2020, ഡിസംബർ 8, ചൊവ്വാഴ്ച

 സമ്പരായം

ബാലകൃഷ്ണൻ മൊകേരി

അമ്പരപ്പാണെനിക്കിപ്പോള് നമുക്കൊരു
സമ്പരായം*വന്നുപെട്ടതെന്തിങ്ങനെ ?
ഇമ്പംതഴച്ചതാം വര്ത്തമാനങ്ങളിൽ
ഇച്ഛയോടെത്രയിരുന്നതാണിന്നലെ !
എന്റെ ഭാവങ്ങളിൽനിന്നുപോലും ചിന്ത-
യേതുവഴിയെന്നു,പിന്നാലെയെത്തി നീ,
സുസ്മിതയായ് നീയിരിക്കുമ്പോള് നിൻമനം
വായിച്ചു ഞാനും, തുടര്ന്നതന്നിങ്ങനെ,
എത്രയെളുപ്പ,മൊരേയലദൈര്ഘ്യമായ്,
എന്തനായാസം പറന്നൊരേ പക്ഷമായ്,
എന്റെ നാവിൽനിന്നുയിര്ക്കൊണ്ട വാക്കുകള്
നിൻമനംതന്നിൽ മുഴുത്തുവിളഞ്ഞവ!
നിൻരസനാഗ്രം പുണരുന്നവയെല്ലാ-
മെന്റെയുള്ളത്തിൽ കതിരാര്ന്നു നിന്നവ !
എത്രനേരം നാമിരുന്നതാണിന്നലെ,
എത്ര കാവ്യങ്ങളുരുക്കഴിച്ചിന്നലെ !
സന്ധ്യ കറുത്തൂ, കൊഴിഞ്ഞങ്ങു വീണുപോയ്
സൂര്യമോഹങ്ങളുതിരക്കടലിലായ്,
സ്വപ്നങ്ങള്തൻ രമ്യഗന്ധമേയില്ലാതെ
രാത്രി പോയ്, നേരം വെളുക്കുന്നമാത്രയിൽ,
നീയുമീഞാനു,മിന്നന്യോന്യമോരാതെ
നീയായി,ഞാനായി മാറിയെന്തിങ്ങനെ ?
നിൻഭാഷയേതെന്നറികയി,ല്ലെന്നുടെ
ഭാഷ നിനക്കുമറിയാതെയിങ്ങനെ !
എത്രവേഗം നാം പരിചയമില്ലാത്ത
രണ്ടുപേരായ്, രണ്ടു ശത്രുരാജ്യങ്ങളായ് !
ഇപ്പെരും വൈരമുരുള്പൊട്ടിയെത്തുന്ന-
തെങ്ങുനിന്നാവാം, മനസ്സിൽനിന്നാവുമോ?
ജീവിതത്തിന്റെ കടംകഥയിങ്ങനെ-
യുത്തരംകിട്ടാതെ നില്ക്കുന്നവേളയിൽ,
അമ്പരപ്പാണെനിക്കിപ്പോള്, നമുക്കൊരു
സമ്പരായം വന്നുപെട്ടതെന്തിങ്ങനെ !?
...........................................
*ആപത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ