2022, നവംബർ 10, വ്യാഴാഴ്‌ച

 

വിനാശകീടങ്ങളോട്
-ബാലകൃഷ്ണൻ മൊകേരി
ഞങ്ങള്തൻ പച്ചക്കറി-
ച്ചെടിയിൽ, പൂവും കായും
വിരിയും നേരംനോക്കി-
യെത്തിടുന്നു നീ ഗൂഢം !
നാളത്തെസ്സമൃദ്ധിതൻ
മുകുളംതോറും നിന്റെ
മുട്ടകള് പതിച്ചുനീ
സ്വാതന്ത്ര്യമുദ്ഘോഷിക്കേ,
ഇച്ചെടി, യിലകളും
പൂവുകള് ഫലങ്ങളും
അഴുകിനശിക്കലാം
നിന്റെയാ ജന്മോദ്ദേശ്യം !
എങ്കിലും നികൃഷ്ടനാം
കീടമേ, യറിയുക
കര്ഷകനവയ്ക്കേകും
കരുത്തും ,കരുതലും !
അവരീച്ചെടിനട്ടൂ,
നാടിന്റെ പശിമാറ്റാൻ,
അവര്തന്നദ്ധ്വാനമാ-
ണീവയൽ വിളയെല്ലാം !
അവര്തൻ കരുതലിൽ
വിള്ളൽതീര്ക്കുവാൻ നിന്നെ-
യിത്തിരിപ്പോലും വിടി-
ല്ലീക്കൃഷിപ്പടയാളി !
നീയിട്ട വിനാശത്തിൻ
മുട്ടകളെല്ലാമവര്
നുള്ളിമാറ്റിടും,ജൈവ-
കീടനാശിനി പാറ്റും !
ഇക്കൃഷി നശിപ്പിക്കാ-
നാരയച്ചതാം നിന്നെ ?
പോവുക തിരിച്ചു നീ
നിൻതമോകേന്ദ്രങ്ങളിൽ !

 

പ്രണയകവിയുമായി ഒരു അഭിമുഖം
-ബാലകൃഷ്ണൻ മൊകേരി
അഭിമുഖവേളയിൽ,
പ്രണയകവിയോടയാളുടെ
കലാലയപ്രണയകാലത്തെപ്പറ്റി ചോദിച്ചു
പ്രണയകവിതകളുടെ തമ്പുരാൻ
ചാരുകസാരയിൽ, മിണ്ടാതെമലർന്ന്
ഓര്മ്മകളിലാഴ്ന്നുമുങ്ങാങ്കുഴിയിട്ടശേഷം
പതുക്കെ നിവർന്നിരുന്നു്
തീരെ പതുക്കെ പറയാൻതുടങ്ങി
പ്രണയപരവശനായ തന്റെമൊഴികൾ
കേള്ക്കാനൊരുങ്ങാതെ അവഗണിച്ചവരും,
വികാരങ്ങളുരുക്കിയെടുത്ത് ശില്പവേലചെയ്ത
പ്രണയലേഖനം
കൈപ്പറ്റാനൊരുങ്ങാതെ പോയവരും
മൊഴിയിൽ തെളിഞ്ഞുവന്നു!
തന്നെ അവഗണിച്ച
ബുദ്ധിമതികളായ ആ പെൺകിടാങ്ങളാണ്
തന്റെ മനസ്സിന്റെ പാറക്കുഴിയിൽ
ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ
നീലജലം നിറച്ചതെന്നും,
അവരോട് താനും
തന്റെ അറുപതു പ്രണയകവിതാസമാഹാരങ്ങളും
ഇനിയുമെഴുതാനിടയുള്ള അസംഖ്യം കവിതകളും
അസ്ഥിയോളം കടപ്പെട്ടിരിക്കുന്നുവെന്നും
ആനന്ദതുന്ദിലനായ കവി മന്ത്രിച്ചു
അന്നാ പെൺകിടാങ്ങൾ
തന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചിരുന്നെങ്കിൽ,
താനിന്നൊരു വെറുംമരുഭൂമിയാകുമായിരുന്നെന്നും
കവി ആശ്വസിച്ചു!
തന്നെയാരും പ്രണയിക്കാതിരുന്നതാണ്
തന്റെ പ്രണയകവിതകളുടെ ഊർജ്ജമെന്ന
രഹസ്യവും പങ്കുവെച്ചു !
അഭിമുഖംകഴിഞ്ഞുമടങ്ങുമ്പോൾ ,
മാറ്ററിനെന്തു പേരുനല്കുമെന്ന
ചിന്തയിലായിരുന്നു ഞാൻ !

 

ലിസ്റ്റ്
ബാലകൃഷ്ണൻ മൊകേരി.
ഞാനെഴുതിയ
പട്ടികയിൽ
എല്ലാരുടെ പേരും ഉൾപ്പെടുത്തിയതാണ് !
സ്ഥാനപ്രശ്നം ഒഴിവാക്കാൻ
നാരായണ ഗുരു ചെയ്തതു പോലെ
ഒരു വലിയ വട്ടം വരഞ്ഞ്,
സൂര്യന്റെ ചിത്രം വരയുമ്പോലെ
എല്ലാ പേരും കുത്തനെ
എഴുതിയതാണ്.
എന്നിട്ടും
പ്രിന്റിൽ വന്നപ്പോൾ ,
വൃത്തത്തിന് നടുവിലെഴുതിയ
എന്റെ പേരു മാത്രമേ
തെളിഞ്ഞു കാണുന്നുള്ളൂ.!
കവികുലഗുരുവാണ് സത്യം ,
ഇക്കാര്യത്തിൽ
ഞാനൊരു പിപ്പിടിയും കാണിച്ചിട്ടില്ല !

 

പട്ടിപ്പാട്ട്
ബാലകൃഷ്ണൻ മൊകേരി
വീട്ടിൽ വളര്ത്തുന്ന പട്ടിയാണ്,
വീടിന്റെകാവലാപ്പട്ടിയാണ്
അച്ഛനാപ്പട്ടിയെ,യാരുവാനോ
നിര്ബന്ധപൂര്വ്വം കൊടുത്തതാണ് !
ചോറിനു ചോറും, പലപ്പോഴെല്ലാം
മീനുമിറച്ചിയുമമ്മയേകും
തിന്നുകൊഴുത്തു വളര്ന്നു പട്ടി
ഉമ്മറത്തിണ്ണയിൽ ശ്വാനനിദ്ര!
വീട്ടിനന്നകത്തേക്കൊളിച്ചുകേറും
പൂച്ചയെക്കണ്ടാൽ മിഴിയടയ്ക്കും !
മോഷണംചെയ്യാനൊരുങ്ങിയെത്തും
കള്ളനെക്കണ്ടാൽ തിരിഞ്ഞുനില്ക്കും!
വീട്ടിലെക്കുട്ടികളാവഴിയേ
പോവുകിൽ പട്ടി കുരച്ചുചാടും !
ചോറുകൊടുക്കുവാൻ ചെന്നനേര-
മമ്മയ്ക്കുനേരെ മുറുമുറുത്തു!
കാര്യമറിഞ്ഞങ്ങുചെന്നനേര-
ത്തച്ഛന്റെകാലിലോ മുദ്രവെച്ചൂ!
സൂചിവെക്കാൻപോയി വന്നശേഷം
പട്ടിതൻ പല്ലുകൊഴിച്ചിതച്ഛൻ!
പിന്നേയും പട്ടി മുറുമുറുക്കേ,
വീട്ടുകാരന്യോന്യം നോക്കിനില്ക്കേ,
നടുവിലകത്തെച്ചുമരിലുള്ളോ-
രാണിയിൽ തൂക്കിയ തോക്കുനോക്കി
ചിന്തിച്ചുനില്ക്കയാണച്ഛനിപ്പോ-
ളാരിതാപ്പട്ടിയെ ബോധ്യമാക്കും ?
(നായസംരക്ഷണക്കൂട്ടരെല്ലാം
വന്നെത്തിയൊന്നു ശ്രമിച്ചുനോക്കൂ !)
***********************
കാർട്ടൂൺ- ഗൂഗിളിനോടു കടപ്പാട്.
May be a cartoon of dog

 

മണ്ണ്
ബാലകൃഷ്ണൻ മൊകേരി.
വറുത്തു,മൊരിയുന്ന
വാർത്തകൾ ദൃശ്യങ്ങളായ്,
കാഴ്ചകൾ മിഴിക്കക-
മമ്പുകൾ തൊടുക്കുമ്പോൾ,
മറയിലൊളിപ്പൂ നാം,
ഭയന്നു വിളറുന്നൂ!
ജലത്തിൻ പ്രവാഹത്തിൽ
പെട്ടുപോമുറുമ്പുപോൽ
പന്തുപോൽ തമ്മിൽച്ചേർന്നു
പലപാടൊഴുകുമ്പോൾ,
പുഴയെത്തൊടാനോങ്ങി-
ക്കുനിഞ്ഞു നിവരുന്ന
മുളങ്കൂട്ടത്തിൽക്കേറി
രക്ഷതേടുന്നൂ, വീണ്ടും
വാർത്തകൾ , ദൃശ്യങ്ങളു-
മറവുമാലിന്യം പോൽ
വന്നുമൂടുന്നൂ നമ്മിൽ,
നാമഴുക്കളമാവും,
ജീർണ്ണതയരിച്ചേറും!
അപ്പൊഴാണൊളിയിടം
വിട്ടു,നാം വീണൂ മണ്ണിൽ !
ചെമ്മണ്ണിൻ ചൂരും ചൂടും
നമ്മിലേക്കൊഴുകുമ്പോൾ,
ചെമന്ന മണ്ണിൽനിന്നു
പ്രസരിച്ചുണർന്നതാം
പ്രതിരോധത്തിൻ ജ്വാലാ-
മുഖമായ്, ഭയമറ്റ് ,
ഒരുമിച്ചുണർന്നു നാം
നേർക്കുവാനൊരുങ്ങുന്നൂ!
************************

 May be an image of 1 person and text that says 'LEAF 2022 ഒക്‌ടോബർ ലക്കം 4 Seven Leaf ഡിജിറ്റൽ മാഗസിൻ എഡിറ്റർ: കൃഷ്‌ണകുമാർ മാപ്രാണം evenleafcreations@gmail.com 7025783216 പായൽക്കുളം ആഴമേറും കുളത്തിൽ,മേ പ്പരപ്പാകെപ്പായലിൻ മറ! ആഴം കാണാ ജലാശയം ഇടയ്ക്കാരാനെറിയുന്ന കല്ലുയർത്തിയ കമ്പനം തുള വീഴ്ത്തുന്നു പായലിൽ കുളത്തിൻ തെളിവെള്ളത്തിൽ കാണുന്നുണ്ടേറെ മീനുകൾ സംശയിച്ചു ചലിപ്പതായ്! ഇതു പോലെൻ മനസ്സിൻ്റെ വാപിയിൽ കുത്തുവാക്കുകൾ ചലനം തീർത്തു വീഴവേ, മാറി നിന്നേക്കുമപ്പായൽ മൂടൽപ്പാടയൊരിത്തിരി തെളിഞ്ഞേ കാണുമുൾത്തടം നീങ്ങി നില്ക്കട്ടെ മേൽ മൂടി പ്പായൽ മറ സമസ്‌തവും തെളിഞ്ഞീടട്ടെ മാനസം 9 ബാലകൃഷ്‌ണൻ മൊകേരി kkmpm രചനയുടെ ഉത്തരവാദിത്വം എഴുത്തുകാരനു മാത്രമായിരിക്കും'

 

  • തട്ടുകടക്കാരി പെൺകുട്ടി
    ബാലകൃഷ്ണൻ മൊകേരി
    തട്ടുകടക്കാരി പെൺകുട്ടി,യാമിനി
    മാനത്തുതന്റെ കടതുറന്നൂ!
    മേളംനിറയുന്നു, പാറുന്നുചുറ്റിലും
    പാചകംചെയ്യും രുചിരഗന്ധം!
    തീപ്പൊരിപാറുന്നു,കാറ്റിനും പൊള്ളുന്നു
    എണ്ണതിളച്ചൂ കടല്പാത്രത്തിൽ!
    കാറുകൾ,പറ്റുകാരെത്തിത്തുടങ്ങിയോ-
    രൊച്ചകേൾക്കുമ്പോളവൾചിരിപ്പൂ!
    വാനമാം നീലക്കുളത്തിലൊരമ്പിളി
    വാരാലുപോലെ മറഞ്ഞുനില്ക്കെ
    നൂറുകണക്കിനു താരമീൻകുഞ്ഞുങ്ങൾ
    കുസൃതിക്കണ്ണാൽ തിളങ്ങിനിന്നൂ!
    യാമിനിപ്പെണ്ണിൻ കണവൻ ഭയങ്കരൻ
    നിത്യവും വെള്ളത്തിൽ വീണുറങ്ങും!
    പിന്നെപ്പുലർന്നാലെണീറ്റുവന്നിട്ടവൻ
    യാമിനിപ്പെണ്ണോടു തല്ലുകൂടും !
    അപ്പൊഴാപ്പെണ്ണുപിണങ്ങിയിറങ്ങിടും,
    (സന്ധ്യയ്ക്കു പിന്നെയുമെത്തുമെന്നും !)
    ഇങ്ങനെയെന്നുമാപ്പെണ്ണും കണവനും,
    മാനത്തെത്തട്ടുകടവിശേഷം!
    *******************

    26 Comments