2021, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

വൈപരീത്യം (കഥ)
ബാലകൃഷ്ണൻ മൊകേരി
    ഭക്ഷ്യപേയാദികള് വെടിപ്പായി കഴിഞ്ഞ് യോഗാസനംപൂണ്ട ഗുരുവിനെ മയിൽപ്പീലിയാൽ വീശുകയായിരുന്നു ശിഷ്യൻ.അയാള്, ഇപ്രകാരം ചോദിച്ചു,
: ഇവന്റെ ഒരു സംശയമുണര്ത്തട്ടെയോ സ്വാമിൻ ?
നെറുകയിൽനിന്ന് കൃഷ്ണമണിയിണകളെ കൺകളിലേക്ക് തിരിച്ചുകൊണ്ടുവന്ന്, വാത്സല്യത്തോടെ ശിഷ്യനെനോക്കിയശേഷം, ചോദിച്ചോളൂ എന്ന മുദ്രകാണിച്ചു ഗുരു.
ശിഷ്യൻ ചോദിച്ചു :
രാജഭരണത്തിനെതിരെ സായുധകലാപംനടത്തിയല്ലേ വിപ്ലവകാരികള് ജനാധിപത്യം കൊണ്ടുവന്നത് ?
ഗുരു മന്ദഹാസത്തോടെ മൊഴിഞ്ഞു:
അപ്രകാരമാണ് ചരിത്രം സൂചനതരുന്നത്.
ശിഷ്യൻ : രാജഭരണത്തിന്റെ സകലമാന ഫാസിസ്റ്റ് പ്രവണതകളേയും എതിര്ത്തവരല്ലേ അവര്?
ഗുരു : ആണെന്നതിന് തെളിവുകളുണ്ട്.
ശിഷ്യൻ : എന്നിട്ടുമെന്താണ് ഗുരോ,ഈ ജനകീയ വിപ്ലവകാരികള് രാജകീയസുഖഭോഗങ്ങള്ക്കായി മത്സരിക്കുന്നത്? എന്തുകൊണ്ടാണവര് ആളുകള്ക്ക് പേരിന്റെകുടെ രാജകുമാരൻ,രാജകുമാരി,റാണി മുതയായ വിശേഷണങ്ങള് ചാര്ത്തിക്കൊടുക്കുന്നത് ? ആ വിളിപ്പേരുകളിലവര് അഭിരമിക്കുന്നത് ?
ഗുരു : ച്ചാൽ? വിശദമാക്കൂ
ശിഷ്യൻ : ക്രീസിലെ രാജകുമാരൻ, നര്ത്തനറാണി മുതലായ.....
ഗുരു : (മന്ദഹസിക്കുന്നു) തങ്ങള് ആരാധിക്കുന്നവരുടെ സവിശേഷതകള് അനുകരിക്കാനുള്ള പ്രവണതപോലെതന്നെ,ശത്രുക്കളെയും, നിരന്തരം ഓര്ക്കാനും അവരുടെ പ്രത്യകതകളിൽ തനിക്ക് അനുകൂലനംനേടാനുമുള്ള ഒരു ഗുപ്തവൈഭവംകൂടി ആളുകളിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതാണ് ആ വൈപരീത്യത്തിന് ഹേതുവായിരിക്കുന്നത്.
ഇത്രയുംപറഞ്ഞാറെ, ഗുരു യോഗനിദ്രയിലമരുകയും,ഗുരുവിന്റെ വിശദീകരണംകേട്ട ശിഷ്യൻ, മയിൽപ്പീലിവിശറികൊണ്ട് ഗുരുവിനെ വീണ്ടും വീശുവാനാരംഭിക്കയും ചെയ്തു.
................................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ