2022, ജനുവരി 31, തിങ്കളാഴ്‌ച

 

ഗൃഹാതുരം 15
പിറന്ന വീട്
-ബാലകൃഷ്ണൻ മൊകേരി
പിറന്നവീടിന്റെപടികൾകേറിഞാ-
നറിയുമോ എന്നെയെന്നുചോദിക്കവേ,
ചെറിയമുറ്റത്തെ മുഴുവൻ കൈയേറി
വളർന്ന കാടുകളൊന്നു നടുങ്ങിയോ ?
ഇളകിടുന്നുണ്ട് ചെടികളൊക്കെയു-
മൊരുകാറ്റുവന്നു പതുങ്ങിനില്ക്കയായ്!
ചുവന്ന കാവിയാൽ മെഴുകിമിന്നിച്ച
വരാന്തയിൽ പൊടി കനത്തുനില്ക്കുന്നു!
ചുമരിൽ മാറാല,യൊളിച്ചിരിക്കുന്നു
ചിലന്തികൾ,മുരണ്ടുണരും പ്രാവുകൾ,
നിലവിളക്കിന്റെ തിരിതെളിഞ്ഞൊരു
സ്ഥലിയിൽ,ശുഷ്ക്കമാം പറവതൻജഡം,
പുറത്തുസ്വപ്നത്താൽനനച്ചു ഞാൻ നട്ട
ചെടികളൊക്കെയുമുണങ്ങിനില്ക്കുന്നു!
ഉണക്കമേശാതെയൊരു ബോഗൺവില്ല
ച്ചെടിമാത്രം കാൺമൂ നരച്ചപൂവുമായ്,
പഴയ സ്വപ്ന ത്തിന്നടുത്തുനില്ക്കവേ-
യൊരുകാറ്റുവീശി, പുണരുകയായെന്നെ!
അതിന്റെ മുള്ളുകൾ ദൃഢമാണിപ്പോഴും
മുറിവുകൾതന്നെ തരുന്നതെപ്പോഴും
ഒരുനിണബിന്ദു പുറത്തേക്കുവന്നു,
പുതുക്കുകയാവാം അതിൻരക്തബന്ധം!
പിറന്നവീടിനെക്കൊതിച്ചുവന്നുഞാ-
നിവിടെയാരുമി,ല്ലനക്കവുമില്ല!
എപ്പോഴെത്തിനീ,യെന്നൊരു ചോദ്യമോ,
വിളർത്തുപോയിനീ,യെന്ന വിതുമ്പലോ,
ഇവിടെയാരുമി,ല്ലവരൊക്കെയേതോ
മറുലോകംപൂണ്ടു,ദിനങ്ങളേറെയായ്!
(ഇവിടെ,യേട്ടനും കുടുംബവും,അവർ
നഗരസാമീപ്യം കൊതിച്ചുപോയവർ!
അവരു,പൂട്ടിയിട്ടിരിക്കുന്നൂ,വിറ്റു-
മുറിക്കുവാൻ പക്ഷേ,നിനച്ചുകാണില്ല !)
പഴയവീടിന്റെയടുത്തുമൂകനായ്
നിനവിലാഴവേ,മിഴിനനയവേ,
പുറത്തുനിന്നൊരാൾ,പറയുന്നൂ,നിങ്ങൾ
തിരിച്ചുപോകുവിൻ,അവിടാരുമില്ല!
*****************************

 

ഗൃഹാതുരം 14
ഊഞ്ഞാൽ
ബാലകൃഷ്ണൻ മൊകേരി
തൊടിയിലുള്ളൊരു പേരമരത്തിന്റെ
തടിയിതെന്തു മിനുസമാണെങ്കിലും,
കയറിയെത്തിടും ബാലകരൊക്കെയും
കയറുകെട്ടിയൊരൂഞ്ഞാലൊരുക്കിടും!
അതിലിരുന്നൊരാളാടാൻ തുടങ്ങിടും,
പതിയെയാട്ടാനൊരാളുമൊരുങ്ങിടും!
പലതരത്തിലിരുന്നും ചിലനേരം
നിലയുറപ്പിച്ചു നിന്നുമാടാറുണ്ട് !
ഉയരെ വായുവിൽ പൊങ്ങുന്നനേരത്തു
ഭയമുലാവും,തിരിച്ചിറങ്ങുമ്പോഴും!
പിന്നിലേക്കതുപൊങ്ങിടുമ്പോഴുമ-
ത്തെന്നലേറ്റു കുറയില്ല പേടികൾ !
ഏറെയേറെയുയരെപ്പറക്കുവാ-
നേറെമോഹമുണ്ടുള്ളിലായെപ്പൊഴും!
ഒരു കയറ്റം,അരമാത്ര ശാഖതൻ
നിരയിൽ നിശ്ചലം, പിന്നെയിറക്കമായ് !
മിന്നുമോർമ്മതന്നൂഞ്ഞാലിതെങ്കിലും,
അന്നുചുമ്മാ കളിച്ചുനാമെങ്കിലും,
പാഴ്ക്കയർകൊണ്ടു പേരതൻ ശാഖയിൽ
പാഴ്ക്കളിക്കായൊരുക്കിയതെങ്കിലും
ഒന്നുമേലോട്ടുപോയാൽ പൊടുന്നനെ
വന്നുചേരുന്നു താഴേക്കു പിന്നെയും !
ലോകനീതിയാണിങ്ങനെയെന്നതാ-
ണക്കളിയിലൂടെങ്ങളോടോതി നീ,
ഇന്നതോർക്കവേ ,കേറ്റിറക്കങ്ങൾ തൻ
തെന്നിടും ഗതിതന്നെയീ ജീവിതം !
**************************

2022, ജനുവരി 14, വെള്ളിയാഴ്‌ച

 

നാട്ടാഴം 1

മേഘങ്ങൾ പറയുന്നത്
-ബാലകൃഷ്ണൻ മൊകേരി
ഏതോ ജനുവരിയുടെ വെട്ടുവഴിയിൽ
തിളച്ചൊഴുകുന്ന വെയിൽപ്പുഴ
അനായാസം നീന്തിക്കടന്ന്,
കരിവീട്ടിക്കാതൽകടഞ്ഞുതീർത്ത
ഉരുപ്പടിപോലെ
കരുത്തനായൊരു യുവാവ്,
വായനശാലയിൽ കേറിവന്ന്
പരമസാത്വികനായ
കൃഷ്ണൻ മാഷോട് സംശയംചോദിച്ചു :
മാഷേ,പറഞ്ഞാലും,
മലഞ്ചെരിവിലെ കാടുവഴക്കി
കറുത്തമണ്ണിൽ കിളച്ചൊരുക്കിനട്ട
തെങ്ങിൻ തൈയ്യിൽ,
കാട്ടുപന്നിയോടേറ്റുമുട്ടി ബാക്കിയാക്കി
കാലാകാലങ്ങളിൽ തടംതുറന്ന്
വളമിട്ടും ,
കണ്ണീരും ആവിയാവുന്ന വേനലിൽ
ഒരിക്കലും വറ്റാത്ത
താഴ് വാരത്തെ പാറക്കുണ്ടിൽനിന്ന്
വെള്ളം കൊണ്ടുപോയി നനച്ചും
വളർത്തിവലുതാക്കിയ
ആ തൈത്തെങ്ങിൽ
ആദ്യത്തെ കുലവിരിഞ്ഞ്
വെളിച്ചിലും കരിക്കുമാവുമ്പോൾ,
ആദ്യത്തെകരിക്ക്
കൃഷിക്കാരന്റെ അവകാശമല്ലേ ?
കൃഷ്ണൻമാഷ് ,അയാളുടെ മുഖത്തേക്കുറ്റുനോക്കി
ചെറുചിരിയോടെ പറയുന്നു,
തൈവെച്ചത് ആരാന്റെ പറമ്പത്തല്ലെങ്കിൽ,
തൈവെച്ച സ്ഥലം മറ്റൊരാൾക്കു
വില്പനനടത്തിയതല്ലെങ്കിൽ
കൃഷിക്കാരനെ ആർക്കാണ് തടയാനാവുക ?
മനോരമയിലെ ബോബനും മോളിയും
വായിച്ചോണ്ടിരിക്കുന്ന എനിക്ക്
ചോദ്യവും ഉത്തരവും
മനസ്സിലായില്ലെങ്കിലും,
ആ യുവാവ്
അതുമതി,അതുമതിയെന്ന് ആശങ്കതീർത്ത്
വറ്റാൻതുടങ്ങിയ വെയിൽപ്പുഴയിലിറങ്ങി മുങ്ങി
അപ്രത്യക്ഷനായി!
കൃഷ്ണൻമാഷ് ഒരു വരണ്ടചിരിചിരിച്ച്
വെറ്റിലമുറുക്കാൻതുടങ്ങിയപ്പോഴേക്കും
വന്നുചേർന്ന ചങ്ങാതിമാരോടൊപ്പം
കേറംസ് കളിക്കാനിരുന്നു ഞാൻ!
പിന്നത്തെ ഒക്ടോബറിലാണ്
എട്ടാംക്ലാസിൽപഠിക്കുന്ന അയാളുടെ മകൾ
പ്രസവിച്ചെന്നും,
പ്രതിസന്ധിയിൽ തകർന്നുപോയ അയാൾ
പറങ്കിമാവിൻകൊമ്പിലെ
കയർക്കുരുക്കിൽ തൂങ്ങിയാടിയെന്നും
അറിയുന്നത്.
വായനശാലയിലെ കസേരയിലിരുന്ന്
കൃഷ്ണൻമാഷപ്പോൾ
ആകാശമേഘങ്ങൾ പറയുന്നത്
കേൾക്കാൻ ശ്രമിക്കുകയായിരുന്നു!
**************************

 

Girl in the Farm
Balakrishnan mokeri
------------------------------
Girl in the farm
Fed up with her charm
Cried aloud like a stream
she rained all her dream
Autumn , soothing breeze he came
winter did the same
she looked up on the blooming sun
Her cheeks blushed on run
All trees in her farm
Mocked her with their charm
Girl in the farm
Found her Knight ,Heart,warm.
Spring made her happy again
Lovely pair ,her gain!
She sung melodiously,
And they danced around.
***************************

 

The World debut
Balakrishnan Mokeri
Once I saw
a bouncing ball
Is bowled below
under the hallow.
I saw children
approach Tavern
with flaming stomach
which felt unmatch
Moms are stout
to tell about
why they doubt
The world debut

 

പുതുവർഷമായാലെന്താ ?
-ബാലകൃഷ്ണൻ മൊകേരി
ജാലകത്തിനപ്പുറത്ത്
ആഘോഷരാവിൻ ജനക്കൂട്ടവിജനത,
പൊട്ടിത്തെറിക്കുന്ന ഒച്ചകളുടെ
അഗാധനിശ്ശബ്ദത!
മുറിയിൽ ഞാൻ വിഷണ്ണനായി
മരുഭൂമികൾ സ്വപ്നംകാണുന്നു.
ഏതോ പരസ്യഇടവേളയിൽ
വാതിലിൽ മുട്ടുകേൾക്കുന്നു
തുറന്നപ്പോൾ,
ഒരു ചെറിയ കുഞ്ഞ്,
വാരിയെല്ലുകൾ തെളിഞ്ഞ നെഞ്ചുമായി,
മുഷിഞ്ഞ കോണകംമാത്രമുടുത്ത
ഒരു അവശവിവശശിശു!
തുറന്ന വലിയ കണ്ണുകളിൽ
കദനത്തിന്റെ മഹാമരുഭൂമികൾ
മരീചികപോലെ,
ചുണ്ടുകളിൽനിന്ന്
കേലയായൊഴുകിവീഴുന്ന
അപ്രിയമൊഴികൾ!
തീക്കട്ടപോൽ പൊള്ളുന്ന
നീയാരെന്നു ചോദിക്കെ,
പുതുവർഷമെന്നു മറുപടി!
അകത്തുകടക്കാനായുന്ന
അവനോടുഞാൻ
ആർടിപിസിആർ ടെസ്റ്റിന്റെ
നെഗറ്റീവ് റിസൽറ്റുകാണിക്കാൻ
പറയുന്നു
അവനെന്നോട്,
എന്തിനേയും പോസിറ്റീവായിമാത്രം
കാണണമെന്നാവശ്യപ്പെടുന്നു!
അവനെ തള്ളിമാറ്റി
വാതിലടച്ചുകുറ്റിയിടുന്നു!
പുതുവർഷമായാലെന്താ
ടെസ്റ്റ് റിസൽറ്റിലാണ് കാര്യമെന്ന്
ഞാൻ ഡയറിയിലെഴുതുന്നു
31/12/21

 

ഗൃഹാതുരം 13
-ബാലകൃഷ്ണൻ മൊകേരി
കുരുത്തംകെട്ട ബാല്യത്തിൻ
വിരുത്തമോർത്തിരിക്കവേ,
കാണാകുന്നു വീണ്ടും നിന്നെ
കണ്ണിലുത്സവദീപ്തിപോൽ !
വിളയാടും കൂട്ടരൊത്തു
കളിയാടും ദിനങ്ങളിൽ
ഇരയായ്ത്തീർന്നു നീയെന്നും,
കരയാൻ കഴിയാത്തവൾ!
എത്രയേകാഗ്രരായ് ഞങ്ങൾ
പിന്തുടർന്നു പിടിച്ചുനിൻ
വാലിന്മേൽ നൂലുകൊണ്ടുള്ള
താലിയൊന്നണിയിക്കയായ്!
അതോടെ തീർന്നുപോകുന്നുൂ
സ്വാതന്ത്ര്യംപൂത്തജീവിതം
തന്നിഷ്ടക്കാർക്കുമുന്നിൽ നീ
മിന്നുന്ന കളിപ്പാവയായ് !
നിലപാടിൻ കരുത്തെന്നു
കാലുറപ്പിച്ച കല്ലുകൾ,
നീ ചുമന്നു കൊടുംഭാരം
മറക്കുന്നൂ ചിറകുകൾ!
ചിരിച്ചാർത്തു മടുക്കുമ്പോൾ
കരത്തിൽച്ചേർത്ത നൂലിനെ
കൈവിടും ഞങ്ങ,ളന്നേരം
നീ പറക്കാൻ ശ്രമിച്ചിടും !
കാലിന്മേൽ ശിലതൻഭാരം,
നൂലുകെട്ടിയ ജീവിതം
മുൾപ്പടർപ്പിൽ കുരുങ്ങുന്നൂ,
താൻപടുത്ത കിനാവുകൾ !
അന്നത്തെത്തുമ്പിയാണല്ലോ
ഇന്നു ഞാ,നെന്ന ബോധമെൻ
കാലിൽ കാണ്മതുഭൂഭാരം,
നൂലിന്നദൃശ്യബന്ധനം !
**********************

 

ഗൃഹാതുരം 12
ബാലകൃഷ്ണൻ മൊകേരി
ഒരുമഴപ്പെയ്ത്തെന്റെ ചുറ്റിലുംതീർക്കുന്ന
നിറമിഴിപ്പെയ്ത്തു തോരുമ്പോൾ,
തെളിവെള്ളമൂറി,ക്കുഴികളിലൊക്കെയും
നിറമാർന്നുനീലയാഴങ്ങൾ
മുറ്റത്തുകാണുന്നുണ്ടാകാശപാളിയുടെ
ചില്ലുകളുടഞ്ഞുചിതറി!
നോക്കിടുന്തോറുമിന്നാഴങ്ങളേറുകയാ-
യവിടെമേഘങ്ങൾനീന്തുന്നൂ!
ആഴമേറുന്നുണ്ട്,വിശാലമാകുന്നുണ്ടു
മഴതീർത്തജാലകക്കാഴ്ച!
ഞാനൊരു പാഴായതാളിനാൽതീർക്കുകയാ-
ണൂനങ്ങളില്ലാതൊരു തോണി!
തോണിയാവെള്ളത്തിലൂടെയങ്ങൊഴുകിടും
ചെറിയൊരുകാറ്റുവന്നാലും!
ഏഴുകടലുകൾക്കപ്പുറംപോകുന്നൊരു
നാവികനുള്ളത്തിലുണരും!
പിന്നെയാനിശ്ശൂന്യവാനങ്ങളിലൂളിയി-
ട്ടൊഴുകാൻതുടങ്ങുമെൻ സ്വപ്നം!
ചൂടുണരുംരശ്മിയാൽ സൂര്യനെൻനേരിന്റെ
യാർദ്രതകൾ വറ്റിച്ചുതീര്ക്കെ
മണ്ണിലുറയുന്നൊരാ തോണിയിൽ നിശ്ചലം
കൺനിറയ്ക്കുന്നൊരു പഥികൻ!
ഇന്നോർത്തിടുന്നുഞാൻ,ഇതൊക്കെയെൻയാത്രയ്ക്കു
മിന്നിടും പാഠങ്ങളെ നല്കീ!
**************************