2013, ജൂൺ 9, ഞായറാഴ്‌ച

നാദാപുരം

      നാദാപുരമൊരു നെല്‍പാടമാകുന്നു
കരുത്തു കനത്തൊരു മുണ്ടകന്‍ പാടം !
കരിവളക്കൂറുള്ള പാടത്തിലെങ്ങും
പായലിന്‍ പച്ചക്കോണകമുടുത്ത്,
കാക്കപ്പൂവിന്റെ മിഴിക്കറുപ്പില്‍ നോക്കി
മുണ്ടകന്‍ ഞാറ് തിരമാല തീര്‍ക്കെ,
തലയരിയാ*നെത്തുന്ന പൊക്കന്റെ വായില്‍
ദിനേശ് ബീഡി പുകയുന്ന പാടം!
           ഞാറിന്റെ കാട്ടിലൊളിച്ചിരിക്കുന്ന
കയ്ച്ചിലിന്‍ കണ്ണിലെ തുമ്പിക്കൊതിയിലേ-
ക്കറിയാതെയൊരു കൊച്ചു കൂരാത്തി ചെല്ലുമ്പോള്‍
കപ്പിവിഴുങ്ങുന്നൊരൊച്ചയില്‍ 
വരമ്പത്തെ പൊന്മാന്‍ പറക്കുന്ന പാടം !
            പിരിയോല ചൂടുന്ന പെണ്ണാളുകള്‍ നീളെ-
യേക താളത്തില്‍ മദമാര്‍ന്നു പാടുന്ന
പാട്ടിന്റെയിതളുകളില്‍
നിന്നുമൊരാര്‍ച്ചയാള്‍
അതിരുഷ്ടയായ് തന്റെ
നനമുണ്ട് വീശുമ്പോള്‍,
ജോനകപ്പടയാകെ പതറുന്ന
നാടിന്റെ പെണ്‍ വീര്യമുണരുന്നൊരേട് നാദാപുരം !
               അകലെ, കിഴക്കിന്റെ
മലമോളില്‍ കര്‍ക്കിടകം
തെയ്യമായുറയുന്ന കാലത്ത് തെങ്ങിന്റെ
കടപുഴകി മണ്ണിളകി-
യുരുള്‍പൊട്ടിയടരുമ്പോള്‍,
മണ്ണിന്റെ ചോരയില്‍ പഴയൊഴുകി,
ചോരയീ-
മുണ്ടകന്‍ പാടം നിറയുമ്പോള്‍
നെഞ്ചില്‍ നെരിപ്പോടു പേറും കൃഷീവല-
മിഴികളില്‍ തെളിയുന്ന
ദുരിതങ്ങള്‍ തന്‍ വെറും
മുണ്ടകപ്പാടമിതു നാദാപുരം !
             പലനാടു തേടുന്ന
പുഴയുടെ കലക്കത്തി-
ലറിയാതെയിരുളില്‍
കടന്നുവന്നെത്തുന്ന
മുതലകള്‍ ചിലപ്പൊഴീ-
പാടത്തിനിടയിലെ
തോടിന്റെ കൈതപ്പടര്‍പ്പിലൊളിച്ചിരു-
ന്നതു വഴി പോകുന്ന ബാലകരെ രുചിനോക്കു-
മതു ഭയമുണര്‍ത്തുന്ന
പകലുകളെയുളവാക്കു-
മതിനപ്പുറത്തൊരു
പുലരിയുണരുന്നേരം
ഒരുപാടു മനസ്സുകളി-
ലുണരുന്ന സ്നേഹമ-
ങ്ങുറവയായൊഴുകിയീ
നാടിന്‍ കലക്കങ്ങ-
ളകലേക്കു, കടലിലേ-
ക്കൊഴുക്കിവിട്ടീടുമേ.....
        കണ്ണീരു പോലെ 
തെളിയുമിപ്പാടത്ത്
കതിരുകള്‍ കനമാര്‍ന്ന്
കനകമായ് വിളയുമ്പോള്‍
നാദാപുരം ഒരു
മുണ്ടകന്‍ പാടമായ്,
നാട്ടിന്‍ പുറമായി,
വാമൊഴിപ്പാട്ടായി
പാണന്റെ മൊഴികളില്‍
നാവില്‍ നിറഞ്ഞാടു,-
മെപ്പൊഴോ കോല്‍കളി-
 പ്പാട്ടായി മാറിടും !
              നാദാപുരം ഒരു പാടമാകുന്നു പോല്‍,
മുണ്ടകന്‍ പോ‌ലെ കതിരു കനക്കുന്ന
കെട്ടിടജാലം പല വാണിഭങ്ങളില്‍
കൊയ്ത്തും മെതിയും തകൃതിയായങ്ങനെ
നാദാപുരം ഒരു മുണ്ടകന്‍ പാടമാം !

...................................
*തലയരിയുക- ഞാറിന്റെ തലപ്പുകള്‍ അരിഞ്ഞെടുത്ത് കന്നുകാലികള്‍ക്ക് കൊടുക്കും
(ചന്ദ്രിക ആഴ്ചപ്പതിപ്പ് 2013 മെയ് 25-31. ലക്കം 33)