയുള്ളൊരു പക
മണ്ണിലെ മാണിക്യവുംകൊണ്ട് പറന്നുപോയി !
കുരങ്ങന്മാരുടെ കുടിപ്പകയും
ഒറ്റുകാരന്റെ സ്ഥാനമോഹവും
കടലിൻമേലെപ്പണിത
ദുർബ്ബലമായ
കൂട്ടുപാലത്തിലൂടെ
കടലുകടന്നപ്പോള്,
മൃതസഞ്ജീവനിതേടിയവൻ
മലപുഴക്കികടലിലിട്ടു.
നാടില്ലാരാജാവ്
അമ്പിൻമുനകളാൽ
ചരിത്രം മാറ്റിയെഴുതി !
പാദുകപൂജയുടെ മറയിൽ
പദവികൾ കൈയാളുന്ന
നിഴൽമന്നന്മാരുടെ മേലെ,
വെൺകൊറ്റക്കുടയും വെഞ്ചാമരവും
കുശുകുശുത്ത നീതിയിൽ,
പ്രതിരോധംമറന്നവളെ
അഗാധമായ കാട്ടിൽതള്ളി.
എന്നിട്ട്,ചൂട് സഹിക്കാതെ
ഒരുപുഴയിലിറങ്ങി മുങ്ങി,
കാലത്തിനപ്പുറത്തേക്ക്
മുങ്ങാങ്കുഴിയിട്ടു.
രാമായണമടച്ചുവെച്ച്.
ഞാൻ, വാല്മീകിയെ നോക്കി,
എഴുത്താണിവലിച്ചെറിഞ്ഞ്
വാല്മീകി
പുഞ്ചിരിച്ചു!
ഞങ്ങളിരുവരും
പർണ്ണശാലയുടെ പുറത്തേക്കുനോക്കി
മിണ്ടാതിരിപ്പായി!
(പുറത്തപ്പോള്
ഇരുട്ട് കൂടിവരികയായിരുന്നു!)
……………………………………

 കഥാപാത്രങ്ങള്

-ബാലകൃഷ്ണൻ മൊകേരി

കഥ രാമായണമായിരുന്നു.
നാടകകൃത്ത് തന്നെ
സംവിധായകനും.
രാമനായി അഭിനയിക്കുന്ന നടൻ
ബാറിൽവെച്ച് മദംമൂത്ത്
സംവിധായകനുമായി തെറ്റി!
ഒരു സ്ക്രിപ്റ്റിലുമില്ലാത്ത നാറുന്നതെറി
ഇയ്യാംപാറ്റകള്പോലെ
തലങ്ങും വിലങ്ങും പറന്നപ്പോള്,
സഹികെട്ട സംവിധായകൻ
നടനോടു പറഞ്ഞു :
"നിനക്കു ഞാൻ കാട്ടിത്തരാമെടാ,
എന്നോടോ നിന്റെ കളി ?,
സീതാപഹരണത്തിനെത്തുന്ന രാവണൻ
പുഷ്പകവിമാനം തകര്ന്ന് ചാവുന്നതായി
ഞാൻ മാറ്റിയെഴുതും !
പിന്നെ നീ,
എങ്ങനെ സീതാദേവിയെ വീണ്ടെടുത്ത്
വിജയശ്രീലാളിതനാവും ?”
കാട്ടിലേക്കയച്ച് കൈകഴുകും ?
ഞൊടിയിടകൊണ്ട് ലഹരിയിറങ്ങിയ നടൻ
സംവിധായകന്റെ കാലിൽവീണ്
മാപ്പുതരണേയെന്നു കെഞ്ചുമ്പോള്,
സംവിധായകൻ പറഞ്ഞു :
രാമനും രാവണനുമെല്ലാം
സംവിധായകന് വെറും
കഥാപാത്രങ്ങള് മാത്രമാണ് !
.........................................................

2021, ജൂലൈ 20, ചൊവ്വാഴ്ച

 

*ബാലൻ വിളിക്കുന്നു (ബാലൻ തളിയിലിന്)
ബാലകൃഷ്ണൻ മൊകേരി
ഏതോ വിദൂരമാം ഭൂതകാലത്തിന്റെ-
യാറിത്തണുത്തു,മറന്നലോകം,
എന്തെന്തൊരദ്ഭുതം, വീണ്ടും സജീവമാ-
യന്തരംഗത്തിൽ നിറന്നുവന്നൂ!
ഒന്നിച്ചുകുത്തിയിരുന്നുമിനുക്കിയ
പൊന്നിൻകിനാക്കള് ചിറകടിച്ചൂ!
പുസ്തകത്താളിൻമണം,ഗുരുഭൂതര്ത-
ന്നസ്തമിക്കാത്ത മൊഴിവെളിച്ചം!
കൊച്ചുപിണക്കം,പിടിവാശി,പിന്നെയാ
സ്വച്ഛമാം ചങ്ങാത്തവര്ഷബിന്ദു,
പാതിയുംപുല്ലുമുളയ്ക്കാ,വിശാലമാം
മൈതാനമൊന്നിൻ കളിയരങ്ങം,
ആരോകുറിച്ച തിരക്കഥയെന്നപോ-
ലോരോമൂഹൂര്ത്തമായ് വന്നുചേര്ന്നൂ!
എല്ലാമൊരുവെറും ഫോൺവിളിയാലവൻ
ബാലൻ, മനസ്സിൽ തുറന്നുവെച്ചൂ!
ചപ്പുചവറുകള്,മാറാലയൊക്കെയു-
മപ്പാടെ മൂടിക്കിടന്നലോകം,
നിന്റെയാ ശബ്ദത്തിലുടെത്തെളിയുന്നു,
എന്റെ ചങ്ങാതീ,നിനക്കു സ്നേഹം!
...................................................
****************************************************************
(വട്ടോളി നാഷനൽ ഹയര്സെക്കന്ററിസ്കൂളിൽ പഠിച്ച
ബാല്യം ഏറെ അകലെയാണ്. പലതും വിസ്മൃതിയിലായി
പക്ഷേ, ഇന്നലെ പഴയ സഹപാഠി, ശ്രീ. ബാലൻ തളിയിൽ
വിളിക്കുകയും, നമ്മുടെ ക്ലാസിന്റെ ഒരു കൂട്ടായ്മ രൂപീകരിക്കു
ന്നുണ്ട്, എന്നു പറയുകയും ചെയ്തു. അങ്ങനെ, മനസ്സിൽ തെളിഞ്ഞു
വന്ന ഈ ഹൈസ്കൂളോര്മ്മകള്,
ബാലൻ തളിയിലിനും,ഓര്മ്മകളുടെ
ഗൃഹാതുരത്വത്തിൽ മുഴുകുന്ന എല്ലാക്കാലത്തേയും
സഹപാഠിക്കൂട്ടായ്മകള്ക്കും സമര്പ്പിക്കുന്നു.)
******************************************************************

2021, ജൂലൈ 14, ബുധനാഴ്‌ച

 

കടൽകാണൽ*

(*ചെറുപ്പത്തിൽ, എന്നെയും ഏട്ടനേയും

കടൽകാണിക്കാൻ കൊണ്ടുപോയ അച്ഛന്)

ബാലകൃഷ്ണൻ മൊകേരി


കടലെന്നുകേട്ട് കാണാൻകൊതിച്ച

കുഞ്ഞുചെറുക്കനോടൊത്ത്

അച്ഛൻ

ബസ്സിൽ കേറുകയും,

ഏതോ സ്റ്റോപ്പിലിറക്കി

മുന്നോട്ടുതന്നെ നടത്തുകയും

പരണ്ടക്കാടിന്റെ നിഗൂഢതയിലേക്ക്

കുതിച്ചുപായുന്നൊരു

നീരൊഴുക്കുകാണിച്ച്,

കടലുകാണെന്നു പറകയുംചെയ്തു!

കിനാവിലെ കടലും

മുന്നിലെ നീരൊഴുക്കും ഒന്നല്ലെന്നും,

അതു കടലല്ലെന്നും

ചെറുക്കൻ കണ്ണുനിറച്ചപ്പോള്‍,

അച്ഛനവനെ ചേര്‍ത്തുപിടിച്ച്,

എല്ലാ വെള്ളത്തുള്ളിയും

കടലുതന്നെയെന്നും,

ആഴത്തിലും പരപ്പിലുമുള്ള മാറ്റം

കാലത്തിന്റേതെന്നും

സമാധാനിപ്പിച്ചു.

പിന്നെ ഇങ്ങനെ പറഞ്ഞു :

ഈ നീരൊഴുക്കിന്,

ഏറെ ദുരനുഭവങ്ങളുടെ ഉപ്പുകേറുമ്പോള്‍,

പ്രതികരണങ്ങളുടെ

ഇടമുറിയാത്ത തിരയിളകുമ്പോള്‍,

ഉള്ളിൽ അസംഖ്യം ജലജീവികളുടെ,

തമ്മിൽവിഴുങ്ങുന്ന ചിന്തകള്‍ പുളയ്ക്കുമ്പോള്‍,

മകനേ,

എല്ലാ നീര്‍ച്ചാലുകളും കടലാവുന്നു!

അന്നാ ചെറുക്കന്റെ കണ്ണിൽ

നീരൂറിയിരുന്നെങ്കിലും,

ഇന്നവനറിയുന്നൂ,

എല്ലാ ജലകണങ്ങളും

കടലിന്റെ അശാന്തമായ

ആത്മാവുപേറുന്നവരാണ് !

.............................................


2021, ജൂലൈ 6, ചൊവ്വാഴ്ച

 

വ്യത്യാസം
-ബാലകൃഷ്ണൻ മൊകേരി
 
കാവിയുടുത്ത സൂര്യൻ, ആശ്രമപരിസരത്ത്, എന്നാപ്പിന്നെ ഞാനിങ്ങ് .......എന്നമട്ടിൽ തഞ്ചിനില്ക്കുന്ന സന്ധ്യ.
ശിഷ്യൻ ഒരു ബീഡിയുടെ അരഞ്ഞാണഴിച്ച്,ഇലച്ചുരുള് നിവര്ത്തിയശേഷം,അതിലെപുകയിലത്തരികള് നിലത്തേക്കുകുടഞ്ഞു.പിന്നെ,മടിക്കുത്തിൽനിന്ന് ഒരു പൊതിയെടുത്ത് അഴിച്ച്,അതിലുള്ളഎന്തിന്റേയോ ഉണങ്ങിയ അവശിഷ്ടങ്ങള് നുള്ളിയെടുത്ത് ഇടതുകൈത്തലത്തിലിട്ട്,വലതുകൈവിരലുകൊണ്ട് ഞെരടി,നുരുമ്പിപ്പൊടിച്ച്, നേരത്തെ ശൂന്യമാക്കിയ ബീഡിയിലയിലിട്ട് തെറുത്ത്, കാവിനൂലിനാൽ അരഞ്ഞാൺഅണിയിച്ച് ഒരുക്കിവച്ചു.
തുടര്ന്ന്,ബീഡിത്തലയിൽ തീപറ്റിച്ചശേഷം,രണ്ടു കൈകളുടേയും ഇടയിൽ മറ്റേഅറ്റംചേര്ത്ത്, ശംഖൂതുന്ന ഏകാഗ്രതയോടെ ആഞ്ഞുവലിച്ചു.അയാളുടെ ശ്വാസകോശങ്ങളിലൂടെ താഴേക്കുസഞ്ചരിച്ചപുക കുണ്ഡലിനിയിൽ എത്തിച്ചേര്ന്ന് ചുരുളുകളായിനിന്നു.ഇങ്ങനെ സ്വയം പരീക്ഷിച്ച് തൃപ്തനായ ശിഷ്യൻ പ്രസ്തു ബീഡി ഗുരുവിന്സമര്പ്പിച്ചു. ഗുരുവാകട്ടെ,ദക്ഷിണസ്വീകരിച്ച്,യഥാവിധി പുകയിൽ ധ്യാനസ്ഥിതനായി!
സംശയാത്മാവായ ശിഷ്യൻ ചോദിച്ചു :
"സ്വാമിൻ! മാതാവും പിതാവും തമ്മിൽ എന്താണ് വ്യത്യാസം ?”
പുകച്ചുരുളുകളിലൂടെ ആകാശത്തിലുയര്ന്നുനില്ക്കുന്ന ഗുരു,ദൂരേക്കു വിരൽചൂണ്ടിയശേഷം, ശിഷ്യനോടു പറഞ്ഞു
"നോക്കൂ "
ചൂണ്ടുവിരലിന്നറ്റത്ത് ഒരുനാട്ടിൻപുറവും,പഴയൊരു വീടും,വീടിന്റെയുമ്മറത്ത് തൊണ്ണൂറ്റിയാറുവയസ്സുള്ള പൊക്കൻമേസ്ത്രിയും തൊണ്ണൂറ്റിയഞ്ചുവയസ്സുള്ള പൊക്കിയമ്മയും തെളിഞ്ഞു.കണ്ണടകൂടാതെ താൻവായിച്ച മാതൃഭൂമിപ്പത്രം താഴെവെച്ച്, മേസ്ത്രി ഭാര്യയോടുചോദിച്ചു :
"എണേ,പൊക്ക്യേ, മ്മളെ രാമോദരനോ മൂത്തത്, എല്ലേങ്കില് ,പൊക്ക്ണനോ?”
"എല്ല കുരിപ്പേ,എന്തൊര് മറതിയാ ങ്ങക്ക്? പൊക്കിയമ്മ പറഞ്ഞു. മ്മളെ പതിനാറ് മക്കളില് മൂത്തത് ചോയിയാ.പിന്നെ കണാരൻ.മൂന്നാമനാ പൊക്കിണൻ.രാമോദരൻ, പതിനഞ്ചാമത്തോനാ"
മേസ്ത്രി, വെറുതെ ചിരിച്ചു."അയേ, അങ്ങന്യേനും, എല്ലേ ?”
അപ്പോഴാണ്, നടയിലൂടെ ഒരു മധ്യവയസ്ക വീട്ടിലേക്കുവരുന്നത് മേസ്ത്രി കാണുന്നത്.
"അതു നേക്കെണേ,പൊക്ക്യേ,കുതിരക്കുട്ടിപോലത്തെ ഒര് ബാല്യേക്കാരത്തി ഇങ്ങോട്ട് ബരുന്നുണ്ട്!”
അങ്ങോട്ടുനോക്കിയ പൊക്കിയമ്മ,തലയിൽ കൈവെച്ചുകൊണ്ടു പറഞ്ഞു,
"ഓള്കേക്കണ്ട,കുരിപ്പേ, അത് കല്യാണ്യാ,മ്മളെ നാലാമത്തോള്.ഓളിത് കേട്ടോണ്ട് വന്നാ,ഊയ്യെന്റെ പടച്ചോനേ!”
മേസ്ത്രി,അപ്പോഴും അങ്ങോട്ടുനോക്കി വെറുതേ, ചിരിക്കുകയായിരുന്നു,പല്ലില്ലാത്ത ചിരി !
ഗുരു ശിഷ്യനോട് ചോദിച്ചു : "മനസ്സിലായോ?”
ആദ്യപുകയുടെ ഒറ്റച്ചിറകിൽ പറന്നുനടക്കുകയായിരുന്ന ശിഷ്യൻ പറഞ്ഞു :
"മനസ്സിലായി സ്വാമീ.”