2022, നവംബർ 10, വ്യാഴാഴ്‌ച

 

വിനാശകീടങ്ങളോട്
-ബാലകൃഷ്ണൻ മൊകേരി
ഞങ്ങള്തൻ പച്ചക്കറി-
ച്ചെടിയിൽ, പൂവും കായും
വിരിയും നേരംനോക്കി-
യെത്തിടുന്നു നീ ഗൂഢം !
നാളത്തെസ്സമൃദ്ധിതൻ
മുകുളംതോറും നിന്റെ
മുട്ടകള് പതിച്ചുനീ
സ്വാതന്ത്ര്യമുദ്ഘോഷിക്കേ,
ഇച്ചെടി, യിലകളും
പൂവുകള് ഫലങ്ങളും
അഴുകിനശിക്കലാം
നിന്റെയാ ജന്മോദ്ദേശ്യം !
എങ്കിലും നികൃഷ്ടനാം
കീടമേ, യറിയുക
കര്ഷകനവയ്ക്കേകും
കരുത്തും ,കരുതലും !
അവരീച്ചെടിനട്ടൂ,
നാടിന്റെ പശിമാറ്റാൻ,
അവര്തന്നദ്ധ്വാനമാ-
ണീവയൽ വിളയെല്ലാം !
അവര്തൻ കരുതലിൽ
വിള്ളൽതീര്ക്കുവാൻ നിന്നെ-
യിത്തിരിപ്പോലും വിടി-
ല്ലീക്കൃഷിപ്പടയാളി !
നീയിട്ട വിനാശത്തിൻ
മുട്ടകളെല്ലാമവര്
നുള്ളിമാറ്റിടും,ജൈവ-
കീടനാശിനി പാറ്റും !
ഇക്കൃഷി നശിപ്പിക്കാ-
നാരയച്ചതാം നിന്നെ ?
പോവുക തിരിച്ചു നീ
നിൻതമോകേന്ദ്രങ്ങളിൽ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ