2020, ഡിസംബർ 29, ചൊവ്വാഴ്ച

 

പ്രണയം
ബാലകൃഷ്ണൻ മൊകേരി
 
ഞാൻസ്നേഹിച്ചത്
നിന്നെയായിരുന്നില്ല.
നീ,
എന്റെയുള്ളിലുണർത്തിയ
സങ്കല്പലോകത്തെയായിരുന്നു
ഞാൻ
പ്രണയിച്ചിരുന്നത് !
അതാണ്,
നീയാരിക്കലും എന്നെ അറിയില്ലെങ്കിലും,
ഞാനീ വഴിയിറമ്പിൽ
ഇപ്പോഴും
പൂത്തു നില്കുന്നത്!

2020, ഡിസംബർ 25, വെള്ളിയാഴ്‌ച

 

ഉതവി
ബാലകൃഷ്ണൻ മൊകേരി
ഹേ ദൈവപുത്രാ!
നിന്റെയിടത്തും വലത്തുമായ്
കുരിശേറ്റിയ രണ്ടു കള്ളന്മാർ, കൊള്ളാത്തവർ
ചോരയിൽ സ്വന്തം കഥ
കോറിവെച്ചതിനാലേ,
നീതിതൻ കൂരാണിയിൽ
കുരിശിൽ തറഞ്ഞിട്ടും
അഴിച്ചുകിടത്തിയ
കല്ലറയ്ക്കുള്ളിൽ നിന്റെ
ചേതന പ്രാണൻ മിന്നി
നീയുയിർത്തെഴുന്നേറ്റു!
ഭൂമിയിലാകാശത്തിൽ
വെട്ടമായ് പരന്നുനീ,-
യെങ്കിലും കള്ളന്മാരാ
കുരിശേറ്റിയപാടേ
തൂങ്ങിനില്ക്കയാണല്ലോ
പഴയ വിലാസത്തിൽ!
നിൻജന്മദിനാഘോഷം
പൊടിപാറുമ്പോഴെങ്ങാൻ,
അവർക്കായ് നിൻ മാധ്യസ്ഥ്യം
ഉതവിയൊരുക്കുമോ ?
സ്വർഗ്ഗത്തിൻ കവാടങ്ങ-
ളിവർക്കായ് തുറക്കുമോ ?
..................................

 

അത്രേയുള്ളൂ
ബാലകൃഷ്ണൻ മൊകേരി
 
കിനാക്കണ്ണടഞ്ഞ് വരണ്ടുകിടന്ന
നീറ്റോറക്കുന്നിൽ
കരിമ്പാറയായിക്കിടന്ന പ്രാക്കുകള്ക്ക്
യന്ത്രക്കൈയ്യാൽ മോക്ഷംകൊടുത്ത്
ചരിവിലെ കൂണുപോലുള്ള പുരകളിൽ
ഉറക്കംവറ്റിച്ച പുരുഷോത്തമൻ മുതലാളി
ഇച്ചിരിനേരം മുമ്പാണ്
മരണപ്പെട്ടത്.
കിടപ്പാടം കുടിവെള്ളമെന്നെല്ലാംപാടി
പാഞ്ഞുചെന്ന പാഴ്ജന്മങ്ങള്ക്ക്
പുല്ലുവിലകാണാത്ത,
കരിവീട്ടിക്കാതലിൻെറ
ഉരുപ്പടിപോലത്തെ മനിച്ചൻ!
പണമെറിഞ്ഞ് നീതിപ്പരുന്തിനെ
കൂട്ടിലാക്കിയ കുറുക്കൻ,
അമ്പത്താറുകൊല്ലംകൊണ്ട്
ദൈവത്താറായവൻ,
ചത്തുപോയെന്നോ കണ്ണച്ചാ,
റക്കെന്തേനും വയ്യായ ?
ഇൗനെല്ലെന്തുബരുത്താ മാണ്ട്യത് മനേ,
എന്തങ്കിലുമൊരേതു പോരേ ?
ഓനുച്ചക്ക് കഞ്ഞീം മോന്തി
ഉച്ചമയങ്ങ്വാൻ കെടന്നേരം
ഒരൊറ്റ ബളി,
സൈ,ആളുകാലി!
അത്രേയുള്ളൂ ?
അത്തിര്യേള്ളൂ മനേ, മനിച്ചന്റെ കാരിയം!
........................................................
Sruthi Thazhikapurath, Rajan C H Chalil and 68 others
43 Comments
Like
Comment
Share


 

പറക്കമുറ്റാത്തൊ-
രിളംകിളിക്കുഞ്ഞീ-
മനസ്സിലിപ്പോഴും
മടിച്ചു നില്ക്കുന്നു!

2020, ഡിസംബർ 8, ചൊവ്വാഴ്ച

 പരിഭാഷ 20

ക്രിട്ടിസിസം
ബാലകൃഷ്ണൻ മൊകേരി

വിമര്ശകൻ പറഞ്ഞു :
വില്യം ഷേക്സ് സ്പിയര്, അയാളാണ്കവി.
വേര്ഡ്സ് വര്ത്ത്,വില്യം ബ്ലേക്
കീറ്റ്സ്,ഷെല്ലി,മിൽട്ടൻ,
ട്.എസ്.എലിയറ്റ്,
ചോസര്,ബൈറൻ പ്രഭു
ബ്രൗണിംഗ്
ഹോ !
അതായിരുന്നു കവിത.
അതിനുശേഷം
എന്തു കവിത, ഏതു കവിത !?
ഇല്ല കവിത.
അണയാറായ തീപ്പൊരിയും
വരണ്ട ചിരിയുംതൂകി
അയാള് പറഞ്ഞു
കേട്ടിരുന്ന ജനതയും
പുതുകവിതയും
വൈചിത്ര്യമാര്ന്ന ജീവിതവും
കവിതയുംതേടി
മുന്നോട്ടുതന്നെപോയി
വിമര്ശകന് പക്ഷേ,
നിന്നിടത്തുനിന്ന് ഇളകാൻകഴിഞ്ഞില്ല !
അയാളുടെ ശരീരം
ഒരു കൽപ്രതിമയായി
രൂപാന്തരപ്പെടുകയായിരുന്നു!
അവിടം കാടുമൂടുകയും
പില്ക്കാലത്ത് ,
കമിതാക്കള്ക്ക് ഒളിഞ്ഞിരുന്ന്
സ്വപ്നങ്ങള് കൊറിക്കാനുള്ള
വെറുമൊരു ചരിത്രാവശിഷ്ടമായി
മാറുകയും ചെയ്തു!
..........................................

 പരിഭാഷ 19

കഴുകൻ
ബാലകൃഷ്ണൻ മൊകേരി

കഴുകനെന്നു കേള്ക്കുമ്പോള്
നമുക്കെന്നും
ഉള്ളിലൊരാന്തലാണ് !
മൊട്ടത്തലയും കൂര്ത്ത കൊക്കുകളും
വലിയ ചിറകുകളുമായി,
ദുശ്ശകുനമായി
അത് മരക്കുറ്റികളിൽ കാത്തിരിക്കുന്നു.
ചത്തുപോയവയുടെ
വയറുതുരന്നുകീറി,
അതിന്റെ ആന്തരലോകത്തിലേക്ക് തലപൂഴ്ത്തി,
കഴുകന്മാര്
ചത്തവയുടെ ജീവചരിത്രം
വലിച്ചുകുടിക്കുന്നു!
കാണാൻ ഭംഗിയില്ലാത്ത പറവ!
അവയുടെ വലിയ കണ്ണുകളിൽ
ദൂരങ്ങളുടെ മാപിനിയുണ്ട്,
ചിറകുകളിൽ വേഗവും,
ക്ഷമയുടെ അവതാരമായി കഴുകന്മാര്
മരണദേവതയെപ്പോലെ കാത്തിരിക്കുന്നു
ഭംഗിയുള്ള പരുന്തുകളേയും പ്രാപ്പിടിയന്മാരേയും
പക്ഷേ, പേടിക്കുകതന്നെവേണം!
അവ,താഴ്വാരത്തിലെ കാരറ്റുതോട്ടത്തിന്റെ
സുഖശീതളിമയിൽനിന്ന്
മുയൽക്കുഞ്ഞിനെ റാഞ്ചിക്കൊണ്ടുപോവും,
മരക്കൊമ്പിൽ മയങ്ങുന്ന
മലയണ്ണാനേയും
തീറ്റതേടിപ്പറന്നുതളര്ന്ന്
കൂടണയാൻപോകുന്ന പ്രാവുകളേയും
പരുന്തുകള് ഓര്ക്കാപ്പുറത്തുപിടികൂടി
നഖങ്ങളിൽ കൊരുക്കുന്നു
അവയൊന്നും നമ്മുടെ രാപ്പനി കൂട്ടുന്നതേയില്ല!
പക്ഷേ, കഴുകന്മാര്,
ആ പാവം ശവംതീനികള്,
സ്വന്തം കാലുകളിൽത്തന്നെ തൂറിവെക്കുന്നവര്,
നമുക്കെന്നും അലോസരങ്ങളാകുന്നു
കാരണം,അവ കഴുകന്മാരാണ്!
........................................................

 സമ്പരായം

ബാലകൃഷ്ണൻ മൊകേരി

അമ്പരപ്പാണെനിക്കിപ്പോള് നമുക്കൊരു
സമ്പരായം*വന്നുപെട്ടതെന്തിങ്ങനെ ?
ഇമ്പംതഴച്ചതാം വര്ത്തമാനങ്ങളിൽ
ഇച്ഛയോടെത്രയിരുന്നതാണിന്നലെ !
എന്റെ ഭാവങ്ങളിൽനിന്നുപോലും ചിന്ത-
യേതുവഴിയെന്നു,പിന്നാലെയെത്തി നീ,
സുസ്മിതയായ് നീയിരിക്കുമ്പോള് നിൻമനം
വായിച്ചു ഞാനും, തുടര്ന്നതന്നിങ്ങനെ,
എത്രയെളുപ്പ,മൊരേയലദൈര്ഘ്യമായ്,
എന്തനായാസം പറന്നൊരേ പക്ഷമായ്,
എന്റെ നാവിൽനിന്നുയിര്ക്കൊണ്ട വാക്കുകള്
നിൻമനംതന്നിൽ മുഴുത്തുവിളഞ്ഞവ!
നിൻരസനാഗ്രം പുണരുന്നവയെല്ലാ-
മെന്റെയുള്ളത്തിൽ കതിരാര്ന്നു നിന്നവ !
എത്രനേരം നാമിരുന്നതാണിന്നലെ,
എത്ര കാവ്യങ്ങളുരുക്കഴിച്ചിന്നലെ !
സന്ധ്യ കറുത്തൂ, കൊഴിഞ്ഞങ്ങു വീണുപോയ്
സൂര്യമോഹങ്ങളുതിരക്കടലിലായ്,
സ്വപ്നങ്ങള്തൻ രമ്യഗന്ധമേയില്ലാതെ
രാത്രി പോയ്, നേരം വെളുക്കുന്നമാത്രയിൽ,
നീയുമീഞാനു,മിന്നന്യോന്യമോരാതെ
നീയായി,ഞാനായി മാറിയെന്തിങ്ങനെ ?
നിൻഭാഷയേതെന്നറികയി,ല്ലെന്നുടെ
ഭാഷ നിനക്കുമറിയാതെയിങ്ങനെ !
എത്രവേഗം നാം പരിചയമില്ലാത്ത
രണ്ടുപേരായ്, രണ്ടു ശത്രുരാജ്യങ്ങളായ് !
ഇപ്പെരും വൈരമുരുള്പൊട്ടിയെത്തുന്ന-
തെങ്ങുനിന്നാവാം, മനസ്സിൽനിന്നാവുമോ?
ജീവിതത്തിന്റെ കടംകഥയിങ്ങനെ-
യുത്തരംകിട്ടാതെ നില്ക്കുന്നവേളയിൽ,
അമ്പരപ്പാണെനിക്കിപ്പോള്, നമുക്കൊരു
സമ്പരായം വന്നുപെട്ടതെന്തിങ്ങനെ !?
...........................................
*ആപത്ത്

 പരിഭാഷ -18

ഹിറ്റ്മാൻ
ബാലകൃഷ്ണൻ മൊകേരി

നഗരത്തിലെ പെരുംമാളിന്റെ മുന്നിൽ,പ്പാത
തിരക്കിൽ ഞെരുങ്ങുവാൻതുടങ്ങും പൂര്വ്വാഹ്നത്തിൽ,
പഴയ സെഡാനോടിച്ചെത്തിയ യുവാവൊരാള്
മാളിന്റെ പാര്ക്കിംഗ് സോണിൽ കടക്കാനൊരുങ്ങവേ,
ഫോണിന്റെ സ്പീക്കര്മെല്ലച്ചോദിപ്പൂ,വൈകില്ലല്ലോ
വന്നിടാൻ,പൊളളുന്നുണ്ട് കുഞ്ഞിന്റെയുടമ്പ് ,നീ-
വന്നിട്ടു കാണിച്ചിടാം ഡോക്ടറെ,മറക്കല്ലേ....
വാക്കുകള്ക്കുള്ളിൽ കണ്ണീര്നനവുണ്ടയാള് മെല്ലെ
കണ്ണിനെ മറയ്ക്കുന്ന കറുത്തചില്ലിൻ മുഖ
ക്കണ്ണാടിമാറ്റി, മിഴിനീരയാള് തുടയ്ക്കുന്നൂ!
എത്തിടാം പണിയൊന്നു തീര്ത്തോട്ടെൻ പ്രണയമേ,
കുഞ്ഞിമോനൊരായിരമുമ്മകള് നല്കീടുന്നേൻ.
ഇങ്ങനെ ഫോണിൽമറുമൊഴിചൊന്നതിൻശേഷം
മുന്നിലെ വഴിയിലേക്കൊന്നയാള് നോക്കിപ്പോയി
അപ്പുറത്തൊരമ്മതൻ കൈവിരൽത്തുമ്പിൽതൂങ്ങി
നടക്കുമാൺകുഞ്ഞിന്റെ കുസൃതി മനോഹരം!
കുതറിയോടാൻവെമ്പൽപൂണ്ടു കുഞ്ഞതാ റോഡിൻ-
നടുവിൽ !അതിവേഗം വരുന്നൂ ശകടങ്ങള്!
അമ്മയ്ക്കു വിറയലാൽ നിന്നതാം നില്പിൽനിന്നു-
മിളകാനാവുന്നീല, മരവിച്ചല്ലോ കാലം!
കേവലനിമിഷാര്ദ്ധം! ചെറുപ്പക്കാരൻ ചാടി-
ച്ചെല്ലുന്നൂ, കരയുന്ന കുഞ്ഞിനെ റാഞ്ചിക്കൊണ്ടു
തിരികെ,യെല്ലാമൊരു സ്വപ്നതുല്യമാം വേഗം!
കുഞ്ഞിനെ മാറിൽച്ചേര്ത്തു വിതുമ്പും മാതാവിന്റെ
നന്ദിവാക്കുകള്ക്കൊന്നും ചെവിയേകിടാതയാള്
കാറിലേറുന്നൂ ദ്രുതം,ഫോണെടുത്തതിലുള്ള
മകന്റെ പടംനോക്കി നിശ്ചലമിരിക്കുന്നൂ !
സമയം ശരത്ക്കാലപത്രസഞ്ചയംപോലെ
തുടരെക്കൊഴിയുന്നൂ വായുവിൽതെന്നിത്തെന്നി!
ഇത്തിരിനേരം കഴിഞ്ഞീടവേ,മാളിൻമുന്നി-
ലെത്തിനിര്ത്തിയ നീലക്കാറിൽനിന്നൊരാ,ളൊരു,
മുൻകഷണ്ടിയാം മദ്ധ്യവയസ്കനിറങ്ങുന്നൂ,
അതുകണ്ടിരിക്കുന്ന ചെറുപ്പക്കാരൻതന്റെ
സൈലൻസര് ഘടിപ്പിച്ച തോക്കെടുത്തയാളുടെ
നെഞ്ചുകൂടിനെത്തകര്ത്തതിലെക്കിളിക്കുഞ്ഞിൻ
പറക്കം കണ്ടേനിന്നൂ, സംതൃപ്തഭാവംപൂണ്ടൂ!
പിന്നയാള് ഫോണിൽമെല്ലെപ്പറകയായിങ്ങനെ-
യിന്നത്തെപ്പണിയിതാ കഴിഞ്ഞൂ വരുന്നു ഞാൻ,
കുഞ്ഞിനെയാസ്പത്രിയിൽ കൊണ്ടുപോകുവാനായി-
ട്ടൊരുങ്ങിക്കോളൂ, സ്നേഹമോമനേ!, ഞാനെത്തിപ്പോയ്!
തുടരെച്ചൂളംവിളിയോടെയാ യുവാവതാ
തന്റെ കാറിനു ജീവൻ നല്കുന്നൂ,പറക്കുന്നൂ!
.....................................................................