2022, നവംബർ 10, വ്യാഴാഴ്‌ച

 

പട്ടിപ്പാട്ട്
ബാലകൃഷ്ണൻ മൊകേരി
വീട്ടിൽ വളര്ത്തുന്ന പട്ടിയാണ്,
വീടിന്റെകാവലാപ്പട്ടിയാണ്
അച്ഛനാപ്പട്ടിയെ,യാരുവാനോ
നിര്ബന്ധപൂര്വ്വം കൊടുത്തതാണ് !
ചോറിനു ചോറും, പലപ്പോഴെല്ലാം
മീനുമിറച്ചിയുമമ്മയേകും
തിന്നുകൊഴുത്തു വളര്ന്നു പട്ടി
ഉമ്മറത്തിണ്ണയിൽ ശ്വാനനിദ്ര!
വീട്ടിനന്നകത്തേക്കൊളിച്ചുകേറും
പൂച്ചയെക്കണ്ടാൽ മിഴിയടയ്ക്കും !
മോഷണംചെയ്യാനൊരുങ്ങിയെത്തും
കള്ളനെക്കണ്ടാൽ തിരിഞ്ഞുനില്ക്കും!
വീട്ടിലെക്കുട്ടികളാവഴിയേ
പോവുകിൽ പട്ടി കുരച്ചുചാടും !
ചോറുകൊടുക്കുവാൻ ചെന്നനേര-
മമ്മയ്ക്കുനേരെ മുറുമുറുത്തു!
കാര്യമറിഞ്ഞങ്ങുചെന്നനേര-
ത്തച്ഛന്റെകാലിലോ മുദ്രവെച്ചൂ!
സൂചിവെക്കാൻപോയി വന്നശേഷം
പട്ടിതൻ പല്ലുകൊഴിച്ചിതച്ഛൻ!
പിന്നേയും പട്ടി മുറുമുറുക്കേ,
വീട്ടുകാരന്യോന്യം നോക്കിനില്ക്കേ,
നടുവിലകത്തെച്ചുമരിലുള്ളോ-
രാണിയിൽ തൂക്കിയ തോക്കുനോക്കി
ചിന്തിച്ചുനില്ക്കയാണച്ഛനിപ്പോ-
ളാരിതാപ്പട്ടിയെ ബോധ്യമാക്കും ?
(നായസംരക്ഷണക്കൂട്ടരെല്ലാം
വന്നെത്തിയൊന്നു ശ്രമിച്ചുനോക്കൂ !)
***********************
കാർട്ടൂൺ- ഗൂഗിളിനോടു കടപ്പാട്.
May be a cartoon of dog

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ