2013, നവംബർ 17, ഞായറാഴ്‌ച

കല്ല്
 ഭാവത്തിന്‍ പരകോടിയില്‍
ബുദ്ധിയുണര്‍ന്ന കല്ല്
ഇപ്രകാരം ചിന്തിച്ചു :-
അനന്തകാലമായി ഞാന്‍
ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു !
എറിയുന്ന കൈയും
തറയുന്ന നെഞ്ചും മാറിമാറി
തരവും തഞ്ചവും പോലെ
കല്ലാളിയുടെ നിറവുമായി
ഒളിഞ്ഞും തെളിഞ്ഞുമങ്ങനെ...........
ഇനിയിതു വയ്യ ,ഞാന്‍
സ്വയം വിരമിക്കുകയാണ്
ആരാന്റെ കൈകള്‍ക്ക്
ഊക്കു പകരാന്‍
ഇനി വയ്യതന്നെ
       ഇങ്ങനെ ചിന്തിച്ചവാറേ,
ചീറിപ്പായുന്ന കല്ല്
ആകാശത്തിലലിഞ്ഞുചേര്‍ന്നു
കല്ലുപോയപ്പോള്‍ മണ്ണുപോയി,
മണ്ണു പോയപ്പോള്‍
നില്ക്കക്കള്ളിയില്ലാതെ
പൊണ്ണന്മാരെല്ലാം
അനാദി ധൂളിയായി
പറന്നും പോയി !

2013, നവംബർ 14, വ്യാഴാഴ്‌ച

കഥാര്‍സിസ്

കൊല്ലാന്‍ തോന്നിയിട്ടുണ്ട് 
പലരേയും, പലപ്പോഴും !
കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ
ലൈന്‍ ബസ്സിന്റെ ഡ്രൈവറെ,
ഇഷ്ട നായികയെ അപമാനിച്ച്
നിയമം കാറ്റില്‍ പറത്തുന്ന
സിനിമയിലെ വില്ലനെ,
പൊതുമുതല്‍ കട്ടു മുടിച്ചിട്ടും
കേസില്‍നിന്നും തലയൂരുന്ന നേതാവിനെ,
കടം വാങ്ങിയതു തിരിച്ചു തരാതെ
കള്ളുകുടിച്ച് പുലഭ്യം പറയുന്ന 
നാട്ടുകാരനെ,
അപവാദ വ്യവസായിയെ,
കണികേറിവരുന്ന പിരിവുകാരെ,
പെണ്ണുങ്ങളുടെ മുന്നില്‍ വെച്ച്
കളിയാക്കി രസിക്കുന്ന
കൂട്ടുകാരനെ....
കൊല്ലാന്‍ തോന്നിയിട്ടുണ്ട്
ഇങ്ങനെ,
പലരേയും പലപ്പോഴും!
എങ്കിലുമെനിക്ക്
പേടിയാണ് നിയമത്തെ
അതുകൊണ്ട്
കമ്പ്യൂട്ടര്‍ ഗെയിം തുറന്ന്
വെടിവച്ചു കൊല്ലുന്നു
ഞാനനേകരെ...!

2013, നവംബർ 10, ഞായറാഴ്‌ച

പിണക്കം

       പിണങ്ങി, ചങ്ങാതി നീ-
യെന്നിലേക്കുതിര്‍ക്കുന്ന
വാക്കുകള്‍ ചോരക്കൊതിപൂണ്ടവ,
മനസ്സിന്റെ-
ക്ഷീരസാഗരതീര,മെങ്കിലും കലഹിപ്പൂ,
നിന്റെ ചുണ്ടുകള്‍, നീണ്ട
നഖങ്ങള്‍, കോമ്പല്ലുകള്‍  !
ഒഴുക്കു നിലച്ചതാം മാനസങ്ങളിലുള്ള
അഴുക്കു ജലത്തില്‍ നിന്‍
മുട്ടകള്‍ പെരുകുന്നു !
അറിയാം, നാളെ,പ്പതി-
നായിരങ്ങളായവ
ഭൂതലം മൂടും, കൊടും രോഗപീഢകളേകും !
     തിരികെ പ്രയോഗിക്കാ-
നില്ലൊരു തെറിപോലും,
ഉള്ളതു, സുഗന്ധാര്‍ദ്ര-
രാഗ വാണികള്‍ മാത്രം !
മധു മക്ഷികകളായ്
അവ തേടുന്നൂ പൂന്തേന്‍,
മധുരം തരാം നിന,-
ക്കിത്തിരി നുകര്‍ന്നോളൂ
പിണക്കം തീരാന്‍ വഴി-
യിതു മാത്രമാം, പക്ഷേ,
ഇണങ്ങാന്‍ വഴി
ഇതല്ലെന്നു ഞാനറിയുന്നൂ !