2013, നവംബർ 17, ഞായറാഴ്‌ച

കല്ല്
 ഭാവത്തിന്‍ പരകോടിയില്‍
ബുദ്ധിയുണര്‍ന്ന കല്ല്
ഇപ്രകാരം ചിന്തിച്ചു :-
അനന്തകാലമായി ഞാന്‍
ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു !
എറിയുന്ന കൈയും
തറയുന്ന നെഞ്ചും മാറിമാറി
തരവും തഞ്ചവും പോലെ
കല്ലാളിയുടെ നിറവുമായി
ഒളിഞ്ഞും തെളിഞ്ഞുമങ്ങനെ...........
ഇനിയിതു വയ്യ ,ഞാന്‍
സ്വയം വിരമിക്കുകയാണ്
ആരാന്റെ കൈകള്‍ക്ക്
ഊക്കു പകരാന്‍
ഇനി വയ്യതന്നെ
       ഇങ്ങനെ ചിന്തിച്ചവാറേ,
ചീറിപ്പായുന്ന കല്ല്
ആകാശത്തിലലിഞ്ഞുചേര്‍ന്നു
കല്ലുപോയപ്പോള്‍ മണ്ണുപോയി,
മണ്ണു പോയപ്പോള്‍
നില്ക്കക്കള്ളിയില്ലാതെ
പൊണ്ണന്മാരെല്ലാം
അനാദി ധൂളിയായി
പറന്നും പോയി !

2013, നവംബർ 14, വ്യാഴാഴ്‌ച

കഥാര്‍സിസ്

കൊല്ലാന്‍ തോന്നിയിട്ടുണ്ട് 
പലരേയും, പലപ്പോഴും !
കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ
ലൈന്‍ ബസ്സിന്റെ ഡ്രൈവറെ,
ഇഷ്ട നായികയെ അപമാനിച്ച്
നിയമം കാറ്റില്‍ പറത്തുന്ന
സിനിമയിലെ വില്ലനെ,
പൊതുമുതല്‍ കട്ടു മുടിച്ചിട്ടും
കേസില്‍നിന്നും തലയൂരുന്ന നേതാവിനെ,
കടം വാങ്ങിയതു തിരിച്ചു തരാതെ
കള്ളുകുടിച്ച് പുലഭ്യം പറയുന്ന 
നാട്ടുകാരനെ,
അപവാദ വ്യവസായിയെ,
കണികേറിവരുന്ന പിരിവുകാരെ,
പെണ്ണുങ്ങളുടെ മുന്നില്‍ വെച്ച്
കളിയാക്കി രസിക്കുന്ന
കൂട്ടുകാരനെ....
കൊല്ലാന്‍ തോന്നിയിട്ടുണ്ട്
ഇങ്ങനെ,
പലരേയും പലപ്പോഴും!
എങ്കിലുമെനിക്ക്
പേടിയാണ് നിയമത്തെ
അതുകൊണ്ട്
കമ്പ്യൂട്ടര്‍ ഗെയിം തുറന്ന്
വെടിവച്ചു കൊല്ലുന്നു
ഞാനനേകരെ...!

2013, നവംബർ 10, ഞായറാഴ്‌ച

പിണക്കം

       പിണങ്ങി, ചങ്ങാതി നീ-
യെന്നിലേക്കുതിര്‍ക്കുന്ന
വാക്കുകള്‍ ചോരക്കൊതിപൂണ്ടവ,
മനസ്സിന്റെ-
ക്ഷീരസാഗരതീര,മെങ്കിലും കലഹിപ്പൂ,
നിന്റെ ചുണ്ടുകള്‍, നീണ്ട
നഖങ്ങള്‍, കോമ്പല്ലുകള്‍  !
ഒഴുക്കു നിലച്ചതാം മാനസങ്ങളിലുള്ള
അഴുക്കു ജലത്തില്‍ നിന്‍
മുട്ടകള്‍ പെരുകുന്നു !
അറിയാം, നാളെ,പ്പതി-
നായിരങ്ങളായവ
ഭൂതലം മൂടും, കൊടും രോഗപീഢകളേകും !
     തിരികെ പ്രയോഗിക്കാ-
നില്ലൊരു തെറിപോലും,
ഉള്ളതു, സുഗന്ധാര്‍ദ്ര-
രാഗ വാണികള്‍ മാത്രം !
മധു മക്ഷികകളായ്
അവ തേടുന്നൂ പൂന്തേന്‍,
മധുരം തരാം നിന,-
ക്കിത്തിരി നുകര്‍ന്നോളൂ
പിണക്കം തീരാന്‍ വഴി-
യിതു മാത്രമാം, പക്ഷേ,
ഇണങ്ങാന്‍ വഴി
ഇതല്ലെന്നു ഞാനറിയുന്നൂ !

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍
ബ്രോക്കര്‍
അനുഭവം തന്നെ. പക്ഷേ, സുഹൃത്തിന്റേതാണെന്നുമാത്രം.
പൈതൃകമായി കിട്ടിയ സ്ഥലമാണ്. ഒരാവശ്യം പ്രമാണിച്ച് വില്‍പ്പനയെപ്പറ്റി ചിന്തിച്ചു. ധനവാനായ ബന്ധുവിനോട് അതിനെപ്പറ്റി സംസാരിച്ചു. അതിനെന്താ , അദ്ദേഹം പറഞ്ഞു. നമുക്കാലോചിക്കാം. ഓപ്പണ്‍ മാര്‍ക്കറ്റില്‍ വെക്കുന്നില്ല-സുഹൃത്തു പറഞ്ഞു.
വേണ്ട, ബന്ധു പറഞ്ഞു. ഞാനെടുത്തോളാം.
രണ്ടുദിവസം കഴിഞ്ഞു. ഒരു ഫോണ്‍ കോള്‍ -ഹലോ......അല്ലേ,
അതേ.
നിഞ്ഞളുടെ സ്ഥലം വില്‍ക്കുന്നുണ്ടോ ?
അങ്ങനെയൊരുദ്ദേശ്യത്തെപ്പറ്റി ആലോചിക്കുന്നു.
എന്തു വിലയാകും ?
നിങ്ങള്‍ കാണുന്നതെത്രയാ ?
അല്ല, നിങ്ങള്‍ പറയൂ.
വലിയൊരു തുകയാണ് പറഞ്ഞത്.
അവിടെ അത്രയൊന്നും കിട്ടില്ലല്ലോ.
വേണ്ട സുഹൃത്തേ, ഞാനതു പുറത്തു വില്‍ക്കുന്നില്ല. എന്റെ ഒരു ബന്ധുവിനു വേണമെന്നു പറഞ്ഞിട്ടുണ്ട്.(ബന്ധുവിന്റെ പേരും പറഞ്ഞു)
ശരി, അയാള്‍ ഫോണ്‍ വച്ചു
പിന്നീടാണ് കഥ മുറുകുന്നത്. ബന്ധുവിനെ വിളിച്ച്, ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നു പറയുന്നു. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ ബന്ധുവിനു നല്‍കുന്നു
ഞാന്‍ നിന്നെ വിളിക്കാം- ബന്ധു പറഞ്ഞു.
അതു തന്നെ. പിന്നെ ഒരു വിവരവുമില്ല. എത്ര വിളിച്ചിട്ടും ബന്ധു ഫോണ്‍ എടുക്കുന്നില്ല.സ്ഥലം വേണ്ടെന്നു പോലും പറയുന്നില്ല.പിന്നീടറിഞ്ഞു, അദ്ദേഹം ഗള്‍ഫിലേക്കു തിരിച്ചുപോയി.
എന്തു പറ്റിയെന്നു് ഒരു പിടിയുമില്ല.
അറിഞ്ഞതു പിന്നീടാണ്, തന്നെ വിളിച്ച് സ്ഥലം വില്‍ക്കുന്നോ എന്നന്വേഷിച്ചയാള്‍ ബ്രോക്കറാണ്. അയാള്‍ ബന്ധുവിനെ സമീപിച്ച് തന്നെ ഇന്നയാള്‍ സ്ഥലം വില്‍ക്കാനേല്‍പ്പിച്ചിട്ടുണ്ടെന്നും, താങ്കള്‍ക്കതു താല്‍പര്യമുണ്ടോ എന്നും ചോദിച്ചുവത്രേ.ബന്ധു ഞെട്ടിപ്പോയി. നേരിട്ട് സംസാരിച്ച കാര്യത്തിനു് ബ്രോക്കറോ ? തന്നോട് കൂടുതല്‍ പണം ചോദിക്കാനുള്ള അടവാണ്. അങ്ങനെയാണത്രേ അദ്ദേഹം മിണ്ടാതെ സ്ഥലം വിട്ടത്.
സുഹൃത്തിതു പറയുമ്പോള്‍ വികാരാധീനനായിരുന്നു. നോക്ക്, അയാള്‍ പറഞ്ഞു, ആ ബ്രോക്കര്‍ തെണ്ടി ഒരുകാലത്തും ഗുണംപിടിക്കില്ല. അയാളുടെ കുടുംബം നാറാണക്കല്ലു തോണ്ടും..എനിക്കയാളെ അറിയില്ല, എവിടുന്നെങ്കിലും കണ്ടാല്‍ ,അയാളുടെ മുഖത്തു രണ്ടെണ്ണം കൊടുക്കണം
വേണ്ട സുഹൃത്തേ, ഞാന്‍ പറഞ്ഞു.ഇത്തരത്തില്‍ പണമുണ്ടാക്കുന്നവര്‍ക്ക് അതനുഭവിക്കാനുള്ള യോഗമുണ്ടാകില്ല.

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

വീടുപണി

ചെന്താമരാക്ഷന്‍ പിള്ള സാറിന്റെ ഗൃഹപ്രവേശം നാളെയാണ്. നാളെയാണെങ്കില്‍ എനിക്ക് സമയമുണ്ടാവില്ല. (ജാഡയല്ല, തെങ്ങുകയറ്റക്കാരന്‍ എനിക്ക് അപ്പോയന്റ്മെന്റ് തന്നിരിക്കുന്നത് നാളേക്കാണ്. ഡേറ്റു തെറ്റിയാല്‍ പിന്നെ രണ്ടുമാസത്തേക്ക് ആളെ കിട്ടില്ല) അതുകൊണ്ടാണ് ഞാന്‍ ഇന്നു തന്നെ അവിടെയൊന്ന് കേറിക്കളയാമെന്ന് വിചാരിച്ചത്.
പിള്ള സാര്‍ മുറ്റത്തുതന്നെയുണ്ടായിരുന്നു. ആകെ ബഹളം.... പെയിന്റര്‍മാരുണ്ട്, തേപ്പു പണിക്കാരുണ്ട്, ആശാരി പണിക്കാരുമുണ്ട്. വീടു പണി ഇനിയും കഴിഞ്ഞില്ലെന്നുണ്ടോ ".അല്ല മാഷേ, ഇതെന്താ ? "
"ഒന്നും പറയണ്ട സുഹൃത്തേ," അദ്ദേഹം പറഞ്ഞു. "ഇതാണ് കാര്യം. പണിക്കാര്‍ പറയുന്ന ദിവസമൊന്നും വരില്ല. ഒടുവില്‍ അവര്‍തന്നെയാ പറഞ്ഞത്, ഗൃഹപ്രവേശത്തിന് തിയ്യതി നിശ്ചയിച്ചോളാന്‍. എന്നിട്ടോ, ദാ നോക്ക് നാളെയാ ചടങ്ങ്. ഇവരിപ്പോഴും........."
"നല്ല ശുഷ്ക്കാന്തിയുള്ളവര്‍ തന്നെ , ഞാന്‍ പറഞ്ഞു.അല്ലെങ്കില്‍ ഈ രാത്രിയുള്ള പരിപാടിക്ക് അവര്‍ വരില്ലായിരുന്നല്ലോ."
"അതല്ലസാര്‍, പ്രശ്നം ".പിള്ള സാര്‍ പറഞ്ഞു. "തിരക്കിട്ട് ചെയ്യുന്നതുകൊണ്ട്. ജോലിക്ക് ഫിനിഷിംഗ് ഉണ്ടാവില്ല. എന്നാലേ, അവര്‍ കാശ് കണക്കുപോലെ വാങ്ങിക്കയും ചെയ്യും എന്താ ചെയ്ക, ഈ കാര്യം ആരോടും പറയാനും വയ്യ, തൊഴിലാളിവിരുദ്ധനായിപ്പോവില്ലേ....",കഷണ്ടിത്തല തുടച്ചുകൊണ്ട് സാറ്‍ പറഞ്ഞു
"അതു പോട്ടെ, ഇന്നു വന്നത് മുന്‍കൂര്‍ ജാമ്യവുമായല്ലല്ലോ," പിള്ളസാര്‍ എന്റെ കാര്യം തിരക്കാന്‍ തുടങ്ങി............

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍


ദക്ഷിണ

വിദ്യാരംഭം പ്രമാണിച്ച് മകളെ നൃത്ത വിദ്യാലയത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു സുഹൃത്ത്. "എന്താ മോളേ കൈയില്‍ ?" ഞാന്‍ ചോദിച്ചു. മറുപടി പറഞ്ഞത് സ്നേഹിതനാണ്."അതോ, ദക്ഷിണ വയ്ക്കാനുള്ള വെറ്റിലയും മറ്റുമാണ്."
"അപ്പോള്‍ ദക്ഷിണ മതിയോ ഇപ്പോഴും ? ഫീസൊന്നുമില്ലേ ? "ഞാന്‍ ചോദിച്ചു.
"അതൊക്കെ കൃത്യമായി മാസാമാസം കൊടുക്കണം. ഇത് പുറമെ."
"അവരു പറയുന്ന ഫീസ് കൃത്യമായി കൊടുക്കുമ്പോഴും ദക്ഷിണയെന്ന പേരില്‍ പണം കൊടുക്കണമല്ലേ ? ഇതു തന്നെയല്ലേ കൈക്കൂലി ? സര്‍ക്കാരുദ്യോഗസ്ഥന്‍മാര്‍ ശമ്പളത്തിനു പുറത്തു ,ആളുകളോടു വാങ്ങുന്ന പണത്തിനെ കൈക്കൂലിയെന്നല്ലേ നമ്മള്‍ പറയാറ് ? ഇക്കണക്കിന് അതും ദക്ഷിണതന്നെയല്ലേ ?"
"നിനക്കെന്തറിയാം ?ഗുരുവിന്റെ പിറന്നാളിന് സമ്മാനം വേറെ, അരങ്ങേറ്റത്തിനു വേറെ ദക്ഷിണ- ഇങ്ങനെ എന്തെല്ലാം കിടക്കുന്നു, പണ്ട്, ഇതൊക്കെ പഠിപ്പിക്കുന്ന ഗുരുക്കന്മാര്‍ക്ക് ഈദക്ഷിണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇന്നു കാലം മാറിയെങ്കിലും ഇക്കാര്യത്തില്‍ മാറ്റമില്ല.നമ്മള്‍ കൊടുക്കും, അവരു വാങ്ങും .അതു തന്നെ. ഞങ്ങള്‍ക്കു വൈകി, പിന്നെ കാണാം "സ്നേഹിതനും മകളും നടന്നു പോയി.
ഞാനാലോചിക്കുകയായിരുന്നു, എന്തു വലിയ വിപ്ലവം പറഞ്ഞാലും നമ്മളിങ്ങനെതന്നെയാണ്. പണ്ട്, വീടുപണിക്ക് ഭക്ഷണം മാത്രം കൂലിയായിരുന്ന കാലത്ത്
ഗൃഹപ്രവേശനത്തിനു വസ്ത്രവും പണക്കിഴിയും നല്‍കുമായിരുന്നു. ഇന്ന് പണിക്കാര്‍ക്കൊക്കെ കൃത്യമായ കൂലിയുണ്ട് (എന്നാലും പണിക്ക് ആളെ കിട്ടാനില്ല !)എന്നിട്ടും, കട്ടില വെപ്പിനും ഗൃഹപ്രവേശനത്തിനുമെല്ലാം ഈ ദക്ഷിണ കൂടിയേ കഴിയൂ. കഷ്ടം തന്നെ.
ഗുണപാഠം :-
ഒന്നുകില്‍ , ഈ ദക്ഷിണകളെയും കൈക്കൂലിവകുപ്പില്‍ പെടുത്തി നിരോധിക്കുക, അല്ലെങ്കില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ വാങ്ങുന്ന കൈക്കൂലിയെക്കൂടി ദക്ഷിണയായി കരുതി അംഗീകരിക്കുക !
ആമേന്‍!

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

പേടി
ആരൊക്കെയോ തന്റെ പിന്നിലെത്തുന്നുവെ-...
ന്നോരോ ചുവടുവെപ്പിങ്കലും ശങ്കിച്ച്
തീരാത്ത പേടികള്‍ പേറുന്നവരെത്ര-
പേരോ നടക്കുന്നു നമ്മിലും ചുറ്റിലും !

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

വേഷം

തുണിയെത്രയുടുത്താലും
നഗ്നനാ(യാ)ണതിന്നുള്ളില്‍ നീ,
വേഷമെത്ര പകര്‍ന്നാലും
നിന്മുഖം തന്നെ നിന്മുഖം !

2013, ജൂലൈ 23, ചൊവ്വാഴ്ച

അച്ഛന്‍

... ക്ലാസില്‍ കരഞ്ഞുകലങ്ങി, ചെമന്ന കണ്ണുകളുമായിരിക്കുന്ന പെണ്‍കുട്ടിയെ കണ്ട് പ്രൊഫെസര്‍ക്ക് വിഷമം തോന്നി.
പാവം, അദ്ദേഹം വിചാരിച്ചു.
എന്തു പറ്റി കുട്ടീ ? അദ്ദേഹം അവളോടു ചോദിച്ചു.
അവളാകട്ടെ അപ്പോഴും തേങ്ങിക്കരയുകയായിരുന്നു
പ്രൊഫെസര്‍ വാത്സല്യത്തോടെ പറഞ്ഞു :നോക്കൂ മോളേ, എന്തു പ്രശ്നമാണെങ്കിലും എന്നോടു പറയാം. ഞാന്‍ മോളുടെ അച്ഛനെപ്പോലെതന്നെയല്ലേ.....
പെണ്‍ കുട്ടിയില്‍ നിന്നു പുറപ്പെട്ടത് ഒരു അലര്‍ച്ചയായിരുന്നു.
പേടിച്ചലറിക്കൊണ്ട് പുറത്തേക്കു പാഞ്ഞു പോവുന്ന അവളെക്കണ്ട് അമ്പരന്നു നില്ക്കാനേ, പ്രൊഫെസര്‍ക്ക കഴിഞ്ഞുള്ളൂ......

2013, ജൂൺ 9, ഞായറാഴ്‌ച

നാദാപുരം

      നാദാപുരമൊരു നെല്‍പാടമാകുന്നു
കരുത്തു കനത്തൊരു മുണ്ടകന്‍ പാടം !
കരിവളക്കൂറുള്ള പാടത്തിലെങ്ങും
പായലിന്‍ പച്ചക്കോണകമുടുത്ത്,
കാക്കപ്പൂവിന്റെ മിഴിക്കറുപ്പില്‍ നോക്കി
മുണ്ടകന്‍ ഞാറ് തിരമാല തീര്‍ക്കെ,
തലയരിയാ*നെത്തുന്ന പൊക്കന്റെ വായില്‍
ദിനേശ് ബീഡി പുകയുന്ന പാടം!
           ഞാറിന്റെ കാട്ടിലൊളിച്ചിരിക്കുന്ന
കയ്ച്ചിലിന്‍ കണ്ണിലെ തുമ്പിക്കൊതിയിലേ-
ക്കറിയാതെയൊരു കൊച്ചു കൂരാത്തി ചെല്ലുമ്പോള്‍
കപ്പിവിഴുങ്ങുന്നൊരൊച്ചയില്‍ 
വരമ്പത്തെ പൊന്മാന്‍ പറക്കുന്ന പാടം !
            പിരിയോല ചൂടുന്ന പെണ്ണാളുകള്‍ നീളെ-
യേക താളത്തില്‍ മദമാര്‍ന്നു പാടുന്ന
പാട്ടിന്റെയിതളുകളില്‍
നിന്നുമൊരാര്‍ച്ചയാള്‍
അതിരുഷ്ടയായ് തന്റെ
നനമുണ്ട് വീശുമ്പോള്‍,
ജോനകപ്പടയാകെ പതറുന്ന
നാടിന്റെ പെണ്‍ വീര്യമുണരുന്നൊരേട് നാദാപുരം !
               അകലെ, കിഴക്കിന്റെ
മലമോളില്‍ കര്‍ക്കിടകം
തെയ്യമായുറയുന്ന കാലത്ത് തെങ്ങിന്റെ
കടപുഴകി മണ്ണിളകി-
യുരുള്‍പൊട്ടിയടരുമ്പോള്‍,
മണ്ണിന്റെ ചോരയില്‍ പഴയൊഴുകി,
ചോരയീ-
മുണ്ടകന്‍ പാടം നിറയുമ്പോള്‍
നെഞ്ചില്‍ നെരിപ്പോടു പേറും കൃഷീവല-
മിഴികളില്‍ തെളിയുന്ന
ദുരിതങ്ങള്‍ തന്‍ വെറും
മുണ്ടകപ്പാടമിതു നാദാപുരം !
             പലനാടു തേടുന്ന
പുഴയുടെ കലക്കത്തി-
ലറിയാതെയിരുളില്‍
കടന്നുവന്നെത്തുന്ന
മുതലകള്‍ ചിലപ്പൊഴീ-
പാടത്തിനിടയിലെ
തോടിന്റെ കൈതപ്പടര്‍പ്പിലൊളിച്ചിരു-
ന്നതു വഴി പോകുന്ന ബാലകരെ രുചിനോക്കു-
മതു ഭയമുണര്‍ത്തുന്ന
പകലുകളെയുളവാക്കു-
മതിനപ്പുറത്തൊരു
പുലരിയുണരുന്നേരം
ഒരുപാടു മനസ്സുകളി-
ലുണരുന്ന സ്നേഹമ-
ങ്ങുറവയായൊഴുകിയീ
നാടിന്‍ കലക്കങ്ങ-
ളകലേക്കു, കടലിലേ-
ക്കൊഴുക്കിവിട്ടീടുമേ.....
        കണ്ണീരു പോലെ 
തെളിയുമിപ്പാടത്ത്
കതിരുകള്‍ കനമാര്‍ന്ന്
കനകമായ് വിളയുമ്പോള്‍
നാദാപുരം ഒരു
മുണ്ടകന്‍ പാടമായ്,
നാട്ടിന്‍ പുറമായി,
വാമൊഴിപ്പാട്ടായി
പാണന്റെ മൊഴികളില്‍
നാവില്‍ നിറഞ്ഞാടു,-
മെപ്പൊഴോ കോല്‍കളി-
 പ്പാട്ടായി മാറിടും !
              നാദാപുരം ഒരു പാടമാകുന്നു പോല്‍,
മുണ്ടകന്‍ പോ‌ലെ കതിരു കനക്കുന്ന
കെട്ടിടജാലം പല വാണിഭങ്ങളില്‍
കൊയ്ത്തും മെതിയും തകൃതിയായങ്ങനെ
നാദാപുരം ഒരു മുണ്ടകന്‍ പാടമാം !

...................................
*തലയരിയുക- ഞാറിന്റെ തലപ്പുകള്‍ അരിഞ്ഞെടുത്ത് കന്നുകാലികള്‍ക്ക് കൊടുക്കും
(ചന്ദ്രിക ആഴ്ചപ്പതിപ്പ് 2013 മെയ് 25-31. ലക്കം 33)


2013, മേയ് 21, ചൊവ്വാഴ്ച

ഇന്ത്യയെ കണ്ടെത്തല്‍
മാനേജര്‍

ഹൗസിംഗ് ലോണിനെപ്പറ്റി അന്വേഷിക്കാനാണ് ബാങ്കില്‍ കയറിയത്. മുറിയുടെ മുന്നില്‍ കാത്തുനിന്നു. അദ്ദേഹം എന്തൊക്കെയോ തിരിച്ചും മറിച്ചും നോക്കുകയാണ്. അകത്തു കയറി. 
ഗൗനിക്കുന്നില്ല.
... ... സര്‍ ,വിളിച്ചുനോക്കി.
മാനേജര്‍ കണ്ണടയ്ക്കുള്ളിലൂടെ തുറിച്ചുനോക്കി. എന്തു വേണം ?
ഹൗസിംഗ് ലോണിനെപ്പറ്റി.....
നിങ്ങള്‍ മറ്റന്നാള്‍ വരൂ- അദ്ദേഹം മൗസ് ക്ലിക്കിലേക്ക് മടങ്ങി
കിട്ടുമോ ആവോ, ഒന്നും പറഞ്ഞില്ലല്ലോ. മറ്റേതെങ്കിലും ബാങ്കില്‍ ചെന്നു നോക്കിയാലോ- മനസ്സില്‍ ചിന്തകള്‍ നിറഞ്ഞു.
ഏതായാലും ഇത്രടം വന്നതല്ലേ, നമ്മുടെ ഗള്‍ഫ് ചങ്ങാതിയെ ഒന്നു കണ്ടുകളയാം
കടുങ്ങ്വോനേട്ടന്റെ കടയില്‍ നിന്നും ഒരു ചായ കുടിക്കാം. എന്നിട്ടു പോകാം. കടയില്‍ കയറിയിരുന്നു. ഇവിടെയിപ്പോള്‍ ബേക്കറികൂടി തുടങ്ങിയിട്ടുണ്ട്. കൊള്ളാം.ചായകുടിക്കുമ്പോളാണ് രാജന്‍ പറഞ്ഞത്, അതാ മാനേജര്‍ പോകുന്നു.
ചോദ്യഭാവത്തില്‍ രാജനെ നോക്കി .
നമ്മുടെ ബാങ്ക് മാനേജരാ, പുള്ളിക്കാരന്റെ കാറാ ആ പോയത്. രാജന്‍ പറഞ്ഞു.
ഗള്‍ഫ് ചങ്ങാതിയുടെ വീട്ടിലെത്തിയപ്പോള്‍, ആളുകള്‍ ആരൊക്കെയോ ഉണ്ട്. അസിസ്റ്റന്‍ന്റ് ദാമു കോലായിലുണ്ട്.
ദാമൂ, ആളുണ്ടോ ?
ഉണ്ട്. എന്തോ തിരക്കിലാന്നാ തോന്നുന്നേ, ഞാനൊന്നു നോക്കട്ടെ.
സ്വീകരണമുറിയില്‍ അഞ്ചാറുപേരുണ്ട്. നമ്മുടെ മാനേജര്‍ സാറും അക്കൂട്ടത്തിലിരിപ്പുണ്ട്. ഞാന്‍ പരിചയഭാവം കാണിക്കാന്‍ ശ്രമിച്ചെങ്കിലും അങ്ങോര്‍ ഗൗനിക്കുന്നില്ല. അപ്പോഴേക്കും ദാമു വന്നു.
മാശേ, അകത്തേക്കു ചെല്ലാന്‍ പറഞ്ഞു.
അകത്ത്, ചങ്ങാതിയുടെ ബെഡ് റൂമില്‍, അയാള്‍ കിടക്കുകയാണ്.
നിനക്കിങ്ങോട്ടു കേറിവരാന്‍ അനുവാദം ചോദിക്കണോ ? അവന്‍ ചോദിച്ചു.
അതല്ല........ഞാന്‍ ....
പോടാ, നിന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. നിന്നെ ഞാനിന്ന് വിടില്ല. വീട്ടില്‍ വിളിച്ച് ഇന്നു വരില്ലെന്നു പറഞ്ഞേക്ക്
അല്ല, ഞാനിന്ന് ബാങ്കില്‍ വന്നപ്പോള്‍, നിന്നെയൊന്നു കാണാന്‍...
ചങ്ങാതി ദാമുവിനെ വിളിച്ചു.അപ്പൊഴാ ഓര്‍ത്തത്, പുറത്ത് ആ മാനേജര്‍ വന്നിരിപ്പുണ്ടത്രേ,-ദാമൂ, ആ മാനേജരോടിങ്ങ് വരാന്‍ പറ
ഞാന്‍ എണീക്കാന്‍ നോക്കി. എന്നാല്‍, ഞാന്‍ പുറത്തുണ്ടാവും.......
 നീയവിടിരിക്ക്. നിന്നെ ഒളിക്കേണ്ട ഒന്നും എനിക്കില്ല.
മാനേജര്‍ കടന്നു വന്നു. സുഹൃത്തു് കാണിച്ച കസാരയില്‍ ഇരുന്നു.
എന്താ മാനേജരുസാറേ വിശേഷം ?...............
സാറു വന്നെന്നറിഞ്ഞു. വന്നു കാണാന്‍ പറ്റിയില്ല.
എന്തേ ?
ഇത്, ഡിപ്പോസിറ്റ് മാക്സിമൈസ് ചെയ്യുന്ന സമയമാണ്... സാര്‍....ഒരു...
മാനേജരേ, നിങ്ങള്‍ അല്പം വൈകി. ആ ഗ്രാമീണബാങ്കിന്റെ മാനേജര്‍ ഇന്നലെ വന്നിരുന്നു. അഞ്ചിനാ ചോദിച്ചത്. ഇരുപത് കൊടുത്തു. നിങ്ങളിന്നല്ലേ വന്നത്...
മാനേജര്‍ ബ്രീഫ്കേസ് തുറന്നു. ബാങ്കിന്റെ പുതിയ ഡയറി പുറത്തെടുത്തു. ഇത്, സാറിനാ, ഇതില്‍ ഫ്ലൈറ്റിന്റെ സമയമൊക്കെയുണ്ട്, ഡയറി അയാള്‍ സുഹൃത്തിന്റെ നേരെ നീട്ടി.
സുഹൃത്ത്, ബെഡില്‍ ഒന്നു ചരിഞ്ഞു കിടന്നു.
നിങ്ങള്‍ ആളു പുലിയാ സാറേ, അവന്‍ പറഞ്ഞു.നിങ്ങള്‍ക്കു ഞാന്‍ ഇരുപത്തഞ്ചു തരാം. പോരേ ?
മാനേജര്‍ നന്ദിയോടെ തലകുലുക്കി.സാര്‍ നാളെ ബാങ്കിലേക്കു വരുന്നുണ്ടോ, അതോ പേപ്പേഴ്സെല്ലാം ശരിയാക്കി ഞാനിങ്ങോട്ടു വരണോ ?
ഞാന്‍ ബാങ്കിലേക്കു വരാം-ചങ്ങാതി പറഞ്ഞു.
മാനേജര്‍ സലാം പറഞ്ഞു പിരിഞ്ഞു.
- ഞാന്‍ മാനേജരെപ്പറ്റി ആലോചിക്കുകയായിരുന്നു.....

2013, മേയ് 4, ശനിയാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍

മലയാളി

ഒരു ബെന്‍സ് കാര്‍ പൊടുന്നനെയാണ് എന്റെ അരികില്‍ നിര്‍ത്തിയത്.
ഞാന്‍ മുന്നോട്ടു തന്നെ നടക്കുകയായിരുന്നു. കാറിന്റെ ഡോര്‍ തുറന്നുകൊണ്ട് ഒരാളിറങ്ങുന്നു. 'എടാ' അയാള്‍ വിളിക്കുന്നു, ഞാനദ്ഭുതത്തോടെ ശ്രദ്ധിച്ചു. എന്നോടാണ്. എന്നെ ഈ പ്രായത്തില്‍ എടാ എന്നു വിളിക്കാന്‍മാത്രം പരിചയമുള്ള ആരാവാം ? എന്റെ മുഖത്തെ സംശയം കണ്ടാവാം, വെളുത്തു തടിച്ച ആ മനുഷ്യന്‍ ചിരിച്ചു.
ഞാനാടാ, നിനക്ക...ഓര്‍മ്മയില്ലേ, ഹൈസ്കൂളില്‍ മൂന്നു കൊല്ലം ഒരുമിച്ചു പഠിച്ച......
ഞെട്ടിപ്പോയി ഞാന്‍.
ഇത് ആ പഴയ..................അല്ലേ, എത്ര കാലമായി നിന്നെയൊന്നു കാണണം എന്നാഗ്രഹിക്കുന്നു.നീയിപ്പോഴെവിടെയാ ?
ഗള്‍ഫില്‍.നീയോ ?
ഇവിടുത്തെ സ്കൂളില്‍.
നന്നായി. വാ, കാറില്‍ കേറ്, എന്റെ വീട്ടില്‍ വന്നിട്ടില്ലല്ലോ
പിന്നൊരിക്കലാവാം
പറ്റില്ല.
എന്നെ അയാള്‍ പിടിച്ച പിടിയാലെ കാറില്‍ കേറ്റി.തന്റെ കഷ്ടപ്പാടുകളെക്കുറിച്ചും, ഒടുവില്‍ സമ്പന്നനായതിനെക്കുറിച്ചും, കോടികള്‍ മുടക്കി വീടു പണിയിച്ചതിനെക്കുറിച്ചുമെല്ലാം അയാള്‍ പറഞ്ഞു.
കാറ് നിന്നത് ഒരു കൊട്ടാരത്തിന്റെ ഗേറ്റില്‍..സ്വര്‍ണ്ണ നിറമുള്ള ഗേറ്റ് റിമോട്ടില്‍ തുറന്നു. കരിങ്കല്ലുകള്‍ മിനുക്കി പതിച്ച പ്രധാന വഴിയിലൂടെ കാര്‍ മുറ്റത്തേക്ക് .മുറ്റത്ത് വഴുക്കാത്ത മാര്‍ബിള്‍ ഫലകങ്ങള്‍.
വരാന്ത, സ്വീകരണ മുറി... ശരിക്കും പണം ഒഴുക്കിയ വീടുതന്നെ !
എല്ലാ മുറികളും ശീതീകരിച്ചിട്ടുണ്ട്.
ഗംഭീരം
സല്‍ക്കാരം സ്വീകരിക്കാന്‍ ഞാന്‍ മറ്റൊരിക്കല്‍ സകുടുംബം വരാം
തീര്‍ച്ചയായും വരണം. അടുത്ത മാസം ഒന്നാം തിയ്യതി എനിക്കു തിരിച്ചു പോകേണ്ടതാ. അതിനു മുമ്പേ വരണം.
വരാം- ഞാന്‍ മുറ്റത്തേക്കിറങ്ങി,
നില്‍ക്ക്, ഞാന്‍ വണ്ടിയിലിറക്കിത്തരാം.
വേണ്ടെന്നേ, എനിക്ക് ഒന്നരണ്ടിടത്തു കയറാനുണ്ട്
എന്നാല്‍ ശരി- അവന്‍ പറഞ്ഞു
മാര്‍ബിള്‍ പാകിയ മുറ്റത്തു കൂടി നടക്കവേ, മുറ്റത്തിന്റെ പടിഞ്ഞാറു വശത്ത് വിലങ്ങനെ കെട്ടിയ ഒരു പ്ലാസ്റ്റിക്ക് കയര്‍ കണ്ടു. അയ തന്നെ. അതില്‍ ഏതാനും അടിവസ്ത്രങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നു.പക്ഷേ, അവയെല്ലാം കീറലുകളുള്ളതും കരിമ്പനടിച്ചതുമായിരുന്നു.
ഞാനോര്‍ക്കുകയായിരുന്നു....
മലയാളികളിങ്ങനെയാണ്,
ഏതു കോടീശ്വരനായാലും,പുറം മോടി ഗംഭീരമാകും അടിവസ്ത്രങ്ങളോ കീറിയതും.
അവ ആളുകള്‍ ശ്രദ്ധിക്കുന്നിടത്തു തന്നെ ഉണങ്ങാനിടുകയും ചെയ്യും.(വീടുണ്ടാക്കുമ്പോള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ വസ്ത്രമുണക്കാനിടാനുള്ള ഒരു ഭാഗം കൂടി പണിതുവെക്കാന്‍ എന്തേ ആരും ആലോചിക്കാത്തത് ?)

2013, ഏപ്രിൽ 13, ശനിയാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍


വിഷുക്കണി

വിഷു ?
അതെ, വിഷു.
എന്നുവച്ചാല്‍ ?
പടക്കം. സദ്ധ്യ. പിന്നെ..(ഒരു കഥകളി മുദ്ര).
പിന്നെയോ?
കണിയിലല്ലേ തുടക്കം.കണികണ്ടാല്‍ വരും വര്‍ഷം മുഴുവന്‍ മംഗളകരമാവൂത്രേ.
ഉവ്വോ ? എല്ലാരും കണി കാണ്വോ ?
... ഉവ്വെന്നേ. അമ്മയാ കൈ പിടിച്ച് പൂജാമുറിയിലെത്തിക്കുക, .അവിടെയല്ലേ കണിയൊരുക്കിയിട്ടുണ്ടാവുക.
അപ്പോ, ആരാ ഇതൊക്കെ തയ്യാറാക്കുക ?
അമ്മ.
അമ്മയ്ക്ക് കണികാണണ്ടേ ?
അപ്പോ പിന്നെ ഇതൊക്കെ തയ്യാറാക്കാനും കണിയൊരുക്കാനും ആരാ ?
അമ്മയല്ലാതെ ?!
അമ്മ കണികാണാറില്ല!
മറ്റുള്ളോര്‍ക്ക് വേണ്ടി കണിയൊരുക്കുന്ന അമ്മ കണികാണാറില്ല?
തന്നെ.

തന്നെ?!
അപ്പോള്‍ , വിഷുക്കണിയെന്നാല്‍ ഇതാണ് ? !
തന്നെ.
തന്നെ !

2013, മാർച്ച് 6, ബുധനാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍
പരീക്ഷ

 
പരീക്ഷകള്‍, പാഠപുസ്തകങ്ങളില്‍
ഒളിച്ചുവച്ച കള്ളക്കുഴികളില്‍
പാവം കുട്ടികള്‍ വീണു്
ശ്വാസം നിന്നുപോകുന്നിടം.
കുറുക്കന്മാര്‍ ക്ലാസ്സിലൊരിക്കലും കയറാതെ
ഓളിയിട്ടുനടന്നു്
കോപ്പിയടിച്ച് ക്ലാസ്സുകള്‍ നേടുന്ന
അഭ്യാസ മേള
... അപ്പൊഴും പറയുന്നു നിങ്ങള്‍ : ആ പയ്യന്മാര്‍
എത്രയും "ബ്രൈറ്റാ"യിരുന്നു,
ക്ലാസ്സിലേ കേറാതിരുന്നിട്ടുകൂടിയാ-
ക്കുട്ടികള്‍ നേട്ടങ്ങള്‍ കൊയ്തു !
മാതൃകയാണവര്‍, നാടിനും നമ്മള്‍ക്കും
മക്കളേ കണ്ടു പഠിക്ക!

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

ഇന്ത്യയെ കണ്ടെത്തല്‍
വിദ്വേഷം
കടുത്ത വിദ്വേഷത്തെത്തന്നെയാണല്ലോ നമ്മള്‍
തുടുത്ത പ്രണയമെന്നോര്‍ത്തു പാടുന്നൂ കഷ്ടം !

ഇന്ത്യയെ കണ്ടെത്തല്‍
ജലത്തുള്ളി
 
ഒരു തുള്ളി ജലമെത്ര നിസ്സാരമെന്നാലും
നിത്യം നിരന്തരമിറ്റിടുമ്പോള്‍
വന്‍ കരിമ്പാറയും മെല്ലത്തുളഞ്ഞുപോം
പിന്നെപ്പൊടിയായി മാറിയേക്കും