2021, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

ഗൃഹാതുരം 2
ബാലകൃഷ്ണൻ മൊകേരി
കേട്ടെഴുത്തിലെ ചിഹ്നനംതെറ്റി-
ക്കേട്ടുനില്ക്കെയാ മാഷിൻ ശകാരം,
നീട്ടിനിന്നു നാംകൈവെള്ള,തന്നിൽ
കിട്ടിടും ചോന്ന പാടുകള് വാങ്ങാൻ!
കണ്ണുപൂട്ടി,ക്കരങ്ങളെല്ലാരും
കാരിരുമ്പിൻ കരുത്തേകി നീട്ടി,
കാത്തിരിക്കെയറിഞ്ഞു,നീ തല്ലാൻ
കൊണ്ടുപോയിക്കൊടുത്തൂ വടികള് !
നീ കൊടുക്കും വടിയവര്ക്കിഷ്ടം,
നീക്കുപോക്കില്ല ശിക്ഷാവിധിയിൽ !
കൂട്ടുകാരനായെപ്പൊഴും കൂടെ-
ക്കൂടിടുമ്പോഴു,മൊറ്റുകാരൻ നീ !
കൂട്ടുകൂടാതെ നിന്നോടു, ഞങ്ങള്
കൂവളത്തിൻ തണലത്തുനില്ക്കെ,
നീ വരുന്നുണ്ടിലപ്പീപ്പി നല്കി
നീരസങ്ങള്ക്കറുതിവരുത്താൻ !
പിന്നെ ഞങ്ങളൊരുങ്ങിനില്ക്കുന്നു
നിന്നെ ബന്ധിച്ചു മാറ്റിനിര്ത്തീടാൻ!
ഇന്നതോര്ക്കെ,ക്കനക്കുന്നിതുള്ളിൽ
കുറ്റബോധം, മറക്ക നീ,യെല്ലാം !
*********************

27 Comments



 

ഗൃഹാതുരം-1
-ബാലകൃഷ്ണൻ മൊകേരി
പാഠശാലയിൽ പോകും വഴിയിൽ
പാഞ്ഞുപോകുന്ന നീര്ച്ചാലിൽനിന്നും
കുഞ്ഞുമീനിനെത്തേവിയെടുത്താൽ,
കൂടെനില്ക്കുന്ന ചങ്ങാതിയല്ലോ!
ചിങ്ങമാസപ്പൊടിമഴവന്നാൽ,
ചില്ലയിൽ വെയിൽപ്പൂക്കള് നിരന്നാൽ,
പൂവുതേടുന്ന ഞങ്ങളെത്തേടി
പാഞ്ഞുവന്നൂ,കുടയുമായ് നീയും !
ഇപ്പുറത്തെ,ത്തറവാട്ടിൽനിന്നും
ഇറ്റുമോര,ന്നുറവയൊഴിക്കാൻ
പാത്രമായ് വന്നു നീ,നിന്നെ ഞങ്ങള്
പാഴ്മറവിക്കു വിട്ടുനല്കില്ല !
*********************

 

                            ചെറിയകണാരന്റെ ചായക്കട
                                            -ബാലകൃഷ്ണൻ മൊകേരി
ക്ലാസ്സുകഴിഞ്ഞ് ക്ഷീണിച്ച
ഞങ്ങളുടെ ഒഴിവുനേരങ്ങളിൽ.
പാരലൽ കോളേജിനടുത്തുള്ള
ചായക്കടക്കാരൻ,ചെറിയകണാരൻ
ചായയും കടിയുമായി
സ്റ്റാഫ്റൂമിൽ വരും!
(അയാളുടെ കടയിലായിരുന്നു
ഞങ്ങളുടെ പറ്റുപടി)
ഒരുദിവസം കൊണ്ടുവന്ന കായുണ്ടയിൽ
തിന്നാൻ പറ്റാത്തവിധം
ഉപ്പേറിയിരുന്നു!
കടിച്ചുപോയവര്, ജനലിലൂടെ
പുറത്തേക്കു തുപ്പുകയും
ബാക്കിയുള്ളോര്
കൈ പിൻവലിക്കയും ചെയ്തു.
ഇതെന്താ വല്ലാതെ ഉപ്പിച്ചുപോയല്ലോ
എന്നു ചോദിച്ചപ്പോള്,
കടഞ്ഞെടുത്ത പ്രതിഷേധസ്വരത്തിൽ
അയാള് പറഞ്ഞു ,
മാഷേ, ഉപ്പിച്ചിരി കൂടിപ്പോയി,
ചിലരത് ഉള്ക്കൊള്ളും,
അനുഭാവപൂര്വ്വംസഹകരിക്കും,
വിവരദോഷികളേ
ഇതൊക്കെ പറയാനൊരുങ്ങൂ!
ഇങ്ങനെ പറഞ്ഞശേഷം,
ചെറിയ കണാരൻ
ഞങ്ങള്ക്കായി കൊണ്ടുവന്ന
കായുണ്ടകളെല്ലാം ജനലിലൂടെ
പുറത്തേക്കെറിയുകയും,
കാലിയായ ഗ്ലാസുകളുമായി
ഇറങ്ങിപ്പോവുകയും ചെയ്തു !
ഞങ്ങളുടെ വല്ലായ്മ മാറിയത്,
പിറ്റേന്ന്, പറ്റുപുസ്തകം കണ്ടപ്പോഴാണ്,
അതിലയാള്,
വലിച്ചെറിഞ്ഞ കായുണ്ടകളും
ഞങ്ങളുടെ കണക്കിൽ വരവുവെച്ചിരുന്നു!
******************************

 

2021, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

വൈപരീത്യം (കഥ)
ബാലകൃഷ്ണൻ മൊകേരി
    ഭക്ഷ്യപേയാദികള് വെടിപ്പായി കഴിഞ്ഞ് യോഗാസനംപൂണ്ട ഗുരുവിനെ മയിൽപ്പീലിയാൽ വീശുകയായിരുന്നു ശിഷ്യൻ.അയാള്, ഇപ്രകാരം ചോദിച്ചു,
: ഇവന്റെ ഒരു സംശയമുണര്ത്തട്ടെയോ സ്വാമിൻ ?
നെറുകയിൽനിന്ന് കൃഷ്ണമണിയിണകളെ കൺകളിലേക്ക് തിരിച്ചുകൊണ്ടുവന്ന്, വാത്സല്യത്തോടെ ശിഷ്യനെനോക്കിയശേഷം, ചോദിച്ചോളൂ എന്ന മുദ്രകാണിച്ചു ഗുരു.
ശിഷ്യൻ ചോദിച്ചു :
രാജഭരണത്തിനെതിരെ സായുധകലാപംനടത്തിയല്ലേ വിപ്ലവകാരികള് ജനാധിപത്യം കൊണ്ടുവന്നത് ?
ഗുരു മന്ദഹാസത്തോടെ മൊഴിഞ്ഞു:
അപ്രകാരമാണ് ചരിത്രം സൂചനതരുന്നത്.
ശിഷ്യൻ : രാജഭരണത്തിന്റെ സകലമാന ഫാസിസ്റ്റ് പ്രവണതകളേയും എതിര്ത്തവരല്ലേ അവര്?
ഗുരു : ആണെന്നതിന് തെളിവുകളുണ്ട്.
ശിഷ്യൻ : എന്നിട്ടുമെന്താണ് ഗുരോ,ഈ ജനകീയ വിപ്ലവകാരികള് രാജകീയസുഖഭോഗങ്ങള്ക്കായി മത്സരിക്കുന്നത്? എന്തുകൊണ്ടാണവര് ആളുകള്ക്ക് പേരിന്റെകുടെ രാജകുമാരൻ,രാജകുമാരി,റാണി മുതയായ വിശേഷണങ്ങള് ചാര്ത്തിക്കൊടുക്കുന്നത് ? ആ വിളിപ്പേരുകളിലവര് അഭിരമിക്കുന്നത് ?
ഗുരു : ച്ചാൽ? വിശദമാക്കൂ
ശിഷ്യൻ : ക്രീസിലെ രാജകുമാരൻ, നര്ത്തനറാണി മുതലായ.....
ഗുരു : (മന്ദഹസിക്കുന്നു) തങ്ങള് ആരാധിക്കുന്നവരുടെ സവിശേഷതകള് അനുകരിക്കാനുള്ള പ്രവണതപോലെതന്നെ,ശത്രുക്കളെയും, നിരന്തരം ഓര്ക്കാനും അവരുടെ പ്രത്യകതകളിൽ തനിക്ക് അനുകൂലനംനേടാനുമുള്ള ഒരു ഗുപ്തവൈഭവംകൂടി ആളുകളിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതാണ് ആ വൈപരീത്യത്തിന് ഹേതുവായിരിക്കുന്നത്.
ഇത്രയുംപറഞ്ഞാറെ, ഗുരു യോഗനിദ്രയിലമരുകയും,ഗുരുവിന്റെ വിശദീകരണംകേട്ട ശിഷ്യൻ, മയിൽപ്പീലിവിശറികൊണ്ട് ഗുരുവിനെ വീണ്ടും വീശുവാനാരംഭിക്കയും ചെയ്തു.
................................................................