2020, ഒക്‌ടോബർ 25, ഞായറാഴ്‌ച

 പരിഭാഷ-11

ഒരു പ്രണയകഥ
ബാലകൃഷ്ണൻ മൊകേരി


പകലൊടുങ്ങുന്ന നേരം,കടൽക്കര ;
ഒരു യുവാവുമടുത്തു പെൺകുട്ടിയും !
ഏറെ നേരം മടിച്ചുനിന്നെങ്കിലും
ചാരെയുള്ളൊരാ പെൺകിടാവോടയാള്
ചൊന്നതിങ്ങനെ : "നിന്നെഞാ,നേതിലും
മേലെയായി പ്രണയിക്കയാണെടോ.”
കരയിലേക്കുതുടരെവന്നെത്തുന്ന
തിരയിൽനിന്നു മിഴി പിൻവലിച്ചവള്
അവനെ നോക്കി,യാകൺകളിലാദവും
പുരുഷരായിപ്പിറന്നവരൊക്കെയും
അവളെ നോക്കു,ന്നയാളുടെ കൈകളിൽ
ചുരുളുനീര്ത്താതൊളിപ്പിച്ച ചങ്ങല!
അതിലു,മപ്പുറം മാഞ്ഞുതുടങ്ങുന്ന
പകലവൻ,അതും നോക്കി മൊഴിഞ്ഞവള്,
: "ഇവിടെ നിര്ത്താം,പിരിയാം നമുക്കിനി!”
അമ്പരപ്പുനിറഞ്ഞ യുവാവിന്റെ
മുന്നിലുടെ ചിറകുകള് നീര്ത്തി,യാ
പെൺകിടാവവള് ചക്രവാളങ്ങളിൽ
പോയ്മറഞ്ഞൂ,പകലും മറഞ്ഞുപോയ് !
........................................................

 പരിഭാഷ-10

ചിത്രകാരി
ബാലകൃഷ്ണൻ മൊകേരി


എക്സിബിഷൻഹാളിൽ
പുതിയൊരു ചിത്രകാരി പിറവികൊള്ളുന്നുവെന്ന്
പത്രത്തിൽകണ്ട് ചെന്നതാണ്.
അതിജീവനമെന്നുപേരിട്ട ചിത്രപ്രദര്ശനം
കാണാൻ ക്യൂവിൽനിന്നത്
വാൻഗോഗിനും, ദാലിക്കും
പിക്കാസോവിനുമൊപ്പമായിരുന്നു.
പൊൻനാരുകളിലൊരുക്കിയ
വെള്ളച്ചാട്ടംപോലെയുള്ള
തന്റെ സ്വര്ണ്ണമുടിത്തുമ്പുകൊണ്ടാണത്രേ
അവളെഴുതീ ചിത്രങ്ങള്
അവ ക്യാൻവാസിൻ ചട്ടങ്ങള്ക്കപ്പുറം
പ്രദര്ശനവേദിക്കു പുറത്ത്
ആകാശത്തിന്റെ അനന്തതയിലേക്ക്
വ്യാപിച്ചിരുന്നു.
അവളെഴുതിയ കടലിനു പച്ചനിറം !
അതിലെ പച്ചനിറത്തിലുള്ള ജലം
വരണ്ട നെൽവയലിലെപ്പോലെ
വിണ്ടുകീറിക്കിടക്കുന്നു!
വാടിവീണ നെൽച്ചടികളായി
മത്സ്യങ്ങള്
അപ്പുറത്ത് കരയുടെ നീലിമ
അലയടിക്കുന്ന കരയിൽ
മുങ്ങിത്താഴുന്ന മലകളെ
അവള് വരച്ചിരിക്കുന്നു!
ചവിണ്ട ആകാശത്തിൽനിന്ന്
താഴേക്കിറങ്ങുന്നൊരു മഞ്ഞ ശിഖരത്തിന്റെ
ചിത്രത്തിൽ
ഇലകളില്ലാത്ത കൊമ്പിൽനിന്ന്
ചിറകുകളില്ലാത്ത പറവകള്
താഴെവീഴുന്നതായി വരച്ചിരിക്കുന്നു!
ഇരുണ്ട നിറത്തിലെഴുതിയ
മറ്റൊരു ചിത്രപടത്തിൽ
ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്നൊരു ബലൂൺപോലെ,
മനുഷ്യരെ ചങ്ങലയാക്കി വരിഞ്ഞുമുറുക്കിയ
ഭൂമിയുടെ ഞെരുക്കവും വിങ്ങലും
ആവിഷ്ക്കരിക്കുന്നു.
ചിത്രങ്ങള്ക്കടുത്ത്,
ഒരു ഗ്രീക്കുദേവതാശില്പത്തിൽ
ഇരുണ്ട വര്ണ്ണങ്ങള് മുഖത്തെഴുതിയപോലെ
ചിത്രകാരി നില്ക്കുന്നു!
അവളുടെ കണ്ണുകളിൽ
നക്ഷത്രങ്ങള്പോലെ
വെളിച്ചത്തുള്ളികള് തൂങ്ങിനില്ക്കുന്നു!
പുറത്തിറങ്ങുമ്പോള്,
പ്രദര്ശനത്തിന്റെ പേര്
അതിജീവനമെന്നുതന്നെയെന്ന്
ഉറപ്പുവരുത്തുന്നു ഞാൻ !
...............................................................

 പരിഭാഷ-9

പൂമ്പാറ്റകള്
ബാലകൃഷ്ണൻ മൊകേരി

പുസ്തകംവായിച്ചുകൊണ്ടിരുന്ന ഒരു പുഴു
പൂമ്പാറ്റയായി പുനര്ജ്ജനിക്കുന്നു.
പലവര്ണ്ണപ്പൂക്കളിൽ
പൂന്തേൻ പലമയിൽ
പലതാളങ്ങളിൽ
മത്തുപിടിച്ച് നൃത്തമാടുന്നു!
ലൈബ്രറിയുടെ ചുമരുകളും
അലമാരകളുടെ ചില്ലുവാതിലുകളും
ഹേമന്ത ശൈത്യവും
ഗ്രീഷ്മാതപത്തിന്റെ
മുള്പ്പടര്പ്പുകളും
അവയെ ബാധിക്കുന്നതേയില്ല!
തെളിഞ്ഞ ആകാശത്തിൽ
പറന്നുപോകുമ്പോള്,
പറവകളുടെ ബോംബര്വിമാനങ്ങള്പോലും
ശലഭങ്ങളുടെ വര്ണ്ണപ്പൊലിമയിൽ
കരുണവഴിഞ്ഞ്
അവയെ വിട്ടുകളഞ്ഞെന്നുവരാം.
പക്ഷേ, ബോംബുകള്വീണ്
കത്തിയെരിഞ്ഞ ഭൂമിയിൽ
മുട്ടയിടാനൊരു കുഞ്ഞുചെടിപോലും
ബാക്കിയില്ലെങ്കിൽ,
ഏതു പൂമ്പാറ്റയ്ക്കാണ്
അതിജീവിക്കാനാവുക ?
...............................................................

2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

 

പരിഭാഷ-8

ബേക്കറിയിലെ പെൺകുട്ടി

ബാലകൃഷ്ണൻ മൊകേരി

ബേക്കറിയിലെ പെൺകുട്ടി

രുചികരമായ കേക്കുകളുണ്ടാക്കുന്നു.

കുഞ്ഞിൻ കവിളുപോലെ മൃദുലവും,

മധുരോദാരവും,

ശില്പസൌഭഗവുമുള്ളതുമായ

അവളുടെ കേക്കുകള്‍ക്കായി

ഇടപാടുകാർ കാത്തുനില്ക്കുന്നു!

വിവാഹം,ജന്മദിനം, വാർഷികമെന്ന്

കേക്കുതിന്നാനുള്ളപൂതിയെ

ഞങ്ങളരുമയായി കാത്തുവയ്ക്കുന്നു !

അവളൊരു മുയൽക്കുഞ്ഞിനെപ്പോലെ ഭംഗിയുള്ളവള്‍,

പശുക്കിടാവിന്റെപ്രസരിപ്പാർന്നവള്‍,

ചെമ്പൻമുടി മാടിയൊതുക്കി,

മരതകക്കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച്,

പാൽപ്പുഞ്ചിരിതൂവി,

ഏപ്രണിന്റെ പോക്കറ്റിലെ ഓർഡർബുക്കിൽ

ക്ഷമയോടവള്‍ ഞങ്ങളുടെ നിർദ്ദേശങ്ങളെഴുതുന്നു.

അവളുടെ അച്ഛനുമമ്മയും

രോഗികളായി വീട്ടിലിരിക്കുന്നു

അവരുടെ അസുഖം

കുടുകയും കൂടുകയുംചെയ്യുന്നു.

അവളവരെ ശുശ്രൂഷിക്കുകയും

പള്ളിയിൽപോയി കന്യാമാതാവിനോട്

പ്രർത്ഥിക്കുകയുംചെയ്യുന്നു

അപ്പോഴുമവള്‍ ഞങ്ങള്‍ക്കായി

ചേർപ്പുകളിൽ ഏറ്റക്കുറച്ചിലില്ലാതെ

രുചിയുള്ള കേക്കുകളുണ്ടാക്കുന്നു

എങ്കിലുമവളുടെ ജീവിതത്തിന്റെ കേക്ക്

എപ്പോഴും കരിഞ്ഞുതന്നെയിരിക്കുന്നു.

………………………………………………………………………………….

2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

 

പരിഭാഷ-7

അഗ്നിപര്‍വ്വതങ്ങള്‍

............................

ബാലകൃഷ്ണൻ മൊകേരി


അഗ്നിപര്‍വ്വതങ്ങളെപ്പറ്റിയുള്ള

പഠനങ്ങള്‍ രസകരമാണ്

കീഴ്വഴക്കത്തിന്റെ

ടെക്റ്റോണിക് ഫലകങ്ങള്‍

മധ്യഅറ്റ്ലാന്റിക്കിലെപ്പോലെ അകലുമ്പോഴും,

ശാന്തസമുദ്രമേഖലയിലെപ്പോലെ

കൂട്ടിയിടിക്കുമ്പോഴും

സ്ഫോടനങ്ങളുണ്ടാവാം.

അപ്പോള്‍,

ദുരനുഭവങ്ങളുടെ മാഗ്മയും

തെറിയുടെ വാതകങ്ങളും ചീറ്റിത്തെറിച്ച്,

ഭീതിയുടെ വിഷമയമായ മേഘപാളികളുയരും

കൊടും നാശംവിതയ്ക്കും.

അഗ്നിപര്‍വ്വതങ്ങള്‍ പലതരത്തിലുണ്ട്

പണ്ടെന്നോ പൊട്ടിത്തെറിച്ച്

സ്ഫോടനംതന്നെ മറന്നുപോയവയും,

ഓര്‍മ്മയിലിപ്പോഴുമത് ഓമനിക്കുന്നവയും

പൊട്ടിത്തെറിക്കാൻ കാരണംതേടുന്നവയുമുണ്ട്.

ചിലത് പൊട്ടിത്തെറിക്കുമ്പോള്‍

ഫൗണ്ടൻപോലെയുയര്‍ന്ന് നാലുപാടും ലാവചീറ്റി

കാണികള്‍ക്ക് രസകരമാവും !

എന്നാലതിന്റെ ഒഴുക്കുവഴിയിൽപെട്ടാൽ

എന്തും നശിച്ചുപോവും

ചിലത്, ഭയങ്കരമായി പൊട്ടിത്തെറിച്ച്

കാണികളുടെ ശ്വാസം നിലപ്പിക്കുന്നവയാണ്.

എങ്കിലുമവ പുറത്തുവിടുന്ന

അതുവരെയുള്ള ദുരനുഭവങ്ങളുടെ

ചാരവും പ്യൂമിസും

പൈറോക്ലാസ്റ്റികങ്ങളായി

ജീവിതഭൂമികയെ ഫലഭൂയിഷ്ഠമാക്കും.

അവിടെ ജീവന്റെ നിത്യനൂതനഹരിതവും

പ്രണയത്തിന്റെ സുമവൈവിധ്യവും നിറയും!

എന്നാൽ,

കടലിന്നടിയിലുണരുന്നവയുടെ സ്ഫോടനം

ചിലപ്പോളെങ്കിലും

കുടുബത്തിന്റെ ദ്വീപസഞ്ചയംതന്നെ

ക്രാകതോവാ ദ്വീപുപോലെ

ഉപ്പുനീരിലാഴ്ത്തിക്കളയും!

എന്നാലും ചിലപ്പോളവ,

വാഗ്ദ്ധാനത്തിന്റെ പുതിയ ദ്വീപുകള്‍ക്ക്

ജന്മംനല്കാറുണ്ട്.

അപ്പോഴും, ഹേ അഗ്നിപര്‍വ്വതമേ,

എന്തുധൈര്യത്തിലാണ് ഞങ്ങളവിടെ താമസിക്കുക ?

.......................................................................

പരിഭാഷ -6

ഏകാകിയായ ചൂണ്ടക്കാരൻ

....................................................

ബാലകൃഷ്ണൻ മൊകേരി


ടായ് നദിയുടെ പടിഞ്ഞാറേക്കരയിൽ

ചൂണ്ടക്കാരുടെ നിരയിൽ അല്പം അകലേയ്ക്കുമാറി,

ഏകാകിയായൊരു വൃദ്ധൻ ശ്രദ്ധയിൽപെട്ടു.

വലിയ തൊപ്പിയണിഞ്ഞ,

ക്രിസ്തുമസ് അപ്പൂപ്പൻെറ താടിമീശകളുള്ള,

ഒരാള്‍!

പുഴയിലേക്കു ചൂണ്ടയെറിഞ്ഞും,

നിശ്ചിതമായ ഇടവേളകളിലത് വലിച്ചെടുത്തും

വീണ്ടും ഇരകോര്‍ത്തിട്ടുമങ്ങനെ.

അയാള്‍ക്കു പക്ഷേ, മീൻ കിട്ടുന്നേയില്ല !

കരുണനിറഞ്ഞ വെള്ളാരങ്കണ്ണുകള്‍

ഏകാഗ്രമായി പുഴയിലേക്കെറിഞ്ഞ്,

പ്രത്യാശയുടെ ഒരു എണ്ണഛായാപടംപോലെ

ഒരു ചൂണ്ടയിടുന്ന വൃദ്ധൻ !

താങ്കള്‍ക്ക് മീനൊന്നും കിട്ടുന്നില്ലല്ലോ,

പുഴ പരിഭവിച്ചുകാണും

അയാളുമായി പരിചയപ്പെട്ടശേഷം ഞാൻ പറഞ്ഞു.

ഞാൻ ചൂണ്ടയിടുന്നത് മീൻപിടിക്കാനല്ല,

അവയ്ക്ക് ഇരകൊടുക്കുകയാണ്

വൃദ്ധൻ പറഞ്ഞു.

ചൂണ്ടപ്പറയിലെ റീലുകറക്കി

ചൂണ്ട വലിച്ചെടുത്ത്,

അയാളതിന്റെ കൊളുത്ത് ഭാഗംഎനിക്കു കാണിച്ചു.

അതിൽ, കൊളുത്തുണ്ടായിരുന്നില്ല!

ഇരയെ തറച്ചുവെക്കാനുള്ള

സൂചിപോലൊരു കമ്പിമാത്രം !

മീനുകള്‍ക്കിരയെ പെട്ടെന്നൂരിയെടുക്കാം,

അയാള്‍ ചിരിച്ചു.

എങ്കിലാ ഇരയെല്ലാം ഒരുമിച്ച്

പുഴയിലിട്ടാൽ മതിയാവില്ലേ,

വെറുതെയിങ്ങനെ കാത്തിരിക്കേണ്ടല്ലോ

ഞാൻ പറഞ്ഞു.

എന്റെനേരെയുയര്‍ന്ന ആ കണ്ണുകള്‍

സജലങ്ങളായിരുന്നു !

യുവ സ്നേഹിതാ, അയാള്‍ പറഞ്ഞു

എല്ലാ ശരത്ക്കാലങ്ങളിലും

ഞാനും എന്റെ എലിസബത്തും

ഇവിടെയിരുന്നു മീൻപിടിക്കുമായിരുന്നു,

സാൽമൺ മത്സ്യത്തിന്റെ വെള്ളിത്തിളക്കവും

അതിന്റെ പിംഗളമായ മാംസവും

അവള്‍ക്കെന്തിഷ്ടമായിരുന്നെന്നോ !

പകൽതീരുംവരെ

ഞങ്ങളിവിടെയിരുന്ന് മീൻപിടിക്കുമായിരുന്നു.

കഴിഞ്ഞ മഞ്ഞുകാലത്തവള്‍

എന്നെക്കൂട്ടാതെ

മാലാഖമാരുടെ നാട്ടിലേക്കു പോയ്ക്കളഞ്ഞു.

ശരത്ക്കാലത്തിവിടെയെനിക്ക്

അവളുടെ സാമീപ്യം ലഭിക്കുന്നു

അതെന്നെ ശമിപ്പിക്കുന്നു

മഞ്ഞുകാലം കടന്നുപോകാനുള്ള ചൂടുനല്കുന്നു.

വൃദ്ധൻ വീണ്ടും ഇരചേര്‍ത്ത ചൂണ്ട

ടായ് നദിയിലേക്കെറിയുന്നു !

.....................................................................



2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

 പരിഭാഷ - 5

കാലിഡോണിയയിലെ തോട്ടക്കാരൻ
...................................................................
ബാലകൃഷ്ണൻ മൊകേരി.
കാലിഡോണിയയിലെ
കെന്നത്ത് പ്രഭുവിൻ്റെ പ്രസിദ്ധമായ
പൂന്തോട്ടം സന്ദർശിക്കുന്നതിനിടയിൽ,
ബോൺസായ് വിഭാഗത്തിൽ
തോട്ടക്കാരനെ പരിചയപ്പെട്ടു.
അയാളെനിക്ക്
വർഷങ്ങളുടെ പഴക്കമുള്ള
വൻമരങ്ങളുടെ കുഞ്ഞു പതിപ്പുകൾ
ചെറിയ ചെറിയ മരപ്പാത്രങ്ങളിൽ
നിരത്തിവെച്ചത് കാണിച്ചു തന്നു .
അവയൊക്കെ
സ്കൂൾ യൂനിഫോമിൽ ഞെരുങ്ങുന്ന
കൗമാരക്കാരെപ്പോലെ തോന്നിച്ചു .
ഇവയൊക്കെ താൻ രൂപപ്പെടുത്തിയെന്നും
ഇവയ്ക്കെല്ലാം നാല്പതു വയസ്സുണ്ടെന്നും
അയാൾ പറഞ്ഞു.
വൻമരങ്ങളുടെ കുഞ്ഞുതൈകളെടുത്ത്
ചട്ടിയിൽ നടുന്നതു മുതൽ
പ്രൂ ണിംഗ്, റൂട്ട് റിഡക്ഷൻ
പോട്ടിംഗ് എന്നിങ്ങനെ
അയാളെനിക്ക് വിവരിച്ചു തന്നു!
എനിക്കാകെ മനസ്സിലായത്
മുരടിപ്പിച്ചു കളഞ്ഞ മരങ്ങളുടെ
ആത്മസംഘർഷമാണ്!
അവയ്ക്കിപ്പോൾ
ആയിരക്കണക്കിന് പൗണ്ടുകളുടെ
വിലയുണ്ടെന്നും അയാൾ പറഞ്ഞു.
അവയോരോന്നും ഓരോ കലാസൃഷ്ടികളാണത്രേ
താനടുത്ത വർഷം
തോട്ടക്കാരൻ്റെ പണിയിൽ നിന്ന്
വിരമിക്കയാണെന്നും,
തുടർന്നു് ബ്രസീലിൽ പോകുമെന്നും
അയാൾ പറഞ്ഞു.
അവിടെ, ആമസോൺ മഴക്കാടുകളിൽ
ഒരു കുടിൽ കെട്ടി,
അംബരചുംബികളായ
മരമുത്തശ്ശന്മാർക്കിടയിൽ കിടന്ന്
മരിക്കണമെന്നും
അയാൾ പറഞ്ഞു.
എനിക്കീ തോട്ടക്കാരനെ
മനസ്സിലാകുന്നതേയില്ലല്ലോ!
Nandanan Mullambath, Pradeep K and 56 others
26 Comments
Like
Comment
Share

 പരിഭാഷ - 4

ബാലകൃഷ്ണൻ മൊകേരി.
ഡേൽസിലെ അമ്മായി
...........................................
അമ്മായിയെ സന്ദർശിക്കാനായി
യോർക്ക് ഷൈർ ഡേൽസിലെത്തിയപ്പോൾ,
ഫാം ഹൗസിൽ
അമ്മായി പയറുമണി പോലെ !
എന്നെ കണ്ടപ്പോൾ,
ബന്ധത്തിൻ്റെ ധാന്യമണികൾ പരത്തി
പരിഭവത്തിൻ്റെ പതിരുകൾ പാറ്റി
അമ്മായി നിന്നു
കട്ടിയുള്ള നീലപ്പാവാടയ്ക്കു മേലെ
തുന്നൽ വിട്ടു തുടങ്ങിയ കമ്പിളിക്കോട്ടിൻ്റെ
വലിയ കീ ശകളിലൊന്നിൽ
തോട്ടത്തിൽ നിന്നു കിളച്ചെടുത്ത കാരറ്റ്
നാണിച്ചൊളിച്ചു
നിൻ്റെ അമ്മാവൻ പോയ ശേഷം
ഈ വയസ്സിത്തള്ളയ്ക്കിപ്പോൾ
ജീവനുണ്ടോ എന്നു പോലും
ആർക്കുമറിയേണ്ടല്ലോ
ഇടർച്ചയോടെ അവർ പറഞ്ഞു.
ബന്ധങ്ങളാണ് നമ്മെ ജീവിപ്പിക്കുന്നത്.
മാർത്തയേയും മാലാഖക്കുഞ്ഞുങ്ങളേയും കൂടാതെ
നീയെന്തിനാണ് ഒറ്റയ്ക്കു വന്നതെന്ന്
അവർ കലമ്പി.
വെറും ഏഴു വർഷം കൊണ്ട്
ഞങ്ങളുടെ സഹജീവിതം അവസാനിച്ചെന്ന്
എനിക്കെങ്ങനെയാണവരോട്
പറയാനാവുക?
അല്ലെങ്കിലും ഈ പ്രായമായവർക്ക്
പലപ്പോഴും പുതു തലമുറയെ
മനസ്സിലാവില്ല.
ഏതായാലും നീ വന്നല്ലോ
അമ്മായി പറഞ്ഞു.
ഞാനുണ്ടാക്കിയ പുഡ്ഡിംഗ് കഴിച്ച്,
മേലെ കാരറ്റ് ജ്യൂസും കുടിച്ച്
നമുക്കു വർത്തമാനം പറയാം
നിൻ്റെ അമ്മാവന്
അതെത്ര പ്രിയങ്കരമായിരുന്നെന്നോ !
തടിച്ചു കുറുകിയ
അമ്മായിയുടെ പിന്നാലെ
അകത്തേക്കു നടക്കുമ്പോൾ,
എൻ്റെ കണ്ണുകൾ നിറയുന്നതെന്താവാം ? !
.................................,,,,,,,,,,
Pradeep K, Hareendran Chokli and 47 others
22 Comments
Like
Comment
Share

 പരിഭാഷ

....................
ബാലകൃഷ്ണൻ മൊകേരി
ഞാനൊരു കാക്കയെ
കൊക്കെന്നു പരിഭാഷപ്പെടുത്തുന്നു !
അതോടെ എല്ലാ പ്രശ്നവും തീരുന്നു
അപ്പോളെനിക്ക് ആ പഴംചൊല്ല്
എളുപ്പത്തിൽ ഭുജിക്കാനാവും !
ഇനിയീ നീലാകാശത്തെ
നീലക്കടലെന്നു പരിഭാഷപ്പെടുത്തിയാൽ
അതിലെനിക്ക്
നീന്തിത്തുടിക്കാവുന്നതേയുള്ളൂ !
സത്യത്തിലീ പരിഭാഷ
ഒരു മാന്ത്രിക വടിയാണു്
അതെടുത്തൊന്നു വീശിയാൽ
എല്ലാം മാറിമറിയും.
നോക്കൂ, ഞാനിതാ
നിന്നെത്തേടി വരുന്നു,
നിന്നെ ഞാൻ
ഞാനെന്ന് പരിഭാഷപ്പെടുത്തും
അങ്ങനെ ആ മറുലോകവും
എൻ്റേതായിത്തീരുമല്ലോ !
Pradeep K, Hareendran Chokli and 97 others
69 Comments
Like
Comment
Share