2022, ഡിസംബർ 28, ബുധനാഴ്‌ച

 

മദനൻ വരയ്ക്കുമ്പോൾ
ബാലകൃഷ്ണൻ മൊകേരി
മദനൻ വരയ്ക്കുമ്പോൾ ,
കഥക,ളതീതമാം
കലയായ്, നിറങ്ങളായ്
നൃത്തമാടുകയല്ലോ!
തലയിൽക്കലിപൂത്ത
കാഥികർക്കൊപ്പം, കാണാ-
വഴിതാണ്ടുമ്പോൾ കൂടെ
ഭ്രാന്തപൂരുഷനാവും* !
പുലരി, പൂങ്കോഴിതൻ
കൂവലായ് വരയ്ക്കുമ്പോൾ ,
മനസ്സിൽ ഗ്രാമത്തിന്റെ
തുടിതാളങ്ങൾ കേൾക്കും,
ഇരുളും വെളിച്ചവും
ഒളിചിന്നിയ നാടും
സിമന്റിൽ ബഹുരൂപ-
മാര്ന്നൊരു നഗരവും,
നീർ നിറയ്ക്കുവാൻ,കുടം
മേല്ക്കുമേൽ തലയിൽവെ-
ച്ചേകതാളത്തിൽപോകും
വടക്കൻ വനിതയും,
കഥയിൽ, പ്രണയത്തിൻ
തെളിമയുറയുന്ന
കൺകളിൽ വിദൂരമാം
വിരഹം പെറും പെണ്ണും,
തമിഴിൻ സംസ്കാരവും,
കണ്ണകിയുടെ പൊള്ളും-
വീര്യവും,ജനസാന്ദ്ര-
മാകിയ തുറകളും
മദനൻ വരയ്ക്കുമ്പോൾ
നിറങ്ങള് ജീവൻവച്ചു-
നിറയും മനസ്സിന്റെ
നീലമാം വാനങ്ങളിൽ!
മദനൻ വരയ്ക്കുന്നൂ,
കോട്ടകൊത്തളങ്ങള്തൻ
ചാരത്തു കുന്തിച്ചിരു-
ന്നേകാഗ്രമനസ്കനായ് !
മദനൻ വരയ്ക്കുന്നൂ,
നീളുന്ന നാടൻവഴി-
ത്താരയിൽ,മനകൾതൻ
പഴയ മുറ്റങ്ങളിൽ!
മദനൻ വരയ്ക്കുമ്പോൾ
വരയിൽ ചരിത്രവും
സമകാലികസ്പന്ദ-
രേഖയുംതെളിയുന്നൂ!
വരകൾ കടലാസി-
ന്നപ്പുറം പടര്ന്നേറി-
പ്പലകാലത്തിൽ പൂത്തു
മധുരംവിളമ്പുന്നൂ!
ഇവിടെ,ദൂരത്തിരു-
ന്നാവിരൽകളിൽചേര്ന്ന
ബ്രഷിന്റെ സൗഭാഗ്യത്തെ-
വരയ്ക്കാൻ ശ്രമിപ്പൂ ഞാൻ !
*മദനന്റെ ഒപ്പ് ,മേഡ് മാൻ എന്നു ചില കാഥിക പ്രതിഭകൾ

 

ഡിസംബറിന്റെ സാക്ഷ്യം
-ബാലകൃഷ്ണൻ മൊകേരി
ശവക്കല്ലറയിൽനിന്ന്
ഉയിർത്തുവന്ന ദൈവപുത്രൻ
കൈകാലുകൾകുടഞ്ഞ്
വഴിയിലേക്കിറങ്ങി !
നൂറ്റാണ്ടുകളുടെ വിശപ്പ്
തണുപ്പുപോലെ അയാളെ വലയംചെയ്തു.
ആ മെലിഞ്ഞുണങ്ങിയ ദേഹത്ത്
മുറിവുകളെല്ലാം വായടച്ചിരുന്നെങ്കിലും
രക്തക്കറ തിളങ്ങിനിന്നിരുന്നു
ഉടുപ്പിൽ നിറയെ കീറലുകളുണ്ടായിരുന്നു
ഡിസംബറിന്റെ മഞ്ഞുവീഴുന്ന വഴിയിലൂടെ
നടത്തം മറന്നവൻ വേച്ചുവേച്ചുനടക്കുമ്പോൾ,
പാതിരയുടെ ഇരുട്ടുവഴികളിൽ
ഒരു ഘോഷയാത്ര എതിരെ വരുന്നുണ്ടായിരുന്നു
പട്ടക്കാരും പാട്ടുകാരും
കുട്ടികളും യുവാക്കളുമെല്ലാം
അസംഖ്യം ക്രിസ്തുമസ് അപ്പൂപ്പന്മാരുടെ പിന്നാലെ
വരിവരിയായി ആടിപ്പാടിവരുന്നു !
ദൈവപുത്രൻ അടുത്തേക്കുചെന്നാറെ,
അവരൊക്കെയും മുഖംചുളിച്ച്
ആരിത്,എന്തുവേഷം,
നാറുന്നുവെന്നിങ്ങനെ
ആക്രോശങ്ങളുയർത്തി
ദൈവപുത്രനെന്ന ഇടറുന്ന വാക്കുകൾകേൾക്കെ
ആകാശം ഞെട്ടുമാറവർ
ആർത്തുകൊണ്ടയാളെ
അരികിലെ ഓടയിലേക്കുതള്ളിയിട്ടു
കള്ളുകുടിച്ച് പിച്ചുംപേയും പറയുന്ന
യാചകനെന്ന് വാക്കുകൊണ്ട് കുത്തി
ഘോഷയാത്ര സാവേശം,സാഘോഷം
മുന്നോട്ടുപോകെ
ഓടയിലെ മാലിന്യത്തിൽനിന്ന്
എഴുന്നേല്ക്കാനാവാതെ
അയാളിങ്ങനെ മന്ത്രിക്കുകയായിരുന്നു
ഇവർചെയ്യുന്നതെന്തെന്ന് ഇവരറിയായ്കയാൽ
പിതാവേ,ഇവരോടു പൊറുക്കേണമേ !
ആവാക്കുകൾകേട്ട് ഞെട്ടിത്തരിച്ചുപോയ
ഡിസംബർമാത്രം
ജനുവരിയായി ഉയിർത്തെഴുന്നേല്ക്കാൻ വേണ്ടി
സാക്ഷിയായി
തണുപ്പുസഹിച്ചുനിന്നു!
**************************

 

കടൽ വിചാരിക്കുന്നു
-ബാലകൃഷ്ണൻ മൊകേരി
കടൽ വിചാരിക്കുന്നു,
ചന്ദ്രനെ കാണുമ്പോഴൊക്കെ
അനിയന്ത്രിതമായി തുളുമ്പുന്ന
തന്റെ നെഞ്ചകം ഒറ്റുകാരനാണ്,
അത് തന്നെ തുറന്നുകാട്ടുകയും
നാണംകെടുത്തുകയുമാണ് !
ഇതിനി തുടരാനാവില്ല
താനാരാണെന്നവനറിയണം.
തന്റെ ചിന്തയിൽനിന്ന്
സംയമനത്തിന്റെ തീവ്രതാപം
മുളപ്പിച്ചെടുത്ത്
അങ്ങനെ കടൽ വറ്റാൻതുടങ്ങി !
അടിത്തട്ടിലെ ചളിയടിഞ്ഞ പൂഴിപ്പരപ്പിൽ
ഓർമ്മകളുടെ അസംഖ്യം ചിപ്പികൾ
നീറിക്കിടന്നു.
ജീവികൾ പിടഞ്ഞുചാടി!
കരയിലാഞ്ഞുവീശിയ തീക്കാറ്റിൽ
സകലവും കത്തിയെരിയാൻതുടങ്ങി
പിടയുന്നജീവജാലങ്ങളെ നോക്കാനാവാതെ
ചന്ദ്രനെങ്ങോ ഒളിച്ചുപോയി !
മക്കളുടെ നീറിപ്പിടച്ചിൽ
സഹിക്കാനാവാതെ കടൽ വീണ്ടും
വാത്സല്യത്തിനുറവകൾ ചുരത്തുകയും
സ്നേഹത്തിന്റെ നീലജലത്താൽ
നിറയുകയും
മക്കളുടെ ചലനങ്ങളിൽ മുഴുകുകയും
ഒളിച്ചു,പതുങ്ങിയെത്തിയ ചന്ദ്രനെകണ്ട്
വീണ്ടും നെഞ്ചുതുളുമ്പുകയും,
അങ്ങനെയങ്ങനെ
ആവർത്തനങ്ങളുടെ മടുപ്പിനെപ്പറ്റി
കടൽ
ആലോചിച്ചുകൊണ്ടേയിരിക്കുകയും ചെയ്തു!
****************************

 

കനൽ
ബാലകൃഷ്ണൻ മൊകേരി
നേരം പുലർന്നേറെ നേരമായിട്ടും
പതിവിനുവിരുദ്ധമായി
ഭർത്താവെണീറ്റുവരാതായപ്പോൾ
കൗസുവേച്ചി അടുക്കളയിൽനിന്ന്
കിടപ്പറയിലേക്കുചെന്നു
ഇതെന്താ നീലേട്ടാ, എണീക്കുന്നില്ലേ ?
അവർ ഭർത്താവിന്റെ നെറ്റിയിൽ കൈവെച്ചു
പനിയില്ലല്ലോ. എന്തുപറ്റി ?
എന്നും അതിരാവിലെയെണീറ്റ്,
തിരക്കുകളുടെ അങ്കപ്പുറപ്പാടുനടത്തി
ചോറ്റുപൊതിയും വെള്ളക്കുപ്പിയുമെടുത്ത്
ബാഗിൽവെച്ച്
സ്കൂട്ടറിൽ പറന്നുപോകുന്നയാളാണ്.
ഇന്നിത്രയും നേരമായിട്ടും കിടക്കവിട്ടെണീറ്റിട്ടില്ല.
കൗസുവേടത്തി ആകെ അങ്കലാപ്പിലായി.
അവർ, അടുക്കളയിലേക്കും,കിടപ്പറയിലേക്കും
നടന്നുനടന്നു തളർന്നു
നീലേട്ടാ, അവർ ഭർത്താവിനെ കുലുക്കിവിളിച്ചു.
നീലാംബരൻ സൂപ്രണ്ട് മടിയോടെ കണ്ണുുതുറന്നു.
എന്താ കൗസൂ ?
എന്താന്നോ, ഇന്നെന്താ ഓഫീസിൽ പോകണ്ടേ ?
കൗസുവേച്ചി ചോദിച്ചു.നേരം എത്രയായീന്നറിയ്യോ ?
മണ്ടിപ്പെണ്ണേ, പഴയ നസീർസിനിമാസ്റ്റൈലിൽ നീലാംബരൻ
തന്റെ ജീവിതസഖിയുടെ കവിളിൽ തോണ്ടി.
അവർക്കു നാണംവന്നു.
ഇനിയെനിക്കെങ്ങും പോണ്ട.ഒന്നും ചെയ്യേണ്ട.
ഇങ്ങനെ മതിയാവോളം കിടന്നുറങ്ങി
തോന്നുമ്പോളെണീറ്റ്
തോന്നുമ്പോലെ നടന്ന്,ഇരുന്നു.....
കൗസുവേച്ചിയുടെ അതിശയത്തിലേക്ക് അയാൾ
ഇതുകൂടി വെളിപ്പെടുത്തി.
ഞാനിന്നലെ റിട്ടയർ ചെയ്തില്ലേ കൗസൂ..
മറന്നുപോയില്ലേ ഞാൻ
കൗസുവേച്ചി തലയിൽകൈവെച്ചു !
അപ്പോളിനി ഒരു ഒരുപണിയും ചെയ്യണ്ടല്ലേ ?
വേണ്ട, നീലാംബരൻ പറഞ്ഞു
എന്നാലിതുകൂടി പറയൂ നീലേട്ടാ,
കൗസുവേച്ചി
തന്റെ നൂറുകൂട്ടം ജോലികളെപ്പറ്റി
ആലോചിച്ചുകൊണ്ട് ഭർത്താവിനോടു ചോദിച്ചു
ഞാനെന്നാണ് റിട്ടയർചെയ്യുക ?
ഭാര്യയുടെ ചോദ്യംകേട്ട നീലാംബരൻ
ദേഹത്തു തീക്കനൽവന്നുവീണതുപോലെ
ഞെട്ടിയെഴുന്നേറ്റുപോയി!

 

നാട്ടുപച്ച
ബാലകൃഷ്ണൻ മൊകേരി
നഗരമെന്നിൽ പെരുപ്പിച്ചെടുത്തതാം
നടുതലകൾ, വളരുന്ന ഭീതികൾ
സിരകൾതോറും കുതിക്കുന്ന ചോരതൻ
ഗതിയുയര്ത്തുന്ന സമ്മര്ദ്ദമേളകൾ!
നിദ്രയ,ല്ലതിൽ പേടിസ്വപ്നങ്ങൾതൻ
ക്ഷുദ്രകീടകം തീണ്ടുവാനെത്തുന്നു!
ജീവനാളുന്ന യന്ത്രമായങ്ങനെ
ജീവിതത്തിൻ പുറമ്പോക്കുഭൂമിയിൽ
നീറി നീറിയിരിക്കവേ,നാവിന്റെ
തുമ്പിലേതോ മധുരമാം സാന്ത്വനം
നാട്ടുപച്ചകൾ, ഓര്മ്മച്ചെരിവിലെ
നിത്യമാം നീരുറവകൾ,പൂവുകൾ
നാട്ടുപച്ച , യുഗങ്ങള്ക്കുമപ്പുറം
നട്ടുപോറ്റിയ പൈതൃകപ്പേച്ചുകൾ !
നാട്ടുപച്ചകൾ,ഉൾക്കരുത്തേറുവാൻ
നമ്മള് തേടുമീയൗഷധ ച്ചെപ്പുകൾ!
ചേര്ത്തുനിര്ത്താൻ മറന്നുനാമെപ്പൊഴും
ദൂരെ ദൂരെ വലിച്ചെറിയുന്നവ!
വീണദിക്കിൽ മുളയ്ക്കാതിരിക്കില്ല
നാട്ടുപച്ചകൾ നാടിൻ കരുത്തുകൾ!
*************************

 May be an image of 1 person and text that says 'LEAF Creanon 2022 നവംബർ ലക്കം 5 Seven Leaf ഡിജിറ്റൽ മാഗസിൻ എഡിറ്റർ: കൃഷ്‌ണകുമാർ മാപ്രാണം sevenleafcreations@gmail.com 7025783216 കവിത ബാലകൃഷ്‌ണണൻ മൊകേരി മുത്ത് എൻ പുറന്തോടിന്നുറപ്പു കണ്ടെൻ മാനസം കല്ലെന്നു നീ ധരിച്ചു കുറ്റപ്പെടുത്തലിൻ പൂഴിയെൻ്റെ- യുറ്റവൾ യെന്നിൽ വാരിയിട്ടു, എന്തു കേട്ടാലും കുലുക്കമില്ലെ- ന്നെന്തുമാത്രം ശാപവാണി തൂകി, വാക്കുകളുള്ളിൽ തറഞ്ഞു കേറി നോക്കിനുപോലുമശക്തനായി നിശ്ചലനായ് ഞാനിരുന്നിടുമ്പോൾ പോലു,മഭിനയമെന്നു ചൊല്ലി, നീ തകർത്താടി, മുടി പറിച്ചു കോടപ്പെരുമാരി പെയ്‌തു തീർത്തു അപ്പൊഴും ഞാനെൻ്റെയുള്ളിലേറ്റ വാഗ്‌ശരത്തുമ്പിൻ്റെ വേദനയിൽ! വേദനയൂറിയ കാവ്യബിന്ദു ഉള്ളാലെ തൊട്ടു തലോടി നില്ക്കെ, എൻ്റെയീ വേദന നീയൊരിക്കൽ മുത്തെന്നു നെഞ്ചേറ്റിയോമനിക്കും! അന്നു ഞാൻ കാണില്ല യെങ്കിലെന്തേ, നെഞ്ചിലെ മുത്തായി മാറുകില്ലേ kkmpm 9'

 

പശുജീവിതം
ബാലകൃഷ്ണൻ മൊകേരി
പറമ്പിലുള്ളൊരുതെങ്ങിൽ
പശുക്കയര്കെട്ടിയിട്ടു
പാറുവമ്മ വീട്ടിലേക്കു
തിടുക്കത്തിൽ മടങ്ങുമ്പോള്,
തലപൊക്കി നോക്കുന്നുണ്ട്,
ചിലമൊഴി മുൂളുന്നുണ്ട്,
പശുവപ്പോളസ്വസ്ഥയായ്
തലയിളക്കി !
പറമ്പിലെ കറുകപ്പുൽ
തിന്നുകൊള്ളാൻ പശുവിനോ-
ടരുമയായ് പറയുന്നു
പാറുവമ്മച്ചി !
പശുവപ്പോളമ്മച്ചിതൻ
ചുവടെണ്ണിത്തലയാട്ടി
കയര്നീളംവരെ പിന്നിൽ
നടക്കയാണല്ലോ !
നിനക്കെന്താ പറമ്പിലെ
കറുകപ്പുൽ തിന്നുകൂടെ ?
കുടിവെള്ളം നേരമായാ-
ലിവളെത്തിക്കാം!
അലക്കാനുണ്ടെനിക്കേറെ,
അരിവെച്ചു വാര്ത്തിടേണം,
മീൻകൂക്കിയോര്ത്തുചെന്നു
മീനു വാങ്ങണം,
തേങ്ങയൊന്നുരിച്ചരച്ച്
മീനുകറിവെച്ചിടേണം,
മുരിങ്ങതന്നിലനുള്ളി
വറവും വേണം!
പുയ്യനിങ്ങു വന്നിടുമ്പോള്
വിളമ്പി നല്കണം, പിള്ളേര്
വീടണഞ്ഞാലവര്ക്കൊക്കെ
ചായനല്കണം
അരിയരച്ചൊരുക്കണം
പലവിധം പലഹാരം
നടുവിന്റെ പണിതീരും
നിത്യജീവിതം !
ഏതുകാലം തുടങ്ങിയി-
തേതുകാലമൊടുങ്ങുമോ
പശുവേനീ യെനിക്കിനി-
പ്പണിതരല്ലേ !
നീനടക്കും കയര്ദൂരം,
ഞാനുമെന്റെ താലിദൂരം
ഇരുവര്ക്കുമിതുമാത്രം
പശുജീവിതം !
പാറുവമ്മ വീട്ടിലേക്കു
തിരക്കിട്ടു നടക്കുന്ന
കാഴ്ചനോക്കി നിശ്ചലയായ്
പുള്ളിച്ചി നിന്നൂ!
*കാർട്ടൂൺ ഗൂഗിൾ തന്നത്
 May be an image of animal