2020, ഒക്‌ടോബർ 25, ഞായറാഴ്‌ച

 പരിഭാഷ-10

ചിത്രകാരി
ബാലകൃഷ്ണൻ മൊകേരി


എക്സിബിഷൻഹാളിൽ
പുതിയൊരു ചിത്രകാരി പിറവികൊള്ളുന്നുവെന്ന്
പത്രത്തിൽകണ്ട് ചെന്നതാണ്.
അതിജീവനമെന്നുപേരിട്ട ചിത്രപ്രദര്ശനം
കാണാൻ ക്യൂവിൽനിന്നത്
വാൻഗോഗിനും, ദാലിക്കും
പിക്കാസോവിനുമൊപ്പമായിരുന്നു.
പൊൻനാരുകളിലൊരുക്കിയ
വെള്ളച്ചാട്ടംപോലെയുള്ള
തന്റെ സ്വര്ണ്ണമുടിത്തുമ്പുകൊണ്ടാണത്രേ
അവളെഴുതീ ചിത്രങ്ങള്
അവ ക്യാൻവാസിൻ ചട്ടങ്ങള്ക്കപ്പുറം
പ്രദര്ശനവേദിക്കു പുറത്ത്
ആകാശത്തിന്റെ അനന്തതയിലേക്ക്
വ്യാപിച്ചിരുന്നു.
അവളെഴുതിയ കടലിനു പച്ചനിറം !
അതിലെ പച്ചനിറത്തിലുള്ള ജലം
വരണ്ട നെൽവയലിലെപ്പോലെ
വിണ്ടുകീറിക്കിടക്കുന്നു!
വാടിവീണ നെൽച്ചടികളായി
മത്സ്യങ്ങള്
അപ്പുറത്ത് കരയുടെ നീലിമ
അലയടിക്കുന്ന കരയിൽ
മുങ്ങിത്താഴുന്ന മലകളെ
അവള് വരച്ചിരിക്കുന്നു!
ചവിണ്ട ആകാശത്തിൽനിന്ന്
താഴേക്കിറങ്ങുന്നൊരു മഞ്ഞ ശിഖരത്തിന്റെ
ചിത്രത്തിൽ
ഇലകളില്ലാത്ത കൊമ്പിൽനിന്ന്
ചിറകുകളില്ലാത്ത പറവകള്
താഴെവീഴുന്നതായി വരച്ചിരിക്കുന്നു!
ഇരുണ്ട നിറത്തിലെഴുതിയ
മറ്റൊരു ചിത്രപടത്തിൽ
ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്നൊരു ബലൂൺപോലെ,
മനുഷ്യരെ ചങ്ങലയാക്കി വരിഞ്ഞുമുറുക്കിയ
ഭൂമിയുടെ ഞെരുക്കവും വിങ്ങലും
ആവിഷ്ക്കരിക്കുന്നു.
ചിത്രങ്ങള്ക്കടുത്ത്,
ഒരു ഗ്രീക്കുദേവതാശില്പത്തിൽ
ഇരുണ്ട വര്ണ്ണങ്ങള് മുഖത്തെഴുതിയപോലെ
ചിത്രകാരി നില്ക്കുന്നു!
അവളുടെ കണ്ണുകളിൽ
നക്ഷത്രങ്ങള്പോലെ
വെളിച്ചത്തുള്ളികള് തൂങ്ങിനില്ക്കുന്നു!
പുറത്തിറങ്ങുമ്പോള്,
പ്രദര്ശനത്തിന്റെ പേര്
അതിജീവനമെന്നുതന്നെയെന്ന്
ഉറപ്പുവരുത്തുന്നു ഞാൻ !
...............................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ