2017, ജൂലൈ 23, ഞായറാഴ്‌ച

കര്‍ക്ക ടക വാവ്
              എത്ര ശ്രമദാനംനടത്തിയാലും വീണ്ടും വീണ്ടുംകാടുമൂടുന്ന ഒരു വില്ലേജാപ്പീസ് പരിസരത്ത് തഞ്ചിനില്ക്കയായിരുന്നു കഥാനായകന്‍. പത്തുമണിയാകുന്നതേയുണ്ടായിരുന്നുള്ളൂ. മലമോളിലുള്ള തന്റെ സ്ഥലത്തിന്റെ നികുതിയടയ്ക്കാനിതുവരെ കഴിഞ്ഞിട്ടില്ല.പലകാരണങ്ങളും പറഞ്ഞ് അവര്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ചമുമ്പ്, മകനോട്, അടിയാധാരവുമായി ചെല്ലാനാവശ്യപ്പെട്ടുവത്രേ.അച്ഛനതിവിടെ സമര്‍പ്പിച്ചതല്ലേന്ന് ചോദിച്ചപ്പോളവരു പറഞ്ഞത്, അങ്ങനെയൊന്ന് അവിടെ കാണുന്നില്ലെന്നാണ് റജി.ആപ്പിസിലന്വേഷിച്ചപ്പോള്‍,
അ ക്കാലയളവിലുള്ളരേഖകളെല്ലാം നഷ്ടപ്പെട്ടുപോയെന്നാണ് അറിയാന്‍കഴിഞ്ഞത്. അവന്‍ വിഷമത്തോടെ ഇന്നലെയും തന്നെ വിളിച്ച് പറഞ്ഞതാണ്.അങ്ങനെയാണ് അവന്റെ വീട്ടിലേക്കുപോകുന്നവഴി വില്ലേജാപ്പീസിലൊന്ന് കേറിക്കളയാം എന്നുകരുതിയത്.
            ആപ്പീസര്‍ ധൃതിയില്‍ വരുന്നുണ്ടായിരുന്നു.പണ്ടേ, അയാളങ്ങനെയാണ്.ധൃതിപിടിച്ച നടത്തം. മുന്നോട്ടുനീങ്ങിനിന്ന് വിളിച്ചു," സാര്‍.".അയാള്‍ മുഖം തന്റെ നേരെ തിരിച്ചു. "എന്താടോ, തന്റെ ഭൂനികുതി ഇനിയുമടച്ചില്ലേ ? എന്തുപറ്റീ ?" "ഇല്ലസര്‍, കഥാനായകന്‍ പറഞ്ഞു."നിങ്ങള്‍ ആവശ്യപ്പെട്ട കൈക്കൂലിസംഖ്യ ഉണ്ടാക്കാനായി പാടുപെടുകയായിരുന്നില്ലേ ഞാന്‍. അപ്പോഴല്ലേ, മറ്റൊരു കൈക്കൂലിപ്രശ്നത്തില്‍പെട്ട് നിങ്ങള് തൂങ്ങിച്ചത്തത്."
" ഞാനില്ലാതെയായിട്ടും അവരു നിങ്ങളെ പരിഗണിച്ചില്ലേ ?" ആപ്പീസര്‍ അത്ഭുതത്തോടെ ചോദിച്ചു.
"അടിയാധാരം കാണണ്ടേ ? അത് നിങ്ങളുടെ കൈയില്‍ തന്നതാണല്ലോ. ആപ്പീസിലെങ്ങുമില്ലത്രേ."
"എടോ, അത്, ആപ്പീസിന്റെ പിന്നില്‍ പഴയസാധനങ്ങളൊക്കെയിട്ട മുറിയിലെ തട്ടുമ്പുറത്തുണ്ട്.അവിടെ നോക്കിയാല്‍പോരേ ?.ഞാനന്നൊളിപ്പിച്ചുവച്ച കുറേ പൈസായുമുണ്ടവിടെ. അതുകൊണ്ടല്ലേ, ഞാനിടയ്ക്കിടെ ഇങ്ങോട്ടു വരുന്നത് ."
" അതുശരി. എന്നിട്ടാ, രണ്ടുകൊല്ലം മുമ്പുവരെ, ഞാന്‍ ദിവസവും ഇവിടെ വരുമായിരുന്നു.ഒരുദിവസം, നിങ്ങളാപറഞ്ഞ മുറിയുടെ വരാന്തയിലാ അവരെന്റെ ശവം കണ്ടെത്തിയത്."
"ഇനിയെന്താ ചെയ്യുക ?"
"ജീവനുള്ളപ്പോ ചെയ്യേണ്ട കാര്യങ്ങള് അപ്പോത്തന്നെ ചെയ്യണം.മോന്റെ സ്വപ്നത്തിലൊന്ന് കേറാന്‍ പറ്റുമോന്ന് നോക്കട്ടെ.എന്താ ചെയ്യ ? കര്‍ക്ക ടകവാവിനല്ലേ നമ്മള്‍ക്കിങ്ങോട്ട് വരാനും പറ്റൂ, എന്നാ സാറ് ചെല്ല്,"
കഥാനായകന്‍ മകന്റെവീട്ടിലേക്ക് യാത്രയായി .

2017, ജൂലൈ 3, തിങ്കളാഴ്‌ച






അടുപ്പം
പ്രാണനിലടുത്തവരാണുനാം,പരസ്പര-
മെങ്കിലും നീയെന്നോടു പറയുന്നവയൊന്നും
കേള്‍ക്കുവാന്‍ ചെവിയേകുകില്ല ഞാന്‍ പറയുമ്പോള്‍
നീയുമിങ്ങതുപോലെ,യെത്രയുറ്റവര്‍ നമ്മള്‍!