2019, ഏപ്രിൽ 19, വെള്ളിയാഴ്‌ച


തര്‍ക്കം
അറിയാത്തേതോ ക്ഷേത്രസന്നിധി, തര്‍ക്കിക്കുന്നൂ,
രണ്ടുപേര്‍, ആചാരങ്ങള്‍ ലംഘിക്കപ്പെടാവതോ?
ഒരുവന്‍ പാടില്ലെന്നുപറയുന്നേരം,മറ്റോന്‍

"പറയുന്നവയെല്ലാം ചുട്ടെരിക്കുകവേണം"
"പാടില്ല, നൂറ്റാണ്ടുകള്‍ക്കപ്പുറത്തുണ്ടായതാ-
ണേറെ വിജ്ഞന്മാര്‍ കണ്ടുബോധിച്ചതവയെല്ലാം
നമ്മുടെ പൗരാണികപൈതൃകമത്രേ,നമ്മള്‍
മിണ്ടാതെ,യനുഷ്ഠിക്കമാത്രമാണഭികാമ്യം!
ഇതുതാനത്രേ ദൈവഹിതവുമതില്പരം
പറയുന്നവയെല്ലാമീശ്വരവിരുദ്ധമാം"
ഇങ്ങനെയനുകൂലി പറയുന്നേരം,മറ്റോ-
"നജ്ഞത കുമിയുന്നൊരന്ധവിശ്വാസങ്ങളെ,
മാനവവിരുദ്ധമാമാചാരതമസ്സിനെ
അതിലംഘിച്ചാണല്ലോ മാനവകുലം,നമു-
ക്കഭിമാനിക്കാവതാം നില കൈവരിച്ചതം,
ഇനിയും പുരോഗതി കൈവരിക്കുവാനായി
മുന്നോട്ടു കുതിപ്പതു" മെന്നൊരു പ്രതിവാദം
ഉന്നയിക്കവേ,തര്‍ക്കവേദിയില്‍ മൂന്നാമതാ-
യെത്തി വേറൊരാള്‍, അയാളിങ്ങനെയിടപെട്ടൂ:-
"എന്തിനു തര്‍ക്കം, പോയകാലത്തിന്‍ചരിത്രമൊ-
ന്നോര്‍ത്തുനോക്കുക,യെന്തെന്താചാരമതിലുകള്‍
പൂര്‍വ്വസൂരികള്‍-അവര്‍ നിര്‍ഭയര്‍-തകര്‍ക്കയാ-
ലിപ്പൊഴീ നവയുഗം വിരിഞ്ഞുല്ലസിക്കുന്നൂ!
അതിനാലവയെല്ലാം പിന്നെയുമനുഷ്ഠിക്കാ-
നെന്തിനു നമ്മള്‍ വാശിപിടിച്ചു തര്‍ക്കിക്കുന്നൂ?
ഇങ്ങനെ മൂന്നാമത്താള്‍ പറയുന്നതുകേള്‍ക്കെ,
മൊഴിമുട്ടിപ്പോയതാമാചാരവാദി,രുഷ്ടന്‍
എളിയില്‍ നിന്നൂരിയ തിളങ്ങും കഠാരയെ
ആഞ്ഞുവീശുന്നൂ,,തര്‍ക്കവേദിയില്‍ മൂന്നാമതാ-
യെത്തിയ പാവം നിണസ്നാതനായ് നിലംപൊത്തി!
കുത്തിയോനോടുന്നേരം,നിലത്തു കിടക്കുന്ന
മൂന്നാമന്‍,താങ്ങിപ്പിടിച്ചെഴുന്നേല്പിക്കാനായി
ഭീതനായൊരുങ്ങുന്ന രണ്ടാമനോടിങ്ങനെ
കരുണാപൂര്‍വ്വം ചൊല്‍വൂ(പതുക്കെ,പതുക്കവേ)
"ഇവരീച്ചെയ്യുന്നവയൊക്കെയും ദൈവത്തിനായ്-
ത്തന്നെയാണത്രേ, അതിന്നിടയില്‍ കൊലക്കത്തി
ദൈവനെഞ്ചത്തേക്കവര്‍ നിഷ്കൃപം  കയറ്റുന്നൂ
അവരാണെന്നും കേവലാചാരവിശ്വാസങ്ങള്‍
തിരികെയെത്തിക്കുവാന്‍ പോര്‍വിളി മുഴക്കുന്നൂ!"
അവിടുന്നാരാണെന്നു രണ്ടാമന്‍ ചോദിക്കവേ,
മുന്നിലില്ലാരും, മണ്ണില്‍ ചോരതന്‍ കറമാത്രം
(പിറ്റേന്ന്, ശ്രീകോവിലില്‍ പൂജചെയ്യുവാനായി-
ട്ടെത്തിയ പൂജാരിയാ ഭീഷ്മമാം ദൃശ്യംകണ്ടൂ :
പൂജിക്കുംപ്രതിമതന്‍ നെഞ്ചത്തുനിശിതമാം
കത്തിയൊന്നാരോ കുത്തിത്തിരുകിയിരിക്കുന്നൂ
!)

2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

പൊന്നുരുക്കുന്നിടത്ത്
ഗംഗൻ സ്രാപ്പിൻെറ
കടയിലിരുന്ന്
പൊന്നുരുക്കുന്നത്
കാണുകയായിരുന്നു.
ആവണിപ്പലകയില് ചമ്രംപടിഞ്ഞിരുന്ന്,
അടിപൊട്ടിയ കലം കമഴ്ത്തിയിട്ട്
മേലെവച്ച ചട്ടിക്കഷണത്തിലെ ഉമിക്കരിയില്
ഇരുന്നലുകളിട്ട്,
പൈപ്പിലൂടെ ഊതിയൂതി
തീച്ചൂടിനെ വരുതിയിലാക്കി
ഉരുക്കിയ കാതിലക്കമ്മല്
കട്ടയാക്കി വെള്ളത്തില് മുക്കി
കുട്ട്യോളെ അടിക്കുമ്പോലെ
പതുക്കനെ അടിച്ച്
പരുവപ്പെടുത്തുമ്പോള്
ഒരുകഷണം മുറിഞ്ഞ്
എങ്ങോ തെറിച്ചുപോയി
പൊന്നല്ലേ, സ്രാപ്പും ഞങ്ങളും
പരതിപ്പരതി വശംകെട്ടു
തെറിച്ചത് കിട്ടീല
സാരമില്ലെന്ന് സ്രാപ്പ്
പണിതുടരുന്നു
പുറത്തിറങ്ങി നടന്നനേരം
ഒരു പരുങ്ങല് വന്ന്
എൻെറ തോളിലിരുന്നു
പൊങ്കഷണം ഞാനെടുത്തെന്ന്
ഗംഗൻസ്രാപ്പു കരുതുമോ ?
കടയിലിരുന്ന മറ്റുള്ളോരും
സംശയിക്കുന്നുണ്ടാവുമോ ?
ഞാനാ പൊങ്കഷണം
സത്യമായും എടുത്തിരിക്കുമോ ?!
എന്നെപ്പറ്റി
എനിക്കുതന്നെ സംശയമായി
കാലുകളിടറി
മുഖം മഞ്ഞളിച്ച്
വിവശനായി
തിരിച്ചുചെന്നപ്പോള്
ഗംഗൻ സ്രാപ്പ് പറയുന്നു :
തെറിച്ചുപോയ കഷണംകിട്ടി
അതെൻെറ ഉടുമുണ്ടിലൊളിച്ചതാ
അതിനുശേഷമാണ് പൂച്ചകള്,
പൊന്നുരുക്കുന്നിടത്ത്
പോകാതെയായത്.