2018, ഒക്‌ടോബർ 27, ശനിയാഴ്‌ച

പ്ലാന്‍ ബി
(വി.കെ. എന്‍ സ്മരണയില്‍ ഒരു കല്പിതകഥ.-)

ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ അവിടെ എത്തിച്ചേരുമ്പോള്‍ സൂത്രധാരന്‍ തിരക്കിലായിരുന്നു.ച്ചാല്‍, കാലേ തുടങ്ങീരിക്ക്ണൂന്നര്‍ത്ഥം.ഇടവഴിയിലും, പറമ്പിലും,മുറ്റത്തും, ഉമ്മറക്കോലായിലും അകത്തളത്തിലും(വാതില്‍വഴികാണാവുന്നിടത്തോളം) വിവിധജാത്യാദികളിലുള്ള ജനം, തീണ്ടാപ്പാടുകള്‍ ദീക്ഷിച്ചും പഞ്ചപുച്ഛമടക്കിയുമങ്ങനെ.....മൊഴിമുത്തുകള്‍ കോളാമ്പിയില്‍നിന്ന് പെറുക്കിയെടുക്കാനായി ഒരൂട്ടം വേറെയും കാണപ്പെട്ടു.(ഇത്തരമൊരു ചുറ്റുപാടില്‍ ആരുതന്നെ ദര്‍പ്പംകൊള്ളില്ല !)
തഞ്ചിനിന്ന് മൊഴിഞ്ഞു :
ഒരിന്റര്‍വ്യൂ തരാക്കാംന്ന് പറഞ്ഞിരുന്നു
സൂത്രി മുഖമുയര്‍ത്തി:
ഉവ്വോ, ഇപ്ലോ ?
തന്നെ,തന്നെ.
ന്നാല്‍ വര്വ.വിശേഷിച്ച് ?
താങ്കളാണല്ലോ ഇപ്പോഴത്തെ കാണപ്പെട്ടതും പെടാത്തതുമായ ആചാര്യര്‍ ?
ആണ്, ആണ്
ആചാരസംരക്ഷണസമിതിയുടെ കിരീടംവയ്ക്കാത്ത രാജന്‍ എന്നനിലയില്‍......
മലര്‍ക്കെ ചിരിച്ചുകൊണ്ട് സൂത്രി ചാരുകസാരയില്‍ നിറഞ്ഞു.
അതെയതേ.തറവാട് സംരക്ഷിക്കാനായി, ആണും പെണ്ണുമായി,കുലകളായി,കുലമഹിമകളായി ജനം നിറഞ്ഞത് കാണപ്പെടുന്നില്ലാന്നുണ്ടോ ?
പെടുന്നു, പെടുന്നു.തീണ്ടാരി എന്ന മഹാരോഗംപേറുന്ന മറുപാതി പടിചവിട്ടിയാല്‍ എന്തും സംഭവിക്കാം, ല്യോ ?
പിന്നെ,അശുദ്ധാവില്യേ സര്‍വ്വതും. വിശ്വാസം അങ്ങട് തകരില്യേ ?ആയിരക്കണക്കിന് സംവത്സരങ്ങളുടെ ജലസ്പര്‍ശമേശാത്ത ആചാരങ്ങള്‍...
തറവാട്ടുപാരമ്പര്യം ശതവര്‍ഷങ്ങളിലൊതുങ്ങുംന്നാണല്ലോ ചരിത്രം
കാല്പനികത പൊലിപ്പിച്ചുപറയുന്നതിനിടയ്ക്കാണോ സത്യംകൊണ്ട് ഇടങ്കോലിടുന്നത്. സമ്മതിക്കില്ല ഞാന്‍
( അവസാന വാചകം കുഞ്ജരഃമട്ടിലായതിനാല്‍ വളപ്പില്‍ കുളിച്ചുണ്ടുകഴിയുന്നവര്‍ കോറസായി വാചകം ഏറ്റെടുത്തു മുറവിളി തുടങ്ങി.)
അപ്പോള്‍ കോടതി മുതലായ.... ?!
മിണ്ടാതിരി.വിരുദ്ധര്‍ പടിയില്‍ സ്പര്‍ശിച്ചാല്‍ പടിയടച്ച് താക്കാല്‍ വിഴുങ്ങും.
അതിന് വകുപ്പുണ്ടാവുമോ ?
അശുദ്ധായാല്‍ ശുദ്ധീകരിക്കണം
അവര്‍ക്ക് യാതൊരശുദ്ധിയുമില്ലെങ്കിലോ ?
തറവാടിന്റെ വിശുദ്ധികാക്കാന്‍ പ്ലാന്‍ വേറെയുണ്ട്. പ്ലാന്‍ ബി.
ന്ന്വച്ചാല്‍ ?
തറവാടിന്റെ അകത്തളത്തില്‍ ഒന്നും രണ്ടും നിര്‍വ്വഹിക്കാന്‍ ആളെ ഏര്‍പ്പാടാക്കീട്ടുണ്ട്.ഒരാഴ്ചയായി അവര്‍ കാണാമറയത്ത് നവദ്വാരങ്ങളുമടച്ച് പാഞ്ഞുനടക്കുന്നു.സിഗ്നല്‍കിട്ടിയാലുടന്‍ അവര്‍ കര്‍മ്മംചെയ്ത് നിഷ്ക്രമിക്കും.കുറ്റം ആചാരവിരുദ്ധരുടെ തലയിലുമാവും.
അപാരംതന്നെ അമേധ്യപ്രക്ഷേപണതന്ത്രം.ആരാ ഇതിന്റെ പിന്നില്‍ ?
ഈ തലയില്‍നിറയെ മറ്റെന്താണുള്ളതെന്നാ താന്‍ കരുതുന്നത് ?
അയ്യയ്യോ, അവിടുത്തെ തലനിറയെ ഇതുതന്നെ. ഇതു ചരിത്രമാവും.
ആവണമല്ലോ. നാറ്റമൊക്കെമാറി തറവാട് ശുദ്ധമാവാന്‍ ചുരുങ്ങിയത്, വര്‍ഷമൊന്നുവേണ്ടിവരും അതിനിടയ്ക്ക്, ആചാരവിരുദ്ധരൊക്കെ അവരവരുടെ അളകളിലൊതുങ്ങും.
പടച്ചോനെ വിളിച്ചുപോയി.
സൂത്രധാരന്‍ ഭരതവാക്യം പറഞ്ഞു :
തറവാടിന്റെ വിശുദ്ധികാക്കാന്‍ ഞാന്‍ പ്രതിബദ്ധനാണെടോ.
ഇന്റര്‍വ്യൂ അവസാനിപ്പിച്ച് തിരിഞ്ഞോടുകയായിരുന്നു ഞാന്‍ എന്നെങ്ങനെ പറയാതിരിക്കും ?!

2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധി

കേട്ടപ്പോള്‍
തേടിയിറങ്ങിയതാണ്
എവിടെയും
കാണാന്‍ കഴിഞ്ഞില്ല
ഒടുവില്‍
ആകാശത്തിന്റെ പര്യായത്തില്‍
ഗകാരം കണ്ടുകിട്ടി
കാട്ടില്‍ നിന്നു് കിട്ടിയതൊരു ദീര്‍ഘം
പറയേണ്ടതു പറയുന്ന
നാവില്‍നിന്നും
നകാരമെടുത്തു വര്‍ണ്ണമാക്കി.
ഭൂമിയുടെ പര്യായം
ധകാരം കടംതന്നു
ഇകാരചിഹ്നംതേടി
അലയാത്ത ഇടമില്ല
ഒടുവിലത്
ഇന്ത്യയില്‍നിന്നു് അടര്‍ത്തിയെടുത്ത്
ഉലയിലിട്ടു പഴുപ്പിച്ച്
കൂടത്തിനിടിച്ച്
പരുവപ്പെടുത്തിയെടുക്കേണ്ടിവന്നു.
എത്ര ബുദ്ധിമുട്ടിയാലെന്താ
എനിക്കു കിട്ടിയത് ഗാന്ധിയെയാണ്