2020, ഡിസംബർ 8, ചൊവ്വാഴ്ച

 പരിഭാഷ -18

ഹിറ്റ്മാൻ
ബാലകൃഷ്ണൻ മൊകേരി

നഗരത്തിലെ പെരുംമാളിന്റെ മുന്നിൽ,പ്പാത
തിരക്കിൽ ഞെരുങ്ങുവാൻതുടങ്ങും പൂര്വ്വാഹ്നത്തിൽ,
പഴയ സെഡാനോടിച്ചെത്തിയ യുവാവൊരാള്
മാളിന്റെ പാര്ക്കിംഗ് സോണിൽ കടക്കാനൊരുങ്ങവേ,
ഫോണിന്റെ സ്പീക്കര്മെല്ലച്ചോദിപ്പൂ,വൈകില്ലല്ലോ
വന്നിടാൻ,പൊളളുന്നുണ്ട് കുഞ്ഞിന്റെയുടമ്പ് ,നീ-
വന്നിട്ടു കാണിച്ചിടാം ഡോക്ടറെ,മറക്കല്ലേ....
വാക്കുകള്ക്കുള്ളിൽ കണ്ണീര്നനവുണ്ടയാള് മെല്ലെ
കണ്ണിനെ മറയ്ക്കുന്ന കറുത്തചില്ലിൻ മുഖ
ക്കണ്ണാടിമാറ്റി, മിഴിനീരയാള് തുടയ്ക്കുന്നൂ!
എത്തിടാം പണിയൊന്നു തീര്ത്തോട്ടെൻ പ്രണയമേ,
കുഞ്ഞിമോനൊരായിരമുമ്മകള് നല്കീടുന്നേൻ.
ഇങ്ങനെ ഫോണിൽമറുമൊഴിചൊന്നതിൻശേഷം
മുന്നിലെ വഴിയിലേക്കൊന്നയാള് നോക്കിപ്പോയി
അപ്പുറത്തൊരമ്മതൻ കൈവിരൽത്തുമ്പിൽതൂങ്ങി
നടക്കുമാൺകുഞ്ഞിന്റെ കുസൃതി മനോഹരം!
കുതറിയോടാൻവെമ്പൽപൂണ്ടു കുഞ്ഞതാ റോഡിൻ-
നടുവിൽ !അതിവേഗം വരുന്നൂ ശകടങ്ങള്!
അമ്മയ്ക്കു വിറയലാൽ നിന്നതാം നില്പിൽനിന്നു-
മിളകാനാവുന്നീല, മരവിച്ചല്ലോ കാലം!
കേവലനിമിഷാര്ദ്ധം! ചെറുപ്പക്കാരൻ ചാടി-
ച്ചെല്ലുന്നൂ, കരയുന്ന കുഞ്ഞിനെ റാഞ്ചിക്കൊണ്ടു
തിരികെ,യെല്ലാമൊരു സ്വപ്നതുല്യമാം വേഗം!
കുഞ്ഞിനെ മാറിൽച്ചേര്ത്തു വിതുമ്പും മാതാവിന്റെ
നന്ദിവാക്കുകള്ക്കൊന്നും ചെവിയേകിടാതയാള്
കാറിലേറുന്നൂ ദ്രുതം,ഫോണെടുത്തതിലുള്ള
മകന്റെ പടംനോക്കി നിശ്ചലമിരിക്കുന്നൂ !
സമയം ശരത്ക്കാലപത്രസഞ്ചയംപോലെ
തുടരെക്കൊഴിയുന്നൂ വായുവിൽതെന്നിത്തെന്നി!
ഇത്തിരിനേരം കഴിഞ്ഞീടവേ,മാളിൻമുന്നി-
ലെത്തിനിര്ത്തിയ നീലക്കാറിൽനിന്നൊരാ,ളൊരു,
മുൻകഷണ്ടിയാം മദ്ധ്യവയസ്കനിറങ്ങുന്നൂ,
അതുകണ്ടിരിക്കുന്ന ചെറുപ്പക്കാരൻതന്റെ
സൈലൻസര് ഘടിപ്പിച്ച തോക്കെടുത്തയാളുടെ
നെഞ്ചുകൂടിനെത്തകര്ത്തതിലെക്കിളിക്കുഞ്ഞിൻ
പറക്കം കണ്ടേനിന്നൂ, സംതൃപ്തഭാവംപൂണ്ടൂ!
പിന്നയാള് ഫോണിൽമെല്ലെപ്പറകയായിങ്ങനെ-
യിന്നത്തെപ്പണിയിതാ കഴിഞ്ഞൂ വരുന്നു ഞാൻ,
കുഞ്ഞിനെയാസ്പത്രിയിൽ കൊണ്ടുപോകുവാനായി-
ട്ടൊരുങ്ങിക്കോളൂ, സ്നേഹമോമനേ!, ഞാനെത്തിപ്പോയ്!
തുടരെച്ചൂളംവിളിയോടെയാ യുവാവതാ
തന്റെ കാറിനു ജീവൻ നല്കുന്നൂ,പറക്കുന്നൂ!
.....................................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ