2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച


നിലവറകള്‍
അരുത്,തുറക്കരുത്,
നിലവറകള്‍ തുറക്കരുത് !
വെളിച്ചം തേടുന്ന ആരുടേയും
മനസ്സുകളില്‍
ഒളിച്ചുവച്ച നിധികുംഭങ്ങള്‍
കാണാതിരിക്കില്ല.
അന്വേഷകരുടെ
 മിഴിയെത്താ മൂലയില്‍
അനുഭവങ്ങളുടെ പകിട്ടേറിയ
ശില്പവേലകള്‍ക്കുള്ളില്‍
നിലവറയിലേക്കൊരു വാതില്‍
ഒളിപ്പിച്ചു വച്ചിരിക്കും
കടങ്കഥകളുടെ കണക്കുകളഴിച്ച്
തുറന്നു നോക്കിയാല്‍
വെളിച്ചംതട്ടാത്ത ഓര്‍മ്മകളുടെ
നിധികുംഭങ്ങള്‍
ക്ലാവ് പിടിച്ച്
നിരന്നു കിടപ്പുണ്ടാകും.
കുരുതിയേകി,മന്ത്രമോതി
നിധികാക്കും ഭൂതങ്ങളെ
ഒഴിപ്പിച്ചകറ്റിയാല്‍
ഭരണികളുടഞ്ഞ് പുറത്തു വരും
മഹാനിധികള്‍ !
കണ്‍ നിറയെ കണ്ടു നിന്നോളൂ
മൂല്യ നിര്‍ണ്ണയമരുത്,
കാരണം
എല്ലാ മാപിനികളും തകര്‍ന്നു പോകും !
ഉള്ളം നിറയെ ഉള്‍ക്കൊണ്ടോളൂ
തൊട്ടശുദ്ധമാക്കരുത്,
തൊട്ടാല്‍ അവ തൊട്ടാവാടിയായി
വളപ്പൊട്ടുകളായി
മഞ്ചാടിയായി
മൃണ്‍മയമായിത്തീരും !
അതിനാല്‍,
അരുത്,തുറക്കരുത്
നിലവറകള്‍
(ദേശാഭിമാനി വാരിക ലക്കം 15 ,2011,sept.4)