2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

കവിത)

മൊകേരിയിലേക്ക് പലവഴികളുണ്ട്


മൊകേരിയിലേക്ക് പോകാന്‍
പല വഴികളുണ്ട്.
ചെറ്റപ്പുരയുടെ ചാണകം മെഴുകിയ വരാന്തയില്‍,
ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന വൃദ്ധയുടെ
മുനിഞ്ഞ്കത്തുന്ന കണ്ണുകള്‍ക്കരികിലൂടെ
ഓര്‍മ്മകളുടെ ഒറ്റത്തടിപ്പാലം കടന്ന്
മൊകേരിയിലെത്താം
പക്ഷേ,അപരിചിതരുടെ കാലൊച്ചകള്‍
അവരുടെ കൈകള്‍ക്ക്
അരിവാളിന്റെ മൂര്‍ച്ച നല്‍കിയേക്കാം
ഒറ്റുകാരന്റെ ഖദര്‍ച്ചുമരുകളില്‍
കമ്യൂണിസ്റ്റ് രക്തം മായാക്കറ തീര്‍ത്ത
ഓടിട്ട വീടിന്റെ മുന്നിലൂടെ പോയാലും
മൊകേരിയിലെത്തിച്ചേരാം
പക്ഷേ,ആ വഴിയുടെ ഇരുട്ടിലാരെങ്കിലും
മുപ്പത് വെള്ളിക്കാശ്
നിങ്ങള്‍ക്കും എണ്ണി നല്‍കിയേക്കാം!
ഉണ്ണിയാര്‍ച്ചയുടെ ഉജ്വല കഥാവൃത്തം
പേരേടില്‍ കുറിച്ചിട്ട,
കടത്തനാടന്‍ കല്ലിനരികിലൂടെ
മൊകേരിയിലെത്താം
ആ വഴിയിലറിയാതെ
ചുവടുകള്‍ക്ക് അങ്കക്കലിയുണര്‍ ന്നേക്കും
കോളാമ്പികള്‍ രാഷ്ട്രീയം തുപ്പുന്ന
നിലപാടുതറകള്‍ക്കരികിലൂടെ
പൂവത്തിന്‍ ചോട്ടിലൂടെ
മൊകേരിയിലെത്താം
പക്ഷേ, വഴുവഴുപ്പാര്‍ന്ന കളരിത്തറകളില്‍
വഴുതി വീണേക്കുമെന്നു മാത്രം!
മുക്കണ്ണന്‍ ചുഴിയുടെ അഗാധതയ്ക്കിപ്പുറം
കുറ്റ്യാടിപ്പുഴയുടെ തെളിനീരില്‍
ആലസ്യം കഴുകി
മൂരിവണ്ടികള്‍ക്കു പിന്നാലെ
മൊകേരിയിലെത്താം
പക്ഷേ, ചിന്തകളിലപ്പോള്‍
കണക്കുകളുടെ ചതുരംഗക്കളമുണരും
കൊളാട്ടയില്‍ വിടരുന്ന
ആമ്പലിന്റെ നിര്‍വൃതി നുണഞ്ഞ്
പുലര്‍വെട്ടത്തിന് മുഖം നല്കാതെ
മൊകേരിയിലെത്തിച്ചേരാം
പക്ഷേ, സ്വപ്നങ്ങളവിടെ ശാപമോക്ഷം കാത്ത്
ശിലയായി കിടന്നുപോകും.
ഞണ്ടിന്‍ മാളങ്ങള്‍പോലെ,
മൊകേരിയിലേക്ക് തുറക്കുന്ന
അസംഖ്യം ഊടുവഴികളുണ്ട്
നരദൈവങ്ങളുടെ ശിങ്കിടികള്‍ക്കിടയിലൂടെ
ആ വഴി പോകുമ്പോള്‍
യുവാക്കളുടെ തകര്‍ന്ന സ്വപ്നങ്ങള്‍
കുപ്പിച്ചില്ലുകളായി
നഗ്നപാദങ്ങളെ അനുഭവിച്ചേക്കും!
മൊകേരിയിലേക്ക്
പഴയ വഴികള്‍ അനേകമുണ്ട്
മൊകേരിയിലേക്ക് പുതിയ വഴികളുമുണ്ട്
വഴിയേതു സ്വീകരിച്ചാലും
മൊകേരി നിങ്ങളെ കെട്ടിപ്പുണര്‍ന്ന്,
സാന്ത്വനിപ്പിച്ച്,
കവിത ചൊല്ലി,
ആഹ്ലാദിപ്പിക്കും!
പക്ഷേ, ഇത് മൊകേരിയാണ്.
മൊകേരിക്കാര്‍ പുറംനാടുകളിലേക്ക്
അപ്പൂപ്പന്‍താടികള്‍പോലെ
പറന്നു പോകുമ്പോള്‍
ഞാന്‍ തിരിച്ചുവരുന്നത്
മൊകേരിയിലേക്കുള്ള ഏത് വഴിയിലൂടെയാവും?
(കന്യാസ്ത്രീകള്‍ എന്ന സമാഹാരത്തില്‍ നിന്ന്)