2019, ഡിസംബർ 26, വ്യാഴാഴ്‌ച

ഡിസംബര്‍,നിന്നോട്
ബാലകൃഷ്ണന്‍ മൊകേരി
ഡിസംബര്‍,
നീയെത്തുന്നു
മഞ്ഞുമലക്കൊമ്പില്‍നിന്ന്
പകര്‍ന്നെടുത്ത തണുപ്പുമായി
നിന്റെ തണുത്ത ശ്വാസവും
വിരല്‍ത്തുമ്പുകളും
ഞങ്ങളുടെ ശരീരത്തില്‍
മരണത്തിന്റെ മരവിപ്പുനിറയ്ക്കുമ്പോള്‍
കണ്ടത്തിലടിച്ചുകൂട്ടിയ
ഓര്‍മ്മകളുടെ കൂമ്പാരത്തിന്
ജീവനില്‍നിന്ന് ചൈതന്യം പകര്‍ന്ന്
ഞങ്ങള്‍
കൂട്ടമായിരുന്ന് തീകായുന്നു.
അങ്ങനെയാണ്
പല്ലുകള്‍കൂട്ടിയിടിപ്പിക്കുന്ന
നിന്റെ തണുത്ത വിളംബരത്തെ
ഞങ്ങളതിജീവിക്കുന്നത്.
എന്നിട്ടും
നിന്റെ ചുടലനൃത്തം നിര്‍ത്തിയില്ലെങ്കില്‍,
നീയറിയണം,
ഞങ്ങളുടെ മരവിക്കുന്ന അസ്ഥിയില്‍നിന്ന്,
നാഡീപടലങ്ങളില്‍നിന്ന്
കുണ്ഡലിനിയില്‍നിന്ന്
ഒരുതീപ്പൊരിയുയര്‍ന്ന്
നിറുകയില്‍
ആയിരമിതള്‍ത്താമരയായി വിരിഞ്ഞ്,
അതില്‍നിന്ന് ഒരു ന്യൂനമര്‍ദ്ദം
ചിലപ്പോഴെല്ലാം
നിന്റെ ആകാശങ്ങളില്‍
കാര്‍മേഘങ്ങളെ നിരത്തിയിടും
ആ മഴപ്പെയ്ത്തില്‍
നീ വിതച്ച തണുപ്പലിഞ്ഞുപോകും
(അകാലത്തെ മഴപ്പെയ്ത്തില്‍
മാവുംപ്ലാവുമൊക്കെ
കണ്ണീര്‍പൊഴിച്ചാലും,
ഡിസംബര്‍,
നോക്ക്, ഞങ്ങളുടെ തൊടിയില്‍
നാനാജാതി ചെടികള്‍
പച്ചപ്പിന്റെ അതിജീവനം പാടി
തലയുയര്‍ത്തിനില്ക്കും)
അതിനാല്‍, ഡിസംബര്‍,
നിന്റെ പകല്‍ച്ചൂടും
തേള്‍വിഷവും
നീതന്നെ തിരിച്ചെടുക്കുക.
25/12/19

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ