2020, നവംബർ 16, തിങ്കളാഴ്‌ച

 

പരിഭാഷ-17
ഞാനവന്റെ ചങ്ങാതിയാണ്
ബാലകൃഷ്ണൻ മൊകേരി
 
ഞാനവന്റെ ചങ്ങാതിയാണ്.
അവൻ,
ആയോധനകലകളിൽ അജയ്യനാണ്,
കരാത്തേയിലും ജൂഡോയിലും
വാള്പ്പയറ്റിലും വിദഗ്ദ്ധൻ !
ഒച്ചയ്ക്കുനേരെ വെടിയുതിര്ത്ത്
കുറിക്കുകൊള്ളിക്കുന്നവൻ!
കൂടുതൽനേരം വെള്ളത്തിനടിയിൽ
മുങ്ങിക്കിടന്നതിന് റെക്കോഡിട്ടവൻ,
കാണുന്നമാത്രയിൽ യുവതീജനങ്ങളുടെ
അനുരാഗപാത്രമാണവൻ!
ഏതു കൊടുംതണുപ്പിലും
മദ്യം രുചിക്കാത്തവൻ!
ഏതു നിശാപാര്ട്ടിയിലും
ലഹരിക്കു വഴങ്ങാത്തവൻ !
അവനെ പാടിപ്പുകഴ്ത്താത്തതായി
ലണ്ടനിലാരുംതന്നെ കാണില്ല.
അവന്റെ സൗഹൃദത്തെ
ഞാനെന്തു വിലമതിക്കുന്നുവെന്നോ!
അവന്റെകൂടെ നടക്കുമ്പോള്,
പിതാവിന്റെ വിരലിൽതൂങ്ങിനടക്കുന്നൊരു
ശിശുവായി മാറും ഞാൻ!
അവനാണിന്നലെ,
തെംസ് നദിക്കരയിലിരുന്ന്,
കഴിഞ്ഞുപോയ,തന്റെ നാല്പതുവര്ഷങ്ങളെപ്പറ്റി
ഉല്ലാസവാനായി പാടിക്കൊണ്ടിരിക്കേ,
ഹൃദയം സ്തംഭിച്ച്,
മറിഞ്ഞുവീണു മരിച്ചുപോയത് !
........................................................

 

പരിഭാഷ - 16
റോഡ് ക്രോസിംഗ്
ബാലകൃഷ്ണൻ മൊകേരി
റോഡിനപ്പുറം പാർക്കിൻ്റെ മോഹനം
റോഡിലേറെത്തിരക്കാണ് വാഹനം!
അപ്പുറത്തേയ്ക്കു പോകാൻ കഴിയാതെ -
യിപ്പുറത്തു ഞാൻ നിന്നു കുഴയവേ,
ബസ്സുകൾക്കെന്തു വേഗം, നിരന്തരം
വന്നു പോവതിനില്ല ഗത്യന്തരം!
ലോകമെങ്ങുമിറങ്ങിയ വണ്ടിക-
ളാകെയുണ്ടീ വഴിയിൽ, ശപിച്ചു ഞാൻ,
അപ്പുറം കടന്നീടുവാനാവാതെ -
യിപ്പുറം തന്നെ നിന്നു മോഹിക്കവേ,
കൂടെയുള്ളൊരു ബാലകൻ, ചുറ്റിലു-
മൊന്നു നോക്കിയാപ്പാത മുറിച്ചു പോയ്,
എത്ര വേഗം! അതു കണ്ടു ഞാൻ നില്ക്കവേ,
എൻ്റെ ശ്വാസം നിലച്ചതുമാതിരി !
നിങ്ങളേതു കടുത്ത പ്രശ്നങ്ങളും
നിഷ്പ്രയാസം പരിഹരിക്കുന്നവർ !
( ഇപ്രകാരം മടിച്ചു, മടിയരായ്
നില്ക്കുവോർ ഞങ്ങ,ളെങ്കിലും ബാലരേ,
ഇപ്പുറം നില്ക്കെ,യപ്പുറത്തെത്തുമീ
മാനസങ്ങളാൽ നന്മകൾ നേർന്നിടാം!)

 

പരിഭാഷ-15

കഴിഞ്ഞദിവസം എഴുതിയ കവിത

ബാലകൃഷ്ണൻ മൊകേരി


കഴിഞ്ഞദിവസമെഴുതിയ കവിത

അതിഗംഭീരമായിരുന്നു !

അതിൽ,ആകാശവും ഭൂമിയും കടലും

അലയടിച്ചിരുന്നു

എവിടെയോവിരിഞ്ഞ പൂക്കളുടെ

നനുത്തമണമുള്ള

ഇളംകാറ്റുപോലുമുണ്ടായിരുന്നു.

നീയും ഞാനും ബന്ധുക്കളും നാടുമെല്ലാം

ചിലവരികളിൽനിന്ന്

എത്തിനോക്കുന്നുണ്ടായിരുന്നു!

ഉദ്വേഗവും സംത്രാസവും

ആശയും കിനാക്കളുമെല്ലാം

സങ്കടത്തിന്റെ കിന്നരിയിൽതുന്നി

വരികളെ അലങ്കരിച്ചിരുന്നു.

ചില വരികളിലാരോ ഒച്ചവെക്കുന്നതും

ചിലതിൽ പാടുന്നതും,

ചില പദസന്ധികളിൽ

വെടിയൊച്ചയും ആര്‍ത്തനാദവുമൊക്കെ

എനിക്കോര്‍ത്തെടുക്കാനാവുന്നുണ്ട്.

ആറാംവരിയിലെ അവസാന പദത്തിലും

മുപ്പത്തിയാറാം വരിയിലെ ആദ്യത്തെ വാക്കിലും

തിരുത്തിയത് കാണാമായിരുന്നു!

ശീര്‍ഷകമെഴുതി അടിവരയിട്ടിരുന്നു

അതിന്റെ ചുവട്ടിലായി എന്റെ പേരും

കറുപ്പിച്ചെഴുതിയിരുന്നു!

നാല്പത്തിരണ്ടാം വരിയിൽ, കവിതയവസാനിപ്പിച്ച്,

അടിവരയിട്ട്, കൈയൊപ്പുചാര്‍ത്തും മുമ്പേയാണ്

അക്കവിത കാണാതായത്!

പുലരിയിലെ ഉണര്‍ച്ചയുടേയും

തുടര്‍ന്നുള്ള ഉറക്കത്തിന്റേയും

ഇടുങ്ങിയ വഴിയിലെവിടെയോ അത് നഷ്ടപ്പെട്ടു!

അതു കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഞാനിപ്പോള്‍.

...........................................................................


 

പരിഭാഷ-14

പൂക്കളും പൂക്കളും

ബാലകൃഷ്ണൻ മൊകേരി


സസ്യശാസ്ത്രോദ്യാനത്തിൻ വാസന്തശബളിമ

കൺകുളി‍ര്‍ക്കെയും കണ്ടു ,കാഴ്ചയിലലിയവേ,

താമരപ്പൂവിൻ വര്‍ണ്ണവിന്യസ്തദലങ്ങളും

ശില്പഭംഗിയും നോക്കി,യേറെനേരം ഞാൻ നിന്നൂ !

സ്വര്‍ഗ്ഗീയ സുഗന്ധമാര്‍ന്നപ്പുറം വിലസുന്ന

മറ്റൊരു പൂവിൻചാരെ,ക്കിടന്നു ചാവാൻതോന്നി!

ഇങ്ങനെ പ്രസിദ്ധമാം പൂവുകള്‍ നിറഞ്ഞൊരീ

പൂവനം കാണുന്നതേ സ്വര്‍ഗ്ഗദര്‍ശനംതന്നെ!

അവയാണല്ലോ പൂക്കള്‍,പൂവെന്നാലവമാത്രം !-

അങ്ങനെയാനന്ദത്തിൽ മുഴുകിമടങ്ങുമ്പോള്‍,

മതിലിൻ പുറത്തല്പംകാടുമൂടിയ ദിക്കിൽ

പേരെഴാതൊരുവള്ളിച്ചെടി പൂത്തിരിക്കുന്നൂ!

വാഹനമെത്തിച്ചേരാൻ കാത്തുനില്ക്കവേ,മുന്നിൽ

തേൻകുടിക്കുവാനായിട്ടെത്തുന്നൂ ശലഭങ്ങള്‍!

ശ്രദ്ധവെയ്ക്കവേ,അതിൻ കുഞ്ഞുപൂവുകള്‍ക്കെന്തു

ചാരുതയെന്നോ,വീണ്ടും വീണ്ടുമേകാണാൻതോന്നും!

പേരതിനില്ലാ, വര്‍ണ്ണഭംഗിയും സുഗന്ധവും,

വാഴ്ത്തുകള്‍ പാടാനാരും കാത്തുനില്ക്കുന്നേയില്ല !

എങ്കിലുംപൂമ്പാറ്റകള്‍ തേടിയെത്തുന്നുണ്ടല്ലോ

പൂവിനീപ്പിറവിതൻ ധന്യതയിതാണല്ലോ!

............................................................

 

പരിഭാഷ -13

പാചകം

ബാലകൃഷ്ണൻ മൊകേരി


ഒരു ബേബി സിറ്ററുടെ ക്ഷമതവേണം

പാചകക്കാരനും !

കഷ്ണിച്ച പച്ചക്കറികളും

വെള്ളവും മറ്റുചേരുവകളും

കൃത്യമായില്ലെങ്കിൽ

അതു കങ്ങിപ്പോകും

പുകമണം കുടുംബത്തിനു പുറത്ത്

ആകാശത്തിൽ പരക്കും !

ഏറെക്കളിച്ച് തളര്‍ന്ന കുഞ്ഞ്

അഞ്ചുനിമിഷം ഉറങ്ങിയാലും

ബേബിസിറ്റര്‍

ഉറങ്ങാതെ,കിനാവിൽ വീഴാതെ

അടുത്തുതന്നെ വേണം.

കറി അടുപ്പത്തുവെച്ചുകഴിഞ്ഞ

പാചകക്കാരനും

കുക്കറിന്റെ ചൂളംവിളിക്കു കാതോര്‍ത്ത്

അടുത്തുതന്നെയുണ്ടാവണം.

ബേബികെയര്‍ സെന്ററിൽ

പകൽമുഴുവൻ

കുഞ്ഞിനെ ഒക്കത്തേറ്റി നടന്നാലും

കൂട്ടിക്കൊണ്ടുപോകാനെത്തുന്ന തള്ള

ഭക്ഷണം കൊടുത്തോ, കിടത്തിയുറക്കിയോ

കുസൃതിപ്പരിക്കുകളൊന്നുമില്ലല്ലോ

എന്നൊക്കെ

കുഞ്ഞിനെ തലോടിക്കൊണ്ടിരിക്കും !

അതുകാണുമ്പോഴറിയാം

അവര്‍ക്ക്തരിമ്പും തൃപ്തിയായില്ലെന്ന് !

റെസിപ്പിയനുസരിച്ച്

അളവുതെറ്റാതെ മസാലകള്‍ ചേര്‍ത്താലും,

പാചകയെണ്ണയിൽ വറവുകഴിച്ച്

കറിവേപ്പിലകൊണ്ടലങ്കരിച്ചാലും,

കരളിൽനിന്നു വാറ്റിയെടുത്ത

ആത്മാര്‍ത്ഥതയുടെ രണ്ടുതുള്ളിയിറ്റിച്ച്

കറിയൊരപൂര്‍വ്വ കലാസൃഷ്ടിയാക്കിയാലും

തിന്നുപോകുന്നവന്റെ മുഖം

നായക്കാഷ്ഠം മണത്തഭാവത്തിലാവും

പാചകക്കാരനെ നോക്കുക!

അങ്ങനെയാണ്,

പാചകവും ശിശുനോട്ടവും

ഓരേജോലിതന്നെയായിത്തീരുന്നത്

......................................................


2020, നവംബർ 2, തിങ്കളാഴ്‌ച

 

പരിഭാഷ - 12
ബോഗൻ വില്ല
..............................
ബാലകൃഷ്ണൻ മൊകേരി
സീസൈഡ് പാർക്കിൻ്റെ
ചാരത്തെ നഴ്സറിയിൽ നിന്ന്
വാങ്ങിയ ബോഗൻ വില്ലച്ചെടി,
ചട്ടിയിൽ ശ്വാസം മുട്ടുന്നത് കണ്ട്
നിലത്തേക്ക് മാറ്റി നട്ടു.
അടുത്തുള്ള തേൻമാവിൻ്റെ
വളമൂറ്റിയെടുത്ത്
അത് വളരാൻ തുടങ്ങി.
എന്നെ സമാധാനിപ്പിക്കാൻ,
ശാഖകൾ നിറയെ പൂക്കളൊരുക്കി
അത് കാറ്റിൽ താളം പിടിച്ചു!
പിന്നെയെൻ്റെ വാഴ്വിൻ തിരക്കിൽ
ഞാനതിനെ
വിസ്മരിച്ചതാണ്.
കായ് പിടിക്കേണ്ട കാലം കടന്നിട്ടും
മാവ് കായ്ക്കാത്തതിനാലാണ്
മാവിൽ നോക്കിയത്
അതിൻ്റെ ശിഖരത്തിനിടയിലൂടെ
വളർന്നു പടർന്ന ബോഗൻ വില്ല
മുള്ള് നിറഞ്ഞ കൈകളാൽ
മാവിനെ വരിഞ്ഞുമുറുക്കിയിരിക്കുന്നു!
തേൻ മാങ്ങ കായ്ക്കേണ്ട മാവ്
വെറുമൊരു
താങ്ങു തൂണായി നില്ക്കുന്നു!
ബോഗൻ വില്ലയുടെ ശാഖാന്തരങ്ങളിൽ
തൂങ്ങി നില്ക്കുന്ന പൂങ്കുലകൾക്ക്,
ആയുധമെടുക്കുന്ന എന്നെ
തടയാനാവുമെന്ന്
തോന്നുന്നുണ്ടോ ചങ്ങാതീ?