2022, ജനുവരി 31, തിങ്കളാഴ്‌ച

 

ഗൃഹാതുരം 14
ഊഞ്ഞാൽ
ബാലകൃഷ്ണൻ മൊകേരി
തൊടിയിലുള്ളൊരു പേരമരത്തിന്റെ
തടിയിതെന്തു മിനുസമാണെങ്കിലും,
കയറിയെത്തിടും ബാലകരൊക്കെയും
കയറുകെട്ടിയൊരൂഞ്ഞാലൊരുക്കിടും!
അതിലിരുന്നൊരാളാടാൻ തുടങ്ങിടും,
പതിയെയാട്ടാനൊരാളുമൊരുങ്ങിടും!
പലതരത്തിലിരുന്നും ചിലനേരം
നിലയുറപ്പിച്ചു നിന്നുമാടാറുണ്ട് !
ഉയരെ വായുവിൽ പൊങ്ങുന്നനേരത്തു
ഭയമുലാവും,തിരിച്ചിറങ്ങുമ്പോഴും!
പിന്നിലേക്കതുപൊങ്ങിടുമ്പോഴുമ-
ത്തെന്നലേറ്റു കുറയില്ല പേടികൾ !
ഏറെയേറെയുയരെപ്പറക്കുവാ-
നേറെമോഹമുണ്ടുള്ളിലായെപ്പൊഴും!
ഒരു കയറ്റം,അരമാത്ര ശാഖതൻ
നിരയിൽ നിശ്ചലം, പിന്നെയിറക്കമായ് !
മിന്നുമോർമ്മതന്നൂഞ്ഞാലിതെങ്കിലും,
അന്നുചുമ്മാ കളിച്ചുനാമെങ്കിലും,
പാഴ്ക്കയർകൊണ്ടു പേരതൻ ശാഖയിൽ
പാഴ്ക്കളിക്കായൊരുക്കിയതെങ്കിലും
ഒന്നുമേലോട്ടുപോയാൽ പൊടുന്നനെ
വന്നുചേരുന്നു താഴേക്കു പിന്നെയും !
ലോകനീതിയാണിങ്ങനെയെന്നതാ-
ണക്കളിയിലൂടെങ്ങളോടോതി നീ,
ഇന്നതോർക്കവേ ,കേറ്റിറക്കങ്ങൾ തൻ
തെന്നിടും ഗതിതന്നെയീ ജീവിതം !
**************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ