2020, മേയ് 17, ഞായറാഴ്‌ച


പുര കത്തുമ്പോള്‍
ബാലകൃഷ്ണൻ മൊകേരി
പുരയ്ക്കു തീപടര്‍ന്നപ്പോള്‍
വരുന്നൂ വാഴവെട്ടുവോര്‍ !
വീടിൻ തീ കെടുത്തീടാൻ
പെടാപ്പാടുപെടുന്നവര്‍,
സ്വജീവൻ പണയംവെച്ചു
തീയണയ്ക്കുന്ന വേളയിൽ,
(ചിലരുണ്ടേ ജലമാണെന്ന-
മട്ടിലെണ്ണതളിക്കുവോര്‍,
അവര്‍ കേഴുന്നതല്ലത്രേ,
കേള്‍പ്പൂ ഹ്ലാദാരവങ്ങളാം !)
പുകയും തീയുംകണ്ട്
തളര്‍ന്നുപോവാതെ വീട്ടുകാര്‍
തറവാടിൻ തീകെടുത്താൻ
കൈമെയ് മറന്നു നീങ്ങവേ,
വീടിൻ ദഹനം കാണാൻ
വന്നെത്തീ വാഴവെട്ടുകാര്‍,
പറമ്പില്‍ കുലകാട്ടുന്ന
വാഴയോരോന്നുമാണവര്‍
തീയണയ്ക്കാനാണെന്നു-
മാണയിട്ടു തുടര്‍ച്ചയായ്
വെട്ടിമാറ്റി നിരത്തുന്നൂ
വെളുപ്പിക്കുന്നു പുരയിടം!
(നാളെ, ത്തീയണയുമ്പോള്‍
വല്ലതും ബാക്കികാണുമോ ?
ചാരത്തില്‍നിന്നുമുരുവം
കൊള്ളാതിരിക്കുമോ ഖഗം ?)
.......................................
17-5-20