2019, ഡിസംബർ 26, വ്യാഴാഴ്‌ച

ഡിസംബര്‍,നിന്നോട്
ബാലകൃഷ്ണന്‍ മൊകേരി
ഡിസംബര്‍,
നീയെത്തുന്നു
മഞ്ഞുമലക്കൊമ്പില്‍നിന്ന്
പകര്‍ന്നെടുത്ത തണുപ്പുമായി
നിന്റെ തണുത്ത ശ്വാസവും
വിരല്‍ത്തുമ്പുകളും
ഞങ്ങളുടെ ശരീരത്തില്‍
മരണത്തിന്റെ മരവിപ്പുനിറയ്ക്കുമ്പോള്‍
കണ്ടത്തിലടിച്ചുകൂട്ടിയ
ഓര്‍മ്മകളുടെ കൂമ്പാരത്തിന്
ജീവനില്‍നിന്ന് ചൈതന്യം പകര്‍ന്ന്
ഞങ്ങള്‍
കൂട്ടമായിരുന്ന് തീകായുന്നു.
അങ്ങനെയാണ്
പല്ലുകള്‍കൂട്ടിയിടിപ്പിക്കുന്ന
നിന്റെ തണുത്ത വിളംബരത്തെ
ഞങ്ങളതിജീവിക്കുന്നത്.
എന്നിട്ടും
നിന്റെ ചുടലനൃത്തം നിര്‍ത്തിയില്ലെങ്കില്‍,
നീയറിയണം,
ഞങ്ങളുടെ മരവിക്കുന്ന അസ്ഥിയില്‍നിന്ന്,
നാഡീപടലങ്ങളില്‍നിന്ന്
കുണ്ഡലിനിയില്‍നിന്ന്
ഒരുതീപ്പൊരിയുയര്‍ന്ന്
നിറുകയില്‍
ആയിരമിതള്‍ത്താമരയായി വിരിഞ്ഞ്,
അതില്‍നിന്ന് ഒരു ന്യൂനമര്‍ദ്ദം
ചിലപ്പോഴെല്ലാം
നിന്റെ ആകാശങ്ങളില്‍
കാര്‍മേഘങ്ങളെ നിരത്തിയിടും
ആ മഴപ്പെയ്ത്തില്‍
നീ വിതച്ച തണുപ്പലിഞ്ഞുപോകും
(അകാലത്തെ മഴപ്പെയ്ത്തില്‍
മാവുംപ്ലാവുമൊക്കെ
കണ്ണീര്‍പൊഴിച്ചാലും,
ഡിസംബര്‍,
നോക്ക്, ഞങ്ങളുടെ തൊടിയില്‍
നാനാജാതി ചെടികള്‍
പച്ചപ്പിന്റെ അതിജീവനം പാടി
തലയുയര്‍ത്തിനില്ക്കും)
അതിനാല്‍, ഡിസംബര്‍,
നിന്റെ പകല്‍ച്ചൂടും
തേള്‍വിഷവും
നീതന്നെ തിരിച്ചെടുക്കുക.
25/12/19

2019, ഡിസംബർ 11, ബുധനാഴ്‌ച


ചീത്തവാക്കുകള്‍
ബാലകൃഷ്ണന്‍ മൊകേരി
1
കുഞ്ഞുന്നാളിലച്ഛനാണ്
ആരോടും
ചീത്തവാക്കുകള്‍ പറയരുതെന്ന്
പഠിപ്പിച്ചുതന്നത്.
സംസാരിക്കാനൊരുങ്ങുമ്പോഴെല്ലാം
ഒരു താക്കീതുപോലെ
എന്നെയതുപിന്നോട്ടുനീക്കി.
ചീത്തവാക്കുകള്‍ നുരയ്ക്കുന്ന
തെരുവോരപ്പകലുകളും
വാക്കുകളുടെ തുണിയുരിയുന്ന
കുടിയന്മാരുടെ മോന്തികളും
കാതുപൊത്തി കണ്ടുനില്ക്കാനേ
കഴിഞ്ഞുള്ളൂ
2

നിഘണ്ടുക്കളില്‍ പലപ്പോഴും കാണാത്ത
പച്ചയായ പദക്കൂട്ടങ്ങളില്‍
ജനനേന്ത്രിയങ്ങളും
ഉപസ്ഥരോമാവലികളും
വലിയ ഒച്ചയോടെ
തമ്മില്‍ വലിച്ചെറിയുന്നതാണ്
അസഭ്യമെന്നു പഠിച്ചത്
പിന്നീടാണ്
അവയ്ക്ക് പലപ്പോഴും
വ്യാകരണവുമുണ്ടായിരുന്നില്ല
വ്യാകരണമില്ലാത്ത ചീത്തവാക്കുകള്‍
ചെലയ്ക്കുന്നോന്റെ കടുപ്പംകാട്ടി
എരിഞ്ഞുതീരുമ്പോള്‍
ചീറ്റിത്തെറിക്കുന്ന തീപ്പൊരിയില്‍
പലരും പുളയുന്നതുകണ്ടു
മേലാകെ പുളിച്ച ഛര്‍ദ്ദില്‍വീണപോലെ
അലമ്പായിപ്പോയി പലപ്പോഴും
എത്ര കുളിച്ചാലും മതിവരാതെ
പുഴയിലേക്കു കിടപ്പുമാറ്റേണ്ടിവന്നു
3
എന്നിട്ടും
കാലംതെറ്റിയ മഴപോലെ
ഓര്‍ക്കാപ്പുറത്ത്
തെറിയില്‍ നനഞ്ഞുപോകുമ്പോള്‍
നല്ല നാലു തെറിയെടുത്ത്
കെണിപ്പിനുതന്നെ പകരംകൊടുക്കാനും
കൊതിവന്നു
ഗുരിക്കളെത്തേടിയപ്പോള്‍
പെയ്തുതന്ന തെറിയേറ്റ്
തൊലിപൊള്ളിയടര്‍ന്നേപോയ്
4
കുത്തിയിരുന്നു നിനച്ചപ്പോള്‍
പൊരുളുകളുടെ ഉറവപൊട്ടി:
ഇവയെല്ലാം തായ്മൊഴിയത്രേ !
മേല്ക്കോയ്മ ചമഞ്ഞെത്തിയ
മറുപേച്ചുകള്‍ നാടിന്‍ തായ്മൊഴി
ചളിമൊഴിയായ് മറകെട്ടി !
ഇപ്പൊഴുമാവേലിക്കുള്ളില്‍
കുലമഹിമപകര്‍ന്നുരസിക്കാന്‍
പോകുന്നതീയാചാരം
ഇവരുടെയാചാരം.
ആചാരം പാലിക്കാത്തവ-
നീവഴി പോകരുതല്ലോ !

2019, ഡിസംബർ 5, വ്യാഴാഴ്‌ച

അനുസ്മരണം
ബാലകൃഷ്ണന്‍ മൊകേരി
അനുസ്മരണവേദിയില്‍
അപദാനങ്ങളുടെ
പെരുമഴ പെയ്യുമ്പോള്‍
പിറകിലൊരു
പ്രാവുതൂറിയ കസാരയിലിരുന്ന്
അന്തംവിടുകയായിരുന്നു.
മലയാളഭാഷയ്ക്കുവേണ്ടി
പല്ലും നഖവുമുപയോഗിച്ചു
പോരടിച്ച സാഹിത്യകാരന്‍,
തന്റെ കൃതികളിലൂടെ
ജന്മഗ്രാമത്തെ അനശ്വരമാക്കിയ
അതുല്യപ്രതിഭ,
നാട്ടുചൊല്‍വടിവുകളില്‍
ചൈതന്യമുണര്‍ത്തിയ കവി,
തീപാറുന്ന രചനകള്‍
ഫാസിസ്റ്റ്മാധ്യമങ്ങള്‍ക്കു നിഷേധിച്ച,
പ്രസിദ്ധീകരണ മാഫിയകള്‍ക്കെതിരെ
നാട്ടിന്‍പുറത്തെ ,അജ്ഞാതരായ
പ്രസിദ്ധീകരണശാലകളിലൂടെ
പുസ്തകമിറക്കിയ വിപ്ലവകാരി,
കിടപ്പാടം പണയപ്പെട്ടപ്പോഴും
കുടുംബം
തന്നെഎഴുതിത്തള്ളിയപ്പോഴും
തലയുയര്‍ത്തി നേരിട്ട വ്യക്തി
വിശേഷണങ്ങള്‍
ഇയ്യാമ്പാറ്റകള്‍പോലെ
അനുസ്മരണഹാളില്‍ നിറയുമ്പോള്‍,
കവിയെ അറിയാതെപോയ
അജ്ഞതയില്‍ കുറ്റബോധം പെരുകി,
അടുത്തുള്ള കാലൊടിഞ്ഞകസേരയിലെ
മൂപ്പീന്നിനോട് ചോദിച്ചു
ആരാണദ്ദേഹം ?
ഇത്രവലിയ കവി ,
മലയാളത്തിന്റെ അഭിമാനം,
ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടിയ
വിപ്ലവകാരികവി ?

എന്നെ നോക്കിച്ചിരിച്ചൂ വയസ്സന്‍ :
കള്ളങ്ങളത്രേയീകേള്‍പ്പതെല്ലാം !
താനെഴുതുവതൊക്കെയും
കവിതയെന്നേകരുതിയ
വിഡ്ഢിയായിരുന്നയാള്‍ !
ആനുകാലികങ്ങളൊന്നും
അടുപ്പിച്ചീലയാളെ,
പ്രസിദ്ധീകരണശാലകളും
ചേര്‍ത്തുനിര്‍ത്തീലയാളെ,
കിടപ്പാടം പണയപ്പെടുത്തി
ഇറക്കിയ പുസ്കകങ്ങള്‍
വായില്ലാകുന്നിലപ്പന്മാരായിത്തീരവേ
പ്രതിഷ്ഠിക്കാനൊരു കുന്നുപോലുമില്ലാതെ
യാത്രതുടര്‍ന്നയാള്‍
വീടും വരവുമില്ലാതായ അയാളെ
എഴുതിത്തള്ളീ കുടുംബവും,
കഞ്ഞിവെള്ളവും കിട്ടാതെ
നാടുനീളെയലഞ്ഞയാള്‍,
പിന്നെയേതോ വഴിയമ്പലത്തില്‍
വീണുചത്തുപോയ്
വിഡ്ഢി !
വയസ്സനോടുകയര്‍ത്തുഞാന്‍ :
ഇവിടെപ്പറഞ്ഞോരെല്ലാം
വെറുതെ വായിട്ടലക്കയോ ?
അറിയുമോ നിങ്ങള്‍ക്കിയാളെ,
വെറുതേ ചൊല്ലരുതൊന്നുമേ !
ചിരിക്കയാണയാള്‍ വീണ്ടും-
അറിയും നന്നായെനിക്കെടോ,
എനിക്കുമാത്രമേ പക്ഷേ,
അറിവതെന്നുമതായിടാം !
ഞെട്ടേണ്ട,ഞാന്‍തന്നെയത്രേ
ഇവിടെ പറയും കവീശ്വരന്‍ !
             ഇതിന്‍ശേഷമാണുഞാന്‍
അനുസ്മരണങ്ങള്‍ക്കു പോകാതെയായത്.