2021, ജൂൺ 30, ബുധനാഴ്‌ച

കവിതാചരിത്രം

ബാലകൃഷ്ണൻ മൊകേരി


മദ്യശാലതൻമുന്നിലെ ക്യൂവിനു

ദൈര്‍ഘ്യമേറിയെന്തിന്നു പുലരിയിൽ?

നൂറുനൂറു കവികള്‍വന്നിങ്ങനെ

ദൂരമൊക്കെയും ദീക്ഷിച്ചുനില്ക്കയോ !

(താനെഴുതും കവിതയിൽ,സര്‍വ്വവും

തച്ചുടക്കുമരാജകവാദികള്‍,

എത്രകൃത്യമായ് ശ്രദ്ധിപ്പു,മുന്നിലും

പിന്നിലും,വിട്ടുവിട്ടുനിന്നീടുവാൻ!)

കാര്യമെന്താണ് ?പോയിതല്ലോ വിഷു,

വന്നുചേര്‍ന്നീലിതോണവുമിപ്പൊഴേ,

പിന്നെയെന്തേ വിശേഷം ? പറയുന്നു,

മുന്നിലെപ്പുതു,കാവ്യശിരോമണി!

"ദൂരെയാരോ രചനതുടങ്ങിപോൽ,

കേരളത്തിൻ പുതുകവിതയ്ക്കൊരു

ചാരുരേഖചമയ്ക്കാൻ ചരിത്രമാ,-

യച്ചരിത്രമേ, കാലംകടന്നിടൂ!

അച്ചരിത്രത്തിലുള്‍പ്പെടാൻവേണ്ടതീ-

കുപ്പിയാണിതിൻ ശക്തിയപാരമാം!

ലേഖകന്റെതിരുമുമ്പിലെത്തിയീ-

ത്തീദ്രവത്തെനാം കാണിക്കനല്കിയാൽ,

പ്രശ്നമൊക്കെയും തീരും ലളിതമായ്

നമ്മളുംകേറുമത്താളിലങ്ങനെ..!.”

തെല്ലൊരമ്പരപ്പോടെ, മടങ്ങുവാൻ

ഞാനൊരുങ്ങവേ,ചങ്ങാതിയോതിനാൻ,

"വന്നുനില്ക്കുകീക്യൂവിൽ,നിനക്കുമീ-

ക്കാവ്യലോകത്തിലുല്ലസിക്കേണ്ടയോ”?!

*****************************




2021, ജൂൺ 26, ശനിയാഴ്‌ച

 

ചിലർ
-ബാലകൃഷ്ണൻ മൊകേരി
ഫയൽ കൃത്യമായി പഠിക്കാതെ തടസ്സവാദമെഴുതിയ
ഗുമസ്തൻ ഭൗതികാനന്ദനെ
ആപ്പീസർ കാബിനിൽവിളിപ്പിച്ചു.
എന്താടോ,ഇങ്ങനെയാണോ
ഫയലിൽ നോട്ടെഴുതുന്നത് ?
അത്..അല്ല...ഞാൻ ...ഭൗതികന് വിയർത്തു!
കുറേ സർവ്വീസുണ്ടല്ലോ നിങ്ങള്ക്ക്,
ഒരു ഫയൽ
എങ്ങനെ കൈകാര്യംചെയ്യണംന്നറിയില്ലേ?
പോയി മാറ്റിയെഴുതൂ
-ആപ്പീസറുടെ ഒച്ചപൊങ്ങി.
ഫയലുമെടുത്ത് ജാള്യത്തോടെ
കാബിനിൽനിന്നിറങ്ങുന്ന
ഭൗതികാനന്ദനോട് നാരദക്കുറുപ്പ് ചോദിച്ചു :
"എന്തേയ് ?കിട്ടിയോ കൂട്ടം?”
"കൂട്ടമോ, എനിക്കോ,"ഭൗതികാനന്ദൻ വീറോടെ പറഞ്ഞു,
"ഞാനവനെയാണ് പുലഭ്യം പറഞ്ഞത്,
ഇറങ്ങുമ്പോ ഒരു ചവിട്ടുംകൊടുത്തു,
അങ്ങനെയാ, എന്നോടുകളിച്ചാൽ"
പിറുപിറുത്തുകൊണ്ട് ഭൗതികാനന്ദൻ
സീറ്റിലിരിക്കുമ്പോള്,
നാരദക്കുറുപ്പ് ,
വാര്ത്തയുടെ പരാഗണംനടത്തുകയായിരുന്നു!
പുറത്ത് പതിവുപോലെ
ഊഷ്മളമായകാറ്റുവീശുന്നുമുണ്ടായിരുന്നു!
(ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചവരുമായോ
ഇക്കഥയ്ക്ക്
ഒരു ബന്ധവുമില്ലെന്ന്
കഥാകൃത്ത് ആണയിടുന്നു)

2021, ജൂൺ 18, വെള്ളിയാഴ്‌ച

 

കാറ്റെന്ന തോട്ടക്കാരൻ
ബാലകൃഷ്ണൻ മൊകേരി
കാറ്റെന്ന തോട്ടക്കാരന്
എന്തു ശുഷ്ക്കാന്തിയെന്നോ!
അയാള് തന്റെ തോട്ടത്തിൽ
തിരക്കോടെ പാഞ്ഞുനടക്കുന്നു.
പ്രിയപ്പെട്ട പൂച്ചെടികളെ
മൃദുവായി തലോടാൻ
ഇടയ്ക്കയാള് നേരം കാണുന്നുണ്ട്!
കാലാവധിയെത്തിയ മരങ്ങളെ
പിഴുതെറിയുന്നുണ്ട്,
ഇടയ്ക്കിടെ,
കരിയിലകളുടെ വളം
വാരിവിതറുന്നുണ്ട്!
ചാറ്റമഴകൊണ്ട്
ചെടികള് നനയ്ക്കുന്നുണ്ട്,
ഞെട്ടറ്റുവീണ പൂക്കള്വാരി
നടപ്പാതയിൽ വിതറുന്നുണ്ട്!
മേഘങ്ങളുടെ പാറയിടുക്കിൽ മുളച്ച്
താഴേക്കുപടരുന്ന
മിന്നൽവള്ളിയുടെ ശാഖകള്
പൊട്ടിച്ചെറിയുന്നുണ്ട്!
എങ്ങുനിന്നോ കൊണ്ടുവന്ന് നട്ട
ജലവൃക്ഷശാഖകളിൽ
മീനുകള്പൂക്കളായി വിരിയുന്നുണ്ട്,
കവാടത്തിനടുത്ത് നട്ട
പൊടിയുടെ മുളങ്കൂട്ടത്തിൽ
ആദിമസംഗീതം പൊഴിയുന്നുണ്ട്!
എന്നിട്ടും തൃപ്തിവരാതെ
കടൽജലംമുക്കിയെടുത്ത്
തോട്ടമാകെ കഴുകുകയാണ്
കാറ്റെന്ന തോട്ടക്കാരൻ!
..........................................

 

അയ്യപ്പാവം
_ ബാലകൃഷ്ണൻ മൊകേരി
രാമേട്ടൻ,
നല്ലൊരു മനിച്ചനാണ്!
ഓറക്ക് എന്തൊര് അയ്യപ്പാവാന്നറിയ്യോ,
ഇന്നാള് അങ്ങട്ടേല്,
ദേവിയേച്ചീൻ്റാടന്നു്
ഓളെ അമ്മായ്യമ്മേം നാത്തൂനും
വിര്ന്ന് വന്നേരം
ആടത്തെ പൂവൻകോയീൻ്റെ
ബയ്യേന്നെ പാഞ്ഞ്
പിടിച്ചോണ്ടുവന്ന്,
പീച്ചാത്തി കൊണ്ട്
കഴുത്തറക്കാന്നേരം,
ഓറതിൻ്റെ കൊക്കില്
വെള്ളം ഇറ്റിച്ചു കൊടുക്കുന്നത്
ഞാങ്കണ്ടേല്ലെ !

മേഘസന്ദേശം
- ബാലകൃഷ്ണൻ മൊകേരി
മാനത്തിൻ നടവരമ്പത്തുകൂടി,
മണ്ണിനെക്കൊഞ്ഞനം കുത്തി,
വെളിനാട്ടിലേക്കു പറക്കുന്ന
ജലവാഹിനി മേഘങ്ങളെ,
മിന്നൽക്കയറിനാൽ കെട്ടി,
നടുപ്പുറത്ത് രണ്ടിടിയും നല്കി
തിരികെയെത്തിക്കാൻ
ഈ മണ്ണിൻ വരണ്ട നെഞ്ചിൽ നിന്ന്
ഉയർന്നു വന്നൊരു ചുഴലിക്കാറ്റും
എതിർപ്പിൻ്റെ,
ന്യൂനമർദ്ദവും മതിയായിരുന്നു !
കള്ളക്കടത്തു നടത്തിയ
ജലസമ്പത്തു മുഴുവൻ
മണ്ണിൻ്റെ കാല്ക്കലർപ്പിച്ച്,
കള്ള മേഘങ്ങളിപ്പോൾ
പടിപ്പുറത്ത് പതുങ്ങി നില്പാണ്
പല നിറത്തിൽ
മഞ്ഞളിച്ചങ്ങനെ !
മേഘസന്ദേശമിത് കാളിദാസനെ
കാത്തിരിപ്പാണ് പുതുചരിത്രത്തിൽ.....
..................................................................

 

2021, ജൂൺ 4, വെള്ളിയാഴ്‌ച

 

തലമുറിയൻതെയ്യം
ബാലകൃഷ്ണൻ മൊകേരി
    പാതാളത്തിലേക്ക് ഊടുവഴിയിറക്കിയ
മറയില്ലാക്കിണറ്റിൽനിന്ന്,
കയറും പാളയുമായി
വെള്ളംതേടിപ്പിടിച്ച്
കോരിയെടുത്ത് നിറുകയിൽപാര്ന്ന്
കുളിയെ കുളിപ്പിച്ച്
നമോ നാരായണായ ജപിക്കുമ്പോള്
കേശവേട്ടന്റെ മനം തണുക്കുന്നു!
നെറ്റിമുഴുവൻ കളഭംപൂശി
മധ്യേയൊരു കുങ്കുമ ഗോപിവരച്ച്,
ആകാശംപോലെ സ്വച്ഛമായ,
വടിച്ചുമിനുക്കിയ മീട്ടത്ത്
നിറനിറയെ പുഞ്ചിരിച്ച്
അമ്പട്ടൻ കേശവേട്ടൻ
ഏഴരക്കോഴിക്ക് വഴികാട്ടുന്നു!
അടുത്തും അകലെയുമുള്ള
എല്ലാ അമ്പലത്തിലും ചെന്ന്
ദൈവങ്ങളോടിണക്കംപറഞ്ഞ്,
കുടുസ്സായ ഗ്രാമവഴികളിൽ
മണ്ണറിയാതെ നടക്കുന്നു
കേശവേട്ടൻ!
കുഴിക്കണ്ടത്തിലെ വെള്ളത്തിൽ
ആമ്പൽപ്പൂക്കള് ഓറോട് ചിരിക്കുന്നുണ്ട്,
ഇറങ്ങാൻവൈകിയ മിന്നാമിന്നികള്
വഴിയാഴം പറയുന്നുണ്ട്,
കന്നുകള് കയറില്ലാതെ മേയുന്ന
പറമ്പത്തുമുക്കിലെ വഴിക്കിണറ്റിൽ
മാനത്തുകണ്ണികളുണരുന്നുണ്ട്,
പുരകളുടെ പിന്നാമ്പുറങ്ങളിൽ
കോഴിക്കൂടുകള് മുഴങ്ങുന്നുണ്ട്,
കിണറോരത്ത് നാടുവാഴി പണിയിച്ച
കൂറ്റൻ കൽത്തൊട്ടിയിൽ
വെള്ളം കോരിനിറച്ച്,
മിണ്ടാപ്രാണികള്ക്കൊരിറ്റു വെള്ളമെന്ന്
നടുവുനീര്ത്തി ആശ്വസിച്ച്
കേശവേട്ടൻ മടങ്ങുംവരെ
ചെക്കായിയച്ചന്റെ പറമ്പത്തെ കൊള്ളുമ്മൽ
ഉദിക്കാൻപോകാതെ കാത്തിരിക്കും
പകലോനും!
വീട്ടിലെത്തിയ കേശവേട്ടൻ
കത്തിക്കുമൂര്ച്ചകൂട്ടി സഞ്ചിയിലിട്ട്
അങ്ങാടിയിലെ പീടികയുടെ
നിരപ്പലകതുറന്ന്
മൂലയിൽചാരിയടുക്കുന്നുണ്ട്
മുരുകൻെറ ഫോട്ടോവിന്
വെളിച്ചംകാട്ടുന്നുണ്ട്,
ചന്ദനത്തിരി പുകയ്ക്കുന്നുണ്ട്
പണിതുടങ്ങുന്നുണ്ട് കേശവേട്ടൻ!
ഹാജ്യാരുടെ താടിരോമത്തിന്
ഒരമിത്തിരി കൂടുമെന്ന്
വിലയിരുത്തി,
ചിരിതൂകുന്നുണ്ട് കേശവേട്ടൻ.
ഗോയിന്നന്റെ മുടി നേര്ത്തതാണെന്നും,
അമ്പൂട്ടിയുടെ ചുരുണ്ടമുടിയിൽ
ചീര്പ്പുകുടുങ്ങുമെന്നും
മുടിവിശേഷങ്ങള് പൊലിയുന്നു!
കടയ്ക്കകംനിറയെ
വെളുപ്പുംകറുപ്പും ചെമ്പനുമായ
മുടിത്തുണ്ടു നിറയുമ്പോള്,
ചൂലെടുത്തടിച്ചുവാരി
കാട്ടംനീക്കുന്നുമുണ്ട്!
ഒരിക്കൽ എലിയെക്കടുക്കാൻ,
അനുജൻവെച്ച എലിപ്പെട്ടിയിൽ
എലിവീണു കരഞ്ഞപ്പോള്
പെട്ടിയെടുത്ത്
പിന്നാമ്പുറത്തെ കണ്ടത്തിൽവെച്ച്തുറന്ന്,
എലിയോടു കേശവേട്ടൻ
പറഞ്ഞത്രേ, പതുപതുക്കെ,
അനുജനുണരും മുമ്പേ
കാടുകയറി രക്ഷനേടാൻ!
2
    കടയിലെത്താത്തലകള്തേടി
വീട്ടിലെത്തും മുടിവെട്ടും
മുടിച്ചീളു തെറിക്കുമ്പോലെ
കഥകളും തെറിച്ചുവീഴും!
പളനി,രാമേശ്വരം കഥകള്
പലതുമുണ്ടാശേഖരത്തിൽ
പരമഭക്തൻ മാസാമാസം
പളനിയിൽപോയ് പ്രണമിക്കും
പരിശുദ്ധൻ, നിഷ്ക്കളങ്കൻ
പരമസാത്വികപ്രഭാവൻ!
എടത്തിലെ വയലിൻ്റെ
ഞരമ്പാകും വരമ്പിന്മേൽ
ഇളമുറക്കുറുപ്പിൻ്റെ ചോരത്തിളപ്പിന്
ഈടും മുട്ടുമായി കേശവേട്ടൻ!
വഴി മാറെന്നലറുന്നു,
കുറുപ്പച്ചൻ, കൂടെയുള്ള
കളരിക്കാർ ചിരിച്ചാർത്ത്
കുഴഞ്ഞാടി രസിക്കുന്നൂ
വഴിമാറും, വഴി മാറും
പറയുന്നു കേശവേട്ടൻ,
ഞാനല്ല മാറിടുന്നൂ,
വഴി മാറുമുടൻ തന്നെ,
വരമ്പിലൂടയാൾ നേരെ
നടക്കുന്നു, കുറുപ്പച്ചൻ
കിങ്കരർക്കൊപ്പം വയൽ
ച്ചളിയിൽ വീണുരുളുന്നു!
ഡംഭിനേറ്റ താഡനത്തിൻ
പക തീർക്കാൻ കളരിക്കാർ
തേടിയെത്തി, യെങ്ങുമില്ല -
യെങ്ങുമെങ്ങും കേശവേട്ടൻ!
പുള്ളിനോട്ടെ യമ്പലത്തിൻ
നടയിലുണ്ട് കേശവേട്ടൻ
ചന്തയുള്ള പറമ്പിലും
കേശവേട്ടൻ, കടയിലും
എങ്ങുമെങ്ങും കേശവേട്ടൻ
ഉണ്ടുപോലും
ഇല്ല പോലും!
എടത്തിലെ കുറുപ്പച്ചൻ
വട്ടിളകി ചത്തുപോലും!
ശുഭ്രവസ്ത്രധാരിയായി
കേശവേട്ട നന്നുമെന്നും
തൻ വഴിയേ നടന്നു പോൽ
തെന്നൽ പോലെ, മഴപോലെ !
3
    അങ്ങനെയിരിക്കേ, കേശവേട്ടൻ
ഭൂവാസം നിര്ത്തിയത്രേ!
ജീവനോടെ നടന്നപ്പോള്
മുടിമുറിച്ചുനടന്നയാള്
പിന്നെവന്നൂ തെയ്യമായി
തലമുറിയൻ തെയ്യം!
നാട്ടിലുള്ളോര് പരസ്പരം
കലഹിക്കും നേരമൊക്കെ
തമ്മിലപമാനിക്കുവാൻ
"തലമുറിയന്റെ മോനേ"ന്നകല്ല്
പരുത്ത തെറിയായ്
തമ്മിലെറ്റി കലിതീര്ക്കും
തെറികേട്ടോനന്നുപിന്നെ
നാണക്കേടിൻ കുണ്ടിൽ വീഴും!
എന്നാലിന്ന് കേശവേട്ടൻ
ദൈവമായി,തോറ്റമായി
കോലധാരിയുറയുമ്പോള്
പൊതുജനത്തെ വിളിക്കുന്നൂ,
തലമുറിയന്റെ മക്കളേ!
ജനതയാ വിളികേള്ക്കെ
പുളകത്തിൽ നിന്നിടുന്നു,
തെയ്യമാ നാടുതെണ്ടാൻ
ഇറങ്ങുമ്പോള്,കൂടെയോടി-
ക്കിതച്ചുപോംജനമെല്ലാം
ആര്പ്പുകൂട്ടിയലയുന്നൂ
തട്ടകംമുഴുവനും!
തലമുറിയൻ തെയ്യത്തിന്റെ
കഥപാടാൻ കിളിവരും!
.......................................