2017, ഡിസംബർ 25, തിങ്കളാഴ്‌ച

ആശംസ

ഡിസംബറിന്റെ കഫക്കെട്ട്
എത്ര ചുമച്ചിട്ടും പുറത്തുവരാതെ
നെഞ്ചിന്‍കൂടിനകത്ത്

അള്ളിപ്പിടിച്ചിരുന്നു കുറുകുമ്പോള്‍
മഞ്ഞിന്റെ ചൂടുവെള്ളത്തില്‍
വിയര്‍പ്പിന്റെ ഉപ്പുചേര്‍ത്ത്
കുലുക്കുഴിയുമ്പോള്‍
വരണ്ട ആകാശത്തിലെ
പഴയൊരു നക്ഷത്രത്തില്‍നിന്ന്
അവനിറങ്ങിവരികയും
എന്റെ നേരെ പുഞ്ചിരിതൂകിക്കൊണ്ട്
നീയാണെന്റെ കുരിശെന്ന്
കരുണയോടെ
മൂന്നുവട്ടം മൊഴിയുകയും
പൊടിപടലങ്ങളില്‍
വിലയിക്കുകയും ചെയ്തിരിക്കേ,
ഞാനെന്താണ് നിങ്ങളെ ആശംസിക്കേണ്ടത് ?

ദയവായി പറഞ്ഞുതരൂ

2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

മന്ദിയമ്മ
കുഞ്ഞിരാമന്‍ തെങ്ങിലേറി
വിളഞ്ഞതേങ്ങയടര്‍ത്തിടുമ്പോള്‍
മുളങ്കൂട്ടയിലെണ്ണിയിട്ട്
തേങ്ങാക്കൂടയിലെത്തിക്കാന്‍
കൂടെ വന്നത് മന്ദിയമ്മ
മുപ്പതു തേങ്ങമാത്രം ഒരുനടയ്ക്കെന്ന്
തോര്‍ത്തുകൊണ്ട് തെരികയുണ്ടാക്കുന്നു മന്ദിയമ്മ
കൂട്ടപിടിച്ച് തലയില്‍വെക്കുമ്പോള്‍
പോയ ചിങ്ങത്തില്‍ എഴുപതും തികഞ്ഞെന്ന്
മൊഴിയുന്നു മന്ദിയമ്മ
പണിക്കു പോകുന്നൊരു മോനില്ലേയെന്ന്
ചോദിക്കാനായുമ്പോള്‍
മോനൂണ്ട്,മോളൂണ്ടെന്ന് മന്ദിയമ്മ
കെടന്നുപോവാണ്ട്
അങ്ങോട്ടു വിളിച്ചാമതിയെന്നും,
ആവതുള്ള കാലത്തോളം
നയിച്ചുതന്നെ തിന്നണംന്നും
മന്ദിയമ്മ പറയുന്നു
ഓറുള്ളേരോം ഞാന്‍ പണിക്കുപോകാറുണ്ടെന്ന്
മരിച്ചുപോയ തന്റെ പുരുഷനെ
ഓര്‍ക്കുന്നു മന്ദിയമ്മ
ദിവസം നൂറ് തെങ്ങുകേറുമായിരുന്നു
കഞ്ഞാണേട്ടനെന്ന് കുഞ്ഞിരാമന്‍
നൂറു തെങ്ങില്‍ക്കേറി
പുരയില്‍വന്ന് കുളിച്ചുടുത്ത്
കൈതക്കാട്ടിലെ കള്ളുഷാപ്പില്‍
ഉത്സവംകൂടി കുഞ്ഞാണന്‍
കാലുറയ്ക്കാതെ, തലയുറയ്ക്കാതെ
പാതിരയ്ക്ക് വീട്ടിലെത്തി
കുഞ്ഞാണന്റെ കലാശക്കൈ
തേങ്ങ കൊണ്ടിടാന്‍പോകുമ്പോള്‍
കാര്യസ്ഥന്‍ രാമന്‍നായരോട്
കിന്നരിച്ചോ നായിന്റെമോളേന്ന്
മന്ദിയമ്മയുടെ മുടിപിടിച്ച്
കാലുമടക്കിത്തൊഴിച്ച്,
കഞ്ഞിക്കലം ചവിട്ടിപ്പൊട്ടിച്ച്,
ഞെട്ടിയുണര്‍ന്ന മക്കളെ
ആട്ടിപ്പായിച്ച്
കുഞ്ഞാണന്റെ തോറ്റം
മന്ദിയമ്മയ്ക്കെന്നും ഉത്സവമിങ്ങനെയെന്ന് കുഞ്ഞിരാമന്‍
എന്നാലെന്താ കുഞ്ഞിരാമാ,
തെങ്ങുമ്മന്ന് വീണ്
ഓറ് ചാകാന്‍കെടന്നപ്പോ
നല്ലോണം നോക്കീലേ താനെന്ന്
അതെന്റെ കടമയെന്ന് മന്ദിയമ്മ
വയനാട്ടില്‍ കൊണ്ടുപോയ മൂത്തമോള്
തിരിഞ്ഞുനോക്കില്ലെന്ന വാക്കുകേട്ട്,
ഓക്കിനിയൊന്നും കിട്ടാനില്ല
മീണ്ടിക്കൊണ്ടോവാനെന്ന്
നെടുവീര്‍പ്പിട്ടു മന്ദിയമ്മ
മോനുള്ളതൊരുത്തന്‍ തന്തയെപ്പോലെ കള്ളും മോന്തി
തള്ളയ്ക്ക് ചവിട്ടും കുത്തും,
പൈസേം പിടിച്ചുപറിക്കും
അതുകൊണ്ടോയി ഓന്റോക്ക് സാരീം കമ്മലും വാങ്ങും നായ ,
എല്ലാം ഓള് പറഞ്ഞ് ചെയ്യിക്കുന്നതാ ചെക്കനെക്കൊണ്ടെന്ന്
ആശ്വസിക്കുന്നു മന്ദിയമ്മ
ചത്തുപോയാല്‍ നാട്ടുകാര്‍ക്ക് ചോറുകൊടുക്കല്‍ നാട്ടുനടപ്പ്,
അതിന്ള്ള പൈസയാണീ കൊരണ്ടെന്ന്
കാതിളക്കുന്നു മന്ദിയമ്മ
ചാവുംവരെ പണിക്കുപോകാന്‍
ആവതാക്കണേ പടച്ചോനേന്ന്
എഴുപതു വയസ്സുള്ള മന്ദിയമ്മ !

2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

മഴക്കവിതയെന്ന് പറയുമോ ?

        എഫ്.ബി.യില്‍ കവിതകള്‍പോലെ
ആകാശം നിറഞ്ഞുപെയ്യുന്നു
ചില മേഘങ്ങള്‍ ഊഴംകാത്തുനിന്ന്
ആകാശം കറുപ്പിക്കുന്നു !
അലങ്കാരങ്ങളുടെ
മിന്നലുകളുണ്ടാവുന്നുണ്ട്
ഇടി മുഴങ്ങുന്നുണ്ട്,
ഇടവഴികള്‍
പുഴയാവുന്നുമുണ്ട്
ചിലതുള്ളികള്‍
ഉമ്മറത്തിരിക്കുന്ന എന്റെ നേരെ
നനുത്തൊരു സൗഹൃദംകാട്ടുന്നുമുണ്ട്
ചില്ലടിച്ച് ഞാന്‍
വിറകൊള്ളുന്നുമുണ്ട്
(വീട്ടുകാരി മുഖം കറുപ്പിക്കുന്നുമുണ്ട്!)
എങ്കിലും, മഴ
നിറയെ പെയ്യണം
പുതിയ തോടുകളും
പുഴകളുമൊഴുകണം
പുതിയൊരു കടലുണ്ടാവണം!
(ആ കടലിലൂടെ പായ്ക്കപ്പലോടിച്ച്
നമുക്ക്,
പുതിയ ഭൂഖണ്ഡങ്ങള്‍
കണ്ടെടുക്കേണ്ടേ ചങ്ങാതീ ?
ഇനിയും നിങ്ങളിതിനെ
മഴക്കവിതയെന്നു പറയുമോ ?)

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

അമ്പലപ്രാവുകള്‍

ഓടുമേഞ്ഞതാമെന്റെ
പുതിയ വസതിയില്‍
നിറഞ്ഞോ കപോതങ്ങള്‍ ?

ചുമരും മേല്കൂരയും
സന്ധിക്കുമിടങ്ങളില്‍
കൂടുകളുണ്ടാക്കുമോ ?

പൊള്ളുന്ന മധ്യാഹ്നത്തിന്‍
നെഞ്ചകങ്ങളില്‍ നിത്യം
ഭീതിദം മുരളുമോ?

രാവിന്റെ കിനാക്കളില്‍
അന്ധകാരത്തിന്‍ രൗദ്ര-
താളങ്ങള്‍ മുഴക്കുമോ ?

ഏഴകളൊരുക്കുന്ന
കൂരയിലൊരിക്കലും
വിരുന്നിനെത്താതവര്‍,

ചരിത്രം തിളങ്ങാത്ത
താളുകള്‍ ജീവിക്കുമ്പോള്‍,
കണ്ടതായ് നടിക്കാതോര്‍ !

ഇപ്പോഴെന്‍ വീട്ടിന്നടു-
ത്തെത്തുന്നൂ കപോതങ്ങള്‍,
കുറുകിപ്പറക്കുന്നൂ !

എന്റെയുമ്മറത്തെങ്ങും
സ്വന്തമാം പുരീഷത്താല്‍
മുദ്രവെക്കില്ലേ നിങ്ങള്‍ ?

അതിനാലല്ലോ വീട്ടില്‍
കേറ്റുവാന്‍ മടിക്കുന്നൂ,
അമ്പലപ്പിറാക്കളേ  !

2017, ജൂലൈ 23, ഞായറാഴ്‌ച

കര്‍ക്ക ടക വാവ്
              എത്ര ശ്രമദാനംനടത്തിയാലും വീണ്ടും വീണ്ടുംകാടുമൂടുന്ന ഒരു വില്ലേജാപ്പീസ് പരിസരത്ത് തഞ്ചിനില്ക്കയായിരുന്നു കഥാനായകന്‍. പത്തുമണിയാകുന്നതേയുണ്ടായിരുന്നുള്ളൂ. മലമോളിലുള്ള തന്റെ സ്ഥലത്തിന്റെ നികുതിയടയ്ക്കാനിതുവരെ കഴിഞ്ഞിട്ടില്ല.പലകാരണങ്ങളും പറഞ്ഞ് അവര്‍ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ചമുമ്പ്, മകനോട്, അടിയാധാരവുമായി ചെല്ലാനാവശ്യപ്പെട്ടുവത്രേ.അച്ഛനതിവിടെ സമര്‍പ്പിച്ചതല്ലേന്ന് ചോദിച്ചപ്പോളവരു പറഞ്ഞത്, അങ്ങനെയൊന്ന് അവിടെ കാണുന്നില്ലെന്നാണ് റജി.ആപ്പിസിലന്വേഷിച്ചപ്പോള്‍,
അ ക്കാലയളവിലുള്ളരേഖകളെല്ലാം നഷ്ടപ്പെട്ടുപോയെന്നാണ് അറിയാന്‍കഴിഞ്ഞത്. അവന്‍ വിഷമത്തോടെ ഇന്നലെയും തന്നെ വിളിച്ച് പറഞ്ഞതാണ്.അങ്ങനെയാണ് അവന്റെ വീട്ടിലേക്കുപോകുന്നവഴി വില്ലേജാപ്പീസിലൊന്ന് കേറിക്കളയാം എന്നുകരുതിയത്.
            ആപ്പീസര്‍ ധൃതിയില്‍ വരുന്നുണ്ടായിരുന്നു.പണ്ടേ, അയാളങ്ങനെയാണ്.ധൃതിപിടിച്ച നടത്തം. മുന്നോട്ടുനീങ്ങിനിന്ന് വിളിച്ചു," സാര്‍.".അയാള്‍ മുഖം തന്റെ നേരെ തിരിച്ചു. "എന്താടോ, തന്റെ ഭൂനികുതി ഇനിയുമടച്ചില്ലേ ? എന്തുപറ്റീ ?" "ഇല്ലസര്‍, കഥാനായകന്‍ പറഞ്ഞു."നിങ്ങള്‍ ആവശ്യപ്പെട്ട കൈക്കൂലിസംഖ്യ ഉണ്ടാക്കാനായി പാടുപെടുകയായിരുന്നില്ലേ ഞാന്‍. അപ്പോഴല്ലേ, മറ്റൊരു കൈക്കൂലിപ്രശ്നത്തില്‍പെട്ട് നിങ്ങള് തൂങ്ങിച്ചത്തത്."
" ഞാനില്ലാതെയായിട്ടും അവരു നിങ്ങളെ പരിഗണിച്ചില്ലേ ?" ആപ്പീസര്‍ അത്ഭുതത്തോടെ ചോദിച്ചു.
"അടിയാധാരം കാണണ്ടേ ? അത് നിങ്ങളുടെ കൈയില്‍ തന്നതാണല്ലോ. ആപ്പീസിലെങ്ങുമില്ലത്രേ."
"എടോ, അത്, ആപ്പീസിന്റെ പിന്നില്‍ പഴയസാധനങ്ങളൊക്കെയിട്ട മുറിയിലെ തട്ടുമ്പുറത്തുണ്ട്.അവിടെ നോക്കിയാല്‍പോരേ ?.ഞാനന്നൊളിപ്പിച്ചുവച്ച കുറേ പൈസായുമുണ്ടവിടെ. അതുകൊണ്ടല്ലേ, ഞാനിടയ്ക്കിടെ ഇങ്ങോട്ടു വരുന്നത് ."
" അതുശരി. എന്നിട്ടാ, രണ്ടുകൊല്ലം മുമ്പുവരെ, ഞാന്‍ ദിവസവും ഇവിടെ വരുമായിരുന്നു.ഒരുദിവസം, നിങ്ങളാപറഞ്ഞ മുറിയുടെ വരാന്തയിലാ അവരെന്റെ ശവം കണ്ടെത്തിയത്."
"ഇനിയെന്താ ചെയ്യുക ?"
"ജീവനുള്ളപ്പോ ചെയ്യേണ്ട കാര്യങ്ങള് അപ്പോത്തന്നെ ചെയ്യണം.മോന്റെ സ്വപ്നത്തിലൊന്ന് കേറാന്‍ പറ്റുമോന്ന് നോക്കട്ടെ.എന്താ ചെയ്യ ? കര്‍ക്ക ടകവാവിനല്ലേ നമ്മള്‍ക്കിങ്ങോട്ട് വരാനും പറ്റൂ, എന്നാ സാറ് ചെല്ല്,"
കഥാനായകന്‍ മകന്റെവീട്ടിലേക്ക് യാത്രയായി .

2017, ജൂലൈ 3, തിങ്കളാഴ്‌ച






അടുപ്പം
പ്രാണനിലടുത്തവരാണുനാം,പരസ്പര-
മെങ്കിലും നീയെന്നോടു പറയുന്നവയൊന്നും
കേള്‍ക്കുവാന്‍ ചെവിയേകുകില്ല ഞാന്‍ പറയുമ്പോള്‍
നീയുമിങ്ങതുപോലെ,യെത്രയുറ്റവര്‍ നമ്മള്‍!

2017, ജൂൺ 28, ബുധനാഴ്‌ച

കുറുക്കന്‍മാര്‍
ചാനലിലെ മുട്ടനാടുകള്‍
തമ്മിലിടഞ്ഞ്
തലകള്‍ മുട്ടിച്ച്
പിന്‍ചുവടുവച്ച്
പിന്‍കാലിലുയര്‍ന്ന്
മുന്നോട്ടായുമ്പോള്‍,
ഇറ്റിവീഴുന്ന ചോരത്തുള്ളികള്‍ക്കായി
ദാഹാര്‍ത്തനായി
ഞെരിപിരിക്കൊള്ളുന്ന
എന്റെ
പുറംകഴുത്തിലിരുന്ന്
ഒരു കൊതുക് സിറിഞ്ചു തുടയ്ക്കുന്നു.
ഇതെന്തൊരു ലോകമാണപ്പാ !

2017, ജൂൺ 16, വെള്ളിയാഴ്‌ച

ചില അലോസരങ്ങള്‍
        ചില അലോസരങ്ങള്‍
നമ്മുടെ ഏകാന്തവായനകളെ
മുള്‍മുനയിലാക്കും
ഏഴായിചീന്തിയ
കിനാവിന്റെ മുടിനാരിലൂടെ
തിളയ്ക്കുന്ന അനുഭവങ്ങളെ
മറികടക്കാനൊരുങ്ങുമ്പോള്‍
അവ നമ്മെ ശ്വാസംമുട്ടിക്കുന്നു
ചില അലോസരങ്ങള്‍
നമ്മുടെ മനസ്സില്‍ക്കയറി
കരയിലിട്ട പരല്‍മീനായി
പിടയുമ്പോള്‍
നമുക്കെങ്ങനെ ദേശീയപാതയിലൂടെ
ബൈക്കോടിക്കാനാവും ?
           ചില അലോസരങ്ങള്‍
മുടിയിലോ മുഖത്തോവീണ
നാറ്റപ്രാണിയെപ്പോലെ
ദുര്‍ ഗന്ധംപരത്തി
കുട്ടുകാര്‍ക്കിടയില്‍
നമ്മെ ഇഞ്ചികടിപ്പിക്കും
        ചില അലോസരങ്ങള്‍
ഈഡിസ് കൊതുകുപോലെ
കു‍ടഞ്ഞാലുമിളകിയാലും
വിട്ടുപോകുകയില്ല
മനസ്സില്ലാമനസ്സോടെ
അതിനെ കൊല്ലുമ്പോള്‍
അതിരുന്നിടത്ത്
നമ്മുടെ ചോരച്ചോപ്പാണ് കാണുക

2017, ജൂൺ 14, ബുധനാഴ്‌ച

ചിതലുകള്‍

ചില സൗഹൃദങ്ങള്‍
ചിതലുകള്‍പോലെ
അവ നമ്മെ സ്നേഹപൂര്‍വ്വം
കലാവൈഭവത്തിന്റെ
കുളിര്‍മ്മയിലേക്ക്
ചേര്‍ത്തുനിര്‍ത്തുന്നു
പില്ക്കാലത്ത് ചരിത്രം
ആ ചിതല്‍പ്പുറ്റിനുള്ളില്‍നിന്ന്
നമ്മുടെ മുടിപോലും
കണ്ടെത്തുകയില്ല !

2017, മേയ് 16, ചൊവ്വാഴ്ച

മോഹന്‍ ജൊദാരോ
1
മരിച്ചവരുടെ കുന്നിന്റെ
കാടുനീക്കിയ ലോഹക്കൈ
കുന്നിന്റെ പള്ളകീറി
പുറത്തെടുത്തത്
ഒരു സംസ്കാരമായിരുന്നു
നഗരമായിരുന്നു
ആസൂത്രണമികവിന്റെ
മനുജവൈഭവമായിരുന്നു
ചുടുകട്ടയിലെഴുതിയ
ജീവിതമായിരുന്നു !

2
തിരക്കേറിയ നഗരം
ജീവിതം തിളയ്ക്കുന്ന ചത്വരങ്ങള്‍
മണ്ണുമെരുക്കുമായുധങ്ങള്‍
വിത്തുനട്ട് വിളകൊയ്ത
കൃഷിപ്പാട്ടുകള്‍
കൂടിയാടിയ ചുവടുകള്‍
അഴുക്കൊഴിച്ച
കുളിയിടങ്ങള്‍
വേവിച്ച മണ്‍കട്ടകളില്‍
ഒളിച്ചുവച്ച വിശപ്പ്
എക്കല്‍മണ്ണിന്റെ
സമൂഹഗാനം !

3
കരുത്തിന്റെ വെളിപാടുകള്‍
സ്തുതിപാഠകന്‍മാരുടെ
വചനവര്‍ഷം
കൊണ്ടാടലുകളുടെ
ആഘോഷം
പക്ഷേ,
ജീവിച്ചതിന്റെ
ഒരസ്ഥിസാക്ഷ്യംപോലും
കണ്ടുകിട്ടിയില്ല !

4
ഇനിയിപ്പോള്‍,
ആര്‍ക്കും വേണ്ടാതായ
കവിതകളെ
ആഴത്തില്‍ കുഴിച്ചുമൂടുമ്പോള്‍,
എന്നെങ്കിലും
പ്രളയം വരുമെന്നും
പിന്നെ
നൂറ്റാണ്ടുകള്‍ക്കപ്പുറം
കാലത്തിന്റെ പള്ളകീറി
പുറത്തെടുക്കാന്‍
ആ കവിതകള്‍ മാത്രമേ
ഉണ്ടാവുകയുള്ളൂവെന്നും
ചിന്തിക്കുകയാണ്
കവി !

2017, മേയ് 12, വെള്ളിയാഴ്‌ച

 ·
ഓര്‍മ്മമരം
ഒഴുക്കോര്‍മ്മവറ്റിയ
പുഴയുടെ തീരത്ത്
കാട്ടുവള്ളികളുടെ
മേലാടയണിഞ്ഞ്
ഒറ്റയ്ക്കു നില്ക്കുന്നൊരു
കൂറ്റന്‍മരത്തില്‍ നിറയെ
ഓര്‍മ്മകളാണ് !
അവ,
തലകീഴായി തൂങ്ങിനില്ക്കുന്നു.
വെളിച്ചത്തിന്റെ
ബോധസീമകളിരുളുമ്പോള്‍
അവ
വീട്ടകങ്ങളിലെ,
കാട്ടമടിച്ച് വൃത്തിയാക്കിയ
മനസ്സുകളിലേക്ക്
പറന്നിറങ്ങാറുണ്ട്
അവയുടെ
ചിറകല്ലാച്ചിറകുകളില്‍
കാറ്റിന്റെ ഭീകരമായ
തിരയിളക്കം
പ്രകമ്പനമായി,
അമര്‍ത്തിയ രോദനമായി
പല വീടുകളില്‍നിന്നും
മുഴങ്ങാറുണ്ട് !
എങ്കിലും,
പുലരിയിലവ
ഓര്‍മ്മമരത്തില്‍ തിരിച്ചെത്തി
തലകീഴായി
തൂങ്ങിനില്ക്കുന്നു !

2017, ഏപ്രിൽ 23, ഞായറാഴ്‌ച

പുസ്തകദിനം

ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന
പുസ്തകത്തിനു ചുറ്റും
പേരറിയാത്തൊരു പാറ്റ
അതിവേഗം ചുറ്റിക്കറങ്ങുന്നത്
അലോസരമായതിനാല്‍
പോയി പണിനോക്കാന്‍ പറഞ്ഞു.
പാറ്റയപ്പോള്‍,
ഞാന്‍ തുറന്നുവച്ച
താളില്‍കയറി,
ഓരോ അക്ഷരവും ചുംബിച്ചുണര്‍ത്തി
വരികള്‍തോറും സഞ്ചരിച്ചുതുടങ്ങി.
ഞാനപ്പോള്‍,
പുസ്തകമടച്ചുവയ്ക്കുകയും
അക്ഷരങ്ങളില്‍ കുടുങ്ങി
രക്തസാക്ഷിയായവരെപ്പറ്റി
ആലോചിച്ചുതുടങ്ങുകയും.........

2017, ഏപ്രിൽ 16, ഞായറാഴ്‌ച

അടുപ്പം
നമ്മളന്യോന്യം പുറംതിരിഞ്ഞു, പുറംകൊണ്ട്
തൊട്ടുനില്ക്കുന്നൂ, തമ്മില്‍ കാണുവാനരുതല്ലോ!
എത്രകാതങ്ങള്‍ നേരെസഞ്ചരിച്ചതിന്‍ശേഷം
കണ്ടുമുട്ടിടാം,പക്ഷേ, കാണാതെയിരുന്നീടാം!
-ബാലകൃഷ്ണന്‍ മൊകേരി

2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

· Yesterday at 13:26 ·
മേഘമാലയണിഞ്ഞൊരാകാശമേ,
നിന്‍മുഖമെന്തേയിരുളുവാ,നെന്നെ നീ-
യെന്തിനാവാം തപിച്ച ശ്വാസത്തിനാല്‍
ചുട്ടുനീറ്റുന്നതിങ്ങനെയെപ്പൊഴും ?
(നിറയെ പൂത്തുനിന്നൊരു കണിക്കൊന്ന ഒരു വേനല്‍മഴ പെയ്തപ്പോള്‍ത്തന്നെ, പൂക്കളാകെക്കൊഴിഞ്ഞുനില്പായി. ഇപ്പോളവള്‍ ഇലകളില്‍ ഉടല്‍മറച്ചുനില്ക്കുകയാണ്)



കണിക്കൊന്ന

ഈ കണിക്കൊന്നയെ നോക്കൂ, അവള്‍ തന്റെ-
യമ്മയേകിയ പൊന്‍കാശുമാലയെ
തന്‍ കണവന്റെ കണ്ണുനീരില്‍ മുങ്ങി-
യങ്ങഴിച്ചുകൊടുത്തുനില്ക്കുന്നവള്‍!
കണ്ണുനീരിന്റെ നാട്യമതെങ്കിലും
തന്‍ കണവന്റെയുണ്മയായോരുവോള്‍ !
പച്ചിലകളാമാടയില്‍ മേല്‍മൂടി
നില്ക്കയാണവള്‍,കൊന്ന, വധൂടിയാള്‍ !
(പ്രേമമെന്ന മരുപ്പച്ചയിങ്ങനെ-
യെത്രപേരെ ഭ്രമിപ്പിച്ചിരിക്കയാം !)

2017, ജനുവരി 21, ശനിയാഴ്‌ച

വഴിയോരത്ത്
കരുത്തോടെ വളരുന്ന
ഈ മുള്‍ച്ചടിക്കാട്
പലരുമുപേക്ഷിച്ചുപോയ
പ്രണയമാണ്...

അതില്‍ നിറയെ
മഞ്ഞപ്പൂക്കളുണ്ട്
അ കവിത
അക വിത
കവിത ?