2020, ഡിസംബർ 8, ചൊവ്വാഴ്ച

 പരിഭാഷ 19

കഴുകൻ
ബാലകൃഷ്ണൻ മൊകേരി

കഴുകനെന്നു കേള്ക്കുമ്പോള്
നമുക്കെന്നും
ഉള്ളിലൊരാന്തലാണ് !
മൊട്ടത്തലയും കൂര്ത്ത കൊക്കുകളും
വലിയ ചിറകുകളുമായി,
ദുശ്ശകുനമായി
അത് മരക്കുറ്റികളിൽ കാത്തിരിക്കുന്നു.
ചത്തുപോയവയുടെ
വയറുതുരന്നുകീറി,
അതിന്റെ ആന്തരലോകത്തിലേക്ക് തലപൂഴ്ത്തി,
കഴുകന്മാര്
ചത്തവയുടെ ജീവചരിത്രം
വലിച്ചുകുടിക്കുന്നു!
കാണാൻ ഭംഗിയില്ലാത്ത പറവ!
അവയുടെ വലിയ കണ്ണുകളിൽ
ദൂരങ്ങളുടെ മാപിനിയുണ്ട്,
ചിറകുകളിൽ വേഗവും,
ക്ഷമയുടെ അവതാരമായി കഴുകന്മാര്
മരണദേവതയെപ്പോലെ കാത്തിരിക്കുന്നു
ഭംഗിയുള്ള പരുന്തുകളേയും പ്രാപ്പിടിയന്മാരേയും
പക്ഷേ, പേടിക്കുകതന്നെവേണം!
അവ,താഴ്വാരത്തിലെ കാരറ്റുതോട്ടത്തിന്റെ
സുഖശീതളിമയിൽനിന്ന്
മുയൽക്കുഞ്ഞിനെ റാഞ്ചിക്കൊണ്ടുപോവും,
മരക്കൊമ്പിൽ മയങ്ങുന്ന
മലയണ്ണാനേയും
തീറ്റതേടിപ്പറന്നുതളര്ന്ന്
കൂടണയാൻപോകുന്ന പ്രാവുകളേയും
പരുന്തുകള് ഓര്ക്കാപ്പുറത്തുപിടികൂടി
നഖങ്ങളിൽ കൊരുക്കുന്നു
അവയൊന്നും നമ്മുടെ രാപ്പനി കൂട്ടുന്നതേയില്ല!
പക്ഷേ, കഴുകന്മാര്,
ആ പാവം ശവംതീനികള്,
സ്വന്തം കാലുകളിൽത്തന്നെ തൂറിവെക്കുന്നവര്,
നമുക്കെന്നും അലോസരങ്ങളാകുന്നു
കാരണം,അവ കഴുകന്മാരാണ്!
........................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ