2021, ഡിസംബർ 18, ശനിയാഴ്‌ച

 

ഒണക്കച്ചന്റെ കൃഷിപ്പുസ്തകം
-ബാലകൃഷ്ണൻ മൊകേരി
തെക്കേക്കണ്ടത്തിലെ പുളീന്റെ കൊമ്പത്ത്
കാക്കകരയാൻതുടങ്ങുമ്പോൾ
ഒണക്കച്ചൻ
വയലിലേക്കിറങ്ങുന്നു
കുനിയിലെ വാഴയ്ക്ക് തടമിട്ട്
പാളേങ്കയറുമെടുത്ത്
ആണീന്ന് വെള്ളംകോരി നനയ്ക്കുന്നു.
മഞ്ഞേറ്റ് വരമ്പത്തേക്ക്ചാഞ്ഞ
മുണ്ടകൻ നെല്ല്
കുരിശുപോലെ കെട്ടിയുണ്ടാക്കിയ വടികൊണ്ട്
ഞാറുണരാതെ
മെല്ലെ വയലിലേയ്ക്കുതന്നെ ചായ്ച്,
ഉദിച്ചുവരുന്ന വെളിച്ചത്തിനൊപ്പം
വരമ്പത്തെ പുല്ലരിയാൻ വന്ന അമ്മാളുവിനെ
കൂട്ടംകൂടി ഓടിച്ച്,
വയലിൽ ഏറിക്കണ്ട വെള്ളം
ഓവുതുറന്നൊഴുക്കിവിട്ട്,
തോട്ടിലെ തണുത്തവെള്ളത്തിൽ
കാലിലെ ചളികഴുകി,
പടന്നയും കൊടുവാളും തെളക്കി,
തലയിലെ തോർത്തുമുണ്ടഴിച്ച്,
വരവീണ മുഖം തുടച്ച്,
തോർത്തുകുടഞ്ഞ് വീണ്ടുംതലയിൽ മുറുക്കിക്കെട്ടി
ചുമലിൽപടന്നയും കൈയിൽ കൊടുവാളുമായി
പുരയ്ക്കുചെല്ലുന്ന ഒണക്കച്ചന്റെ
കാലൊച്ചകേൾക്കെ മോന്തപൊക്കിയ
ആലയിലെ പൊക്കിപ്പശുവിനോട്
വർത്താനംപറഞ്ഞ്,
വളപ്പിലെ കായ്ക്കാത്ത പ്ലാവിനോട്,
ഇക്കൊല്ലം കായ്ച്ചില്ലങ്കിൽ
മുറിച്ചുകളയുമെന്ന് പേടിപ്പിച്ച്
വടക്കേപ്രത്തെ തെങ്ങിൻതടത്തിൽ
മൂത്രമൊഴിച്ച്,
ആശ്വാസത്തിലൊരു വളിവിട്ട്,
അമ്മിണിയേടത്തിയോട്
ചായയെടുക്കാൻ പറഞ്ഞ്
ഉമ്മറത്തെ ബഞ്ചിലിരുന്ന്
ചുമ്മാ മേലൊട്ടുനോക്കി
ഓലമേയാറായല്ലോ പുരയെന്ന്
ഉറക്കെ ചിന്തിച്ച്
കാത്തിരുന്നു ഒണക്കച്ചൻ!
കുടുവനൊരു പിഞ്ഞാണത്തിൽ
ചിരവിയ തേങ്ങ നേദിച്ച കഞ്ഞിയും,
ഇലച്ചീന്തിലച്ചാറുമായി
അമ്മിണിയേടത്തി
മുറ്റത്തെ വരിക്കപ്ലാവിന്റെ
വീണുകിട്ടിയ പഴുത്തില
കോട്ടിക്കുത്തി കരണ്ടിയാക്കി
മുന്നിൽവെച്ചു.
ഒണക്കച്ചൻ കഞ്ഞികുടിക്കുമ്പോൾ
തോട്ടിൽവീണൊഴുകുന്ന കവുങ്ങിൻപാള
പനിച്ചിപ്പൊന്തയിൽ കുരുങ്ങി നില്ക്കുമ്പോലെ
തങ്ങിനിന്നല്ലോ അമ്മിണിയേടത്തി !
എന്തന്നാക്കളേയെന്ന
സമ്മതംകിട്ടിയപ്പോൾ,
ഒരേയൊരു മോളുടെഭർത്താവിന്റെ
പലചരക്കുകടയിൽനിന്ന്
ഇങ്ങളെന്താന്നിപ്പം
സാധനൊന്നും വാങ്ങിക്കാത്തേന്ന്
അമ്മിണ്യേടത്തി
തഞ്ചംകണ്ട് ചോദിച്ചു!
കഞ്ഞിപ്പാത്രം വായിലേക്കുയർത്തിപ്പാർന്ന്
ഒണക്കച്ചൻ പറയുന്നു
എണേ ,ഇന്റെ മോളെ നായർക്ക്
മേലെ അങ്ങാടീലാ കച്ചോടം,
താഴെ അങ്ങാടിയേക്കാളും
കിലോമ്മല് പത്തുപൈസ അധികാ
ഓന്റെ പീട്യേല്,
പിന്നെങ്ങിനെയാ ആട്ന്ന് വാങ്ങ്വ ?
അച്ഛനെക്കൊണ്ട്
അമ്മയോട് പരാതിപ്പെടാൻ
പുലരുംമുമ്പേ വന്ന മോള്,
ചരുവംപോലെ വീർപ്പിച്ച മീടുംകൊണ്ട്,
അപ്പോൾ,അടുക്കളമറയം വിട്ട്
ഉമ്മറത്തേക്കിറങ്ങിവന്നു.
അച്ഛനിതാര്ക്കാന്ന് ഇനീങ്ങനെ സമ്പാദിക്ക്ന്നേ?
ഓറ് പറഞ്ഞേരം എനക്കങ്ങ് കൊറച്ചിലായിപ്പോയി !
അച്ചാറിന്റെ ഇലച്ചീന്ത്
ഒരൊച്ചയോടെ നക്കിയശേഷം,
ഒണക്കച്ചൻ
ഹാഹാച്ചിരി നീട്ടിച്ചിരിച്ചു.
അത് പറമളേ,അത് ചോയ്ക്കാനാ
പൊലരുംമുമ്പേ ഞ്ഞി വന്നുകേറിയത് ?
മെനഞ്ഞാന്നിവിടുത്തെ അമ്മിണിക്ക്
ഊരവേദനവന്ന് കെടന്ന്പോയേരം
ഒന്ന് വന്ന്നോക്കാൻപോലും നേരേല്ലാഞ്ഞല്ലോ മളേ!
ഒരങ്ങാടീല് പറ്റൂല രണ്ട് വെല
ഇന്റെ നായരോട് വെല കൊറക്കാൻ പറ,
താഴേഅങ്ങാടീന്ന് മേലോളം നടക്ക്വേം
പൈസഅധികം കൊടുക്ക്വേം
എനക്കിതല്ലേ തൊരം,
ഒണക്കച്ചനെണീറ്റ്
മിറ്റത്തിണ്ടുമ്മലെ കിണ്ടീന്റെ വാലിലൂടെ
വെള്ളം വായിലൊഴിച്ച് കുലുക്കുഴിഞ്ഞ്
ഒച്ചയോടെ വള്ളിച്ചോട്ടിൽ തുപ്പുന്നതുനോക്കി
സൂര്യനപ്പോൾ
താഴത്തെത്തൊടിയിലെ
മുരിക്കിന്റെ കൊമ്പത്തിരിക്കുകയായിരുന്നു!
*********************************


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ