2022, ജൂലൈ 21, വ്യാഴാഴ്‌ച

May be an image of nature 

 

വെളിയില -
-ബാലകൃഷ്ണൻ മെകേരി
വെളിയിലക്കുമ്പിളിൽ
വിളയുന്ന മുത്തുകൾ
ഒളിയുന്നൊരോർമ്മയായ്
തെളിയുന്നു ചിന്തയിൽ !
( പടങ്കടം-ശ്രീ.വി.എസ്.അനിൽകുമാർ )

 വാക്കുകൾ തടയിട്ട് സ്വസ്ഥമായിരിക്കുക,
നോക്കിലെത്തീയാൽ ഞങ്ങളെരിക്കും സിംഹാസനം !

-ബാലകൃഷ്ണൻ മൊകേരി .

 

(ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ്, ദയവായി തെളിവിനാവശ്യപ്പെടരുത്.കഥയേക്കാളും വിചിത്രമാണ് ജീവിതമെന്നേ പറയാനുള്ളൂ!)
ഭൗതികമായ ഒരു പ്രണയം
ബാലകൃഷ്ണൻ മൊകേരി
ക്ലാസുകഴിഞ്ഞ് തിരിച്ചെത്തിയാൽ
കോളേജുകുമാരൻ
ദാമുവിന്റെ പലചരക്കുകടയിലെത്തും.
സഹൃദയനായ ദാമുവിനോട്
അയാൾ തന്റെ മനസ്സുതുറക്കും.
നീലക്കണ്ണുകളും പനങ്കുലമുടിയുമുള്ള
ഒരു സുന്ദരിപ്പെണ്ണ്
തന്റെ മനസ്സിന്റെ വാതിലുകൾതുറന്ന്
അകത്തുകടന്നശേഷം
അയാൾക്കു പറയാനുണ്ടായിരുന്നത്,
എന്നും അവളെക്കുറിച്ചായിരുന്നു!
മലര്മന്ദഹാസ മനോഹാരിതയും
വശ്യമായ ചലനങ്ങളും
നിരന്തരം അയാൾ
തന്റെ വാക്കുകളിലാവിഷ്ക്കരിക്കാന് തുടങ്ങി!
ഒടുവിൽ ദാമു പറഞ്ഞു
നീയൊന്നു സങ്കല്പിച്ചുനോക്കൂ,
അവൾ,
വയറിളക്കംവന്ന് ചറപറെ തൂറുന്നത്!
കാമുകന്റെ മുഖം
മഴക്കാലത്തെ ആകാശംപോലായി
അയാൾ ഒന്നുംപറയാതെ
പുറത്തേക്കിറങ്ങിപ്പോയി!
ദാമൂ,ഇതല്പം ഏറിപ്പോയോ ? ഞാൻ ചോദിച്ചു.
കുറേദിവസമായി സഹിക്കുന്നു,
അവന് അങ്ങനെത്തന്നെ വേണം
ദാമു പറഞ്ഞു.
ഭൗതികമായ പ്രണയങ്ങളെപ്പറ്റി ആലോചിച്ച എനിക്ക്
പക്ഷേ ചിരിക്കാൻ കഴിഞ്ഞില്ല.
********************************************


 May be an image of 1 person and text

May be an image of flower, nature and text that says 'പുഞ്ചിരിക്കാറുണ്ട് പൂവുകൾ പുൽത്തുമ്പിലും പുളകം കൊള്ളാനില്ല നമുക്കൊന്നിനും നേരം!'

 

വായനദിനം
ബാലകൃഷ്ണൻ മൊകേരി
ആരും വായിക്കരുത്,
അവനവന്റെ ജീവിതം കൊണ്ട്
അന്യരുടെ ജീവിതം.
വായിക്കരുത്,
കാരണം,
നിങ്ങളപ്പോൾ വായിക്കുക
സ്വന്തം ജീവിതം മാത്രമാണ് !

 

മണ്ണാത്തിപ്പുള്ള്
-ബാലകൃഷ്ണൻ മൊകേരി
കിണര്മൂടിയ വലയ്ക്കുള്ളിൽ
പെട്ടുപോയ മണ്ണാത്തിപ്പുള്ള്
പുറത്തേക്കു വഴി കാണാതെ
നിസ്സഹായയായും
പരിഭ്രാന്തിയിൽ കേണും
തലങ്ങും വിലങ്ങും പറക്കുന്നു,
അതിനോടുചോദിച്ചു :
നീയെന്തിനാണ്
വലയ്ക്കുള്ളിൽ കയറിയത് ?
വലയ്ക്കുള്ളിൽ വലതീര്ത്ത
എട്ടുകാലിയെകണ്ട് കയറിയെന്നും
അങ്ങനെ കുടുങ്ങിയെന്നും പുള്ള് .
അകത്തുകേറും വഴിതന്നെ
പുറത്തിറങ്ങാൻ തടസ്സമോ ?
മോഹങ്ങളുടെ പിന്നാലെ പറക്കുമ്പോള്
രക്ഷാമാര്ഗ്ഗങ്ങളൊന്നും
ചിന്തയിൽ വരില്ലെന്നും
അകപ്പെട്ടാൽ,
വിവേചനബുദ്ധി മായുന്നുവെന്നും,
നിസ്സഹായത
ആരേയും തകര്ക്കുമെന്നും
പുള്ളിന്റെ അനുഭവപാഠം!
ഞാൻ ചിരിച്ചപ്പോള്,
പുറത്തുള്ളവരുടെ യുക്തികൊണ്ട്
ഇരകളെ നിരൂപണംചെയ്യരുതെന്നു്
പുള്ള് ദേഷ്യപ്പെട്ടു.
വലയുടെ ഒരുവശമുയര്ത്തി
ഞാൻ രക്ഷാമാര്ഗ്ഗം കാട്ടിയപ്പോള്,
രക്ഷകനെന്ന മിഥ്യാഭിമാനം വേണ്ടെന്നും
വലയിൽ ചെന്നുപെടാനും
പെട്ടാൽ കരഞ്ഞുവിളിക്കാനുമുള്ള വാസന
ജീവിസഹജമാണെന്നും
പതിയെ പാടിക്കൊണ്ട് പുള്ള്
ആകാശത്തിലേക്കുയര്ന്നുപോയി.
ആപത്തിൽപ്പെട്ട ജീവികളുടെ
തത്ത്വചിന്തയെപ്പറ്റി
ഗവേഷണം നടത്താനുറച്ച്
ഞാൻ യൂനിവേഴ്സിറ്റിയിലേക്കു പുറപ്പെടുകയും ചെയ്തു
*********************************
 May be an image of bird and nature
പഴയ ക്ലാസ് റ്റീച്ചർ
-ബാലകൃഷ്ണൻ മൊകേരി
വഴിയിലെൻ മുന്നിൽ
പഴയ ക്ലാസ് റ്റീച്ചർ,
തിരിച്ചറിയുന്നൂ,
കുശലംപേശുന്നൂ!
ക്ലാസിലെ മണ്ടശ്ശിരോമണി,കിട്ടുണ്ണി
എന്തുചെയ്കയാണിപ്പോൾ?
കിട്ടുണ്ണിയിപ്പോൾ,ദുബായിലെ മുന്തിയ
കച്ചവടക്കാരനാണുമാഷേ,
സ്കൂളിൻ പടിഞ്ഞാറുകാണുന്ന മാളിക
കിട്ടുണ്ണി നിർമ്മിച്ച വാസഗേഹം!
എലുമ്പനാം ഗോവിന്ദൻ?
ഗോവിന്ദനിപ്പോള് തടിച്ചുകൊഴുത്തൊരു
കോൺട്രാക്റ്ററായി വിലസിടുന്നൂ
മടിയനാം രാഘൂട്ടി?
രാഘൂട്ടിനാട്ടിലെ കേമനാം കൗൺസലർ
ഫീസിന്റെ കാര്യംകുറയ്ക്കുകില്ല!
പൂജ്യക്കണക്കനാം മൊയ്തുവോ ?സേട്ടുവി-
നെല്ലാക്കണക്കുമാ മൊയ്തുവത്രേ!
അക്ഷരമേശാത്ത കേശവൻ ?
നാട്ടിലെക്കുട്ടികൾക്കക്ഷരമേകിടുന്നോൻ!
റോസന്ന,മിണ്ടാത്തപൂച്ചയായുള്ളവൾ ?
ജില്ല ഭരിപ്പൂ കളക്റ്ററായി .
ഫുൾമാർക്ക് റാബിയക്കെന്തുപറ്റിക്കാണും?
ഒമ്പതാം ക്ലാസിൽ പഠിച്ചകാലം,
കല്യാണമന്നേകഴിഞ്ഞു,പഠിത്തവും
മക്കളും മക്കൾക്കുമക്കളുമായ് !
നന്നായ്പ്പഠിക്കുന്ന പെൺകിടാങ്ങൾ വേറെ?-
യുണ്ടവരെല്ലാം വിവാഹിതരായ്,
വീട്ടിന്നടുക്കളക്കൂരിരുൾത്താരയിൽ
ചുമ്മാചലിക്കും നിഴൽകളായി!
അപ്പൊഴീ നീയോ ?നിനക്കോർമ്മകാണുമോ?
ഏതോസമരംനടന്നനേരം
സ്റ്റാഫ്റൂമിൽക്കേറിനീ,മാർക്കിടാ മാഷിന്റെ
തന്തയ്ക്കു കേറിവിളിച്ചവിദ്വാൻ!
ആവഴിതന്നെഞാനിപ്പൊഴുംപോകുന്നു
നാളത്തെയെംമ്മല്ലേ ഞാനാണുസർ.
മാഷെന്തുചെയ്യുന്നതിപ്പോളടുത്തൂണിൽ ?
മാഷന്മാരന്തോന്നു ചെയ്തിടുവാൻ ?
തീരെഗതിയെഴാത്താത്മാക്കളായിനാ-
മിങ്ങനെ,തെക്കുവടക്കുനോക്കി.........

 

 

കരൾ പാതി
ബാലകൃഷ്ണൻ മൊകേരി
മാന്തണൽത്തറയിലൊരന്തിതൻ തളിരുകൾ
ഞെട്ടറ്റു വീഴുന്ന വേളയിലവനോട്
ചോദിക്കയായവൾ,പ്രിയനേ ,പറയുക
ഞാൻ നിനക്കാരാണ് ?, നീ പറഞ്ഞീടുക
തറയിൽ, കിടന്നുകൊണ്ടാകാശരാശികൾ
നിർമ്മമം വീക്ഷിക്കുമവനൊന്നു ഞെട്ടിയോ !
നീയെന്റെ കരളാണ്,ജീവനാണെപ്പോഴും
നീയില്ലയെങ്കിൽ, ഉറപ്പാണ് ഞാനില്ല,
സൂരപ്രകാശം കടന്നുചെല്ലാത്തൊരു
ദൂരഗ്രഹമായ് തികച്ചുമജ്ഞാതമായ്
നിർജ്ജീവമായി നിലച്ചുപോയേനെ ഞാൻ
നീയെന്റെയാത്മന്റെ ചൈതന്യമാണെടോ
സർവ്വംനിനക്കായി നേദിക്കുവോനിവൻ!
ചോദിക്കയാണവൾ, നീയെനിക്കേകുമോ
നിൻകരൾപാതിയെ, നിശ്ചയമെന്നവൻ.
ഇങ്ങനെയിങ്ങനെ വർത്തമാനങ്ങളിൽ
മങ്ങാതെ നില്ക്കുന്ന സ്നേഹത്രിസന്ധ്യയിൽ
കാമുകിമെല്ലെയെഴുന്നേറ്റു,പോകുവാ-
നോങ്ങുന്ന വേളയിലിങ്ങനെ ചൊല്ലിനാൾ
നാളെപ്പുലർച്ചെ നീ
എത്തണം,എൻ കൂടെ,
ഹോസ്പിറ്റലിൽ
എന്റെ അച്ഛൻകിടക്കുന്നു
കരൾപോയൊരച്ഛന്,
നിൻകരൾ പാതി നീ
നല്കണം,ടെസ്റ്റുക-
ളൊക്കെ നടത്തിടാം.
നാളെവരാതെനീ
പോവുകിൽ നിന്നോടു
മിണ്ടാനൊരുങ്ങില്ല
ഞാനൊരുകാലവും
(സൂര്യനല്ലന്നസ്തമിച്ചതാക്കാമുകൻ,
പിറ്റേന്നു സൂര്യനെപ്പോലുദിച്ചില്ലയാൾ !)