2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

 വളര്‍ത്തു പട്ടികള്‍

വളര്‍ത്തു പട്ടികള്‍ക്ക്
ചില സവിശേഷതകളുണ്ട്
വഴിപോക്കനുനേരെ
അവ നിരന്തരം കുരച്ചെന്നിരിക്കും
ഇടവഴിയിലൂടെ പോകുമ്പോള്‍
പറമ്പിന്റെ അതിരിലൂടെ
അത് വെപ്രാളത്തോടെ പിന്തുടരും
ഗേറ്റിനടുത്തുനിന്ന്
ആളുണ്ടോ എന്ന് നമ്മള്‍ ചോദിച്ചാല്‍
നിര്‍ത്താത്ത കുര യുമായി
നമ്മെ തിന്നുകളയുമാറ്
അത് പാഞ്ഞുവരും
കൂര്‍ത്ത പല്ലുകള്‍ കാട്ടി
അത് മുരണ്ടുകൊണ്ടിരിക്കുമ്പോള്‍
നിങ്ങളും ഒന്നു ഭയന്നെന്നിരിക്കും.
വീട്ടുകാരനതിനോട്, ഹിറ്റ് ലര്‍ മിണ്ടാതിരിയെന്ന്
പറയുംവരെ കാണും പട്ടിയുടെ പരാക്രമം.
എപ്പോഴും കൂട്ടിലിടുന്ന പട്ടിയല്ലേ
അതിനെന്തറിയാം
ഇങ്ങനെ കുരയ്ക്കാനല്ലാതെ
തന്റെ കുരയിലാണ്
പകലുണ്ടാവുന്നതെന്നുപോലും
അത് വിചാരിക്കുന്നുണ്ടാവും
പക്ഷേ, വഴിപോക്കന്മാരെന്നും
കൂട്ടിനു പുറത്തായതിനാല്‍
പറമ്പിന്റെ അതിരുവരെമാത്രം
കുരച്ചു പായുന്ന വളര്‍ത്തുപട്ടികളെ
ഗൗനിക്കാറേയില്ല
കാരണം
സാര്‍ത്ഥവാഹക സംഘത്തിന്
ഇനിയുമേറെ സഞ്ചരിക്കാനുണ്ട്