2021, ഫെബ്രുവരി 24, ബുധനാഴ്‌ച

 ചിലന്തി

ബാലകൃഷ്ണൻ മൊകേരി
കവികൾ
ചിലന്തികളെപ്പോലെ,
ഭാവനയുടെ മുട്ടകൾ
അരുമയായി കാത്ത്
അവർ
ഏറെ നാൾ നടക്കും
ഒടുവിൽ,
മുട്ട വിരിഞ്ഞിറങ്ങുന്ന
കവിതക്കുഞ്ഞുങ്ങൾ
കവിയെ തിന്നുതീർക്കുകയും
സ്വന്തം ഇടം തേടി
നാലുപാടും
പാഞ്ഞു പോകുകയും ചെയ്യും.
കവികളോ,
ജീവനറ്റ പുറന്തോടായി,
കാറ്റിൻ്റെ കനിവിൽ
മുറിയിൽ നിലത്തു വീണ്,
ചൂലിനാൽ,
അടയാളപ്പെടുത്തപ്പെട്ട്,
കാട്ടക്കൂനയിൽ
തള്ളപ്പെടുകയാണല്ലോ!
.......................................

 ഒഴുക്ക്

ബാലകൃഷ്ണൻ മൊകേരി

തുടങ്ങും മുമ്പ്,
ആവേശ ഭരിതമായ സ്വപ്നങ്ങളുടെ
കുടമാറ്റമായിരുന്നു,
കാറ്റിലൂടെ ഒഴുകി വരുന്ന
മദിപ്പിക്കും മണങ്ങളുടെ
തിരത്തള്ളലായിരുന്നു,
മഞ്ഞുമലകളുടെ ഉയരങ്ങളിൽ,
കൊടുമുടിയിൽ കൊടിനാട്ടുമ്പോൾ
മറ്റൊന്നും കണ്ണിലും കാതിലും
ഇല്ലായിരുന്നു!
ഒടുവിൽ,
പ്രതീക്ഷകളിൽ പനിനീർ തളിച്ച
ആനന്ദമൂർഛയടങ്ങി
ചത്തുപോയ കണ്ണുകളിൽ,
കലിയടങ്ങി കെട്ടുപോയ
ഈങ്ങിയ ആകാശക്കീറിൽ,
ഒന്നും വേണ്ടായിരുന്നെന്ന
മേഘാക്ഷരങ്ങൾ വായിച്ച്
വീണ്ടുവിചാരത്തിൻ്റെ
ഇടിയൊച്ചയിൽ കിടുങ്ങി,
കവി
എഴുതി വെച്ച കവിത
കീറിപ്പറത്തുകയായിരുന്നു.
അങ്ങനെയാണ് ചരിത്രം
ഒഴുക്കറ്റ് വരണ്ടുപോയത്
...............................................

2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

 

കവിത)കള്ളങ്ങള്‍

ബാലകൃഷ്ണൻ മൊകേരി


കരാറുകാരൻ വിട്ടുകളഞ്ഞ ക്വാറിയിലെ

ചന്നംപിന്നം പാറപ്പൊടിയിൽ

എപ്പോഴൊക്കെയോ വീണ

പ്രണയത്തിന്റെ

ചില വിത്തുകള്‍

നാമ്പെടുക്കാനൊരുങ്ങിയെങ്കിലും,

പുളിപ്പിച്ച കള്ളങ്ങളുടെ

ജൈവവളം കിട്ടാതെ

അവയെല്ലാം

മുളയിലേ കരിഞ്ഞു!

കാണുന്ന മുഖങ്ങളിൽ

കാണാത്ത കള്ളങ്ങളുടെ

ചിരിയൊളിപ്പിക്കാനാവാതെവന്നപ്പോള്‍,

കൂട്ടുകാര്‍ പിണങ്ങിപ്പോയി!

നാട്ടുനടപ്പിന്റെ കള്ളങ്ങളിൽവീണു

കടുകുമണിപോലെ

പൊട്ടിത്തെറിച്ചപ്പോള്‍

വീട്ടുകാര്‍ പടിയടച്ചു.

വേണ്ടപ്പോള്‍ വേണ്ടപോലെ

പച്ചച്ചിരിപുരട്ടി

കള്ളം പറയാനാവാതെ

കുഴങ്ങിയപ്പോള്‍

ജീവിതം പിണങ്ങി വഴിമാറി.

കള്ളം പറയാൻ മിടുക്കില്ലാതെ,

കരളിൽ കിളിര്‍ത്ത സത്യങ്ങളാൽ

കവിത കോറിയിടുമ്പോള്‍,

അതിലെ ചോരപ്പാടുകള്‍ കണ്ട്

നിങ്ങള്‍ പറയുന്നു,

ഹാ, എത്ര ഉദാത്തമായ കള്ളം !

ഞാനിപ്പോള്‍,

കളവും സത്യവും തിരിച്ചറിയാനാവാതെ,

സ്വത്വപ്രതിസന്ധിയിലങ്ങനെ

അങ്ങനെ

ഇങ്ങനെ.....................


..........................................................................