2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

കോരന്‍-ഒരോണപ്പാട്ട്.

കണ്ടുവോ കോരനെ നിങ്ങള്‍ ?
കോരനെക്കണ്ടുവോ നിങ്ങള്‍ ?
      മാവേലിവന്നനാള്‍ ഓര്‍മ്മയില്‍പ്പൂക്കുന്നൊ-
രാവണിപ്പാടത്തിലെങ്ങാന്‍
കണ്ടുവോ കോരനെ, പാടവരമ്പിലെ-
പ്പുല്‍ ചെത്തിനീക്കുന്നതായി ?
ദേഹത്തു തൂമ്പതന്‍തായ് ചാരിനിര്‍ത്തീട്ടു്
കൂമ്പാളത്തൊപ്പിയുയര്‍ത്തി,
പാടെ നരച്ചതാം കുറ്റിമുടിമേലെ
തന്‍ ചെളിക്കൈയാല്‍ തടവി,
വെറ്റമുറുക്കിക്കറുത്തതാം പാതാള-
വായ പിളര്‍ത്തിച്ചിരിച്ച്,
പിഞ്ഞി,ച്ചുവന്ന തുവര്‍ത്തിനാല്‍ നാണവും
ദേഹവും പാതി മറച്ച്,
കണ്ണിന്നടുപ്പില്‍ത്തിളയ്ക്കുന്ന കഞ്ഞിയില്‍
മോഹത്തവിയിളക്കുന്നോന്‍-
കോരനെക്കണ്ടുവോ, നിങ്ങളെന്‍ കോരനെ
കണ്ടാലറിയുകില്ലല്ലീ ?

         ഓണംവരുമ്പോള്‍, വിശക്കുന്ന കണ്ണുകള്‍
സാഗരംനീന്തിവന്നെത്തും
അവരുടെ തീന്‍മേശമേലെ വിളമ്പുവാന്‍
കോരന്‍കരള്‍തന്നെ വേണം!
കേമറക്കണ്ണുകള്‍ചിമ്മിത്തുറക്കുമ്പോള്‍
പൊന്‍കുമ്പിളൊന്നു നല്കേണം!
കഞ്ഞികുടിക്കണം കോരന്‍, ചടങ്ങുകള്‍
ഗംഭീരമാവുകവേണം!
കാണംമുഴുക്കെയും വിറ്റാലു,മോണമു-
ണ്ടേമ്പക്കമിട്ടുനില്ക്കേണ്ടേ ?
വിറ്റുണ്ണുവാനീ പഴങ്കഥയല്ലാതെ
പൈതൃകമെന്തുണ്ടു വേറെ ?
വെള്ളാരങ്കണ്ണുള്ള വാമനനെത്തുമ്പോള്‍
മൂന്നടി ദാനമായ് നല്കാം
മണ്ണു തികയാതിരുന്നാല്‍ തലയിലെ
പാഴ് മണ്ണുകൂടിയളക്കാം!
    എങ്കിലുമോണം ജയിക്കട്ടെ, കോരനെ
കണ്ടുവോ നിങ്ങളാരാനും ?