2019, മേയ് 3, വെള്ളിയാഴ്‌ച

കയ്പ്
നറുംപാലിലാകെ
പൊതിർന്നേറെനേരം,
നറുംതേനിലാഴ്ന്നും
കിടന്നേറെനേരം!
എന്നിട്ടുമീകാ -
ഞ്ഞിരത്തിൻെറ വിത്ത്
ജൈവസ്വഭാവം
മറക്കാൻ മടിച്ചൂ!
കയ്പിൻെറ മാധുര്യ-
മെന്നറിയാതെ,
കയ്പാണ് ശാശ്വത-
മെന്നതോരാതെ,
നന്നാവുകില്ലെന്ന്
നൂറാണയിട്ടൂ;
കയ്പാണ് ഞാനെന്ന്
നീചൊന്നിതെന്നും!
കയ്പിൻെറ പര്യായ-
മെന്നാർത്തിതെന്നും.
നീയെന്നെയേറെ
വെറുത്തിടുമ്പോഴും,
കാക്കുന്നു:കാലം-
വരാതിരിക്കില്ല,
കയ്പാണ് ജീവൻെറ
ഉണ്മയും നേരും !
-ബാലകൃഷ്ണൻ മൊകേരി.

2019, മേയ് 2, വ്യാഴാഴ്‌ച

ഉങ്ങുമരത്തിൻെറ ഉപമ ---ബാലകൃഷ്ണൻ മൊകേരി. ഇവിടെയൊരു ഉങ്ങുമരം വേനലിൻെറ ചൂടുനിശ്വാസത്തിന് കാതോർത്തു നില്ക്കുന്നു. ഫിബ്രവരിയുടെ ചൂട് ചാറ്റമഴയായി പെയ്ത് ചൂടിൻെറ പേമാരിയാകാനൊരുങ്ങുമ്പോള് ഇവിടെയൊരു ഉങ്ങുമരം പഴയ ഇലകളെല്ലാം ഓർമ്മകളായി പൊഴിച്ചുകളയുന്നു. ചൂടിൻെറ തേരോട്ടം പേടിച്ച ഭൂമി ഉങ്ങഴിച്ചിട്ട ഉണക്കിലകള് പുതച്ച് ചൂടിൻെറ ചാരക്കണ്ണുകളുടെ കാണാപ്പുറത്ത് ഇളകാതെ കിടക്കുമ്പോള് എല്ലുറപ്പുള്ള ഉങ്ങിൻെറ കൊമ്പുകള് വേനലിനെ പോരിനുവിളിക്കുന്നു. ആകാശത്തിൻെറ വാതിലുകള് തുറന്ന് എങ്ങുനിന്നോ എത്തിച്ചേരുന്ന പറവകളുടെ പാണമ്പാട്ടുകള് ഇടനെഞ്ചിൻെറ തുടിപ്പുണർത്തുമ്പോള് അതിജീവനത്തിൻെറ വന്യമായ കരുത്തില് ആസകലം പൊട്ടിത്തരിച്ച ഉങ്ങിൻെറ ശിഖരങ്ങളിലാകെ വേർപ്പുതുള്ളികള് പോലെ കുഞ്ഞിലകള് മുളച്ചുവരുന്നു, ഉങ്ങ് വീണ്ടും ഉടുപ്പണിഞ്ഞ് നാണം മറയ്ക്കുന്നു. ഒടുവില്, മരുക്കള് താണ്ടിത്തളർന്ന ഗ്രീഷ്മകാലം ഉങ്ങിൻെറ പ്രതിരോധത്തണലിലിരുന്ന് മഴകളെ സ്വപ്നംകാണുന്നു. ഇങ്ങനെയാണ് ഉങ്ങുമരം ആത്മസമർപ്പണത്തിൻെറ സാക്ഷ്യപത്രമായിത്തീരുന്നത്. നില്ക്കുന്നു.
ഫിബ്രവരിയുടെ ചൂട് ചാറ്റമഴയായി പെയ്ത് ചൂടിൻെറ പേമാരിയാകാനൊരുങ്ങുമ്പോള് ഇവിടെയൊരു ഉങ്ങുമരം പഴയ ഇലകളെല്ലാം ഓർമ്മകളായി പൊഴിച്ചുകളയുന്നു. ചൂടിൻെറ തേരോട്ടം പേടിച്ച ഭൂമി ഉങ്ങഴിച്ചിട്ട ഉണക്കിലകള് പുതച്ച് ചൂടിൻെറ ചാരക്കണ്ണുകളുടെ കാണാപ്പുറത്ത് ഇളകാതെ കിടക്കുമ്പോള് എല്ലുറപ്പുള്ള ഉങ്ങിൻെറ കൊമ്പുകള് വേനലിനെ പോരിനുവിളിക്കുന്നു. ആകാശത്തിൻെറ വാതിലുകള് തുറന്ന് എങ്ങുനിന്നോ എത്തിച്ചേരുന്ന പറവകളുടെ പാണമ്പാട്ടുകള് ഇടനെഞ്ചിൻെറ തുടിപ്പുണർത്തുമ്പോള് അതിജീവനത്തിൻെറ വന്യമായ കരുത്തില് ആസകലം പൊട്ടിത്തരിച്ച ഉങ്ങിൻെറ ശിഖരങ്ങളിലാകെ വേർപ്പുതുള്ളികള് പോലെ കുഞ്ഞിലകള് മുളച്ചുവരുന്നു, ഉങ്ങ് വീണ്ടും ഉടുപ്പണിഞ്ഞ് നാണം മറയ്ക്കുന്നു. ഒടുവില്, മരുക്കള് താണ്ടിത്തളർന്ന ഗ്രീഷ്മകാലം ഉങ്ങിൻെറ പ്രതിരോധത്തണലിലിരുന്ന് മഴകളെ സ്വപ്നംകാണുന്നു. ഇങ്ങനെയാണ് ഉങ്ങുമരം ആത്മസമർപ്പണത്തിൻെറ സാക്ഷ്യപത്രമായിത്തീരുന്നത്.