2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

പരിഭാഷ -6

ഏകാകിയായ ചൂണ്ടക്കാരൻ

....................................................

ബാലകൃഷ്ണൻ മൊകേരി


ടായ് നദിയുടെ പടിഞ്ഞാറേക്കരയിൽ

ചൂണ്ടക്കാരുടെ നിരയിൽ അല്പം അകലേയ്ക്കുമാറി,

ഏകാകിയായൊരു വൃദ്ധൻ ശ്രദ്ധയിൽപെട്ടു.

വലിയ തൊപ്പിയണിഞ്ഞ,

ക്രിസ്തുമസ് അപ്പൂപ്പൻെറ താടിമീശകളുള്ള,

ഒരാള്‍!

പുഴയിലേക്കു ചൂണ്ടയെറിഞ്ഞും,

നിശ്ചിതമായ ഇടവേളകളിലത് വലിച്ചെടുത്തും

വീണ്ടും ഇരകോര്‍ത്തിട്ടുമങ്ങനെ.

അയാള്‍ക്കു പക്ഷേ, മീൻ കിട്ടുന്നേയില്ല !

കരുണനിറഞ്ഞ വെള്ളാരങ്കണ്ണുകള്‍

ഏകാഗ്രമായി പുഴയിലേക്കെറിഞ്ഞ്,

പ്രത്യാശയുടെ ഒരു എണ്ണഛായാപടംപോലെ

ഒരു ചൂണ്ടയിടുന്ന വൃദ്ധൻ !

താങ്കള്‍ക്ക് മീനൊന്നും കിട്ടുന്നില്ലല്ലോ,

പുഴ പരിഭവിച്ചുകാണും

അയാളുമായി പരിചയപ്പെട്ടശേഷം ഞാൻ പറഞ്ഞു.

ഞാൻ ചൂണ്ടയിടുന്നത് മീൻപിടിക്കാനല്ല,

അവയ്ക്ക് ഇരകൊടുക്കുകയാണ്

വൃദ്ധൻ പറഞ്ഞു.

ചൂണ്ടപ്പറയിലെ റീലുകറക്കി

ചൂണ്ട വലിച്ചെടുത്ത്,

അയാളതിന്റെ കൊളുത്ത് ഭാഗംഎനിക്കു കാണിച്ചു.

അതിൽ, കൊളുത്തുണ്ടായിരുന്നില്ല!

ഇരയെ തറച്ചുവെക്കാനുള്ള

സൂചിപോലൊരു കമ്പിമാത്രം !

മീനുകള്‍ക്കിരയെ പെട്ടെന്നൂരിയെടുക്കാം,

അയാള്‍ ചിരിച്ചു.

എങ്കിലാ ഇരയെല്ലാം ഒരുമിച്ച്

പുഴയിലിട്ടാൽ മതിയാവില്ലേ,

വെറുതെയിങ്ങനെ കാത്തിരിക്കേണ്ടല്ലോ

ഞാൻ പറഞ്ഞു.

എന്റെനേരെയുയര്‍ന്ന ആ കണ്ണുകള്‍

സജലങ്ങളായിരുന്നു !

യുവ സ്നേഹിതാ, അയാള്‍ പറഞ്ഞു

എല്ലാ ശരത്ക്കാലങ്ങളിലും

ഞാനും എന്റെ എലിസബത്തും

ഇവിടെയിരുന്നു മീൻപിടിക്കുമായിരുന്നു,

സാൽമൺ മത്സ്യത്തിന്റെ വെള്ളിത്തിളക്കവും

അതിന്റെ പിംഗളമായ മാംസവും

അവള്‍ക്കെന്തിഷ്ടമായിരുന്നെന്നോ !

പകൽതീരുംവരെ

ഞങ്ങളിവിടെയിരുന്ന് മീൻപിടിക്കുമായിരുന്നു.

കഴിഞ്ഞ മഞ്ഞുകാലത്തവള്‍

എന്നെക്കൂട്ടാതെ

മാലാഖമാരുടെ നാട്ടിലേക്കു പോയ്ക്കളഞ്ഞു.

ശരത്ക്കാലത്തിവിടെയെനിക്ക്

അവളുടെ സാമീപ്യം ലഭിക്കുന്നു

അതെന്നെ ശമിപ്പിക്കുന്നു

മഞ്ഞുകാലം കടന്നുപോകാനുള്ള ചൂടുനല്കുന്നു.

വൃദ്ധൻ വീണ്ടും ഇരചേര്‍ത്ത ചൂണ്ട

ടായ് നദിയിലേക്കെറിയുന്നു !

.....................................................................



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ