2022, ജനുവരി 14, വെള്ളിയാഴ്‌ച

 

ഗൃഹാതുരം 12
ബാലകൃഷ്ണൻ മൊകേരി
ഒരുമഴപ്പെയ്ത്തെന്റെ ചുറ്റിലുംതീർക്കുന്ന
നിറമിഴിപ്പെയ്ത്തു തോരുമ്പോൾ,
തെളിവെള്ളമൂറി,ക്കുഴികളിലൊക്കെയും
നിറമാർന്നുനീലയാഴങ്ങൾ
മുറ്റത്തുകാണുന്നുണ്ടാകാശപാളിയുടെ
ചില്ലുകളുടഞ്ഞുചിതറി!
നോക്കിടുന്തോറുമിന്നാഴങ്ങളേറുകയാ-
യവിടെമേഘങ്ങൾനീന്തുന്നൂ!
ആഴമേറുന്നുണ്ട്,വിശാലമാകുന്നുണ്ടു
മഴതീർത്തജാലകക്കാഴ്ച!
ഞാനൊരു പാഴായതാളിനാൽതീർക്കുകയാ-
ണൂനങ്ങളില്ലാതൊരു തോണി!
തോണിയാവെള്ളത്തിലൂടെയങ്ങൊഴുകിടും
ചെറിയൊരുകാറ്റുവന്നാലും!
ഏഴുകടലുകൾക്കപ്പുറംപോകുന്നൊരു
നാവികനുള്ളത്തിലുണരും!
പിന്നെയാനിശ്ശൂന്യവാനങ്ങളിലൂളിയി-
ട്ടൊഴുകാൻതുടങ്ങുമെൻ സ്വപ്നം!
ചൂടുണരുംരശ്മിയാൽ സൂര്യനെൻനേരിന്റെ
യാർദ്രതകൾ വറ്റിച്ചുതീര്ക്കെ
മണ്ണിലുറയുന്നൊരാ തോണിയിൽ നിശ്ചലം
കൺനിറയ്ക്കുന്നൊരു പഥികൻ!
ഇന്നോർത്തിടുന്നുഞാൻ,ഇതൊക്കെയെൻയാത്രയ്ക്കു
മിന്നിടും പാഠങ്ങളെ നല്കീ!
**************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ