2022, നവംബർ 10, വ്യാഴാഴ്‌ച

 

പ്രണയകവിയുമായി ഒരു അഭിമുഖം
-ബാലകൃഷ്ണൻ മൊകേരി
അഭിമുഖവേളയിൽ,
പ്രണയകവിയോടയാളുടെ
കലാലയപ്രണയകാലത്തെപ്പറ്റി ചോദിച്ചു
പ്രണയകവിതകളുടെ തമ്പുരാൻ
ചാരുകസാരയിൽ, മിണ്ടാതെമലർന്ന്
ഓര്മ്മകളിലാഴ്ന്നുമുങ്ങാങ്കുഴിയിട്ടശേഷം
പതുക്കെ നിവർന്നിരുന്നു്
തീരെ പതുക്കെ പറയാൻതുടങ്ങി
പ്രണയപരവശനായ തന്റെമൊഴികൾ
കേള്ക്കാനൊരുങ്ങാതെ അവഗണിച്ചവരും,
വികാരങ്ങളുരുക്കിയെടുത്ത് ശില്പവേലചെയ്ത
പ്രണയലേഖനം
കൈപ്പറ്റാനൊരുങ്ങാതെ പോയവരും
മൊഴിയിൽ തെളിഞ്ഞുവന്നു!
തന്നെ അവഗണിച്ച
ബുദ്ധിമതികളായ ആ പെൺകിടാങ്ങളാണ്
തന്റെ മനസ്സിന്റെ പാറക്കുഴിയിൽ
ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ
നീലജലം നിറച്ചതെന്നും,
അവരോട് താനും
തന്റെ അറുപതു പ്രണയകവിതാസമാഹാരങ്ങളും
ഇനിയുമെഴുതാനിടയുള്ള അസംഖ്യം കവിതകളും
അസ്ഥിയോളം കടപ്പെട്ടിരിക്കുന്നുവെന്നും
ആനന്ദതുന്ദിലനായ കവി മന്ത്രിച്ചു
അന്നാ പെൺകിടാങ്ങൾ
തന്റെ പ്രണയാഭ്യർത്ഥന സ്വീകരിച്ചിരുന്നെങ്കിൽ,
താനിന്നൊരു വെറുംമരുഭൂമിയാകുമായിരുന്നെന്നും
കവി ആശ്വസിച്ചു!
തന്നെയാരും പ്രണയിക്കാതിരുന്നതാണ്
തന്റെ പ്രണയകവിതകളുടെ ഊർജ്ജമെന്ന
രഹസ്യവും പങ്കുവെച്ചു !
അഭിമുഖംകഴിഞ്ഞുമടങ്ങുമ്പോൾ ,
മാറ്ററിനെന്തു പേരുനല്കുമെന്ന
ചിന്തയിലായിരുന്നു ഞാൻ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ