2017, ജൂൺ 28, ബുധനാഴ്‌ച

കുറുക്കന്‍മാര്‍
ചാനലിലെ മുട്ടനാടുകള്‍
തമ്മിലിടഞ്ഞ്
തലകള്‍ മുട്ടിച്ച്
പിന്‍ചുവടുവച്ച്
പിന്‍കാലിലുയര്‍ന്ന്
മുന്നോട്ടായുമ്പോള്‍,
ഇറ്റിവീഴുന്ന ചോരത്തുള്ളികള്‍ക്കായി
ദാഹാര്‍ത്തനായി
ഞെരിപിരിക്കൊള്ളുന്ന
എന്റെ
പുറംകഴുത്തിലിരുന്ന്
ഒരു കൊതുക് സിറിഞ്ചു തുടയ്ക്കുന്നു.
ഇതെന്തൊരു ലോകമാണപ്പാ !

2017, ജൂൺ 16, വെള്ളിയാഴ്‌ച

ചില അലോസരങ്ങള്‍
        ചില അലോസരങ്ങള്‍
നമ്മുടെ ഏകാന്തവായനകളെ
മുള്‍മുനയിലാക്കും
ഏഴായിചീന്തിയ
കിനാവിന്റെ മുടിനാരിലൂടെ
തിളയ്ക്കുന്ന അനുഭവങ്ങളെ
മറികടക്കാനൊരുങ്ങുമ്പോള്‍
അവ നമ്മെ ശ്വാസംമുട്ടിക്കുന്നു
ചില അലോസരങ്ങള്‍
നമ്മുടെ മനസ്സില്‍ക്കയറി
കരയിലിട്ട പരല്‍മീനായി
പിടയുമ്പോള്‍
നമുക്കെങ്ങനെ ദേശീയപാതയിലൂടെ
ബൈക്കോടിക്കാനാവും ?
           ചില അലോസരങ്ങള്‍
മുടിയിലോ മുഖത്തോവീണ
നാറ്റപ്രാണിയെപ്പോലെ
ദുര്‍ ഗന്ധംപരത്തി
കുട്ടുകാര്‍ക്കിടയില്‍
നമ്മെ ഇഞ്ചികടിപ്പിക്കും
        ചില അലോസരങ്ങള്‍
ഈഡിസ് കൊതുകുപോലെ
കു‍ടഞ്ഞാലുമിളകിയാലും
വിട്ടുപോകുകയില്ല
മനസ്സില്ലാമനസ്സോടെ
അതിനെ കൊല്ലുമ്പോള്‍
അതിരുന്നിടത്ത്
നമ്മുടെ ചോരച്ചോപ്പാണ് കാണുക

2017, ജൂൺ 14, ബുധനാഴ്‌ച

ചിതലുകള്‍

ചില സൗഹൃദങ്ങള്‍
ചിതലുകള്‍പോലെ
അവ നമ്മെ സ്നേഹപൂര്‍വ്വം
കലാവൈഭവത്തിന്റെ
കുളിര്‍മ്മയിലേക്ക്
ചേര്‍ത്തുനിര്‍ത്തുന്നു
പില്ക്കാലത്ത് ചരിത്രം
ആ ചിതല്‍പ്പുറ്റിനുള്ളില്‍നിന്ന്
നമ്മുടെ മുടിപോലും
കണ്ടെത്തുകയില്ല !